എൺപത്തൊമ്പതാം ദിവസം: 1 രാജാക്കന്മാര്‍ 7 - 8


അദ്ധ്യായം 7

രാജകൊട്ടാരം

1: സോളമന്‍ പതിമൂന്നു വര്‍ഷംകൊണ്ടു കൊട്ടാരംപണിതു പൂര്‍ത്തിയാക്കി.
2: അവന്‍ ലബനോന്‍ കാനനമന്ദിരവും നിര്‍മ്മിച്ചു. അതിന് നീളം നൂറു മുഴം, വീതി അമ്പതു മുഴം, ഉയരം മുപ്പതു മുഴം. അതിനു ദേവദാരുകൊണ്ടുള്ള മൂന്നുനിര തൂണുകളും ഉത്തരവുമുണ്ടായിരുന്നു.
3: ഓരോനിരയിലും പതിനഞ്ചു തൂണുവീതം നാല്പത്തഞ്ചു തൂണിന്മേല്‍ തുലാംവച്ച്, ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു.
4: മൂന്നുനിര ജാലകങ്ങള്‍ ഇരുഭിത്തികളിലും പരസ്പരാഭിമുഖമായി നിര്‍മ്മിച്ചു.
5: വാതിലുകളും ജനലുകളും ചതുരാകൃതിയിലുണ്ടാക്കി; ഇരുവശങ്ങളിലുമുള്ള ജനലുകള്‍ മൂന്നുനിരയില്‍ പരസ്പരാഭിമുഖമായാണുറപ്പിച്ചത്.
6: അമ്പതുമുഴം നീളവും മുപ്പതുമുഴം വീതിയുമുള്ള സ്തംഭശാലയും അവന്‍ പണിയിച്ചു. അതിന്റെ മുന്‍വശത്ത്, തൂണുകളില്‍ വിതാനത്തോടുകൂടെ പൂമുഖവുംതീര്‍ത്തു.
7: ന്യായാസനമണ്ഡപവും അവന്‍ നിര്‍മ്മിച്ചു. തറമുതല്‍ മുകളറ്റംവരെ ദേവദാരുകൊണ്ടാണ് അതു നിര്‍മ്മിച്ചത്.
8: മണ്ഡപത്തിന്റെ പിന്‍ഭാഗത്ത് തനിക്കു വസിക്കാന്‍ അതേ ശില്പവേലകളോടുകൂടിയ ഒരു ഭവനവും നിര്‍മ്മിച്ചു. ഇതേരീതിയില്‍ ഒരു ഭവനം തന്റെ ഭാര്യയായ ഫറവോയുടെ പുത്രിക്കുവേണ്ടിയും പണിതു.
9: ഒരേ തോതില്‍ വെട്ടിയെടുത്ത വിലയേറിയ കല്ലുകൊണ്ടാണ് ഇവയുടെയെല്ലാം അസ്തിവാരംമുതല്‍ മേല്പുരവരെ അകവും പുറവും, കര്‍ത്താവിന്റെ ആലയത്തിന്റെ അങ്കണംമുതല്‍ മുഖ്യാങ്കണംവരെയും പണികഴിപ്പിച്ചത്.
10: അടിസ്ഥാനമിട്ടത് എട്ടും പത്തും മുഴമുള്ള വിലയേറിയ വലിയ കല്ലുകൊണ്ടാണ്.
11: അതിനുമീതേ ഒരേ തോതില്‍ ചെത്തിയെടുത്ത വിലയേറിയ കല്ലുകളും ദേവദാരുപ്പലകകളും പാകിയിരുന്നു.
12: മുഖ്യാങ്കണത്തിനു ചുറ്റുമെന്നതുപോലെ കര്‍ത്താവിന്റെ ആലയത്തിനും പൂമുഖത്തിനുംചുറ്റും മൂന്നുവരി ചെത്തിയ കല്ലും ഒരുവരി ദേവദാരുപ്പലകയുമുണ്ടായിരുന്നു.


ദേവാലയത്തിന്റെ ഇതര സജ്ജീകരണങ്ങള്‍


13: സോളമന്‍ രാജാവു ടയിറില്‍നിന്നു ഹീരാമിനെ ആളയച്ചുവരുത്തി.
14: അവന്‍ നഫ്താലിഗോത്രത്തിലെ ഒരു വിധവയുടെ മകനായിരുന്നു. ടയിര്‍ക്കാരനായ ഒരു പിച്ചളപ്പണിക്കാരനായിരുന്നു അവന്റെ പിതാവ്. ഹീരാം ഏതുതരം പിച്ചളപ്പണിയുംചെയ്യാൻപോരുന്ന പാടവവും ബുദ്ധിയുമുള്ള ശില്പിയായിരുന്നു. അവന്‍ വന്ന്, സോളമന്‍രാജാവിന്, എല്ലാപ്പണികളുംചെയ്തുകൊടുത്തു.
15: അവന്‍ രണ്ട് ഓട്ടു സ്തംഭങ്ങളുണ്ടാക്കി. ഓരോന്നിനും പതിനെട്ടുമുഴം ഉയരവും പന്ത്രണ്ടുമുഴം വണ്ണവുമായിരുന്നു. അകംപൊള്ളയായി നാലു വിരല്‍ കനത്തിലാണ് അതു നിര്‍മ്മിച്ചത്.
16: സ്തംഭങ്ങളുടെ മുകളില്‍സ്ഥാപിക്കാന്‍ അവന്‍ ഓടുകൊണ്ട്, രണ്ടു മകുടങ്ങള്‍ വാര്‍ത്തു. ഓരോന്നിന്റെയും ഉയരം അഞ്ചുമുഴം.
17: രണ്ടു സ്തംഭങ്ങളുടെയും മുകളിലെ മകുടങ്ങളില്‍ ചിത്രപ്പണിചെയ്ത തൊങ്ങലും ചങ്ങലയും ഘടിപ്പിച്ചു.
18: സ്തംഭങ്ങളുടെ മുകളിലുള്ള മകുടങ്ങളിലെ തൊങ്ങലുകളുടെമീതേ, മകുടങ്ങള്‍ മൂടത്തക്കവിധം, രണ്ടുവരി മാതളപ്പഴം കൊത്തിവച്ചു.
19: പൂമുഖത്തുള്ള സ്തംഭങ്ങളുടെ മകുടങ്ങള്‍, നാലു മുഴം ഉയരത്തില്‍, ലില്ലിപ്പുഷ്പത്തിന്റെ ആകൃതിയിലായിരുന്നു.
20: സ്തംഭങ്ങളുടെ മുകളില്‍ തൊങ്ങലുകളോടുചേര്‍ന്ന് ഉന്തിനില്‍ക്കുന്നഭാഗത്തു മകുടങ്ങള്‍ സ്ഥാപിച്ചു. അവയ്ക്കുചുറ്റും രണ്ടുനിരയായി ഇരുനൂറു മാതളപ്പഴംവീതം കൊത്തിയിരുന്നു.
21: ദേവാലയത്തിന്റെ പൂമുഖത്താണു സ്തംഭങ്ങള്‍ സ്ഥാപിച്ചത്. വലത്തുവശത്തെ സ്തംഭത്തിനു യാക്കിന്‍ എന്നും ഇടതുവശത്തേതിനു ബോവാസ് എന്നും പേരിട്ടു.
22: സ്തംഭങ്ങളുടെ ഉപരിഭാഗത്ത് ലില്ലിപ്പുഷ്പങ്ങള്‍ കൊത്തിയിരുന്നു. ഇപ്രകാരം സ്തംഭങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
23: ഉരുക്കിയ ലോഹംകൊണ്ട് അവന്‍ ഒരു ജലസംഭരണി വൃത്താകൃതിയില്‍ നിര്‍മ്മിച്ചു. അതിന്റെ വ്യാസം പത്തുമുഴം, ആഴം അഞ്ചു മുഴം, ചുറ്റളവ് മുപ്പതു മുഴം.
24: വക്കിനു താഴെ, ചുറ്റും മുപ്പതു മുഴം നീളത്തില്‍ കായ്കളുണ്ടാക്കിയിരുന്നു. കായ്കള്‍ രണ്ടു നിരകളായി ജലസംഭരണിയോടൊപ്പമാണു വാര്‍ത്തെടുത്തത്.
25: പന്ത്രണ്ടു കാളകളുടെ പുറത്താണു ജലസംഭരണി സ്ഥാപിച്ചിരുന്നത്. അവയില്‍ മുമ്മൂന്നെണ്ണം വടക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും കിഴക്കോട്ടും തിരിഞ്ഞുനിന്നു. അവയുടെ പിന്‍ഭാഗം ജലസംഭരണിയിലേക്കു തിരിഞ്ഞുനിന്നു.
26: ജലസംഭരണിക്ക് ഒരു കൈപ്പത്തിയുടെ കനമുണ്ടായിരുന്നു. അതിന്റെ വക്ക് കോപ്പയുടേതെന്നപോലെ, ലില്ലിപ്പുഷ്പംപോലെ ആയിരുന്നു. രണ്ടായിരം ബത്ത് വെള്ളം അതില്‍ക്കൊള്ളുമായിരുന്നു.
27: ഹീരാം ഓടുകൊണ്ടു നാലുമുഴം നീളവും നാലുമുഴം വീതിയും മൂന്നുമുഴം ഉയരവുമുള്ള പത്തു പീഠങ്ങളുണ്ടാക്കി.
28: പീഠങ്ങള്‍ പണിതത് ഇങ്ങനെയാണ്; പീഠത്തിന്റെ പലകകള്‍ ചട്ടത്തിലുറപ്പിച്ചു.
29: പലകകളില്‍ സിംഹം, കാള, കെരൂബ് എന്നിവയുടെ രൂപങ്ങള്‍ കൊത്തിയുണ്ടാക്കി. ചട്ടത്തില്‍ താഴെയും മുകളിലും സിംഹം, കാള, പുഷ്പം എന്നിവ കൊത്തിവച്ചു.
30: ഓരോ പീഠത്തിനും ഓടുകൊണ്ടുള്ള നാലു ചക്രങ്ങളും അച്ചു തണ്ടുകളുമുണ്ടായിരുന്നു. നാലു കോണുകളിലും ക്ഷാളനപാത്രത്തിനുള്ള താങ്ങുകളുണ്ടായിരുന്നു, അവയില്‍ പുഷ്പമാല്യം വാര്‍ത്തിരുന്നു.
31: ഒരു മുഴം ഉയര്‍ന്നുനില്‍ക്കുന്ന ഒരു മകുടത്തിലാണ് അതിന്റെ വായ് ഉറപ്പിച്ചിരുന്നത്. പീഠംപോലെ വൃത്താകൃതിയില്‍ ഒന്നരമുഴം ഉയരമുള്ളതായിരുന്നു അത്. അതിലും കൊത്തുപണികളുണ്ടായിരുന്നു. അവയുടെ പലകകള്‍ വൃത്താകൃതിയിലല്ല, ചതുരത്തിലായിരുന്നു.
32: നാലു ചക്രങ്ങളും പലകയ്ക്കടിയിലായിരുന്നു. അവയുടെ അച്ചുതണ്ടുകള്‍ പീഠത്തോടു ഘടിപ്പിച്ചിരുന്നു. ചക്രത്തിന്റെ ഉയരം ഒന്നരമുഴം.
33: രഥത്തിന്റെ ചക്രങ്ങള്‍പോലെയാണ് ഇവയും. അച്ചുതണ്ടുകളും പട്ടകളും ആരക്കാലുകളും ചക്രനാഭികളും വാര്‍ത്തുണ്ടാക്കിയവയായിരുന്നു.
34: ഓരോ പീഠത്തിന്റെയും നാലുകോണിലും താങ്ങുകള്‍ ഉണ്ടായിരുന്നു. അവ പീഠത്തോടു ഘടിപ്പിച്ചിരുന്നു.
35: പീഠത്തിന്റെ മേല്‍ഭാഗത്ത് അരമുഴം ഉയരമുള്ള ഒരു വളയം നിര്‍മ്മിച്ചു. അതിന്റെ താങ്ങുകളും തട്ടുകളും മുകള്‍ഭാഗത്തു ഘടിപ്പിച്ചിരുന്നു.
36: താങ്ങുകളുടെയും തട്ടുകളുടെയും ഉപരിതലത്തില്‍ കെരൂബ്, സിംഹം, ഈന്തപ്പന എന്നിവ, ചുറ്റും പുഷ്പമാല്യങ്ങളോടുകൂടി കൊത്തിവച്ചു.
37: ഇങ്ങനെ ഒരേ അളവിലും രൂപത്തിലും ഹീരാം പത്തു പീഠങ്ങള്‍ പണിതു.
38: അവന്‍ ഓടുകൊണ്ടു പത്തു ക്ഷാളനപാത്രങ്ങള്‍ നിര്‍മ്മിച്ചു. ഓരോ പീഠത്തിലും ഓരോ ക്ഷാളനപാത്രം ഉറപ്പിച്ചു. നാല്പതു ബത്ത് സ്‌നാനത്തിനുള്ള ജലംകൊള്ളുന്നതും നാലുമുഴം ഉയരമുള്ളതുമായിരുന്നു ഓരോന്നും.
39: പീഠങ്ങളില്‍ അഞ്ചെണ്ണം ദേവാലയത്തിന്റെ തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തുമാണു സ്ഥാപിച്ചത്. ജലസംഭരണി ദേവാലയത്തിന്റെ തെക്കുകിഴക്കേ മൂലയിലായിരുന്നു.
40: ഹീരാം കലങ്ങളും ചട്ടുകങ്ങളും കോപ്പകളുമുണ്ടാക്കി. ഇങ്ങനെ അവന്‍ സോളമന്‍ രാജാവിനുവേണ്ടി കര്‍ത്താവിന്റെ ആലയത്തിലെ പണികള്‍ പൂര്‍ത്തിയാക്കി.
41: രണ്ടു സ്തംഭങ്ങള്‍, അവയുടെ ഗോളാകൃതിയിലുള്ള മകുടങ്ങള്‍, അവയെ മൂടുന്ന രണ്ടു വലപ്പണികള്‍,
42: ആ വലപ്പണികളില്‍ രണ്ടു നിരയായി നാനൂറു മാതളപ്പഴങ്ങള്‍,
43: പത്തു പീഠങ്ങള്‍, അവയില്‍ പത്തു ക്ഷാളനപാത്രങ്ങള്‍,
44: ഒരു ജലസംഭരണി, അതിന്റെ അടിയില്‍ പന്ത്രണ്ടു കാള എന്നിവ ഹീരാം നിര്‍മ്മിച്ചു.
45: കര്‍ത്താവിന്റെ ഭവനത്തിലെ കലങ്ങള്‍, ചട്ടുകങ്ങള്‍, കോപ്പകള്‍ എന്നിവ അവന്‍ ഓടില്‍ വാര്‍ത്തു.
46: ജോര്‍ദ്ദാന്‍ സമതലത്തില്‍ സുക്കോത്തിനും സാരെഥാനും മദ്ധ്യേ കളിമണ്‍നിലത്തുവച്ചാണ് ഇവ രാജാവു വാര്‍പ്പിച്ചത്.
47: പാത്രങ്ങള്‍ അസംഖ്യമായിരുന്നതിനാല്‍ , സോളമന്‍ അവയുടെ തൂക്കമെടുത്തില്ല; ഓടിന്റെ തൂക്കം തിട്ടപ്പെടുത്തിയില്ല.
48: അങ്ങനെ കര്‍ത്താവിന്റെ ആലയത്തിനുവേണ്ടി ഉപകരണങ്ങളെല്ലാം സോളമന്‍ നിര്‍മ്മിച്ചു. സുവര്‍ണ്ണബലിപീഠം, തിരുസാന്നിദ്ധ്യയപ്പത്തിനുള്ള സുവര്‍ണ്ണമേശ,
49: ശ്രീകോവിലിന്റെ മുമ്പില്‍ തെക്കും വടക്കും തങ്കംകൊണ്ട് അഞ്ചു വിളക്കുകാലുകള്‍ വീതം, സ്വര്‍ണ്ണംകൊണ്ടുള്ള പുഷ്പങ്ങള്‍, ദീപങ്ങള്‍, കൊടിലുകള്‍,
50: തങ്കംകൊണ്ടുള്ള കോപ്പകള്‍, തിരിക്കത്രികകള്‍, ക്ഷാളനപാത്രങ്ങള്‍, ധൂപാര്‍പ്പണത്തിനുള്ള പാത്രങ്ങള്‍, തീക്കോരികള്‍, അതിവിശുദ്ധസ്ഥലമായ ശ്രീകോവിലിന്റെയും വിശുദ്ധസ്ഥലത്തിന്റെയും വാതിലുകളുടെ സുവര്‍ണ്ണപാദകുടങ്ങള്‍ എന്നിവ സോളമന്‍ പണിയിച്ചു.
51: ഇങ്ങനെ സോളമന്‍രാജാവു കര്‍ത്താവിന്റെ ആലയത്തിലെ പണികളെല്ലാം തീര്‍ത്തു. പിതാവായ ദാവീദു സമര്‍പ്പിച്ചിരുന്ന വസ്തുക്കള്‍, സ്വര്‍ണ്ണവും വെള്ളിയും പാത്രങ്ങളുമുള്‍പ്പെടെ എല്ലാം കര്‍ത്താവിന്റെ ആലയത്തിലെ ഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ചു.

അദ്ധ്യായം 8

വാഗ്ദാനപേടകം ദേവാലയത്തില്‍

1: കര്‍ത്താവിന്റെ വാഗ്ദാനപേടകം ദാവീദിന്റെ നഗരമായ സീയോനില്‍നിന്നു കൊണ്ടുവരാന്‍, സോളമന്‍രാജാവ് ഇസ്രായേലിലെ ശ്രേഷ്ഠന്മാരെയും ഗോത്രനേതാക്കന്മാരെയും ഇസ്രായേല്‍ജനത്തിലെ കുടുംബത്തലവന്മാരെയും ജറുസലെമില്‍ വിളിച്ചുകൂട്ടി.
2: ഏഴാംമാസമായ എത്താനിമില്‍, തിരുനാള്‍ ദിവസം ഇസ്രായേല്‍ജനം രാജസന്നിധിയില്‍ സമ്മേളിച്ചു.
3: ഇസ്രായേലിലെ ശ്രേഷ്ഠന്മാര്‍ വന്നുചേര്‍ന്നു; പുരോഹിതന്മാര്‍ പേടകം വഹിച്ചു.
4: പുരോഹിതന്മാരും ലേവ്യരുംചേര്‍ന്നു കര്‍ത്താവിന്റെ പേടകവും, സമാഗമകൂടാരവും, അതിലുള്ള വിശുദ്ധപാത്രങ്ങളും കൊണ്ടുവന്നു.
5: സോളമന്‍രാജാവും അവിടെ സമ്മേളിച്ച ഇസ്രായേല്‍ജനവും പേടകത്തിന്റെ മുമ്പില്‍, അസംഖ്യം കാളകളെയും ആടുകളെയും ബലികഴിച്ചുകൊണ്ടിരുന്നു.
6: പുരോഹിതര്‍ കര്‍ത്താവിന്റെ വാഗ്ദാനപേടകം അതിവിശുദ്ധസ്ഥലമായ ശ്രീകോവിലില്‍ യഥാസ്ഥാനം കെരൂബുകളുടെ ചിറകുകള്‍ക്കുകീഴില്‍ സ്ഥാപിച്ചു.
7: കെരൂബുകള്‍ പേടകത്തിനു മുകളില്‍ ചിറകുകള്‍ വിരിച്ച്, പേടകത്തെയും അതിന്റെ തണ്ടുകളെയും മറച്ചിരുന്നു.
8: തണ്ടുകള്‍ നീണ്ടുനിന്നിരുന്നതിനാല്‍ അവയുടെ അഗ്രങ്ങള്‍ ശ്രീകോവിലിന്റെ മുമ്പിലുള്ള വിശുദ്ധസ്ഥലത്തുനിന്നു കാണാമായിരുന്നു. എങ്കിലും, പുറമേനിന്നു ദൃശ്യമായിരുന്നില്ല; അവ ഇപ്പോഴും അവിടെയുണ്ട്.
9: മോശ ഹോറെബില്‍വച്ചു നിക്ഷേപിച്ച രണ്ടു ശിലാഫലകങ്ങളല്ലാതെ ഒന്നും പേടകത്തിലുണ്ടായിരുന്നില്ല. അവിടെവച്ചാണ് ഈജിപ്തില്‍നിന്നു മോചിതരായിപ്പോന്ന ഇസ്രായേല്‍ജനവുമായി കര്‍ത്താവ് ഉടമ്പടി ചെയ്തത്.
10: പുരോഹിതന്മാര്‍ വിശുദ്ധസ്ഥലത്തുനിന്നു പുറത്തിറങ്ങിയപ്പോള്‍ ഒരു മേഘം കര്‍ത്താവിന്റെ ആലയത്തില്‍ നിറഞ്ഞു.
11: മേഘംകാരണം പുരോഹിതന്മാര്‍ക്ക് അവിടെനിന്നു ശുശ്രൂഷചെയ്യാന്‍ സാധിച്ചില്ല. കര്‍ത്താവിന്റെ തേജസ്സ് ആലയത്തില്‍ നിറഞ്ഞുനിന്നു.
12: അപ്പോള്‍ സോളമന്‍ പറഞ്ഞു: കര്‍ത്താവു സൂര്യനെ ആകാശത്തു സ്ഥാപിച്ചു; എന്നാല്‍, നിറഞ്ഞ അന്ധകാരത്തിലാണു താന്‍ വസിക്കുകയെന്ന് അവിടുന്നരുളിച്ചെയ്തു.
13: അവിടുത്തേക്ക് എന്നേക്കും വസിക്കാന്‍ മഹനീയമായ ഒരാലയം ഞാന്‍ നിര്‍മ്മിച്ചിരിക്കുന്നു.
14: രാജാവു തിരിഞ്ഞ്, കൂടിനിന്ന ഇസ്രായേല്‍സമൂഹത്തെ അനുഗ്രഹിച്ചു.
15: അവന്‍ പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ; എന്റെ പിതാവായ ദാവീദിനുനല്കിയ വാഗ്ദാനം തന്റെ കരങ്ങളാല്‍ ഇതാ അവിടുന്നു പൂര്‍ത്തിയാക്കിയിരിക്കുന്നു.
16: അവിടുന്നു ദാവീദിനോട് അരുളിച്ചെയ്തു: എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചനാള്‍മുതല്‍ എനിക്ക് ആലയംപണിയാന്‍ ഇസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു ഞാന്‍ ഒരു നഗരവും തെരഞ്ഞെടുത്തില്ല. എന്നാല്‍, എന്റെ ജനമായ ഇസ്രായേലിനു നായകനായി ഞാന്‍ ദാവീദിനെ തിരഞ്ഞെടുത്തു.
17: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന് ആലയംപണിയാന്‍ എന്റെ പിതാവായ ദാവീദ് അത്യധികം ആഗ്രഹിച്ചു.
18: എന്റെ പിതാവായ ദാവീദിനോടു കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ടായിരുന്നു: എനിക്ക് ആലയം പണിയാനുള്ള നിന്റെ അഭിലാഷം നല്ലതുതന്നെ.
19: എങ്കിലും, നീ അതു നിര്‍മ്മിക്കുകയില്ല. നിനക്കു ജനിക്കാനിരിക്കുന്ന പുത്രന്‍ എനിക്ക് ആലയം പണിയും.
20: ഇതാ, കര്‍ത്താവു തന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. അവിടുന്നു വാഗ്ദാനംചെയ്തതുപോലെ, ഞാനെന്റെ പിതാവായ ദാവീദിന്റെ സ്ഥാനത്ത്, ഇസ്രായേലിന്റെ സിംഹാസനത്തിലിരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനു ഞാനൊരാലയം നിര്‍മ്മിച്ചിരിക്കുന്നു.
21: നമ്മുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചപ്പോള്‍ കര്‍ത്താവ് അവരോടുചെയ്ത ഉടമ്പടിയുടെ ഫലകം വച്ചിരിക്കുന്ന പേടകത്തിന്, അവിടെ ഞാന്‍ ഒരു സ്ഥലമൊരുക്കിയിട്ടുണ്ട്.


സോളമന്റെ പ്രാര്‍ത്ഥന
22: സോളമന്‍ കര്‍ത്താവിന്റെ ബലിപീഠത്തിനുമുമ്പില്‍ ഇസ്രായേല്‍ ജനത്തിന്റെ സന്നിധിയില്‍, ഉന്നതങ്ങളിലേക്കു കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിച്ചു:
23: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോടെ അങ്ങയുടെ സന്നിധിയില്‍ വ്യാപരിക്കുന്ന ദാസന്മാരോടുള്ള ഉടമ്പടിപാലിക്കുകയും അനന്തസ്നേഹം അവരുടെമേല്‍ ചൊരിയുകയുംചെയ്യുന്ന അങ്ങയെപ്പോലെ ആകാശത്തിലും ഭൂമിയിലും വേറൊരു ദൈവമില്ല.
24: എന്റെ പിതാവും അങ്ങയുടെ ദാസനുമായ ദാവീദിനോടുചെയ്ത വാഗ്ദാനം അങ്ങു നിറവേറ്റിയിരിക്കുന്നു. അധരംകൊണ്ടുചെയ്ത വാഗ്ദാനം ഇന്നു കരംകൊണ്ടു പൂര്‍ത്തീകരിച്ചു.
25: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, എന്റെ പിതാവും അങ്ങയുടെ ദാസനുമായ ദാവീദിനോട്, നീ എന്റെ മുമ്പില്‍ വ്യാപരിച്ചതുപോലെ, നിന്റെ മക്കളുംചെയ്താല്‍ ഇസ്രായേലിന്റെ സിംഹാസനത്തിലിരിക്കാന്‍ നിനക്ക് ഒരവകാശി എന്റെ മുമ്പില്‍ ഉണ്ടാകാതെവരില്ലെന്ന് അങ്ങുചെയ്ത വാഗ്ദാനം പാലിച്ചാലും.
26: ഇസ്രായേലിന്റെ ദൈവമേ, എന്റെ പിതാവും അങ്ങയുടെ ദാസനുമായ ദാവീദിനോട് അങ്ങരുളിച്ചെയ്ത വചനം, ഇപ്പോള്‍ സ്ഥിരീകരിക്കപ്പെടട്ടെ!
27: എന്നാല്‍, ദൈവം യഥാര്‍ത്ഥത്തില്‍ ഭൂമിയില്‍ വസിക്കുമോ? അങ്ങയെ ഉള്‍ക്കൊള്ളാന്‍ സ്വര്‍ഗ്ഗത്തിനും സ്വര്‍ഗാധിസ്വര്‍ഗ്ഗത്തിനും അസാദ്ധ്യമെങ്കില്‍ ഞാന്‍ നിര്‍മ്മിച്ച ഈ ഭവനം എത്ര അപര്യാപ്തം!
28: എന്റെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസന്റെ പ്രാര്‍ത്ഥനകളും യാചനകളും ശ്രവിക്കണമേ! അങ്ങയുടെ ദാസന്‍ ഇന്നു തിരുമുമ്പില്‍ സമര്‍പ്പിക്കുന്ന അര്‍ത്ഥനകളും നിലവിളിയും കേള്‍ക്കണമേ!
29: അങ്ങയുടെ ദാസന്‍ ഈ ഭവനത്തില്‍വച്ചു സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന കേള്‍ക്കുന്നതിന് അങ്ങയുടെ കടാക്ഷം ഇതിന്മേല്‍ രാപകല്‍ ഉണ്ടായിരിക്കണമേ! അങ്ങയുടെ നാമം ഇവിടെ ഉണ്ടായിരിക്കുമെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.
30: ഈ ദാസനും അങ്ങയുടെ ജനമായ ഇസ്രായേലും ഇവിടെ സമര്‍പ്പിക്കുന്ന യാചനകള്‍ സ്വീകരിക്കണമേ! അങ്ങു വസിക്കുന്ന സ്വര്‍ഗ്ഗത്തില്‍നിന്നു ഞങ്ങളുടെ പ്രാര്‍ത്ഥനകേട്ടു ഞങ്ങളോടു ക്ഷമിക്കണമേ!
31: അയല്‍ക്കാരനോടു തെറ്റുചെയ്യുന്നവനോടു സത്യംചെയ്യാന്‍ ആവശ്യപ്പെടുകയും അവന്‍ ഈ ഭവനത്തില്‍ അങ്ങയുടെ ബലിപീഠത്തിനുമുമ്പില്‍ സത്യംചെയ്യുകയുംചെയ്യുമ്പോൾ,
32: അങ്ങു സ്വര്‍ഗ്ഗത്തില്‍നിന്ന് അതു ശ്രവിച്ച്, ദുഷ്ടനെ കുറ്റംവിധിച്ചു ശിക്ഷിക്കുകയും നീതിമാനു തക്കസമ്മാനം നല്കുകയുംചെയ്തുകൊണ്ട് അങ്ങയുടെ ദാസരുടെമേല്‍ ന്യായംനടത്തണമേ!
33: അങ്ങയുടെ ജനമായ ഇസ്രായേല്‍, അങ്ങേയ്ക്കെതിരേ പാപംചെയ്ത്, ശത്രുക്കളുടെമുമ്പില്‍ പരാജയപ്പെടുകയും പശ്ചാത്തപിച്ച് അങ്ങയുടെ നാമം ഏറ്റുപറഞ്ഞ്, ഈ ഭവനത്തില്‍വച്ച് അങ്ങയോടപേക്ഷിക്കുകയുംചെയ്താല്‍,
34: സ്വര്‍ഗ്ഗത്തില്‍നിന്ന് അതു ശ്രവിക്കുകയും അങ്ങയുടെ ജനമായ ഇസ്രായേലിന്റെ പാപംക്ഷമിച്ച്, അവരുടെ പിതാക്കന്മാര്‍ക്ക് അവിടുന്നു നല്കിയദേശത്തേക്ക് അവരെ തിരിച്ചുകൊണ്ടുവരുകയും ചെയ്യണമേ!
35: ജനത്തിന്റെ പാപംനിമിത്തം ആകാശം അടഞ്ഞു മഴയില്ലാതായാല്‍, അങ്ങു വരുത്തിയ ക്ലേശംകൊണ്ട് അവര്‍ ഇവിടെവന്നു പ്രാര്‍ത്ഥിക്കുകയും അങ്ങയുടെ നാമം ഏറ്റുപറയുകയും പാപങ്ങളില്‍നിന്നു പിന്തിരിയുകയുംചെയ്താല്‍,
36: അങ്ങു സ്വര്‍ഗ്ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ത്ഥന ശ്രവിച്ച്, അവിടുത്തെ ദാസരായ ഇസ്രായേല്‍ജനത്തിന്റെ പാപങ്ങള്‍ ക്ഷമിച്ച്, അവരെ നേര്‍വഴിനടത്തുകയും അവര്‍ക്ക് അവകാശമായി കൊടുത്തിരിക്കുന്ന ദേശത്തു മഴപെയ്യിക്കുകയും ചെയ്യണമേ!
37: നാട്ടില്‍ ക്ഷാമമുണ്ടാവുകയോ, വസന്ത, കതിര്‍വാട്ടം, പൂപ്പല്‍, വെട്ടുകിളി, കീടം എന്നിവകൊണ്ട് വിളവു നശിക്കുകയോ ശത്രുക്കള്‍ നഗരംവളഞ്ഞ് അങ്ങയുടെ ജനത്തെ ആക്രമിക്കുകയോ, മഹാമാരിയോ മറ്റു രോഗമോ അവരെ അലട്ടുകയോ ചെയ്യുമ്പോള്‍,
38: വ്യക്തികളോ ജനം മുഴുവനുമോ വ്യഥയാല്‍ ഈ ഭവനത്തിനുനേരേ കൈനീട്ടി പ്രാര്‍ത്ഥിച്ചാല്‍,
39: അങ്ങു വസിക്കുന്ന സ്വര്‍ഗ്ഗത്തില്‍നിന്ന് അതു ശ്രവിക്കുകയും, അവരോടു ക്ഷമിക്കുകയും ചെയ്യണമേ! 
40: അങ്ങു ഞങ്ങളുടെ പിതാക്കന്മാര്‍ക്കു ദാനംചെയ്ത ഭൂമിയില്‍ വസിക്കുന്നകാലമെല്ലാം അവര്‍ അങ്ങയെ ഭയപ്പെടുന്നതിന് അവരുടെ ഹൃദയംകാണുന്ന അങ്ങ്, അവരര്‍ഹിക്കുന്ന പ്രതിഫലം നല്കണമേ! അങ്ങുമാത്രമാണു മനുഷ്യഹൃദയങ്ങളെയറിയുന്നത്.
41: അങ്ങയുടെ ജനമായ ഇസ്രായേലില്‍പെടാത്ത വിദേശി,
42: അങ്ങയുടെ മഹനീയ നാമത്തെയും അങ്ങയുടെ കരുത്തുറ്റ കരങ്ങളുടെ പ്രവര്‍ത്തനങ്ങളെയും നീട്ടിയ ഭുജത്തെയുംപറ്റികേട്ട്, അങ്ങയെത്തേടിവന്ന് ഈ ആലയത്തിനുനേരെ തിരിഞ്ഞു പ്രാര്‍ത്ഥിച്ചാല്‍,
43: അവിടുത്തെ ജനമായ ഇസ്രായേലിനെപ്പോലെ സര്‍വ്വജനതകളും അങ്ങയുടെ നാമം അറിയാനും അങ്ങയെ ഭയപ്പെടാനും, ഞാന്‍ ഈ ഭവനം അങ്ങേക്കായി നിര്‍മ്മിച്ചിരിക്കുന്നുവെന്നു ഗ്രഹിക്കാനുംവേണ്ടി, അങ്ങു വസിക്കുന്ന സ്വര്‍ഗ്ഗത്തില്‍നിന്ന് അവന്റെ പ്രാര്‍ത്ഥന ശ്രവിക്കുകയും യാചനകള്‍ സാധിച്ചുകൊടുക്കുകയും ചെയ്യണമേ!
44: അങ്ങയുടെ ജനം അങ്ങയയ്ക്കുന്ന വഴിയിലൂടെ ശത്രുക്കള്‍ക്കെതിരേ യുദ്ധത്തിനു പുറപ്പെടുമ്പോള്‍, അങ്ങു തെരഞ്ഞെടുത്തിരിക്കുന്ന ഈ നഗരത്തിനും ഞാന്‍ അങ്ങേയ്ക്കു നിര്‍മ്മിച്ചിരിക്കുന്ന ഈ ആലയത്തിനും അഭിമുഖമായിനിന്നു പ്രാര്‍ത്ഥിച്ചാൽ
45: അങ്ങ് സ്വര്‍ഗ്ഗത്തിലിരുന്ന് അവരുടെ പ്രാര്‍ത്ഥനകളും യാചനകളും ശ്രവിച്ച്, അവരെ വിജയത്തിലേക്കു നയിക്കണമേ!
46: അവര്‍ അങ്ങേയ്ക്കെതിരായി പാപം ചെയ്യുകയും - പാപം ചെയ്യാത്ത മനുഷ്യന്‍ ഇല്ലല്ലോ - അവിടുന്നു കോപിച്ച് അവരെ ശത്രുവിന് ഏല്പിക്കുകയും, ശത്രുക്കള്‍ അവരെ സമീപത്തോ വിദൂരത്തോ ഉള്ള തങ്ങളുടെ ദേശത്തേക്കു തടവുകാരായി കൊണ്ടുപോവുകയും,
47: അവര്‍ അവിടെവച്ചു ഹൃദയപൂര്‍വം പശ്ചാത്തപിച്ച്, ഞങ്ങള്‍ പാപംചെയ്തുപോയി, അനീതിയും അകൃത്യവും പ്രവര്‍ത്തിച്ചു എന്ന് ഏറ്റുപറയുകയും ചെയ്താല്‍,
48: തങ്ങളെ തടവുകാരാക്കിയ ശത്രുക്കളുടെ ദേശത്തുവച്ച് അവര്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ അനുതപിച്ച്, അങ്ങ് അവരുടെ പിതാക്കന്മാര്‍ക്ക് ദാനംചെയ്ത ദേശത്തേക്കും തെരഞ്ഞെടുത്ത നഗരത്തിലേക്കും, ഞാന്‍ അങ്ങേയ്ക്കു നിര്‍മ്മിച്ചിരിക്കുന്ന ഈ ഭവനത്തിലേക്കും നോക്കി അങ്ങയോടു പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍,
49: അങ്ങു വസിക്കുന്ന സ്വര്‍ഗ്ഗത്തിലിരുന്ന് അവരുടെ പ്രാര്‍ത്ഥനകളും യാചനകളും ശ്രവിച്ച്, അവരെ രക്ഷിക്കണമേ!
50: അങ്ങേയ്ക്കെതിരായി പാപംചെയ്ത അങ്ങയുടെ ജനത്തോട് അവരുടെ പാപങ്ങളും അതിക്രമങ്ങളും ക്ഷമിക്കണമേ! അവരെ തടവിലാക്കിയവര്‍ അവരോടു കാരുണ്യംകാണിക്കുന്നതിന്, അങ്ങു കൃപചെയ്യണമേ!
51: ഈജിപ്തിലെ ഇരുമ്പുചൂളയില്‍നിന്ന് അങ്ങു മോചിപ്പിച്ച അങ്ങയുടെ ജനവും അവകാശവുമാണല്ലോ അവര്‍.
52: അങ്ങയുടെ ദാസനും ജനവും സഹായം അപേക്ഷിക്കുമ്പോള്‍ അവരെ കടാക്ഷിക്കണമേ! അവരുടെ പ്രാര്‍ത്ഥനകള്‍ ശ്രവിക്കണമേ!
53: ദൈവമായ കര്‍ത്താവേ, അങ്ങു ഞങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നപ്പോള്‍ അങ്ങയുടെ ദാസനായ മോശവഴി അരുളിച്ചെയ്തതുപോലെ, ഭൂമിയിലെ സകല ജനതകളിലുംനിന്ന് അവരെ അങ്ങ്, അങ്ങയുടെ അവകാശമായി തെരഞ്ഞെടുത്തതാണല്ലോ.
54: കര്‍ത്താവിനോടുള്ള പ്രാര്‍ത്ഥനകള്‍ക്കും യാചനകള്‍ക്കുംശേഷം സോളമന്‍ അവിടുത്തെ ബലിപീഠത്തിന്റെ മുമ്പില്‍നിന്ന് എഴുന്നേറ്റു. അവന്‍ കൈകള്‍ ആകാശത്തിലേക്കുയര്‍ത്തി മുട്ടുകുത്തി നില്‍ക്കുകയായിരുന്നു.
55: അവന്‍ ഇസ്രായേല്‍ജനത്തെ ശബ്ദമുയര്‍ത്തി ആശീര്‍വ്വദിച്ചു:
56: തന്റെ വാഗ്ദാനമനുസരിച്ച് സ്വജനമായ ഇസ്രായേലിനു ശാന്തിനല്കിയ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! തന്റെ ദാസനായ മോശവഴി വാഗ്ദാനംചെയ്ത നന്മകളിലൊന്നും അവിടുന്നു നിറവേറ്റാതിരുന്നിട്ടില്ല.
57: നമ്മുടെ ദൈവമായ കര്‍ത്താവു നമ്മുടെ പിതാക്കന്മാരോടുകൂടെ എന്നതുപോലെ നമ്മോടുകൂടെയും ഉണ്ടായിരിക്കട്ടെ! നമ്മെ പുറംതള്ളുകയോ ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കട്ടെ!
58: നാം അവിടുത്തെ മാര്‍ഗ്ഗത്തിലൂടെ ചരിക്കുന്നതിനും, അവിടുന്നു നമ്മുടെ പിതാക്കന്മാര്‍ക്കുനല്കിയ കല്പനകളും ചട്ടങ്ങളും ശാസനകളും പാലിക്കുന്നതിനും അവിടുന്നു നമ്മുടെ ഹൃദയങ്ങളെ തന്നിലേക്കു തിരിക്കട്ടെ!
59: കര്‍ത്താവിന്റെ സന്നിധിയില്‍ ഞാന്‍ സമര്‍പ്പിച്ച ഈ പ്രാര്‍ത്ഥനകളും യാചനകളും രാപകല്‍ അവിടുത്തെ മുമ്പില്‍ ഉണ്ടായിരിക്കുകയും അവിടുന്ന് ഈ ദാസനെയും തന്റെ ജനമായ ഇസ്രായേലിനെയും അനുദിനം പരിപാലിക്കുകയുംചെയ്യട്ടെ!
60: അങ്ങനെ, കര്‍ത്താവാണു ദൈവമെന്നും അവിടുന്നു മാത്രമാണു ദൈവമെന്നും ഭൂമിയിലെ സര്‍വ്വജനതകളുമറിയട്ടെ!
61: ആകയാല്‍, ഇന്നത്തെപ്പോലെ അവിടുത്തെ കല്പനകളും ചട്ടങ്ങളും അനുസരിച്ചു ജീവിക്കുന്നതിന് നിങ്ങളുടെ ഹൃദയം പൂര്‍ണ്ണമായി ദൈവമായ കര്‍ത്താവിലായിരിക്കട്ടെ!


ദേവാലയപ്രതിഷ്ഠ
62: രാജാവും ജനവും കര്‍ത്താവിന്റെ മുമ്പില്‍ ബലിയര്‍പ്പിച്ചു.
63: സോളമന്‍ ഇരുപത്തീരായിരം കാളകളെയും ഒരുലക്ഷത്തിയിരുപതിനായിരം ആടുകളെയും കര്‍ത്താവിനു സമാധാനബലിയായി അര്‍പ്പിച്ചു. ഇങ്ങനെ, രാജാവും ഇസ്രായേല്‍ജനവും കര്‍ത്താവിന്റെ ആലയത്തിന്റെ പ്രതിഷ്ഠനടത്തി.
64: അന്നുതന്നെ, രാജാവു കര്‍ത്താവിന്റെ ആലയത്തിനു മുമ്പിലുള്ള അങ്കണത്തിന്റെ മദ്ധ്യഭാഗം വിശുദ്ധീകരിച്ചു. അവിടെയാണ് അവന്‍ ദഹനബലികളും ധാന്യബലികളും സമാധാനബലിക്കുള്ള കൊഴുപ്പും അര്‍പ്പിച്ചത്. കര്‍ത്താവിന്റെ മുമ്പിലുള്ള ഓടുകൊണ്ടുള്ള ബലിപീഠത്തിന്, ഈ ദഹനബലികളും ധാന്യബലികളും സമാധനബലിക്കുള്ള കൊഴുപ്പും അര്‍പ്പിക്കാന്‍തക്ക വലിപ്പമുണ്ടായിരുന്നില്ല.
65: സോളമന്‍ ഹമാത്തിന്റെ അതിര്‍ത്തിമുതല്‍ ഈജിപ്തുതോടുവരെയുള്ള ഇസ്രായേല്‍ജനങ്ങളോടൊന്നിച്ച് നമ്മുടെ ദൈവമായ കര്‍ത്താവിന്റെ മുമ്പില്‍ ഏഴുദിവസം ഉത്സവമാഘോഷിച്ചു.
66: എട്ടാം ദിവസം അവന്‍ ജനങ്ങളെ മടക്കിയയച്ചു. അവര്‍ രാജാവിനെ പുകഴ്ത്തുകയും, കര്‍ത്താവ് തന്റെ ദാസനായ ദാവീദിനും തന്റെ ജനമായ ഇസ്രായേലിനുംചെയ്ത സകലനന്മകളുമോര്‍ത്ത്, ആഹ്ലാദഭരിതരായി സ്വഭവനങ്ങളിലേക്കു മടങ്ങുകയുംചെയ്തു.

എണ്‍പത്തിയെട്ടാം ദിവസം: 1 രാജാക്കന്മാര്‍ 4 - 6


അദ്ധ്യായം 4

ഭരണസംവിധാനം

1: സോളമന്‍ ഇസ്രായേല്‍മുഴുവന്റെയും രാജാവായിരുന്നു.
2: അവന്റെ പ്രധാനസേവകന്മാര്‍: സാദോക്കിന്റെ പുത്രന്‍ അസറിയാ പുരോഹിതനും
3: ഷീഷായുടെ പുത്രന്മാരായ എലീഹൊറേഫും അഹിയായും കാര്യവിചാരകന്മാരുമായിരുന്നു. അഹിലൂദിന്റെ പുത്രന്‍ യഹോഷഫാത്ത് നടപടിയെഴുത്തുകാരനും
4: യഹോയാദായുടെ പുത്രന്‍ ബനായാ സൈന്യാധിപനും സാദോക്കും അബിയാഥറും പുരോഹിതന്മാരുമായിരുന്നു.
5: നാഥാന്റെ പുത്രന്മാരായ അസറിയാ മേല്‍വിചാരകനും, സാബുദ് പുരോഹിതനും രാജാവിന്റെ തോഴനുമായിരുന്നു.
6: അഹിഷാറായിരുന്നു കൊട്ടാരവിചാരിപ്പുകാരന്‍. അടിമകളുടെ മേല്‍നോട്ടം അബ്ദയുടെ പുത്രന്‍ അദൊണിറാമിനായിരുന്നു.
7: രാജാവിനും കുടുംബത്തിനും ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ സോളമന് ഇസ്രായേലില്‍ ആകെ പന്ത്രണ്ടുപേരുണ്ടായിരുന്നു. ഓരോരുത്തര്‍ ഓരോ മാസത്തേക്കുവേണ്ട സാധനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു.
8: അവര്‍: എഫ്രായിം മലനാട്ടില്‍ ബന്‍ഹൂര്‍;
9: മാക്കസ്, ഷാല്‍ബിം, ബത്‌ഷെമെഷ്, ഏലോന്‍, ബേത്ഹാനാന്‍ എന്നീ പ്രദേശങ്ങളില്‍ ബന്‍ദെക്കര്‍;
10: അരുബ്‌ബോത്തില്‍ ബന്‍ഹേസെദ് - സൊക്കോയും ഹേഫര്‍ പ്രദേശവും ഇവന്റെ അധീനതയിലായിരുന്നു;
11: നഫാത്ത്‌ദോറില്‍ ബന്‍ അബിനാദാബ് - സോളമന്റെ പുത്രി താഫാത്ത് ഇവന്റെ ഭാര്യയായിരുന്നു;
12: താനാക്ക്, മെഗിദോ എന്നീ നഗരങ്ങളിലും സാരെഥാനുസമീപം ജസ്രേലിനുതാഴെ ബത്‌ഷെയാന്‍ മുതല്‍ ആബേല്‍മെഹോലായും യൊക്‌മെയാമിന്റെ അപ്പുറവുംവരെ ബത്‌ഷെയാന്‍പ്രദേശം മുഴുവനിലും അഹിലൂദിന്റെ മകന്‍ ബാനാ;
13: ഗിലയാദിലെ റാമോത്തില്‍ ബന്‍ഗേബര്‍ - മനാസ്സെയുടെ മകന്‍ ജായിരിന് ഗിലയാദിലുള്ള ഗ്രാമങ്ങളും, മതിലുകളും പിച്ചളയോടാമ്പലുകളോടുകൂടിയ വാതിലുകളുമുള്ള അറുപതു പട്ടണങ്ങളുള്‍പ്പെട്ട ബാഷാനിലെ അര്‍ഗോബു പ്രദേശവും ഇവന്റെ അധീനതയിലായിരുന്നു;
14: മഹനായീമില്‍ ഇദ്ദോയുടെ മകന്‍ അഹിനാദാബ്;
15: നഫ്താലിപ്രദേശത്ത് അഹിമാസ് സോളമന്റെ പുത്രി ബസ്മത് ഇവന്റെ ഭാര്യയായിരുന്നു;
16: ആഷേറിലും ബയാലോത്തിലും ഹൂഷായിയുടെ മകന്‍ ബാനാ;
17: ഇസാക്കറില്‍ പരൂവായുടെ മകന്‍ യാഹോഷാഫത്;
18: ബഞ്ചമിന്‍പ്രദേശത്ത് ഏലായുടെ മകന്‍ ഷിമെയി;
19: അമോര്യരാജാവായ സീഹോനും ബാഷാന്‍രാജാവായ ഓഗും ഭരിച്ചിരുന്ന ഗിലയാദുപ്രദേശത്ത് ഊറിയുടെ മകന്‍ ഗേബര്‍. കൂടാതെ യൂദായില്‍ ഒരു അധിപനുമുണ്ടായിരുന്നു.
20: യൂദായിലെയും ഇസ്രായേലിലെയും ജനം കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ അസംഖ്യമായിരുന്നു. അവര്‍ തിന്നും കുടിച്ചും ഉല്ലാസഭരിതരായി കഴിഞ്ഞു.
21: യൂഫ്രട്ടീസ് നദിമുതല്‍ ഫിലിസ്ത്യരുടെ നാടും ഈജിപ്തിന്റെ അതിര്‍ത്തിയുംവരെയുള്ള പ്രദേശങ്ങള്‍ സോളമന്റെ ഭരണത്തിന്‍കീഴിലായിരുന്നു. അവന്റെ ജീവിതകാലംമുഴുവന്‍ ജനം കാഴ്ചകള്‍ സമര്‍പ്പിക്കയും അവനെ സേവിക്കയുംചെയ്തു.
22: സോളമന്റെ അനുദിനച്ചെലവ് മുപ്പതുകോര്‍ നേര്‍ത്തമാവും അറുപതു കോര്‍ സാധാരണമാവും,
23: കലമാന്‍, പേടമാന്‍, മ്‌ളാവ്, കോഴി എന്നിവയ്ക്കുപുറമേ കൊഴുത്ത പത്തു കാളകള്‍, ഇരുപതു കാലികള്‍, നൂറു മുട്ടാടുകള്‍ ഇവയുമായിരുന്നു.
24: യൂഫ്രട്ടീസിനു പടിഞ്ഞാറ് തിഫ്സാമുതല്‍ ഗാസാവരെയുള്ള പ്രദേശങ്ങള്‍ സോളമന്റെ അധീനതയിലായിരുന്നു. യൂഫ്രട്ടീസിനു പടിഞ്ഞാറുള്ള എല്ലാ രാജാക്കന്മാരും അവനു കീഴ്‌പ്പെട്ടിരുന്നു. അയല്‍നാടുകളുമായി അവന്‍ സമാധാനത്തില്‍ കഴിഞ്ഞു.
25: സോളമന്റെകാലംമുഴുവന്‍ ദാന്‍മുതല്‍ ബേര്‍ഷെബാവരെ യൂദായിലെയും ഇസ്രായേലിലെയും ജനം മുന്തിരിയും അത്തിയും കൃഷിചെയ്തു സുരക്ഷിതരായി ജീവിച്ചു.
26: സോളമനു പന്തീരായിരം കുതിരപ്പടയാളികളും തേര്‍ക്കുതിരകള്‍ക്കായി നാല്പതിനായിരം പന്തികളുമുണ്ടായിരുന്നു.
27: മുമ്പുപറഞ്ഞ സേവകന്മാര്‍ ഓരോരുത്തരും നിശ്ചിത മാസത്തില്‍ സോളമന്‍രാജാവിനും അവനോടൊപ്പം ഭക്ഷിച്ചിരുന്നവര്‍ക്കുമാവശ്യമായ സാധനങ്ങളെത്തിച്ചിരുന്നു; ഒരു കുറവും വരുത്തിയില്ല.
28: അവര്‍ കുതിരകള്‍ക്കും വേഗമേറിയ പടക്കുതിരകള്‍ക്കുംവേണ്ട ബാര്‍ലിയും വയ്‌ക്കോലും മുറപ്രകാരം യഥാസ്ഥാനം എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു.
29: ദൈവം സോളമന് അളവറ്റ ജ്ഞാനവും ഉള്‍ക്കാഴ്ചയും കടല്‍ത്തീരംപോലെ വിശാലമായ ഹൃദയവും പ്രദാനംചെയ്തു.
30: പൗരസ്ത്യദേശത്തെയും ഈജിപ്തിലെയും ജ്ഞാനികളെ അതിശയിക്കുന്നതായിരുന്നു സോളമന്റെ ജ്ഞാനം.
31: എസ്രാഹ്യനായ ഏഥാന്‍, മാഹോലിന്റെ പുത്രന്മാരാ യഹേമാന്‍, കല്‍ക്കോല്‍, ദാര്‍ദാ തുടങ്ങി എല്ലാവരെയുംകാള്‍ ജ്ഞാനിയായിരുന്നു അവന്‍. അവന്റെ പ്രശസ്തി ചുറ്റുമുള്ള എല്ലാരാജ്യങ്ങളിലും വ്യാപിച്ചു.
32: അവന്‍ മൂവായിരം സുഭാഷിതങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും രചിച്ചു.
33: ലബനോനിലെ ദേവദാരുമുതല്‍ ചുമരില്‍ മുളയ്ക്കുന്ന പായല്‍വരെ എല്ലാ സസ്യങ്ങളെയുംകുറിച്ച് അവന്‍ പ്രതിപാദിച്ചു. മൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും മത്സ്യങ്ങളെയുംകുറിച്ച് അവന്‍ സംസാരിച്ചിരുന്നു.
34: സോളമന്റെ ജ്ഞാനത്തെപ്പറ്റി കേട്ടിട്ടുള്ള രാജാക്കന്മാരിലും ജനതകളിലുംനിന്നു ധാരാളംപേര്‍ അവന്റെ ഭാഷണം കേള്‍ക്കാനെത്തിയിരുന്നു.

അദ്ധ്യായം 5

ദേവാലയനിര്‍മ്മാണത്തിനുള്ള ഒരുക്കം

1: സോളമനെ പിതാവിന്റെ സ്ഥാനത്തു രാജാവായി അഭിഷേകംചെയ്തിരിക്കുന്നുവെന്നുകേട്ട്, ടയിര്‍ രാജാവായ ഹീരാം അവന്റെയടുത്തേക്കു ദൂതന്മാരെ അയച്ചു. ഹീരാം എന്നും ദാവിദുമായി മൈത്രിയിലായിരുന്നു.
2: സോളമന്‍ ഹീരാമിന് ഒരു സന്ദേശമയച്ചു:
3: എന്റെ പിതാവായ ദാവീദിന്, തന്റെ ദൈവമായ കര്‍ത്താവിന് ഒരാലയം പണിയാന്‍കഴിഞ്ഞില്ലെന്നു നിനക്കറിയാമല്ലോ. ചുറ്റുമുള്ള ശത്രുക്കളെ കര്‍ത്താവ്, അവനു കീഴ്‌പ്പെടുത്തുന്നതുവരെ അവനു തുടര്‍ച്ചയായി യുദ്ധംചെയ്യേണ്ടിവന്നു.
4: എന്നാല്‍, എനിക്കു പ്രതിയോഗിയില്ല; ദൗര്‍ഭാഗ്യവുമില്ല. എന്റെ ദൈവമായ കര്‍ത്താവ് എനിക്ക് എല്ലാത്തരത്തിലും സമാധാനം നല്കിയിരിക്കുന്നു.
5: എന്റെ പിതാവായ ദാവീദിനോടു കര്‍ത്താവിങ്ങനെ അരുളിച്ചെയ്തിട്ടുണ്ട്: നിനക്കുപകരം സിംഹാസനത്തില്‍ ഞാന്‍ അവരോധിക്കുന്ന നിന്റെ മകന്‍ എന്റെ നാമത്തിന് ഒരാലയം പണിയും. അതനുസരിച്ച് എന്റെ ദൈവമായ കര്‍ത്താവിന് ആലയം നിര്‍മ്മിക്കണമെന്ന് ഞാനുദ്ദ്യേശിക്കുന്നു.
6: ആകയാല്‍, ലബനോനില്‍നിന്ന് എനിക്കായി ദേവദാരു മുറിക്കാന്‍ ആജ്ഞനല്കിയാലും. എന്റെ ജോലിക്കാരും നിന്റെ ജോലിക്കാരോടുകൂടെയുണ്ടായിരിക്കും. അവര്‍ക്കു നീ നിശ്ചയിക്കുന്ന കൂലി ഞാന്‍ തരാം. സീദോന്യരെപ്പോലെ മരംമുറിക്കാന്‍ പരിചയമുള്ളവര്‍ ഞങ്ങളുടെയിടയിലില്ലെന്നു നിനക്കറിയാമല്ലോ.
7: സോളമന്റെ വാക്കുകേട്ടപ്പോള്‍ ഹീരാം അതീവസന്തുഷ്ടനായി പറഞ്ഞു: ഈ മഹത്തായ ജനത്തെ ഭരിക്കാന്‍ ജ്ഞാനിയായൊരു മകനെ ദാവീദിനുനല്കിയ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!
8: ഹീരാം ദൂതന്‍മുഖേന സോളമനെ അറിയിച്ചു: നിന്റെ സന്ദേശം കിട്ടി. ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യം നിന്റെ ആഗ്രഹംപോലെ ചെയ്യാം.
9: എന്റെ ജോലിക്കാര്‍ ലബനോനില്‍നിന്ന്, തടി കടലിലേക്കിറക്കും. പിന്നീടു ചങ്ങാടങ്ങളാക്കി നീ പറയുന്ന സ്ഥലത്തേക്കയച്ചുതരാം. കരയ്ക്കടുക്കുമ്പോള്‍ നീ അവ ഏറ്റുവാങ്ങണം. എന്റെ കുടുംബത്തിനാവശ്യമായ ഭക്ഷണസാധനങ്ങള്‍ നീ നല്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
10: സോളമന് ആവശ്യമായ ദേവദാരുവും സരളമരവും ഹീരാം നല്കി.
11: ഹീരാമിന്റെ ഗാര്‍ഹികാവശ്യങ്ങള്‍ക്കായി സോളമന്‍ ഇരുപതിനായിരം കോര്‍ ഗോതമ്പും ആട്ടിയെടുത്ത ഇരുപതിനായിരം കോര്‍ എണ്ണയും കൊടുത്തു. ആണ്ടുതോറും ഹീരാമിന് ഇവ കൊടുത്തുകൊണ്ടിരുന്നു.
12: കര്‍ത്താവ്, വാഗ്ദാനപ്രകാരം സോളമനു ജ്ഞാനം നല്കി. ഹീരാമും സോളമനും സമാധാനത്തില്‍ കഴിഞ്ഞുകൂടുകയും ഇരുവരും ഉടമ്പടിയിലേര്‍പ്പെടുകയും ചെയ്തു.
13: സോളമന്‍രാജാവ് ഇസ്രായേലിന്റെ എല്ലാഭാഗത്തുംനിന്ന് അടിമവേലയ്ക്ക് ആളെയെടുത്തു. മുപ്പതിനായിരം പേരാണ്, ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടത്.
14: മാസംതോറും പതിനായിരംപേരെവീതം ലബനോനിലെക്ക് അയച്ചുകൊണ്ടിരുന്നു. അവര്‍ ഒരു മാസം ലബനോനിലാണെങ്കില്‍ രണ്ടുമാസം തങ്ങളുടെ വീടുകളിലായിരിക്കും. അദോണിറാമിനായിരുന്നു ഇവരുടെ മേല്‍നോട്ടം.
15: ചുമടെടുക്കാന്‍ എഴുപതിനായിരവും മലയില്‍ കല്ലുവെട്ടാന്‍ എണ്‍പതിനായിരവും ആളുകളുണ്ടായിരുന്നു.
16: ജോലിക്കാരുടെ മേല്‍നോട്ടംവഹിച്ചിരുന്ന മൂവായിരത്തിമൂന്നൂറ് ആളുകള്‍ക്കുപുറമേയായിരുന്നു ഇവര്‍.
17: രാജാവിന്റെ കല്പനയനുസരിച്ച്, അവര്‍ ദേവാലയത്തിന്റെ അടിത്തറപണിയാന്‍ വിശേഷപ്പെട്ട വലിയ കല്ലുകള്‍ കൊണ്ടുവന്നു ചെത്തി ശരിപ്പെടുത്തി.
18: സോളമന്റെയും, ഹീരാമിന്റെയും ശില്പികളും ഗേബാല്‍കാരുംചേര്‍ന്ന് അവ ചെത്തിമിനുക്കുകയും ദേവാലയം പണിയാനുള്ള കല്ലും മരവും തയ്യാറാക്കുകയുംചെയ്തു. 
 
അദ്ധ്യായം 6

ദേവാലയനിര്‍മ്മാണം 


1: ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു മോചിതരായതിന്റെ നാനൂറ്റിയെണ്‍പതാം വര്‍ഷം, അതായത്, സോളമന്റെ നാലാം ഭരണവര്‍ഷം രണ്ടാമത്തെ മാസമായ സീവില്‍ അവന്‍ ദേവാലയത്തിന്റെ പണിയാരംഭിച്ചു.
2: സോളമന്‍ കര്‍ത്താവിനുവേണ്ടി പണിയിച്ച ഭവനത്തിന് അറുപതുമുഴം നീളവും ഇരുപതുമുഴം വീതിയും മുപ്പതുമുഴം ഉയരവുമുണ്ടായിരുന്നു.
3: ദേവാലയത്തിന്റെ മുന്‍ഭാഗത്ത് പത്തുമുഴം ഉയരവും ആലയത്തിന്റെ വീതിക്കൊപ്പം ഇരുപതുമുഴം നീളവുമുള്ള ഒരു പൂമുഖം ഉണ്ടായിരുന്നു.
4: ദേവാലയഭിത്തിയില്‍ പുറത്തേക്കു വീതി കുറഞ്ഞുവരുന്ന ജനലുകളുണ്ടായിരുന്നു.
5: ശ്രീകോവിലടക്കം ദേവാലയത്തിന്റെ ചുറ്റുമുള്ള ഭിത്തികളോടുചേര്‍ന്ന്, തട്ടുകളായി മുറികള്‍ നിര്‍മ്മിച്ചു.
6: താഴത്തെ നിലയ്ക്ക് അഞ്ചു മുഴവും നടുവിലത്തേതിന് ആറുമുഴവും മുകളിലത്തേതിന് ഏഴുമുഴവും വീതിയുണ്ടായിരുന്നു. തുലാങ്ങള്‍ ദേവാലയഭിത്തിയില്‍ തുളച്ചു കടക്കാതിരിക്കാന്‍ ആലയത്തിനുപുറമേ ഭിത്തികളില്‍ ഗളം നിര്‍മ്മിച്ച് അവ ഘടിപ്പിച്ചു.
7: നേരത്തേ ചെത്തിമിനുക്കിയ കല്ലുകളായിരുന്നതുകൊണ്ട് പണിനടക്കുന്ന സമയത്തു മഴുവിന്റെയോ ചുറ്റികയുടേയോ മറ്റ് ഇരുമ്പായുധങ്ങളുടെയോ ശബ്ദം ദേവാലയത്തില്‍ കേട്ടിരുന്നില്ല.
8: താഴത്തെനിലയുടെ വാതില്‍ ദേവാലയത്തിന്റെ തെക്കുവശത്തായിരുന്നു. ഗോവണിയിലൂടെ നടുവിലത്തെ നിലയിലേക്കും അവിടെനിന്നു മൂന്നാമത്തേതിലേക്കും മാര്‍ഗ്ഗമുണ്ടായിരുന്നു.
9: ഇങ്ങനെ അവന്‍ ദേവാലയം പണിതീര്‍ത്തു. ദേവദാരുവിന്റെ പലകയും തുലാങ്ങളുംകൊണ്ടാണു മച്ചുണ്ടാക്കിയത്.
10: തട്ടുകള്‍ പണിയിച്ചത് ആലയത്തിനുചുറ്റും അഞ്ചു മുഴം ഉയരത്തിലാണ്. ദേവദാരുത്തടികൊണ്ട് അവ ആലയവുമായി ബന്ധിപ്പിച്ചു.
11: സോളമനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
12: നീ എനിക്കു ഭവനം പണിയുകയാണല്ലോ. എന്റെ ചട്ടങ്ങള്‍ ആചരിച്ചും എന്റെ അനുശാസനങ്ങളനുസരിച്ചും എന്റെ കല്പനകള്‍പാലിച്ചുംനടന്നാല്‍ ഞാന്‍ നിന്റെ പിതാവായ ദാവീദിനോടുചെയ്ത വാഗ്ദാനം നിന്നില്‍ നിറവേറ്റും.
13: ഞാന്‍ ഇസ്രായേല്‍ മക്കളുടെമദ്ധ്യേ വസിക്കും. എന്റെ ജനമായ ഇസ്രായേലിനെ ഞാനുപേക്ഷിക്കുകയില്ല.
14: സോളമന്‍ ദേവാലയത്തിന്റെ പണി പൂര്‍ത്തിയാക്കി.
15: അവന്‍ ദേവാലയഭിത്തികളുടെ ഉള്‍വശം, തറമുതല്‍ മുകളറ്റംവരെ ദേവദാരുപ്പലകകൊണ്ടു പൊതിഞ്ഞു. തറയില്‍ സരളമരപ്പലകകളും നിരത്തി.
16: ദേവാലയത്തിന്റെ പിന്‍ഭാഗത്തെ ഇരുപതുമുഴം തറമുതല്‍ മുകളറ്റംവരെ ദേവദാരുപ്പലകകൊണ്ടു വേര്‍തിരിച്ചു. അങ്ങനെയാണ് അതിവിശുദ്ധമായ ശ്രീകോവില്‍ നിര്‍മ്മിച്ചത്.
17: ശ്രീകോവിലിന്റെ മുമ്പിലുള്ള ദേവാലയഭാഗത്തിന് നാല്പതു മുഴമായിരുന്നു നീളം.
18: ഫലങ്ങളും വിടര്‍ന്ന പുഷ്പങ്ങളുംകൊത്തിയ ദേവദാരുപ്പലകകൊണ്ട് ആലയത്തിന്റെ ഉള്‍വശംമുഴുവന്‍ പൊതിഞ്ഞിരുന്നു. എല്ലായിടത്തും ദേവദാരുപ്പലകകള്‍; കല്ല്, തെല്ലും ദൃശ്യമായിരുന്നില്ല.
19: കര്‍ത്താവിന്റെ വാഗ്ദാനപേടകം സ്ഥാപിക്കുന്നതിന്, ആലയത്തിന്റെയുള്ളില്‍ ശ്രീകോവില്‍ സജ്ജമാക്കി.
20: അതിന് ഇരുപതുമുഴംവീതം നീളവും വീതിയും ഉയരവുമുണ്ടായിരുന്നു. അവന്‍ അതു തങ്കംകൊണ്ടു പൊതിഞ്ഞു. ദേവദാരുകൊണ്ടു ബലിപീഠവും നിര്‍മ്മിച്ചു.
21: ദേവാലയത്തിന്റെ ഉള്‍വശം തങ്കംകൊണ്ടു പൊതിഞ്ഞു ശ്രീകോവിലിന്റെ മുന്‍വശത്തു കുറുകെ സ്വര്‍ണ്ണച്ചങ്ങലകള്‍ ബന്ധിച്ചു. അവിടവും സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു.
22: ദേവാലയംമുഴുവന്‍ സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു. ശ്രീകോവിലിലെ ബലിപീഠവും അവന്‍ സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു.
23: പത്തുമുഴം ഉയരമുള്ള രണ്ടു കെരൂബുകളെ ഒലിവുതടികൊണ്ടു നിര്‍മ്മിച്ച് അവന്‍ ശ്രീകോവിലില്‍ സ്ഥാപിച്ചു.
24: കെരൂബിന്റെ ഇരുചിറകുകള്‍ക്കും അഞ്ചുമുഴം നീളമുണ്ടായിരുന്നു. ഒരു ചിറകിന്റെ അറ്റംമുതല്‍ മറ്റേ ചിറകിന്റെ അറ്റംവരെ ആകെ പത്തുമുഴം.
25: രണ്ടാമത്തെ കെരൂബിനും പത്തുമുഴം. രണ്ടു കെരൂബുകളുടെയും വലുപ്പവും രൂപവും ഒന്നുപോലെതന്നെ.
26: ഒരു കെരൂബിന്റെ ഉയരം പത്തുമുഴം; മറ്റേതും അങ്ങനെതന്നെ.
27: സോളമന്‍ കെരൂബുകളെ ശ്രീകോവിലില്‍ സ്ഥാപിച്ചു. ഒരു കെരൂബിന്റെ ചിറക് ഒരു ചുമരിലും മറ്റേ കെരൂബിന്റെ ചിറക് മറുചുമരിലും തൊട്ടിരിക്കത്തക്കവിധം ചിറകുകള്‍ വിടര്‍ത്തിയാണ് സ്ഥാപിച്ചത്. മറ്റു രണ്ടു ചിറകുകള്‍ മധ്യത്തില്‍ പരസ്പരം തൊട്ടിരുന്നു.
28: അവന്‍ കെരൂബുകളെ സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു.
29: അകത്തും പുറത്തുമുള്ള മുറികളുടെ ഭിത്തികളില്‍ കെരൂബുകളും ഈന്തപ്പനകളും വിടര്‍ന്ന പുഷ്പങ്ങളും കൊത്തിവച്ചിരുന്നു.
30: അവയുടെ തറയില്‍ സ്വര്‍ണ്ണം പതിച്ചിരുന്നു.
31: ശ്രീകോവിലിന്റെ കതകുകള്‍ ഒലിവുതടികൊണ്ടു നിര്‍മ്മിച്ചു; മേല്പടിയും കട്ടിളക്കാലുകളും ചേര്‍ന്ന് ഒരു പഞ്ചഭുജമായി.
32: ഒലിവുതടിയില്‍തീര്‍ത്ത ഇരുകതകുകളിലും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പങ്ങള്‍ എന്നിവ കൊത്തി, എല്ലാം സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു.
33: ദേവാലയത്തിന്റെ കവാടത്തില്‍ ഒലിവുതടികൊണ്ടു ചതുരത്തില്‍ കട്ടിളയുണ്ടാക്കി.
34: അതിന്റെ കതകുരണ്ടും സരളമരംകൊണ്ടു നിര്‍മ്മിച്ചു. ഓരോന്നിനും ഈരണ്ടു മടക്കുപാളിയുണ്ടായിരുന്നു.
35: അവന്‍ അവയില്‍ കെരൂബുകളും ഈന്തപ്പനകളും വിടര്‍ന്ന പുഷ്പങ്ങളും കൊത്തിച്ചു. അവയും കൊത്തുപണികളും സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു.
36: അകത്തേ അങ്കണം ചെത്തിമിനുക്കിയ മൂന്നു നിര കല്ലും ഒരു നിര ദേവദാരുത്തടിയുംകൊണ്ടു നിര്‍മ്മിച്ചു.
37: നാലാംവര്‍ഷം സീവു മാസത്തിലാണു ദേവാലയത്തിന് അടിസ്ഥാനമിട്ടത്.
38: പതിനൊന്നാംവര്‍ഷം എട്ടാം മാസം, അതായത്, ബൂല്‍മാസം ദേവാലയത്തിന്റെ എല്ലാ ഭാഗങ്ങളും യഥാവിധി പൂര്‍ത്തിയായി. അങ്ങനെ ദേവാലയനിര്‍മ്മാണത്തിന് ഏഴുവര്‍ഷം വേണ്ടിവന്നു

എണ്‍പത്തിയേഴാംദിവസം: 1 രാജാക്കന്മാര്‍ 1 - 3


അദ്ധ്യായം 1

സോളമന്‍ കിരീടാവകാശി

1: ദാവീദുരാജാവു വൃദ്ധനായി. പരിചാരകരവനെ പുതപ്പിച്ചിട്ടും കുളിരുമാറിയില്ല.
2: അവരവനോടു പറഞ്ഞു: യജമാനനായ രാജാവിനുവേണ്ടി ഒരു യുവതിയെ ഞങ്ങളന്വേഷിക്കട്ടെ; അവളങ്ങയെ പരിചരിക്കുകയും അങ്ങയോടു ചേര്‍ന്നുകിടന്നു ചൂടുപകരുകയും ചെയ്യട്ടെ.
3: അവര്‍ സുന്ദരിയായ ഒരു യുവതിയെ ഇസ്രായേലിലെങ്ങുമന്വേഷിച്ചു; ഷൂനാംകാരി അബിഷാഗിനെക്കണ്ടെത്തി, അവളെ രാജസന്നിധിയില്‍ കൊണ്ടുവന്നു.
4: അതീവസുന്ദരിയായിരുന്ന അവള്‍, രാജാവിനെ ശുശ്രൂഷിച്ചു. എന്നാല്‍, രാജാവ് അവളെയറിഞ്ഞില്ല. 
5: അക്കാലത്ത്, ഹഗ്ഗീത്തിന്റെ മകന്‍ അദോനിയ താന്‍ രാജാവാകുമെന്നു വമ്പുപറഞ്ഞു. അവന്‍ രഥങ്ങളെയും കുതിരക്കാരെയും അമ്പതു അകമ്പടിക്കാരെയുമൊരുക്കി.
6: നീയെന്താണു ചെയ്യുന്നതെന്നു ചോദിച്ച്, ഒരിക്കലും പിതാവായ ദാവീദ് അവനെ ശാസിച്ചിരുന്നില്ല. അബ്‌സലോമിനുശേഷം ജനിച്ച അവനും അതികോമളനായിരുന്നു.
7: അവന്‍ സെരൂയായുടെ മകന്‍ യോവാബിനോടും പുരോഹിതന്‍ അബിയാഥറിനോടുമാലോചിച്ചു. അവരവനു പിന്തുണ നല്കി.
8: എന്നാല്‍, പുരോഹിതന്‍ സാദോക്ക്, യഹോയാദായുടെ മകന്‍ ബനായാ, പ്രവാചകന്‍ നാഥാന്‍, ഷിമെയി, റേയി എന്നിവരും ദാവീദിന്റെ അംഗരക്ഷകരായ ധീരയോദ്ധാക്കളും അവന്റെ പക്ഷത്തുചേര്‍ന്നില്ല.
9: ഒരു ദിവസം അദോനിയാ എന്റോഗെല്‍ അരുവിയുടെ സമീപത്തുള്ള സൊഹെലെത്ത്കല്ലിനരികേ ആടുകളെയും കാളക്കുട്ടികളെയും മെഴുത്തകാലികളെയും ബലിയര്‍പ്പിച്ചു. ബലിയോടനുബന്ധിച്ച വിരുന്നിന് ദാവീദു രാജാവിന്റെ പുത്രന്മാരായ തന്റെ എല്ലാ സഹോദരന്മാരെയും യൂദായിലെ എല്ലാ രാജസേവകന്മാരെയും അവന്‍ ക്ഷണിച്ചിരുന്നു.
10: എന്നാല്‍, പ്രവാചകന്‍ നാഥാന്‍, ബനായാ, രാജാവിന്റെ അംഗരക്ഷകരായ യോദ്ധാക്കള്‍, തന്റെ സഹോദരന്‍ സോളമന്‍ എന്നിവരെ അവന്‍ ക്ഷണിച്ചില്ല.
11: സോളമന്റെ അമ്മ ബത്‌ഷെബായോടു നാഥാന്‍ പറഞ്ഞു: നമ്മുടെ യജമാനനായ ദാവീദറിയാതെ, ഹഗ്ഗീത്തിന്റെ മകന്‍ അദോനിയാ രാജാവായിരിക്കുന്നുവെന്നു നീ കേട്ടില്ലേ?
12: നിന്റെയും നിന്റെ പുത്രന്‍ സോളമന്റെയും ജീവന്‍ രക്ഷിക്കാന്‍ എന്റെ ഉപദേശം സ്വീകരിക്കുക.
13: ഉടന്‍ചെന്നു ദാവീദു രാജാവിനോടു പറയുക, എന്റെ യജമാനനായ രാജാവേ, എന്റെ മകന്‍ സോളമന്‍ അങ്ങയുടെ പിന്‍ഗാമിയായി സിംഹാസനത്തില്‍ ഉപവിഷ്ടനാകുമെന്ന് ഈ ദാസിയോട് അങ്ങു ശപഥം ചെയ്തിട്ടില്ലേ? പിന്നെ എന്തുകൊണ്ടാണ്, അദോനിയാ രാജാവായിരിക്കുന്നത്?
14: നീ രാജാവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഞാന്‍ വന്ന് നിന്നെ പിന്താങ്ങിക്കൊള്ളാം.
15: ബത്‌ഷെബാ ശയനമുറിയില്‍ രാജാവിന്റെയടുക്കല്‍ ചെന്നു. ഷൂനാംകാരി അബിഷാഗ് വൃദ്ധനായ അവനെ പരിചരിക്കുകയായിരുന്നു.
16: ബത്‌ഷെബാ രാജാവിനെ താണുവണങ്ങി. എന്താണു നിന്റെ ആഗ്രഹം? രാജാവ് അവളോടു ചോദിച്ചു.
17: അവള്‍ പറഞ്ഞു: യജമാനനേ, എന്റെ മകന്‍ സോളമന്‍ അങ്ങേയ്ക്കുശേഷം സിംഹാസനത്തില്‍ ഉപവിഷ്ടനാകുമെന്ന് ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ അങ്ങെന്നോടു സത്യം ചെയ്തിരുന്നല്ലോ.
18: ഇപ്പോഴിതാ, അദോനിയാ രാജാവായിരിക്കുന്നു. യജമാനനായ രാജാവ് ഇതറിയുന്നുമില്ല.
19: അവന്‍ കാളകളെയും കൊഴുത്ത അനേകം ആടുമാടുകളെയും ബലിയര്‍പ്പിക്കുകയും അങ്ങേ എല്ലാ പുത്രന്മാരെയും പുരോഹിതന്‍ അബിയാഥറിനെയും സേനാനായകന്‍ യോവാബിനെയും വിരുന്നിനു ക്ഷണിക്കുകയുംചെയ്തു. എന്നാല്‍, അങ്ങയുടെ ദാസനായ സോളമനെ ക്ഷണിച്ചില്ല.
20: എന്റെ യജമാനനായ രാജാവേ, അങ്ങയുടെ പിന്‍ഗാമിയായി ആരാണു സിംഹാസനത്തില്‍ വാഴുകയെന്ന് അങ്ങു പ്രഖ്യാപിക്കുന്നതു കേള്‍ക്കാന്‍ ഇസ്രായേല്‍ജനം കാത്തിരിക്കുകയാണ്.
21: അങ്ങു പിതാക്കന്മാരോടു ചേരുമ്പോള്‍ എന്നെയും എന്റെ മകന്‍ സോളമനെയും അവര്‍ രാജ്യദ്രോഹികളായി കണക്കാക്കും.
22: അവള്‍ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രവാചകന്‍ നാഥാന്‍ കടന്നുവന്നു.
23: അവന്‍ വന്നവിവരം രാജാവിനെ അറിയിച്ചു. നാഥാന്‍ രാജസന്നിധിയില്‍ താണുവണങ്ങി.
24: അവന്‍ രാജാവിനോടു ചോദിച്ചു: എന്റെ യജമാനനായ രാജാവേ, അദോനിയാ അങ്ങയുടെ പിന്‍ഗാമിയായി ഭരിക്കണമെന്നും അവനാണ് അങ്ങയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകേണ്ടതെന്നും അങ്ങു കല്പിച്ചിട്ടുണ്ടോ?
25: അവന്‍ ഇന്നു കാളകളെയും കൊഴുത്ത അനേകം ആടുമാടുകളെയും ബലിയര്‍പ്പിച്ചു. എല്ലാ രാജകുമാരന്മാരെയും സേനാധിപന്മാരെയും പുരോഹിതന്‍ അബിയാഥറിനെയും വിരുന്നിനു ക്ഷണിച്ചിരിക്കുന്നു. അവര്‍ അവനോടുകൂടെ തിന്നുകുടിക്കുകയും അദോനിയാരാജാവ് നീണാള്‍ വാഴട്ടെ എന്ന് ആര്‍പ്പുവിളിക്കുകയും ചെയ്യുന്നു.
26: എന്നാല്‍, അങ്ങേ ദാസനായ എന്നെയും പുരോഹിതന്‍ സാദോക്കിനെയും യഹോയാദായുടെ മകന്‍ ബനായായെയും അങ്ങയുടെ ദാസനായ സോളമനെയും ക്ഷണിച്ചിട്ടില്ല.
27: യജമാനനായ രാജാവിന്റെ പിന്‍ഗാമിയായി സിംഹാസനത്തിലിരിക്കേണ്ടത് ആരെന്ന് അങ്ങയുടെ ദാസരെ അറിയിച്ചിട്ടില്ലല്ലോ. ഇക്കാര്യം അങ്ങയുടെ കല്പനയനുസരിച്ചുതന്നെയാണോ നടന്നത്?
28: അപ്പോള്‍, ബത്‌ഷെബായെ വിളിക്കാന്‍ രാജാവാജ്ഞാപിച്ചു. അവള്‍ രാജാവിന്റെ മുമ്പാകെ വന്നുനിന്നു.
29: അവന്‍ ശപഥംചെയ്തു: സകല കഷ്ടതകളിലുംനിന്ന് എന്നെ രക്ഷിച്ച കര്‍ത്താവാണേ,
30: നിന്റെ മകനായ സോളമന്‍ എനിക്കുശേഷം എന്റെ സിംഹാസനത്തില്‍ വാഴുമെന്ന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ നിന്നോടു ഞാന്‍ സത്യം ചെയ്തിട്ടുള്ളതനുസരിച്ച് ഇന്നു ഞാന്‍ പ്രവര്‍ത്തിക്കും.
31: ബത്‌ഷെബാ രാജാവിനെ സാഷ്ടാംഗം നമസ്‌കരിച്ചുകൊണ്ടു പറഞ്ഞു: എന്റെ യജമാനനായ ദാവീദു രാജാവ് എന്നേയ്ക്കും ജീവിക്കട്ടെ!
32: പുരോഹിതന്‍ സാദോക്കിനെയും പ്രവാചകന്‍ നാഥാനെയും യഹോയാദായുടെ മകന്‍ ബനായായെയും തന്റെയടുത്തേക്കു വിളിക്കുവാന്‍ ദാവീദു രാജാവ് കല്പിച്ചു.
33: അവര്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ രാജസേവകന്മാരെ കൂട്ടിക്കൊണ്ട്, എന്റെ മകന്‍ സോളമനെ എന്റെ കോവര്‍കഴുതയുടെ പുറത്തിരുത്തി, ഗീഹോനിലേക്കു കൊണ്ടുപോകുവിന്‍.
34: അവിടെവച്ചു പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനും അവനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകംചെയ്യട്ടെ. സോളമന്‍രാജാവ് നീണാള്‍ വാഴട്ടെയെന്ന് കാഹളംമുഴക്കി ആര്‍പ്പിടുവിന്‍.
35: അതിനുശേഷം നിങ്ങള്‍ അവന്റെ പിന്നാലെ പോരുക. അവന്‍ വന്ന് എന്റെ സിംഹാസനത്തിലിരുന്ന് എനിക്കുപകരം ഭരണം നടത്തട്ടെ; ഇസ്രായേലിന്റെയും യൂദായുടെയും അധിപനായി അവനെ ഞാന്‍ നിയമിച്ചിരിക്കുന്നു.
36: യഹോയാദായുടെ മകന്‍ ബനായാ രാജാവിനോടു പറഞ്ഞു: അപ്രകാരം സംഭവിക്കട്ടെ; യജമാനനായ രാജാവിന്റെ ദൈവമായ കര്‍ത്താവ് അപ്രകാരംതന്നെ കല്പിക്കുമാറാകട്ടെ!
37: കര്‍ത്താവ്‌ യജമാനനായ രാജാവിനോടുകൂടെയെന്നതുപോലെ സോളമനോടുകൂടെയും ആയിരിക്കട്ടെ! അവന്റെ ഭരണം എന്റെ യജമാനനായ ദാവീദ് രാജാവിന്റേതിനെക്കാള്‍ മഹത്വപൂര്‍ണ്ണമാകട്ടെ!
38: പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനും യഹോയാദായുടെ മകന്‍ ബനായായും കെറേത്യരും പെലേത്യരും സോളമനെ ദാവീദ് രാജാവിന്റെ കോവര്‍കഴുതയുടെ പുറത്തിരുത്തി ഗീഹോനിലേക്കു കൊണ്ടുപോയി.
39: പുരോഹിതന്‍ സാദോക്ക് വിശുദ്ധകൂടാരത്തില്‍നിന്നു തൈലംനിറച്ച കൊമ്പെടുത്തു സോളമനെ അഭിഷേകംചെയ്തു. അവര്‍ കാഹളം മുഴക്കി; സോളമന്‍രാജാവ് നീണാള്‍ വാഴട്ടെ! ജനം ആര്‍പ്പുവിളിച്ചു.
40: കുഴലൂതുകയും ഭൂമി പിളരുമാറ് ആഹ്‌ളാദാരവം മുഴക്കുകയും ചെയ്തുകൊണ്ട് ജനം അവനെയനുഗമിച്ചു.
41: അദോനിയായും അതിഥികളും ആ സ്വരം കേട്ടു. അപ്പോഴേക്കും വിരുന്നുകഴിഞ്ഞിരുന്നു. കാഹളനാദം കേട്ടപ്പോള്‍, എന്താണു നഗരത്തില്‍ ഘോഷം എന്നു യോവാബ്‌ ചോദിച്ചു.
42: അവര്‍ സംസാരിച്ചുകൊണ്ടിരിക്കേ പുരോഹിതന്‍ അബിയാഥറിന്റെ മകന്‍ ജോനാഥാന്‍ അവിടെ വന്നു. അദോനിയാ അവനോടു പറഞ്ഞു: വരുക; ധീരനായ നീ സദ്വാര്‍ത്തയുംകൊണ്ടായിരിക്കുമല്ലോ വരുന്നത്.
43: അങ്ങനെയല്ല, ജോനാഥാന്‍ പറഞ്ഞു: നമ്മുടെ യജമാനന്‍ ദാവീദു രാജാവ് സോളമനെ രാജാവാക്കിയിരിക്കുന്നു.
44: പുരോഹിതന്‍ സാദോക്കിനെയും പ്രവാചകന്‍ നാഥാനെയും യഹോയാദായുടെ മകന്‍ ബനായായെയും കെറേത്യരെയും പെലേത്യരെയും രാജാവ് അവനോടൊപ്പമയച്ചിട്ടുണ്ട്. അവര്‍ അവനെ രാജാവിന്റെ കോവര്‍കഴുതയുടെ പുറത്താണ് എഴുന്നള്ളിച്ചത്. 
45: പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനും അവനെ ഗീഹോനില്‍വച്ചു രാജാവായി അഭിഷേകംചെയ്തു. പട്ടണം ഇളകിമറിയത്തക്കവണ്ണം ആഹ്‌ളാദാരവം മുഴക്കിക്കൊണ്ട് അവര്‍ അവിടെനിന്നു മടങ്ങിപ്പോയി. അതാണു നിങ്ങള്‍ കേട്ട ശബ്ദം.
46: സോളമന്‍ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്നു.
47: മാത്രമല്ല, രാജസേവകന്മാരും നമ്മുടെ യജമാനന്‍ ദാവീദു രാജാവിനെ അഭിനന്ദിക്കാന്‍ ചെന്നിരുന്നു. അങ്ങയുടെ ദൈവം സോളമന്റെ നാമത്തെ അങ്ങയുടേതിനെക്കാള്‍ മഹനീയവും അവന്റെ ഭരണം അങ്ങയുടേതിനേക്കാള്‍ ശ്രേഷ്ഠവുമാക്കട്ടെ എന്ന് അവര്‍ ആശംസിച്ചു. രാജാവു കിടക്കയില്‍ കിടന്നുകൊണ്ടു നമിച്ചു.
48: അനന്തരം, ദാവീദു പറഞ്ഞു: ഇസായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ! എന്റെ മക്കളിലൊരുവന്‍ സിംഹാസനത്തിലിരിക്കുന്നതു കാണാന്‍ അവിടുന്ന് എനിക്കിടവരുത്തി.
49: അപ്പോള്‍ അദോനിയായുടെ അതിഥികള്‍ ഭയന്നെഴുന്നേറ്റ് താന്താങ്ങളുടെ വഴിക്കുപോയി.
50: സോളമനോടുള്ള ഭയംനിമിത്തം അദോനിയാ ഓടിച്ചെന്നു ബലിപീഠത്തിന്റെ വളര്‍കോണില്‍ പിടിച്ചു.
51: സോളമന്‍ രാജാവ് എന്നെ വാളിനിരയാക്കുകയില്ലെന്ന് സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അദോനിയാ തന്നെ ഭയന്നു ബലിപീഠത്തിന്റെ വളര്‍കോണില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നുവെന്നു സോളമനറിഞ്ഞു.
52: അപ്പോള്‍ സോളമന്‍ പറഞ്ഞു: അവന്‍ വിശ്വസ്തനെങ്കില്‍ അവന്റെ തലയില്‍നിന്ന് ഒരു രോമംപോലും വീഴുകയില്ല; കുറ്റക്കാരനെങ്കില്‍ മരിക്കുകതന്നെ വേണം.
53: സോളമന്‍ രാജാവ് അവനെ ബലിപീഠത്തിങ്കല്‍നിന്ന് ആളയച്ചു വരുത്തി. അവന്‍ രാജാവിനെ നമിച്ചു. സോളമന്‍ അവനോട് വീട്ടില്‍ പൊയ്‌ക്കൊള്ളുക എന്നാജ്ഞാപിച്ചു.

അദ്ധ്യായം 2

ദാവീദിന്റെ മരണം

1: മരണമടുത്തപ്പോള്‍ ദാവീദ്, പുത്രന്‍ സോളമനെ അടുത്തുവിളിച്ച് ഇപ്രകാരം നിര്‍ദ്ദേശിച്ചു:
2: മര്‍ത്ത്യന്റെ പാതയില്‍ ഞാനും പോകുന്നു. ധീരനായിരിക്കുക. പൗരുഷത്തോടെ പെരുമാറുക.
3: നിന്റെ ദൈവമായ കര്‍ത്താവിന്റെ ശാസനങ്ങള്‍ നിറവേറ്റുക. മോശയുടെ നിയമത്തില്‍ എഴുതിയിട്ടുള്ളതുപോലെ അവിടുത്തെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും അവിടുത്തെ ചട്ടങ്ങളും പ്രമാണങ്ങളും കല്പനകളും സാക്ഷ്യങ്ങളും അനുസരിക്കുകയുംചെയ്യുക; നിന്റെ എല്ലാ പ്രവൃത്തികളും ഉദ്യമങ്ങളും വിജയമണിയും.
4: നിന്റെ സന്താനങ്ങള്‍ നേര്‍വഴിക്കു നടക്കുകയും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ എന്റെ മുമ്പില്‍ വിശ്വസ്തരായി വര്‍ത്തിക്കുകയും ചെയ്താല്‍, നിന്റെ സന്തതി ഇസ്രായേലിന്റെ സിംഹാസനത്തില്‍നിന്ന് അറ്റുപോവുകുകയില്ലെന്ന് കര്‍ത്താവ് എന്നോടരുളിച്ചെയ്ത വാഗ്ദാനം നിറവേറ്റേണ്ടതിന്, നീ അവിടുത്തെയനുസരിക്കുക.
5: സെരൂയായുടെ മകന്‍ യോവാബ് എന്നോടു ചെയ്തതെന്തെന്ന് നിനക്കറിയാമല്ലോ. അവന്‍ ഇസ്രായേലിലെ രണ്ടു സൈന്യാധിപന്മാരെ - നേറിന്റെ മകന്‍ അബ്‌നേറിനെയും യഥേറിന്റെ മകന്‍ അമാസയെയും - കൊലപ്പെടുത്തി. യുദ്ധകാലത്തെ രക്തച്ചൊരിച്ചിലിനു പകരംവീട്ടാന്‍, അവന്‍ സമാധാനകാലത്ത് അവരെ വധിക്കുകയും രക്തംചൊരിയുകയും ചെയ്തു. അവന്‍ നിരപരാധരെ കൊലപ്പെടുത്തി. അങ്ങനെ എന്റെ പാദുകങ്ങളും അരപ്പട്ടയും രക്തംപുരണ്ടിരിക്കുന്നു.
6: ആകയാല്‍, നീ തന്ത്രപൂര്‍വ്വം പ്രവര്‍ത്തിക്കുക. അവന്‍ വാര്‍ദ്ധക്യത്തിലെത്തി സമാധാനത്തോടെ മരിക്കാന്‍ ഇടവരുത്തരുത്.
7: എന്നാല്‍, ഗിലയാദുകാരനായ ബര്‍സില്ലായുടെ മക്കളോട് കാരുണ്യംകാണിക്കണം. നിന്റെ ഭക്ഷണമേശയില്‍ അവരും പങ്കുചേരട്ടെ. നിന്റെ സഹോദരനായ അബ്‌സലോമില്‍നിന്നു ഞാന്‍ പലായനം ചെയ്തപ്പോള്‍, അവര്‍ എന്നെ കാരുണ്യത്തോടെ സ്വീകരിച്ചു.
8: ബഹൂറിംകാരനും ബഞ്ചമിന്‍ഗോത്രജനുമായ ഗേരായുടെ മകന്‍ ഷിമെയി നിന്നോടുകൂടെയാണല്ലോ. ഞാന്‍ മഹനായീമിലേക്കു പോയപ്പോള്‍ എന്നെ കഠിനമായി ശപിച്ചവനാണവന്‍. എങ്കിലും ജോര്‍ദാന്‍കരയില്‍ അവന്‍ എന്നെ എതിരേറ്റു. അതിനാല്‍, അവനെ ഞാന്‍ വാളിനിരയാക്കുകയില്ലെന്നു കര്‍ത്താവിന്റെ നാമത്തില്‍ സത്യംചെയ്തിട്ടുണ്ട്.
9: എന്നാലും അവന്‍ നിരപരാധനാണെന്നു കരുതരുത്. അവനോട് എന്തു ചെയ്യണമെന്നു നിനക്കറിയാം. നീ ബുദ്ധിമാനാണല്ലോ. അവന്റെ നരച്ച തല രക്തരൂഷിതമായി പാതാളത്തിലെത്തട്ടെ!
10: ദാവീദു മരിച്ചു. അവനെ സ്വനഗരത്തില്‍ അടക്കംചെയ്തു.
11: അവന്‍ ഇസ്രായേലില്‍ നാല്പതുവര്‍ഷം ഭരിച്ചു. ഏഴുവര്‍ഷം ഹെബ്രോണിലും മുപ്പത്തിമൂന്നുവര്‍ഷം ജറുസലെമിലും.
12: പിതാവായ ദാവീദിന്റെ സിംഹാസനത്തില്‍ സോളമന്‍ ആരൂഢനായി. അവന്റെ രാജ്യം സുപ്രതിഷ്ഠിതമായി.


സോളമന്‍ എതിരാളികളെ നിര്‍മ്മാര്‍ജനംചെയ്യുന്നു
13: അങ്ങനെയിരിക്കേ, ഹഗ്ഗീത്തിന്റെ മകന്‍ അദോനിയാ സോളമന്റെ അമ്മ ബത്‌ഷെബായെ ചെന്നുകണ്ടു. നിന്റെ വരവ് സൗഹാര്‍ദ്ദപരമാണോ എന്ന് അവളവനോടു ചോദിച്ചു. അവന്‍ പറഞ്ഞു: സൗഹാര്‍ദ്ദപരംതന്നെ; എന്നാല്‍, എനിക്കു ചിലതു പറയാനുണ്ട്.
14: പറയാനുള്ളതു പറയുക, അവള്‍ പറഞ്ഞു.
15: അവന്‍ പറഞ്ഞു: രാജ്യം എനിക്കു കിട്ടേണ്ടതായിരുന്നുവെന്നു നിങ്ങള്‍ക്കറിയാമല്ലോ. ഞാന്‍ രാജാവാകുമെന്ന് ഇസ്രായേല്‍ജനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, മറിച്ചുസംഭവിച്ചു; എന്റെ സഹോദരന്‍ രാജാവായി.
16: ഇതു കര്‍ത്താവിന്റെ ഹിതമാണ്. ഇപ്പോള്‍ ഞാന്‍ ഒരു കാര്യം അഭ്യര്‍ത്ഥിക്കുകയാണ്. അതു തള്ളിക്കളയരുത്. എന്താണെന്നു പറയുക, അവള്‍ പറഞ്ഞു.
17: അവന്‍ അഭ്യര്‍ത്ഥിച്ചു; ഷൂനാംകാരി അബിഷാഗിനെ എനിക്കു ഭാര്യയായിത്തരണമെന്നു സോളമന്‍ രാജാവിനോടു പറയണം. അവന്‍ നിങ്ങളുടെ അപേക്ഷ തള്ളിക്കളയുകയില്ല.
18: ശരി, ഞാന്‍ നിനക്കുവേണ്ടി രാജാവിനോടു സംസാരിക്കാം, അവള്‍ പറഞ്ഞു.
19: ബത്‌ഷെബാ അദോനിയായ്ക്കുവേണ്ടി സംസാരിക്കാന്‍ സോളമന്‍ രാജാവിനെ സമീപിച്ചു. രാജാവ് എഴുന്നേറ്റ് അവളെ അഭിവാദനം ചെയ്തിട്ട് സിംഹാസനത്തില്‍ ഇരുന്നു; മാതാവിന് ഇരിപ്പിടം സജ്ജീകരിച്ചു. അവള്‍ രാജാവിന്റെ വലത്തുഭാഗത്തിരുന്നു.
20: ഞാന്‍ നിന്നോട് ഒരു ചെറിയ കാര്യം ആവശ്യപ്പെടുന്നു. തള്ളിക്കളയരുത്, അവള്‍ പറഞ്ഞു. എന്താണമ്മേ, അത്? പറയുക, ഞാന്‍ തള്ളിക്കളയുകയില്ല, അവന്‍ മറുപടി പറഞ്ഞു.
21: ഷൂനാംകാരി അബിഷാഗിനെ നിന്റെ സഹോദരന്‍ അദോനിയായ്ക്കു ഭാര്യയായി കൊടുക്കണം, അവള്‍ പറഞ്ഞു.
22: സോളമന്‍ രാജാവ് അമ്മയോട് ഇങ്ങനെപ്രതിവചിച്ചു: ഷൂനാംകാരി അബിഷാഗിനെ അദോനിയായ്ക്കുവേണ്ടി ചോദിക്കുന്നതെന്താണ്? രാജ്യവും അവനുവേണ്ടി ചോദിക്കാമല്ലോ? അവന്‍ എന്റെ ജ്യേഷ്ഠനല്ലേ? പുരോഹിതന്‍ അബിയാഥറും സെരൂയായുടെ മകന്‍ യോവാബും അവന്റെ പക്ഷമാണല്ലോ.
23: അനന്തരം, സോളമന്‍ കര്‍ത്താവിന്റെ നാമത്തില്‍ ശപഥംചെയ്തു: അദോനിയായുടെ ഈ അഭ്യര്‍ത്ഥന അവന്റെ ജീവനൊടുക്കിയില്ലെങ്കില്‍ ദൈവമെന്നോട് അതും അതിലധികവും ചെയ്യട്ടെ.
24: എന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തില്‍ കര്‍ത്താവെന്നെ ഉപവിഷ്ടനാക്കി. അവിടുത്തെ വാഗ്ദാനം നിവേറ്റിക്കൊണ്ട് എനിക്ക് ഒരു ഭവനം തീര്‍ത്തിരിക്കുന്നു. കര്‍ത്താവാണേ അദോനിയാ ഇന്നുതന്നെ മരിക്കണം.
25: സോളമന്‍രാജാവിന്റെ കല്പനയനുസരിച്ച്‌ യഹോയാദായുടെ മകന്‍ ബനായ അദോനിയായെ വധിച്ചു.
26: പുരോഹിതന്‍ അബിയാഥറിനോടു രാജാവു പറഞ്ഞു: നിന്റെ ജന്മദേശമായ അനാത്തോത്തിലേക്കു പോവുക. നീയും മരണശിക്ഷയ്ക്കര്‍ഹനാണ്. എങ്കിലും ഇപ്പോള്‍ ശിക്ഷിക്കുന്നില്ല. ദൈവമായ കര്‍ത്താവിന്റെ വാഗ്ദാനപേടകം എന്റെ പിതാവായ ദാവീദിന്റെ മുമ്പില്‍ നീ വഹിച്ചു. കൂടാതെ, എന്റെ പിതാവിന്റെ എല്ലാ ദുരിതങ്ങളിലും നീയും പങ്കുചേര്‍ന്നു.
27: സോളമന്‍ അബിയാഥറിനെ കര്‍ത്താവിന്റെ പുരോഹിതസ്ഥാനത്തുനിന്നു നീക്കംചെയ്തു. ഇങ്ങനെ, കര്‍ത്താവ് ഷീലോയില്‍വച്ച് ഏലിയുടെ ഭവനത്തെപ്പറ്റി അരുളിച്ചെയ്തതു നിറവേറി.
28: ഈ വാര്‍ത്തയറിഞ്ഞയുടനെ യോവാബ് ഓടിച്ചെന്ന് കര്‍ത്താവിന്റെ കൂടാരത്തില്‍ ബലിപീഠത്തിന്റെ വളര്‍കോണുകളില്‍ പിടിച്ചു. അവന്‍ അബ്‌സലോമിന്റെ പക്ഷംചേര്‍ന്നിരുന്നില്ലെങ്കിലും, അദോനിയായുടെ പക്ഷംചേര്‍ന്നവനാണ്.
29: യോവാബ് കര്‍ത്താവിന്റെ കൂടാരത്തില്‍ ബലിപീഠത്തിനരികേ നില്‍ക്കുന്നുവെന്നറിഞ്ഞ സോളമന്‍രാജാവ് ഉടനെ അവനെ കൊന്നുകളയുക എന്നുപറഞ്ഞ്‌ യഹോയാദായുടെ മകന്‍ ബനായായെ അയച്ചു.
30: ബനായാ കര്‍ത്താവിന്റെ കൂടാരത്തില്‍ചെന്ന് അവനോടു പുറത്തുവരാന്‍ രാജാവു കല്പിക്കുന്നതായി പറഞ്ഞു. വരുകയില്ല; ഞാന്‍ ഇവിടെത്തന്നെ മരിക്കും! എന്നായിരുന്നു അവന്റെ മറുപടി. യോവാബ് പറഞ്ഞതു ബനായാ രാജാവിനെ അറിയിച്ചു.
31: അവന്‍ പറഞ്ഞതുപോലെ ചെയ്യുക; അവനെ കൊന്നു കുഴിച്ചിടുക എന്നു രാജാവ് ബനായായോട് കല്പിച്ചു. അങ്ങനെ യോവാബ് അകാരണമായി ചിന്തിയ നിഷ്‌കളങ്ക രക്തത്തിന്റെ ഉത്തരവാദിത്വം എന്നില്‍നിന്നും എന്റെ പിതൃഭവനത്തില്‍നിന്നും നീക്കിക്കളയുക.
32: അവന്റെ രക്തപങ്കിലമായ പ്രവൃത്തികളുടെ പ്രതിഫലം അവന്റെമേല്‍ത്തന്നെ കര്‍ത്താവു വരുത്തട്ടെ. ഇസ്രായേല്‍ സൈന്യാധിപനും നേറിന്റെ മകനുമായ അബ്‌നേറിനേയും യൂദാ സൈന്യാധിപനും യഥേറിന്റെ മകനുമായ അമാസയെയും എന്റെ പിതാവായ ദാവീദിന്റെ അറിവുകൂടാതെ അവന്‍ വാളിനിരയാക്കി. അവര്‍ ഇരുവര്‍ക്കും അവനെക്കാള്‍ നീതിയും സദ്ഗുണവുമുണ്ടായിരുന്നല്ലോ.
33: അവരെ കൊന്നതിന്റെ ശിക്ഷ, യോവാബിന്റെയും അവന്റെ സന്തതികളുടെയുംമേല്‍ എന്നേക്കും ഉണ്ടാകും. ദാവീദിനും അവന്റെ സന്തതികള്‍ക്കും കുടുബത്തിനും സിംഹാസനത്തിനും കര്‍ത്താവിന്റെ സമാധാനം എന്നേക്കും ലഭിക്കും.
34: യഹോയാദായുടെ മകന്‍ ബനായാ യോവാബിനെ വധിച്ച് വിജനപ്രദേശത്തുള്ള അവന്റെ ഭവനത്തില്‍ അടക്കംചെയ്തു.
35: രാജാവ് അവനുപകരം യഹോയാദായുടെ മകന്‍ ബനായായെ സൈന്യാധിപനായി നിയമിച്ചു. അബിയാഥറിനുപകരം പുരോഹിതന്‍ സാദോക്കിനെയുംനിയമിച്ചു.
36: പിന്നെ, രാജാവ് ആളയച്ച് ഷിമെയിയെ വരുത്തി അവനോടു പറഞ്ഞു: ജറുസലെമില്‍ ഒരു വീടുപണിതു പാര്‍ത്തുകൊള്ളുക. അവിടംവിട്ടു പോകരുത്.
37: പുറത്തിറങ്ങി, കെദ്രോന്‍തോടു കടക്കുന്ന നാളില്‍ നീ മരിക്കും എന്ന് ഓര്‍മ്മിച്ചുകൊള്ളുക. നിന്റെ രക്തത്തിനു നീതന്നെയായിരിക്കും ഉത്തരവാദി.
38: ശരി, രാജാവായ അങ്ങു കല്പിക്കുന്നതുപോലെ ഞാന്‍ ചെയ്തുകൊള്ളാം എന്നു ഷിമെയി പറഞ്ഞു. അങ്ങനെ കുറെക്കാലം അവന്‍ ജറുസലെമില്‍ വസിച്ചു.
39: മൂന്നു വര്‍ഷത്തിനുശേഷം ഷിമെയിയുടെ രണ്ടടിമകള്‍ മാഖായുടെ മകനും ഗത്തിലെ രാജാവുമായ അക്കീഷിന്റെയടുത്തേക്ക് ഓടിപ്പോയി. തന്റെ അടിമകള്‍ ഗത്തില്‍ ഉണ്ടെന്നു ഷിമെയി അറിഞ്ഞു. 
40: അവന്‍ അടിമകളെയന്വേഷിച്ചു കഴുതപ്പുറത്തുകയറി ഗത്തില്‍ അക്കീഷിന്റെയടുത്തേക്കു തിരിച്ചു. അവനവരെ ഗത്തില്‍നിന്നു മടക്കിക്കൊണ്ടുവന്നു. 
41: ഷിമെയി ജറുസലെംവിട്ടു ഗത്തില്‍പോയി മടങ്ങിയെത്തിയെന്നു സോളമനറിവുകിട്ടി.
42: രാജാവ് ആളയച്ചു ഷിമെയിയെ വരുത്തിപ്പറഞ്ഞു: ജറുസലെം വിട്ടുപോകരുതെന്നു ദൈവനാമത്തില്‍ ഞാന്‍ നിന്നോടാജ്ഞാപിച്ചിട്ടുള്ളതാണ്. പോയാല്‍ നീ മരിക്കുമെന്ന് ഞാന്‍ മുന്നറിയിപ്പു നല്കിയിട്ടുമുണ്ട്. നീ അതു സമ്മതിച്ച് എന്നെ അനുസരിക്കാമെന്ന് വാഗ്ദാനംചെയ്തിട്ടില്ലേ?
43: എന്തുകൊണ്ടാണ്, കര്‍ത്താവിന്റെ നാമത്തിലുള്ള പ്രതിജ്ഞ നീ ലംഘിച്ചത്? എന്തുകൊണ്ട് എന്റെ കല്പന നീ നിരസിച്ചു?
44: രാജാവു തുടര്‍ന്നു: എന്റെ പിതാവായ ദാവീദിനോടു നീ പ്രവര്‍ത്തിച്ച തിന്മകള്‍ എന്തൊക്കെയാണെന്നു നിനക്കറിയാമല്ലോ. കര്‍ത്താവിന്റെ ശിക്ഷ നീ അനുഭവിക്കണം.
45: എന്നാല്‍, സോളമന്‍രാജാവ് അനുഗൃഹീതനായിരിക്കും; ദാവീദിന്റെ സിംഹാസനം കര്‍ത്താവിന്റെമുമ്പില്‍ എന്നേക്കും സുസ്ഥാപിതമായിരിക്കുകയുംചെയ്യും.
46: രാജാവ്‌ യഹോയാദായുടെ മകന്‍ ബനായായോട് കല്പിച്ചു; അവന്‍ ഷിമെയിയെ വധിച്ചു. അങ്ങനെ രാജ്യം സോളമന്റെ കൈയില്‍ സുസ്ഥിരമായി.

അദ്ധ്യായം 3

സോളമന്റെ ജ്ഞാനം

1: സോളമന്‍ ഈജിപ്തിലെ രാജാവായ ഫറവോയുടെ മകളെ വിവാഹംചെയ്ത് അവനുമായി ബന്ധുത്വം സ്ഥാപിച്ചു. തന്റെ കൊട്ടാരവും കര്‍ത്താവിന്റെ ആലയവും ജറുസലെമിനു ചുറ്റുമുള്ള മതിലും പണിതീരുന്നതുവരെ സോളമന്‍ അവളെ ദാവീദിന്റെ നഗരത്തില്‍ പാര്‍പ്പിച്ചു.
2: കര്‍ത്താവിന് ഒരാലയം അതുവരെ നിര്‍മ്മിച്ചിരുന്നില്ല. ജനങ്ങള്‍ പൂജാഗിരികളിലാണ് ബലിയര്‍പ്പിച്ചുപോന്നത്.
3: സോളമന്‍ തന്റെ പിതാവായ ദാവീദിന്റെ അനുശാസനങ്ങള്‍ അനുസരിച്ചു; അങ്ങനെ കര്‍ത്താവിനെ സ്‌നേഹിച്ചു; എന്നാല്‍, അവന്‍ പൂജാഗിരികളില്‍ ബലിയര്‍പ്പിച്ചു ധൂപാര്‍ച്ചന നടത്തി.
4: ഒരിക്കല്‍ രാജാവ് ബലിയര്‍പ്പിക്കാന്‍ മുഖ്യപൂജാഗിരിയായ ഗിബയോനിലേക്കു പോയി. ആ ബലിപീഠത്തില്‍ അവന്‍ ആയിരം ദഹനബലി അര്‍പ്പിച്ചിട്ടുണ്ടായിരുന്നു.
5: അവിടെവച്ചു രാത്രി കര്‍ത്താവു സോളമനു സ്വപ്നത്തില്‍ പ്രത്യക്ഷനായി. ദൈവമവനോടരുളിച്ചെയ്തു: നിനക്കെന്തുവേണമെന്നു പറഞ്ഞുകൊള്ളുക. 
6: അവന്‍ പറഞ്ഞു: എന്റെ പിതാവും അങ്ങയുടെ ദാസനുമായ ദാവീദു വിശ്വസ്തതയോടും നീതിബോധത്തോടും പരമാര്‍ത്ഥഹൃദയത്തോടുംകൂടെ അവിടുത്തെ മുമ്പില്‍ വ്യാപരിച്ചു. അങ്ങ് അവനോട് അതിയായ സ്‌നേഹം എപ്പോഴും കാണിച്ചുപോന്നു. അവിടുന്ന് ആ സ്‌നേഹം നിലനിര്‍ത്തുകയും അവന്റെ സിംഹാസനത്തിലിരിക്കാന്‍ ഒരു മകനെ നല്കുകയുംചെയ്തു.
7: എന്റെ ദൈവമായ കര്‍ത്താവേ, ഭരണപരിചയമില്ലാത്ത ഒരു ബാലനായിരുന്നിട്ടുപോലും ഈ ദാസനെ എന്റെ പിതാവായ ദാവീദിന്റെ സ്ഥാനത്തു രാജാവാക്കിയിരിക്കുന്നു.
8: അങ്ങ് തിരഞ്ഞെടുത്തതും സംഖ്യാതീതവുമായ ഒരു മഹാജനത്തിന്റെ നടുവിലാണ് അങ്ങയുടെ ദാസന്‍.
9: ഈ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കുകഴിയും? ആകയാല്‍, നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന്‍പോരുന്ന വിവേകം ഈ ദാസനു നല്കിയാലും.
10: സോളമന്റെ ഈ അപേക്ഷ കര്‍ത്താവിനു പ്രീതികരമായി.
11: അവിടുന്നവനോടരുളിച്ചെയ്തു: നീ ദീര്‍ഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ആവശ്യപ്പെടാതെ, നീതിനിര്‍വഹണത്തിനുവേണ്ട വിവേകംമാത്രമാണ് ആവശ്യപ്പെട്ടത്.
12: നിന്റെ അപേക്ഷ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു തരുന്നു. ഇക്കാര്യത്തില്‍ നിനക്കു തുല്യനായി ആരുമുണ്ടായിട്ടില്ല; ഇനിയുണ്ടാവുകയുമില്ല.
13: മാത്രമല്ല, നീ ചോദിക്കാത്തവകൂടെ ഞാന്‍ നിനക്കു തരുന്നു. നിന്റെ ജീവിതകാലംമുഴുവന്‍ സമ്പത്തും മഹത്വവും മറ്റൊരു രാജാവിനുമില്ലാത്തവിധം നിനക്കുണ്ടായിരിക്കും.
14: നിന്റെ പിതാവായ ദാവീദിനെപ്പോലെ എന്റെ നിയമങ്ങളും കല്പനകളും പാലിക്കുകയും എന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയുംചെയ്താല്‍ നിനക്കു ഞാന്‍ ദീര്‍ഘായുസ്സു നല്കും.
15: സോളമന്‍ നിദ്രയില്‍നിന്നുണര്‍ന്നു. അതു ദര്‍ശനമായിരുന്നെന്ന് അവനു മനസ്സിലായി. അവന്‍ ജറൂസലെമിലേക്കു മടങ്ങി; കര്‍ത്താവിന്റെ വാഗ്ദാനപേടകത്തിന്റെ മുമ്പില്‍വന്ന് ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു. പിന്നെ തന്റെ സേവകന്മാര്‍ക്ക് അവന്‍ വിരുന്നു നല്കി.
16: ഒരു ദിവസം രണ്ടു വേശ്യകള്‍ രാജസന്നിധിയില്‍ വന്നു.
17: ഒരുവള്‍ പറഞ്ഞു: യജമാനനേ, ഇവളും ഞാനും ഒരേ വീട്ടില്‍ താമസിക്കുന്നു. ഇവള്‍ വീട്ടിലുള്ളപ്പോള്‍ ഞാനൊരു കുഞ്ഞിനെ പ്രസവിച്ചു.
18: മൂന്നു ദിവസംകഴിഞ്ഞ് ഇവളും പ്രസവിച്ചു. ആ വീട്ടില്‍ ഞങ്ങളെക്കൂടാതെ ആരുമുണ്ടായിരുന്നില്ല. 
19: രാത്രി ഉറക്കത്തില്‍ ഇവള്‍ തന്റെ കുട്ടിയുടെമേല്‍ കിടക്കാനിടയായി, കുട്ടി മരിച്ചുപോയി. 
20: അര്‍ദ്ധരാത്രിയില്‍ ഇവളെഴുന്നേറ്റു. ഞാന്‍ നല്ല ഉറക്കമായിരുന്നു. ഇവള്‍ എന്റെ മകനെ എടുത്തു തന്റെ മാറിടത്തില്‍ കിടത്തി. മരിച്ച കുഞ്ഞിനെ എന്റെ മാറിടത്തിലും കിടത്തി. 
21: ഞാന്‍ രാവിലെ കുഞ്ഞിനു മുലകൊടുക്കുവാന്‍ എഴുന്നേറ്റപ്പോള്‍ കുട്ടി മരിച്ചിരിക്കുന്നതായി കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ എന്റെ കുഞ്ഞല്ല അതെന്നു മനസ്സിലായി.
22: മറ്റവള്‍ പറഞ്ഞു: അങ്ങനെയല്ല, ജീവനുള്ള കുട്ടി എന്റേതാണ്. മരിച്ച കുട്ടിയാണു നിന്റേത്. ആദ്യത്തെ സ്ത്രീ എതിര്‍ത്തു. അല്ല; മരിച്ച കുട്ടിയാണു നിന്റേത്. എന്റെ കുട്ടിയാണു ജീവിച്ചിരിക്കുന്നത്. അവര്‍ ഇങ്ങനെ രാജസന്നിധിയില്‍ തര്‍ക്കിച്ചു.
23: അപ്പോള്‍ രാജാവു പറഞ്ഞു: എന്റെ കുട്ടി ജീവിച്ചിരിക്കുന്നു, നിന്റെ കുട്ടിയാണു മരിച്ചതെന്ന് ഒരുവളും നിന്റെ കുട്ടി മരിച്ചുപോയി, എന്റേതാണു ജീവനോടെ ഇരിക്കുന്നതെന്നു മറ്റവളും പറയുന്നു.
24: ഒരു വാള്‍ കൊണ്ടു വരുക; രാജാവു കല്പിച്ചു; സേവകന്‍ വാള്‍ കൊണ്ടുവന്നു.
25: രാജാവു വീണ്ടും കല്പിച്ചു: ജീവനുള്ള കുഞ്ഞിനെ രണ്ടായിപ്പകുത്ത് ഇരുവര്‍ക്കും കൊടുക്കുക.
26: ഉടനെ ജീവനുള്ള ശിശുവിന്റെ അമ്മ തന്റെ കുഞ്ഞിനെയോര്‍ത്തു ഹൃദയംനീറി പറഞ്ഞു: യജമാനനേ, കുട്ടിയെ കൊല്ലരുത്; അവനെ അവള്‍ക്കു ജീവനോടെ കൊടുത്തുകൊള്ളുക. എന്നാല്‍, മറ്റവള്‍ പറഞ്ഞു: കുട്ടിയെ എനിക്കുംവേണ്ടാ, നിനക്കുംവേണ്ടാ; അവനെ വിഭജിക്കുക.
27: അപ്പോള്‍ രാജാവു കല്പിച്ചു: ജീവനുള്ള ശിശുവിനെ ആദ്യത്തെ സ്ത്രീക്കു കൊടുക്കുക. ശിശുവിനെ കൊല്ലേണ്ടതില്ല.
28: അവളാണ് അതിന്റെ അമ്മ. ഇസ്രായേല്‍ ജനം രാജാവിന്റെ വിധിനിര്‍ണ്ണയമറിഞ്ഞു. നീതിനടത്തുന്നതില്‍ ദൈവികജ്ഞാനം രാജാവിനുണ്ടെന്നറിഞ്ഞ് അവരവനോടു ഭയഭക്തിയുള്ളവരായിത്തീര്‍ന്നു.

എണ്‍പത്തിയാറാം ദിവസം: 2 സാമുവേല്‍ 22 - 24


അദ്ധ്യായം 22

ദാവീദിന്റെ വിജയകീര്‍ത്തനം
1: കര്‍ത്താവു ദാവീദിനെ സകലശത്രുക്കളില്‍നിന്നും സാവൂളില്‍നിന്നും രക്ഷിച്ചദിവസം, ദാവീദ് അവിടുത്തേക്ക് ഈ കീര്‍ത്തനമാലപിച്ചു: 
2: കര്‍ത്താവല്ലോ ഉന്നതശിലയും ദുര്‍ഗ്ഗവും എന്റെ വിമോചകനും എന്റെ ദൈവവും എനിക്കഭയംതരുന്ന പാറയും പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും
3: എന്റെ രക്ഷകനും അവിടുന്നാണ്. അങ്ങെന്നെ അക്രമത്തില്‍നിന്നു രക്ഷിക്കുന്നു. 
4: സ്തുത്യര്‍ഹനായ കര്‍ത്താവിനെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നുഅവിടുന്നെന്നെ ശത്രുക്കളില്‍നിന്നു രക്ഷിക്കും. 
5: മൃത്യുതരംഗങ്ങള്‍ എന്നെ വലയംചെയ്തു. വിനാശത്തിന്റെ മഹാപ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു. 
6: പാതാളപാശങ്ങള്‍ എന്നെച്ചുറ്റി. മരണമെനിക്കു കെണിയൊരുക്കി. 
7: കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. എന്റെ ദൈവത്തോടു ഞാന്‍ നിലവിളിച്ചു. അവിടുന്നു തന്റെ ആലയത്തില്‍നിന്ന്, എന്റെയപേക്ഷ കേട്ടു. എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി. 
8: കര്‍ത്താവിന്റെ കോപത്തില്‍ ഭൂമി ഞെട്ടിവിറച്ചു. ആകാശത്തിന്റെ അടിസ്ഥാനങ്ങളിളകി. 
9: അവിടുത്തെ നാസികയില്‍നിന്നു ധൂമപടലമുയര്‍ന്നു. വായില്‍നിന്നു സര്‍വ്വവുംവിഴുങ്ങുന്ന അഗ്നി പുറപ്പെട്ടുജ്വലിക്കുന്ന കനലുകള്‍ ആളിക്കത്തി. 
10: ആകാശംചായിച്ച്, അവിടുന്നിറങ്ങിവന്നുകൂരിരുട്ടിനുമേല്‍ അവിടുന്നു പാദമുറപ്പിച്ചു. 
11: കെരൂബിനെ വാഹനമാക്കി അവിടുന്നു പറന്നു. കാറ്റിന്റെ ചിറകുകളില്‍ അവിടുന്നു പ്രത്യക്ഷനായി. 
12: അന്ധകാരംകൊണ്ട് അവിടുന്ന് ആവരണം ചമച്ചുജലംനിറഞ്ഞ കാര്‍മേഘങ്ങള്‍ വിതാനവും. 
13: അവിടുത്തെമുമ്പില്‍ ജ്വലിക്കുന്ന തേജസ്സില്‍നിന്നു തീക്കനല്‍ പാറി. 
14: കര്‍ത്താവ് ആകാശത്തില്‍ ഇടിമുഴക്കി. അത്യുന്നതന്റെ ശബ്ദം മുഴങ്ങിക്കേട്ടു. 
15: അവിടുന്ന്, അമ്പയച്ച് അവരെ ചിതറിച്ചു. മിന്നല്‍പ്പിണര്‍കൊണ്ട് അവരെ പായിച്ചു. 
16: അവിടുത്തെ നാസികയില്‍നിന്നുദ്ഗമിച്ച ക്രുദ്ധനിശ്വാസത്താല്‍ സമുദ്രത്തിന്റെ ഉള്‍ച്ചാലുകള്‍ കാണപ്പെട്ടു. ഭൂമിയുടെ അടിസ്ഥാനങ്ങള്‍ നഗ്നമാക്കപ്പെട്ടു. 
17: അത്യുന്നതങ്ങളില്‍നിന്നു കൈനീട്ടി അവിടുന്നെന്നെ പിടിച്ചു. പെരുവെള്ളത്തില്‍നിന്ന് അവിടുന്നെന്നെ പൊക്കിയെടുത്തു. 
18: പ്രബലനായ ശത്രുവില്‍നിന്നും എന്നെ വെറുത്തവരില്‍നിന്നും അവിടുന്നെന്നെ രക്ഷിച്ചു. അവര്‍ എന്റെ ശക്തിക്കതീതരായിരുന്നു. 
19: അനര്‍ത്ഥകാലത്ത് അവര്‍ എന്റെമേല്‍ ചാടിവീണു. കര്‍ത്താവ് എനിക്കഭയസ്ഥാനമായിരുന്നു. 
20: അവിടുന്നെന്നെ വിശാലസ്ഥലത്തേക്കാനയിച്ചു. എന്നില്‍ പ്രസാദിച്ചതിനാല്‍ എന്നെ വിമോചിപ്പിച്ചു. 
21: എന്റെ നീതിക്കൊത്തവിധം കര്‍ത്താവെനിക്കു പ്രതിഫലം നല്കി. എന്റെ കൈകളുടെ നിര്‍മ്മലതയ്ക്കു ചേര്‍ന്നവിധം എനിക്കു പകരംതന്നു.
22: കര്‍ത്താവിന്റെ വഴിയില്‍നിന്നു ഞാന്‍ വ്യതിചലിച്ചില്ല. തിന്മചെയ്ത് എന്റെ ദൈവത്തില്‍നിന്നു ഞാനകന്നു പോയില്ല. 
23: അവിടുത്തെ കല്പനകള്‍ എന്റെ കണ്മുമ്പിലുണ്ടായിരുന്നു. അവിടുത്തെ നിയമങ്ങള്‍ ഞാന്‍ ലംഘിച്ചില്ല. 
24: തിരുമുമ്പില്‍ ഞാന്‍ നിര്‍മ്മലനായിരുന്നു. കുറ്റങ്ങളില്‍നിന്നു ഞാനകന്നുനിന്നു. 
25: ആകയാല്‍, എന്റെ നീതിയും നിഷ്‌കളങ്കതയുംകണ്ടു കര്‍ത്താവെനിക്കു പ്രതിഫലം നല്കി. 
26: വിശ്വസ്തനോട് അവിടുന്നു വിശ്വസ്തത പുലര്‍ത്തുന്നു. നിഷ്‌കളങ്കനോടു നിഷ്‌കളങ്കമായി പെരുമാറുന്നു. 
27: നിര്‍മ്മലനോടു നിര്‍മ്മലമായും ദുഷ്ടനോടു ക്രൂരമായും അങ്ങു പെരുമാറുന്നു. 
28: വിനീതരെ അങ്ങു വിടുവിക്കുന്നു. അഹങ്കാരികളെ അങ്ങു വീഴ്ത്തുന്നു. 
29: കര്‍ത്താവേഅങ്ങെന്റെ ദീപമാണ്. എന്റെ ദൈവംഎന്റെ അന്ധകാരമകറ്റുന്നു. 
30: അങ്ങയുടെ സഹായത്താല്‍ സൈന്യനിരയെ ഞാന്‍ ഭേദിക്കും. എന്റെ ദൈവത്തിന്റെ സഹായത്താല്‍ കോട്ട ഞാന്‍ ചാടിക്കടക്കും. 
31: ദൈവത്തിന്റെ മാര്‍ഗ്ഗം അവികലമാണ്. തന്നിലാശ്രയിക്കുന്നവര്‍ക്ക്, അവിടുന്നു പരിചയാണ്. കര്‍ത്താവിന്റെ വാഗ്ദാനം നിറവേറ്റപ്പെടും. 
32: കര്‍ത്താവല്ലാതെ ദൈവമായ ആരുണ്ട്നമ്മുടെ ദൈവമല്ലാതെ ഉന്നതശിലയുണ്ടോ? 
33: ദൈവമാണ് എന്റെ സുശക്തസങ്കേതം.. എന്റെ മാര്‍ഗ്ഗം അവിടുന്നു സുരക്ഷിതമാക്കുന്നു. 
34: അവിടുന്ന് എന്റെ കാലുകള്‍ക്കു മാന്‍പേടയുടെ വേഗം നല്കി. ഉന്നതഗിരികളില്‍ എന്നെ സുരക്ഷിതനായി നിറുത്തി. 
35: എന്റെ കൈകളെ അവിടുന്നു യുദ്ധമുറയഭ്യസിപ്പിച്ചു. എന്റെ കരങ്ങള്‍ക്കു പിത്തളവില്ലു കുലയ്ക്കാന്‍കഴിയും. 
36: രക്ഷയുടെ പരിച അങ്ങെനിക്കു നല്കിയിരിക്കുന്നു. അങ്ങയുടെ പരിപാലനം എന്നെ വലിയവനാക്കി. 
37: എന്റെ വീഥി അങ്ങു വിശാലമാക്കി. എന്റെ കാലുകള്‍ വഴുതിയതുമില്ല.
38: ശത്രുക്കളെ ഞാന്‍ പിന്തുടര്‍ന്നു പിടിച്ചു. അവരെ സംഹരിക്കുവോളം ഞാന്‍ പിന്‍വാങ്ങിയില്ല. 
39: ഞാന്‍ അവരെ സംഹരിച്ചു. എഴുന്നേല്‍ക്കാനാവാത്തവിധം അവരെ ഞാന്‍ തകര്‍ത്തു. അവര്‍ എന്റെ പാദങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞു. 
40: യുദ്ധത്തിനായി, ശക്തികൊണ്ട് അങ്ങെന്റെ അരമുറുക്കി. എന്നെ ആക്രമിച്ചവരെ അങ്ങെനിക്ക് അധീനരാക്കി. 
41: എന്റെ ശത്രുക്കളെ അങ്ങു പലായനംചെയ്യിച്ചു. എന്നെ വെറുത്തവരെ ഞാന്‍ നശിപ്പിച്ചു. 
42: സഹായത്തിനുവേണ്ടി അവര്‍ മുഖമുയര്‍ത്തിരക്ഷിക്കാനാരുമുണ്ടായിരുന്നില്ല. കര്‍ത്താവിനോട് അവര്‍ നിലവിളിച്ചുഅവിടുന്ന് ഉത്തരമരുളിയില്ല. 
43: നിലത്തെ പൂഴിപോലെ ഞാനവരെ പൊടിച്ചു. തെരുവിലെ ചെളിപോലെ ചവിട്ടിമെതിച്ചു. 
44: ജനതകളോടുള്ള കലഹത്തില്‍നിന്ന് അങ്ങെന്നെ രക്ഷിച്ചു. അങ്ങെന്നെ ജനതകളുടെ അധിപനാക്കി. എനിക്ക് അപരിചിതമായ ജനം എന്നെ സേവിച്ചു. 
45: വിദേശികള്‍ എന്നോടു കേണിരന്നു. എന്നെക്കുറിച്ചു കേട്ടമാത്രയില്‍ അവരെന്നെ അനുസരിച്ചു. 
46: വിദേശീയര്‍ക്കു ധൈര്യമറ്റു. സങ്കേതങ്ങളില്‍നിന്നു വിറയലോടെ അവര്‍ പുറത്തുവന്നു. 
47: കര്‍ത്താവു ജീവിക്കുന്നു. എന്റെ ഉന്നതശില വാഴ്ത്തപ്പെടട്ടെ! എന്റെ രക്ഷയുടെ ശിലയായ ദൈവം സ്തുതിക്കപ്പെടട്ടെ! 
48: ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്തു. ജനതകളെ എനിക്കധീനരാക്കി.  
49: ശത്രുക്കളില്‍നിന്ന് അവിടുന്നെന്നെ രക്ഷിച്ചു.. വൈരികള്‍ക്കുമേല്‍ എന്നെ ഉയര്‍ത്തി. അക്രമികളില്‍നിന്ന് അവിടുന്നെന്നെ വിടുവിച്ചു. 
50: ആകയാല്‍, കര്‍ത്താവേജനതകളുടെമദ്ധ്യേ, ഞാനങ്ങേയ്ക്കു സ്‌തോത്രമാലപിക്കും. അങ്ങയുടെ നാമം പാടി സ്തുതിക്കും. 
51: തന്റെ രാജാവിന് അവിടുന്നു വന്‍വിജയം നല്കുന്നു. തന്റെ അഭിഷിക്തനോട് അവിടുന്ന്, എന്നേക്കും കാരുണ്യം കാണിക്കുന്നു. ദാവീദിനോടും അവന്റെ സന്തതിയോടുംതന്നെ. 

അദ്ധ്യായം 23

ദാവീദിന്റെ അന്ത്യവചസ്സുകള്‍

1: ദാവീദിന്റെ അന്ത്യവചസ്സാണിത്: ജസ്സെയുടെ പുത്രന്‍ ദാവീദ്ദൈവമുയര്‍ത്തിയവന്‍, യാക്കോബിന്റെ ദൈവത്തിന്റെയഭിഷിക്തൻ; ഇസ്രായേലിന്റെ മധുരഗായകൻ പ്രവചിക്കുന്നു.
2: കര്‍ത്താവിന്റെ ആത്മാവ് എന്നിലൂടെ അരുളിച്ചെയ്യുന്നു,  അവിടുത്തെ വചനമാണിത്, എന്റെ നാവിൽ!
3ഇസ്രായേലിന്റെ ദൈവം സംസാരിക്കുന്നു. ഇസ്രായേലിന്റെ ഉന്നതശില എന്നോടരുളിച്ചെയ്തിരിക്കുന്നു. മനുഷ്യരെ നീതിയോടെ ഭരിക്കുന്നവൻ, ദൈവഭയത്തോടെ ഭരിക്കുന്നവൻ.
4: പ്രഭാതത്തിലെ പ്രകാശംപോലെ, കാർമേഘരഹിതമായ പ്രഭാതത്തിൽ പ്രകാശിക്കുന്ന സൂര്യനെപ്പോലെ, ഭൂമിയിൽ പുല്ലുമുളപ്പിക്കുന്ന മഴപോലെ അവൻ ശോഭിക്കുന്നു.
5: എന്റെ ഭവനം ദൈവസന്നിധിയില്‍ അങ്ങനെയല്ലയോ? അവിടുന്നെന്നോടു ശാശ്വതമായ ഉടമ്പടിചെയ്തിരിക്കുന്നു. സുരക്ഷിതമായി സംവിധാനംചെയ്ത ഉടമ്പടി. അവിടുന്ന് എന്റെരക്ഷയും എന്റെ അഭിലാഷവും സാധിച്ചുതരും.
6: ദൈവചിന്തയില്ലാത്തവര്‍, എറിഞ്ഞുകളയേണ്ട മുള്ളുപോലെയാകുന്നു. അതു കൈയിലെടുക്കില്ലല്ലോ.
7: കമ്പിയോ കുന്തത്തിന്റെ പിടിയോകൊണ്ടല്ലാതെ ആരുമതു തൊടുന്നില്ല. അതു നിശ്ശേഷം ചുട്ടുകളയും.

ദാവീദിന്റെ വീരയോദ്ധാക്കള്‍
8: ദാവീദിന്റെ വീരയോദ്ധാക്കള്‍: തഹ്കെമോന്യനായ യോഷേബ്ബാഷെബത്ത്. അവന്‍ മൂവരില്‍ പ്രധാനനായിരുന്നു. അവന്‍ കുന്തംകൊണ്ട് എണ്ണൂറുപേരെ ഒന്നിച്ചുകൊന്നു. 
9: മൂവരില്‍ രണ്ടാമന്‍ അഹോഹിയുടെ മകനായ ദോദോയുടെ മകന്‍ എലെയാസര്‍. ഫിലിസ്ത്യരോടുള്ള യുദ്ധത്തില്‍ ഇസ്രായേല്യര്‍ ഓടിയപ്പോള്‍ അവന്‍ ദാവീദിനോടു ചേര്‍ന്നുനിന്ന് അവരെ ചെറുത്തു. 
10: അവന്‍ കൈ തളരുംവരെ ഫിലിസ്ത്യരെ വെട്ടി. അവന്റെ കൈ വാളോട് ഒട്ടിച്ചേര്‍ന്നുപോയി. കര്‍ത്താവിന്റെ അന്നത്തെ വിജയം വലുതായിരുന്നു. മരിച്ചുവീണവരെ കൊള്ളയടിക്കാന്‍മാത്രമാണു ജനം മടങ്ങിവന്നത്. 
11: മൂന്നാമന്‍ ഹരാര്യനായ ആഗേയുടെ മകന്‍ ഷമ്മാ. ഫിലിസ്ത്യര്‍ ലേഹിയില്‍ ഒരുമിച്ചുകൂടി. അവിടെ ചെറുപയര്‍ നട്ടിരുന്ന ഒരു വയലുണ്ടായിരുന്നു. ജനം ഫിലിസ്ത്യരുടെ മുമ്പില്‍നിന്ന് ഓടിപ്പോയി. 
12: എന്നാല്‍, ഷമ്മാ വയലിന്റെ നടുവില്‍നിന്ന് അതിനെക്കാത്തു. അവന്‍ ഫിലിസ്ത്യരെ കൊന്നു. കര്‍ത്താവു വലിയ വിജയംനല്കി. 
13: മുപ്പതു പ്രമാണികളില്‍ മൂന്നുപേര്‍ കൊയ്ത്തുകാലത്ത് അദുല്ലാം ഗുഹയില്‍ ദാവീദിന്റെയടുക്കല്‍ ചെന്നു. അപ്പോള്‍ ഒരു കൂട്ടം ഫിലിസ്ത്യര്‍ റഫായിം താഴ്‌വരയില്‍ പാളയമടിച്ചിരുന്നു. 
14: ദാവീദു ദുര്‍ഗ്ഗത്തിലായിരുന്നുഫിലിസ്ത്യരുടെ കാവല്‍പ്പട്ടാളം ബേത്‌ലെഹെമിലും. 
15: ദാവീദ് ആര്‍ത്തിയോടുകൂടി പറഞ്ഞു: ബേത്‌ലെഹെമിലെ പട്ടണവാതില്‍ക്കലെ കിണറ്റില്‍നിന്ന് എനിക്കു കുടിക്കാന്‍, കുറച്ചു വെള്ളം ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍! 
16: അപ്പോള്‍, ഈ മൂന്നു വീരന്മാര്‍ ഫിലിസ്ത്യതാവളം ഭേദിച്ചുകടന്നു ബേത്‌ലെഹെം പട്ടണവാതില്‍ക്കലെ കിണറ്റില്‍ന്നു വെള്ളംകോരിദാവീദിനു കൊണ്ടുവന്നു കൊടുത്തു. എന്നാല്‍, അതു കുടിക്കാന്‍ അവനു മനസ്സു വന്നില്ല. അവന്‍ അതു കര്‍ത്താവിനു നൈവേദ്യമായി ഒഴുക്കി. 
17: അവന്‍ പറഞ്ഞു: കര്‍ത്താവേഞാനിതു കുടിക്കുകയില്ല. സ്വജീവന്‍ പണയപ്പെടുത്തിയ ഇവരുടെ രക്തം കുടിക്കുന്നതിനു തുല്യമായിരിക്കുമല്ലോ അത്. അതുകൊണ്ട് അവനതു കുടിച്ചില്ല. ആ മൂന്നു വീരന്മാര്‍ ഇങ്ങനെചെയ്തു. 
18: സെരൂയയുടെ മകന്‍ യോവാബിന്റെ സഹോദരന്‍ അബിഷായി മുപ്പതുപേരുടെ തലവനായിരുന്നു. അവന്‍ കുന്തംകൊണ്ട് മുന്നൂറുപേരെ കൊന്ന്, മുപ്പതുപേരുടെയിടയില്‍ പേരുനേടി. 
19: അവന്‍ മുപ്പതുപേരില്‍ ഏറ്റവും പ്രശസ്തനായിരുന്നു. അവന്‍ അവരുടെ തലവനുമായിത്തീര്‍ന്നു. എങ്കിലും അവന്‍ മൂവരോളം പ്രശസ്തി നേടിയില്ല. 
20: കബ്‌സേലില്‍നിന്നുള്ള യഹോയാദായുടെ മകന്‍ ബനായിയാ ഒരു ശൂരപരാക്രമിയായിരുന്നു. രണ്ടു മൊവാബ്യ യോദ്ധാക്കളെ കൊന്നതുള്‍പ്പെടെ പല ധീരകൃത്യങ്ങളും അവന്‍ ചെയ്തു. ഹിമപാതമുണ്ടായ ഒരു ദിവസം അവന്‍ ഒരു ഗുഹയില്‍ക്കടന്ന് ഒരു സിംഹത്തെ കൊന്നു. അവന്‍ ഭീമാകാരനായ ഒരു ഈജിപ്തുകാരനെയും കൊന്നു. 
21: ഈജിപ്തുകാരന്റെ കൈയില്‍ ഒരു കുന്തമുണ്ടായിരുന്നു. ബനായിയാ ഒരു വടിയുമായിച്ചെന്ന് കുന്തം പിടിച്ചുപറിച്ച് അതുകൊണ്ടുതന്നെ അവനെക്കൊന്നു. 
22: യഹോയാദായുടെ മകന്‍ ബനായിയാ ഇതുചെയ്ത് മുപ്പതു ധീരന്മാരുടെയിടയില്‍ പേരെടുത്തു. 
23: മുപ്പതുപേരുടെ കൂട്ടത്തില്‍ അവന്‍ അതിപ്രശസ്തനായിരുന്നു. എങ്കിലും മൂവരോളം എത്തിയില്ല. ദാവീദ് അവനെ തന്റെ അംഗരക്ഷകന്മാരുടെ തലവനാക്കി. 
24: യോവാബിന്റെ സഹോദരന്‍ അസഹേലായിരുന്നു മുപ്പതുപേരിലൊരുവന്‍. 
25: ബേത്‌ലെഹെംകാരനായ ദോദോയുടെ മകന്‍ എല്‍ഹാനാന്‍,  ഹരോദിലെ ഷമ്മായും എലീക്കയും, 
26: പെലേത്യനായ ഹേലെസ്തെക്കോവായിലെ ഇക്കേഷിന്റെ മകന്‍ ഈര, 
27: അനാത്തോത്തിലെ അബിയേസര്‍, ഹുഷാത്യനായ മെബുന്നായി, 
28: ആഹോഹ്യനായ സല്‍മോന്‍, നെതോഫായിലെ മഹരായി, 
29: നെതോഫായിലെ ബാനായുടെ മകന്‍ ഹേലെബ്ബഞ്ചമിന്‍കാരുടെ ഗിബെയായിലെ റിബായിയുടെ മകന്‍ ഇത്തായി, 
30: പിറാഥോണിലെ ബനായിയാഗാഷിലെ അരുവികള്‍ക്കടുത്തുള്ള ഹിദ്ദായി, 
31: അര്‍ബാക്യനായ അബിയാല്‍ബോന്‍, ബഹൂറൂമിലെ അസ്മാവെത്ത്, 
32: ഷാല്‍ബോനിലെ എലിയാഹ്ബായാഷേന്റെ പുത്രന്മാര്‍, ജോനാഥാന്‍, 
33: ഹാരാറിലെ ഷമ്മാഹാരാറിലെ ഷറാറിന്റെ മകന്‍ അഹിയാം, 
34: മാഖായിലെ അഹസ്ബായിയുടെ മകന്‍ എലഫെലത്ത്ഗിലോയിലെ അഹിത്തോഫെലിന്റെ മകന്‍ എലിയാം, 
35: കാര്‍മ്മലിലെ ഹെസ്രോഅര്‍ബയിലെ പാരായി, 
36: സോബായിലെ നാഥാന്റെ മകന്‍ ഇഗാല്‍, ഗാദിലെ ബിനി, 
37: അമ്മോനിലെ സേലെക്ക്സെരൂയയുടെ മകന്‍ യോവാബിന്റെ ആയുധവാഹകനായ ബരോത്തിലെ നഹറായി, 
38: ഇത്രായിലെ ഈരായും ഗാരെബും, 
39: ഹിത്യനായ ഊറിയാ - ആകെ മുപ്പത്തിയേഴുപേര്‍. 

അദ്ധ്യായം 24

ദാവീദു ജനസംഖ്യയെടുക്കുന്നു

1: കര്‍ത്താവു വീണ്ടും ഇസ്രായേലിനോടു കോപിച്ചുഅവരെ കഷ്ടപ്പെടുത്താന്‍ ദാവീദിനെ പ്രേരിപ്പിച്ചു. നീ ചെന്ന് ഇസ്രായേലിലെയും യൂദായിലെയും ആളുകളുടെ എണ്ണമെടുക്കുകയെന്ന് കര്‍ത്താവവനോടു കല്പിച്ചു. 
2: രാജാവ് യോവാബിനോടും സൈന്യത്തലവന്മാരോടും പറഞ്ഞു: ദാന്‍മുതല്‍ ബേര്‍ഷെബാവരെയുള്ള ഇസ്രായേല്‍ഗോത്രങ്ങളിലെ ജനത്തെ എണ്ണുക. എനിക്കു സംഖ്യയറിയണം. 
3: എന്നാല്‍, യോവാബ് പറഞ്ഞു: രാജാവേഅങ്ങയുടെ ദൈവമായ കര്‍ത്താവ് ജനത്തെ ഇന്നുള്ളതിന്റെ നൂറിരട്ടി വര്‍ദ്ധിപ്പിക്കട്ടെ! അതുകാണാന്‍ അങ്ങേയ്ക്കിടവരട്ടെ! പക്ഷേഅങ്ങേയ്ക്ക് ഇതിലിത്ര താത്പര്യമെന്താണ്? 
4: യോവാബും പടനായകന്മാരും രാജകല്പനയ്ക്കു വഴങ്ങി. ഇസ്രായേല്‍ ജനത്തെ എണ്ണാന്‍ അവര്‍ രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു. 
5: അവര്‍ ജോര്‍ദ്ദാന്‍കടന്നു താഴ്‌വരയുടെ മദ്ധ്യത്തിലുള്ള അരോവറില്‍നിന്ന് ആരംഭിച്ച് ഗാദിലേക്കും യാസറിലേക്കും പോയി. 
6: അവര്‍ ഗിലെയാദിലും ഹിത്യരുടെ ദേശമായ കാദെഷിലും എത്തി. പിന്നെ ദാനിലേക്കുംഅവിടെനിന്ന് സീദോനിലേക്കും പോയി.
7: കോട്ടകെട്ടിയ ടയിര്‍പ്പട്ടണത്തിലും ഹിവ്യരുടെയും കാനാന്യരുടെയും എല്ലാ പട്ടണങ്ങളിലും അവസാനം യൂദായുടെ നെഗെബിലുള്ള ബേര്‍ഷെബായിലും അവര്‍ എത്തി. 
8: അവര്‍ ദേശമെല്ലാം സഞ്ചരിച്ച് ഒമ്പതുമാസവും ഇരുപതുദിവസവും കഴിഞ്ഞു ജറുസലെമിലെത്തി. 
9: യോവാബ് ജനസംഖ്യ രാജാവിനെ അറിയിച്ചു. സൈന്യസേവനത്തിനു പറ്റിയവര്‍ ഇസ്രായേലില്‍ എട്ടു ലക്ഷവും യൂദായില്‍ അഞ്ചു ലക്ഷവുമുണ്ടായിരുന്നു. 
10: ജനസംഖ്യയെടുത്തുകഴിഞ്ഞപ്പോള്‍ ദാവീദിനു മനസ്സാക്ഷിക്കുത്തുണ്ടായി. ദാവീദു കര്‍ത്താവിനോടു പറഞ്ഞു: ഞാന്‍ കൊടുംപാപം ചെയ്തിരിക്കുന്നു. കര്‍ത്താവേഅങ്ങയുടെ ദാസന്റെ പാപം പൊറുക്കണമേ! ഞാന്‍ വലിയ ഭോഷത്തം പ്രവര്‍ത്തിച്ചിരിക്കുന്നു. 
11: ദാവീദ് രാവിലെ എഴുന്നേറ്റപ്പോള്‍ അവന്റെ ദീര്‍ഘദര്‍ശിയായ ഗാദ് പ്രവാചകനോടു കര്‍ത്താവ് അരുളിച്ചെയ്തു: 
12: നീ ചെന്നു ദാവീദിനോടു പറയുക. കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ മൂന്നു കാര്യങ്ങള്‍. അതിലൊന്നു തിരഞ്ഞെടുത്തു കൊള്ളുക. അതു ഞാന്‍ നിന്നോടുചെയ്യും. 
13: ഗാദ്ദാവീദിന്റെയടുക്കല്‍വന്നു പറഞ്ഞു: നിന്റെ രാജ്യത്ത് മൂന്നുവര്‍ഷം ക്ഷാമമുണ്ടാകുകയോനീ ശത്രുക്കളില്‍നിന്നു മൂന്നുമാസം ഒളിവില്‍ പാര്‍ക്കുകയോ നിന്റെ രാജ്യത്ത് മൂന്നുദിവസം പകര്‍ച്ചവ്യാധി ഉണ്ടാവുകയോ ഏതുവേണംഎന്നെയയച്ചവനു ഞാന്‍ മറുപടി കൊടുക്കേണ്ടതിന് നീ ആലോചിച്ച് ഉത്തരംനല്കുക. 
14: ദാവീദു ഗാദിനോടു പറഞ്ഞു: ഞാന്‍ വലിയ വിഷമത്തിലായിരിക്കുന്നു. കര്‍ത്താവിന്റെ കരംതന്നെ നമ്മുടെമേല്‍ പതിച്ചുകൊള്ളട്ടെഎന്തെന്നാല്‍, അവിടുന്നു അതിദയാലുവാണല്ലോ. എന്നാല്‍, ഞാന്‍ മനുഷ്യരുടെ പിടിയിലകപ്പെടാതിരിക്കട്ടെ!
15: അങ്ങനെ അന്നു പ്രഭാതംമുതല്‍ നിശ്ചിതസമയംവരെ കര്‍ത്താവ് ഒരു പകര്‍ച്ചവ്യാധി അയച്ചു. ദാന്‍മുതല്‍ ബേര്‍ഷെബാവരെ ജനത്തില്‍ എഴുപതിനായിരംപേര്‍ മരിച്ചു. 
16: കര്‍ത്താവിന്റെ ദൂതന്‍ ജറുസലെം നശിപ്പിക്കാന്‍ കൈനീട്ടിയപ്പോള്‍ കര്‍ത്താവ് ആ തിന്മയെപ്പറ്റി അനുതപിച്ചു. സംഹാരദൂതനോട് അവിടുന്നു കല്പിച്ചു: മതികൈ പിന്‍വലിക്കുക. കര്‍ത്താവിന്റെ ദൂതന്‍ ജബൂസ്യനായ അരവ്‌നായുടെ മെതിക്കളത്തിനടുത്തായിരുന്നു. 
17: സംഹാരദൂതനെ കണ്ടിട്ട് ദാവീദ് കര്‍ത്താവിനോടപേക്ഷിച്ചു: ഞാനല്ലേ കുറ്റക്കാരന്‍? തെറ്റുചെയ്തതു ഞാനല്ലേഈ പാവപ്പെട്ട ജനം എന്തു ദോഷംചെയ്തുഎന്നെയും എന്റെ പിതൃഭവനത്തെയും ശിക്ഷിച്ചാലും. 
18: അന്നുതന്നെ ഗാദ് ദാവീദിന്റെയടുക്കല്‍ച്ചെന്നു പറഞ്ഞു: ജബൂസ്യനായ അരവ്നായുടെ മെതിക്കളത്തില്‍ച്ചെന്നു കര്‍ത്താവിനൊരു ബലിപീഠം പണിയുക. 
19: ദാവീദു കര്‍ത്താവിന്റെ കല്പനയുസരിച്ച്, ഗാദു പറഞ്ഞപ്രകാരം ചെന്നു. 
20: അരവ്‌നാ തലയുയര്‍ത്തി നോക്കിയപ്പോള്‍ രാജാവും ഭൃത്യന്മാരും തന്റെ അടുത്തേക്കു വരുന്നതു കണ്ടുഅവന്‍ ചെന്നു രാജാവിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു. 
21: അവന്‍ ചോദിച്ചു: പ്രഭോഇങ്ങോട്ടെഴുന്നള്ളിയതെന്തിന്ദാവീദ് പറഞ്ഞു: മഹാമാരി ജനത്തില്‍നിന്നകലേണ്ടതിനു കര്‍ത്താവിനൊരു ബലിപീഠം പണിയാന്‍ നിന്റെ മെതിക്കളം വാങ്ങുവാന്‍തന്നെ. 
22: അരവ്‌നാ ദാവീദിനോടു പറഞ്ഞു: യജമാനനേഅങ്ങ് ആഗ്രഹിക്കുന്നതെന്തും ബലിയര്‍പ്പിച്ചാലും. ബലിപീഠത്തിലര്‍പ്പിക്കേണ്ടതിന് ഇതാ കാളകള്‍, വിറകിന് ഇതാ മെതിവണ്ടികളും നുകങ്ങളും. 
23: രാജാവേഅരവ്‌നാ ഇതെല്ലാം രാജാവിനു തരുന്നു. അവന്‍ തുടര്‍ന്നു: അങ്ങയുടെ ദൈവമായ കര്‍ത്താവ് അങ്ങില്‍ സംപ്രീതനാകട്ടെ! 
24: ദാവീദ് അരവ്‌നായോടു പറഞ്ഞു: ഇല്ലവിലയ്ക്കുമാത്രമേ ഞാനിതു വാങ്ങു. എനിക്ക് ഒരു ചെലവുമില്ലാത്ത ദഹനബലി എന്റെ ദൈവമായ കര്‍ത്താവിനു ഞാനര്‍പ്പിക്കുകയില്ല. അങ്ങനെ ദാവീദ് അന്‍പതു ഷെക്കല്‍ വെള്ളികൊടുത്ത് കളവും കാളകളും വാങ്ങി. 
25: അവിടെ ബലിപീഠം പണിതു ദാവീദു കര്‍ത്താവിനു ദഹനബലികളും സമാധാന ബലികളും അര്‍പ്പിച്ചു. കര്‍ത്താവു ദാവീദിന്റെ പ്രാര്‍ത്ഥനകേട്ടുഇസ്രായേലില്‍നിന്നു മഹാമാരി വിട്ടുപോയി.