ഏശയ്യാ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഏശയ്യാ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇരുനൂറ്റിമുപ്പത്തിയാറാം ദിവസം: എസക്കിയേല്‍ 1 - 4


അദ്ധ്യായം 1

എസെക്കിയേലിനു ദൈവദര്‍ശനം

1: മുപ്പതാംവര്‍ഷം നാലാംമാസം അഞ്ചാംദിവസം, ഞാന്‍ കേബാര്‍നദിയുടെ തീരത്തു പ്രവാസികളോടൊത്തുകഴിയുമ്പോള്‍ സ്വര്‍ഗ്ഗംതുറക്കപ്പെട്ടു. എനിക്കു ദൈവത്തിന്റെ ദര്‍ശനങ്ങളുണ്ടായി.
2: മാസത്തിന്റെ അഞ്ചാംദിവസം, യഹോയാക്കിന്‍രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാംവര്‍ഷം.
3: കല്‍ദായദേശത്തു് കേബാര്‍നദീതീരത്തുവെച്ചു് ബുസിയുടെ പുത്രനും പുരോഹിതനുമായ എസെക്കിയേലിനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. അവിടെ കര്‍ത്താവിന്റെ കരം അവന്റെമേലുണ്ടായിരുന്നു.
4: ഞാന്‍ നോക്കി. ഇതാ, വടക്കുനിന്നൊരു കൊടുങ്കാറ്റുപുറപ്പെടുന്നു. ഒരു വലിയമേഘവും അതിനുചുറ്റും പ്രകാശംപരത്തി, ജ്വലിക്കുന്ന തീയും തീയുടെ നടുവില്‍ മിന്നിത്തിളങ്ങുന്ന വെള്ളോടുപോലെ എന്തോ ഒന്നും.
5: നാലുജീവികളുടെ രൂപങ്ങൾ അതിന്റെ മദ്ധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. അവയ്ക്ക് മനുഷ്യരുടെ ആകൃതിയായിരുന്നു.
6: എന്നാല്‍, ഓരോന്നിനും നാലുമുഖങ്ങളും നാലുചിറകുകളുമുണ്ടായിരുന്നു.
7: അവയുടെ കാലുകള്‍ നിവര്‍ന്നതും കാലടികള്‍ കാളക്കുട്ടിയുടെ കുളമ്പുപോലെയുള്ളതുമായിരുന്നു. തേച്ചുമിനുക്കിയ ഓടുപോലെ അവ തിളങ്ങി.
8: അവയുടെ നാലുവശത്തും ചിറകുകള്‍ക്കുകീഴില്‍ മനുഷ്യകരങ്ങളുണ്ടായിരുന്നു. നാലിനും മുഖങ്ങളും ചിറകുകളുമുണ്ടായിരുന്നു.
9: അവയുടെ ചിറകുകള്‍ പരസ്പരം സ്പര്‍ശിച്ചിരുന്നു. ഓരോന്നും ഇടംവലംതിരിയാതെ, നേരേ മുമ്പോട്ടുനീങ്ങിയിരുന്നു.
10: അവയുടെ മുഖങ്ങള്‍ ഇപ്രകാരമായിരുന്നു - നാലിനും മുന്‍ഭാഗത്തു മനുഷ്യന്റെ മുഖം; വലത്തുവശത്തു സിംഹത്തിന്റെ മുഖം; ഇടത്തുവശത്തു കാളയുടെ മുഖം; പിന്‍ഭാഗത്തു കഴുകന്റെ മുഖം,
11: അവയുടെ മുഖങ്ങളങ്ങനെ. ചിറകുകള്‍ മേലോട്ടു വിരിച്ചിരിക്കുന്നു. ഓരോ ജീവിക്കും അടുത്തുനില്ക്കുന്ന ജീവിയുടെ ചിറകുകളെ സ്പര്‍ശിക്കുന്ന ഈരണ്ടു ചിറകുകളും, ശരീരംമറയ്ക്കുന്ന ഈരണ്ടു ചിറകുകളുമുണ്ടായിരുന്നു.
12: അവയോരോന്നും നേരേ മുമ്പോട്ടുപോയിരുന്നു. എങ്ങോട്ടു പോകണമെന്ന് ആത്മാവിച്ഛിച്ചുവോ അങ്ങോട്ടവ പോയി; ഇടംവലം തിരിഞ്ഞില്ല.
13: ആ ജീവികളുടെ രൂപം, ജ്വലിക്കുന്ന തീക്കനൽപോലെയായിരുന്നു. അവയ്ക്കിടയില്‍ തീപ്പന്തംപോലെ എന്തോഒന്നു ചലിച്ചിരുന്നു. ആ അഗ്നി, ശോഭയുള്ളതായിരുന്നു. അതില്‍നിന്നു മിന്നല്‍പ്പിണര്‍ പുറപ്പെട്ടിരുന്നു.
14: ആ ജീവികള്‍ ഇടിമിന്നൽപോലെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു.
15: ഞാന്‍ ആ ജീവികളെ സൂക്ഷിച്ചുനോക്കി. അതാ, അവയ്‌ക്കോരോന്നിനും സമീപത്തു ഭൂമിയിൽ ഓരോ ചക്രം.
16: അവയുടെ രൂപവും ഘടനയും: അവ ഗോമേദകംപോലെ ശോഭിച്ചിരുന്നു. അവയ്ക്കു നാലിനും ഒരേ രൂപമായിരുന്നു. ഒരു ചക്രത്തിനുള്ളില്‍ മറ്റൊന്ന് എന്നവിധമായിരുന്നു അവയുടെ ഘടന.
17: അവ ചരിക്കുമ്പോള്‍ നാലില്‍ ഏതു ദിക്കിലേക്കും ഇടംവലംതിരിയാതെ പോകാമായിരുന്നു.
18: അവയുടെ പട്ടകള്‍ ഭയമുളവാക്കത്തക്കവിധം ഉയരമുള്ളതായിരുന്നു.
19: നാലിന്റെയും പട്ടകള്‍ക്കുചുറ്റും നിറയെ കണ്ണുകളുണ്ടായിരുന്നു. ആ ജീവികള്‍ നടന്നപ്പോള്‍, ചക്രങ്ങളും അവയോടുചേര്‍ന്നു നീങ്ങിയിരുന്നു. ജീവികള്‍ നിലത്തുനിന്നുയരുമ്പോള്‍ ചക്രങ്ങളുമുയരും.
20: അവ എവിടെപ്പോകണമെന്ന് ആത്മാവിച്ഛിച്ചുവോ അവിടെയെല്ലാം അവ പോയി. അവയോടൊപ്പം ചക്രങ്ങളും പോയി, എന്തെന്നാല്‍ ആ ജീവികളുടെ ആത്മാവ്, ആ ചക്രങ്ങളിലുണ്ടായിരുന്നു.
21: ജീവികള്‍ ചലിക്കുമ്പോള്‍ ചക്രങ്ങളും ചലിച്ചിരുന്നു. അവ നില്ക്കുമ്പോള്‍ ചക്രങ്ങളും നില്ക്കും. അവ ഭൂമിയില്‍നിന്നുയര്‍ന്നപ്പോള്‍ ചക്രങ്ങളുമുയര്‍ന്നു. കാരണം, ആ ജീവികളുടെയാത്മാവ് ആ ചക്രങ്ങളിലുണ്ടായിരുന്നു.
22: ആ ജീവികളുടെ തലയ്ക്കുമുകളില്‍ സ്ഫടികംപോലെതിളങ്ങുന്ന ഒരു വിതാനമുണ്ടായിരുന്നു. അതവയുടെ തലയ്ക്കു മുകളില്‍ വിരിഞ്ഞുനിന്നു.
23: അവയുടെ ചിറകുകള്‍ ആ വിതാനത്തിനുകീഴില്‍, ഒന്നിന്റെ ചിറക് അടുത്തതിന്റേതില്‍ സ്പര്‍ശിക്കുമാറു നിവര്‍ത്തിപ്പിടിച്ചിരുന്നു. അവയോരോന്നിനും തങ്ങളുടെ ശരീരം മറയ്ക്കുന്നതിന് ഈരണ്ടു ചിറകുകളുണ്ടായിരുന്നു.
24: അവ പറന്നപ്പോള്‍, അവയുടെ ചിറകുകളുടെ ശബ്ദം ഞാന്‍ കേട്ടു. അതു മലവെള്ളത്തിന്റെ ഇരമ്പൽപോലെയും സര്‍വ്വശക്തന്റെ ഗംഭീരനാദംപോലെയും സൈന്യത്തിന്റെ ആരവംപോലെയും മുഴക്കമുള്ളതായിരുന്നു. അവ, നിശ്ചലമായിനിന്നപ്പോള്‍, ചിറകുകള്‍ താഴ്ത്തിയിട്ടിരുന്നു.
25: അവയുടെ തലയ്ക്കുമുകളിലുള്ള വിതാനത്തിനുമുകളില്‍നിന്നൊരു സ്വരമുണ്ടായി. അവ നിശ്ചലമായിനിന്നപ്പോള്‍ ചിറകുകള്‍ താഴ്ത്തിയിട്ടിരുന്നു.
26: അവയുടെ തലയ്ക്കുമുകളിലുള്ള വിതാനത്തിനു മീതേ ഇന്ദ്രനീലക്കല്ലുപോലെയുള്ള ഒരു സിംഹാസനത്തിന്റെ രൂപമുണ്ടായിരുന്നു. മനുഷ്യന്റേതുപോലെയുള്ള ഒരു രൂപം അതിലിരിപ്പുണ്ടായിരുന്നു.
27: അവന്റെ അരക്കെട്ടുപോലെ തോന്നിച്ചിരുന്നതിന്റെ മുകള്‍ഭാഗം തിളങ്ങുന്ന ഓടുപോലെയും അഗ്നികൊണ്ടു പൊതിഞ്ഞിരുന്നാലെന്നപോലെയും കാണപ്പെട്ടു. താഴെയുള്ള ഭാഗം അഗ്നിപോലെ കാണപ്പെട്ടു.
28: അവനുചുററും പ്രകാശവുമുണ്ടായിരുന്നു. മഴയുള്ള ദിവസം, മേഘത്തില്‍ കാണപ്പെടുന്ന മഴവില്ലുപോലെയായിരുന്നു അവന്റെ ചുറ്റുമുണ്ടായിരുന്ന പ്രകാശം. കര്‍ത്താവിന്റെ മഹത്വത്തിന്റെ രൂപം കാണപ്പെട്ടതു് ഈ വിധത്തിലാണ്. ഇവ ദര്‍ശിച്ചമാത്രയില്‍ ഞാന്‍ കമിഴ്ന്നുവീണു. ആരോ സംസാരിക്കുന്ന സ്വരം ഞാന്‍ കേട്ടു.

അദ്ധ്യായം 2 

എസെക്കിയേലിന്റെ ദൗത്യം

1: അവനെന്നോടു പറഞ്ഞു: മനുഷ്യപുത്രാ, എഴുന്നേറ്റുനില്ക്കുക; എനിക്കു നിന്നോടു സംസാരിക്കാനുണ്ട്.
2: അവനെന്നോടു സംസാരിച്ചപ്പോള്‍ ആത്മാവെന്നില്‍ പ്രവേശിച്ചു്, എന്നെ കാലുകളിലുറപ്പിച്ചുനിറുത്തി. അവനെന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.
3: അവനെന്നോടു പറഞ്ഞു: മനുഷ്യപുത്രാ, ഇസ്രായേല്‍ജനത്തിന്റെയടുത്തേക്കു നിന്നെ ഞാനയയ്ക്കുന്നു - എന്നെയെതിര്‍ത്ത, നിഷേധികളുടെയടുത്തേക്ക്. അവരും അവരുടെ പിതാക്കന്മാരും ഇന്നേദിവസംവരെ എന്നെ ധിക്കരിച്ചവരാണ്.
4: അവര്‍ മര്‍ക്കടമുഷ്ടികളും കഠിനഹൃദയരുമാണ്. അവരുടെയടുത്തേക്കാണു നിന്നെ ഞാനയയ്ക്കുന്നതു്. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നുവെന്ന്, നീയവരോടു പറയുക.
5: അവര്‍ ധിക്കാരികളുടെ ഭവനമാണ്. അവര്‍ കേട്ടാലും കേള്‍ക്കാന്‍ വിസമ്മതിച്ചാലും അവരുടെയിടയിലൊരു പ്രവാചകനുണ്ടായിരുന്നെന്ന് അവരറിയും.
6: മനുഷ്യപുത്രാ, നീ അവരെയോ അവരുടെ വാക്കുകളെയോ ഭയപ്പെടേണ്ടാ. മുള്ളുകളും മുള്‍ച്ചെടികളും നിന്നോടൊപ്പമുണ്ടായേക്കാം. തേളുകളുടെമേല്‍ നിനക്കിരിക്കേണ്ടിവരാം. എന്നാലും നീ അവരുടെ വാക്കുകേട്ടു ഭയപ്പെടുകയോ നോട്ടംകണ്ടു പരിഭ്രമിക്കുകയോ വേണ്ട. കാരണം, അവര്‍ ധിക്കാരികളുടെ ഭവനമാണ്.
7: അവര്‍ കേട്ടാലുമില്ലെങ്കിലും എന്റെ വാക്കുകള്‍ നീയവരോടു പറയണം. കാരണം, അവര്‍ ധിക്കാരികളുടെ ഭവനമാണ്.
8: മനുഷ്യപുത്രാ, ഞാന്‍ നിന്നോടു പറയുന്നതു കേള്‍ക്കുക. ആ ധിക്കാരികളുടെ ഭവനത്തെപ്പോലെ നീയും ധിക്കാരിയാകരുതു്. ഞാന്‍ നിനക്കുതരുന്നതു വായ്‍തുറന്നു ഭക്ഷിക്കുക.
9: ഞാന്‍ നോക്കി. അതാ, നീട്ടിയ ഒരു കരവും അതിലൊരു ലേഖനച്ചുരുളും.
10: അവനതെന്റെ മുമ്പില്‍ വിടര്‍ത്തി. അതിന്റെ അകത്തും പുറത്തും എഴുതിയിരുന്നു. അതില്‍ വിലാപങ്ങളും പരിദേവനങ്ങളും ദുരിതങ്ങളും രേഖപ്പെടുത്തിയിരുന്നു.


അദ്ധ്യായം 3 

1: അവനെന്നോടു പറഞ്ഞു: മനുഷ്യപുത്രാ, നീ കാണുന്ന, ഈ ചുരുള്‍ ഭക്ഷിക്കുക. എന്നിട്ടുപോയി ഇസ്രായേല്‍ഭവനത്തോടു സംസാരിക്കുക.
2: ഞാന്‍ വായ്‍തുറന്നു. അവന്‍ ആ ചുരുളെനിക്കു ഭക്ഷിക്കാന്‍തന്നു.
3: അവന്‍ പറഞ്ഞു: മനുഷ്യപുത്രാ, ഞാന്‍തരുന്ന ഈ ചുരുള്‍ ഭക്ഷിച്ചു വയറുനിറയ്ക്കുക; ഞാനതു ഭക്ഷിച്ചു. എന്റെ വായില്‍ അതു തേന്‍പോലെ മധുരിച്ചു.
4: അവന്‍ വീണ്ടും പറഞ്ഞു: മനുഷ്യപുത്രാ, നീ ഇസ്രായേല്‍ഭവനത്തില്‍ച്ചെന്ന് എന്റെ വാക്കുകളവരെയറിയിക്കുക.
5: അന്യഭാഷയും ദുര്‍ഗ്രഹമായശൈലിയും ഉപയോഗിക്കുന്നവരുടെയടുത്തേക്കല്ല, ഇസ്രായേല്‍ഭവനത്തിലേക്കാണു നിന്നെ ഞാനയയ്ക്കുന്നതു്.
6: അന്യഭാഷയും ദുര്‍ഗ്രഹമായശൈലിയും കഠിനപദങ്ങളുമുപയോഗിക്കുന്ന ജനതകളുടെയടുത്തേക്കല്ല നിന്നെ ഞാനയയ്ക്കുന്നതു്. അങ്ങനെയുള്ളവരുടെയടുത്തേക്കായിരുന്നെങ്കില്‍ അവര്‍ തീര്‍ച്ചയായും നിന്റെ വാക്കു ശ്രവിക്കുമായിരുന്നു.
7: എന്നാല്‍, ഇസ്രായേല്‍ഭവനം നിന്റെ വാക്കു കേള്‍ക്കുകയില്ല. കാരണം, എന്റെ വാക്കുകേള്‍ക്കാനവര്‍ തയ്യാറല്ല, എന്തെന്നാല്‍ ഇസ്രായേല്‍ഭവനംമുഴുവന്‍ കടുത്ത നെറ്റിയും കഠിനഹൃദയവുമുള്ളവരാണ്.
8: നിന്റെ മുഖം, അവരുടെ മുഖങ്ങള്‍ക്കെതിരേയും നിന്റെ നെറ്റി, അവരുടെ നെറ്റികള്‍ക്കെതിരേയും ഞാന്‍ കഠിനമാക്കിയിരിക്കുന്നു.
9: തീക്കല്ലിനെക്കാള്‍ക്കടുപ്പമുള്ള വജ്രക്കല്ലുപോലെ, നിന്റെ നെറ്റി ഞാന്‍ കടുപ്പമുള്ളതാക്കിയിരിക്കുന്നു. നീയവരെ ഭയപ്പെടേണ്ടാ, അവരുടെ നോട്ടത്തില്‍ പരിഭ്രമിക്കുകയുംവേണ്ടാ. അവര്‍ ധിക്കാരികളുടെ ഭവനമാണ്.
10: അവന്‍ തുടര്‍ന്നു: മനുഷ്യപുത്രാ, ഞാന്‍ നിന്നോടു പറയുന്ന വാക്കുകള്‍ ചെവിതുറന്നുകേള്‍ക്കുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയുംചെയ്യുക.
11: നീ പ്രവാസികളുടെയടുത്തേക്ക്, നിന്റെ ജനത്തിന്റെയടുത്തേക്കുചെന്നു ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു എന്നു പറയുക. അവര്‍ കേള്‍ക്കുകയോ കേള്‍ക്കാതിരിക്കുകയോ ചെയ്യട്ടെ.
12: ആത്മാവെന്നെ മേല്പോട്ടുയര്‍ത്തി. കര്‍ത്താവിന്റെ മഹത്വം സ്വസ്ഥാനത്തുനിന്നുയര്‍ന്നപ്പോള്‍ വലിയ ഭൂകമ്പത്തിന്റേതുപോലെ ഒരു ശബ്ദം എന്റെ പിന്നില്‍ ഞാന്‍ കേട്ടു.
13: ആ ജീവികളുടെ ചിറകുകള്‍ പരസ്പരം സ്പര്‍ശിച്ചുണ്ടായ ശബ്ദവും അവയുടെ സമീപത്തുള്ള ചക്രങ്ങളുടെ ശബ്ദവുമാണു വലിയ ഭൂകമ്പത്തിന്റെ ശബ്ദംപോലെ ഞാന്‍ കേട്ടതു്.
14: ആത്മാവെന്നെ ഉയരത്തിലൂടെ വഹിച്ചുകൊണ്ടുപോയി. പര്യാകുലനും അമര്‍ഷംപൂണ്ടവനുമായിട്ടാണു ഞാന്‍ പോയതു്. എന്തെന്നാല്‍ ദൈവത്തിന്റെ കരം, എന്റെമേല്‍ ശക്തമായിരുന്നു.
15: തെല്‍-അബീബില്‍ കേബാര്‍നദീതീരത്തു വസിച്ചിരുന്ന പ്രവാസികളുടെയടുത്തു ഞാനെത്തി. അവരുടെയിടയില്‍ സ്തബ്ധനായി ഏഴുദിവസം ഞാന്‍കഴിച്ചു.
16: ഏഴുദിവസംകഴിഞ്ഞപ്പോൾ, എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
17: മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേല്‍ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീതു് അവരെയറിയിക്കണം.
18: തീര്‍ച്ചയായും നീ മരിക്കും എന്നു ദുഷ്ടനോടു ഞാന്‍ പറഞ്ഞിട്ടും നീയവനെ ശാസിക്കാതിരുന്നാല്‍, അവന്റെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി അവന്റെ ദുഷിച്ചവഴിയെപ്പറ്റി നീ താക്കീതുചെയ്യാതിരുന്നാല്‍, ആ ദുഷ്ടൻ, അവന്റെ പാപത്തില്‍ മരിക്കും; അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും.
19: നീ ദുഷ്ടനെ ശാസിച്ചിട്ടും അവന്‍ ദുഷ്ടതയില്‍നിന്നും ദുര്‍മാര്‍ഗ്ഗത്തില്‍നിന്നും പിന്മാറാതിരുന്നാല്‍ അവന്‍ തന്റെ പാപത്തില്‍ മരിക്കും. എന്നാല്‍, നീ നിന്റെ ജീവന്‍ രക്ഷിക്കും.
20: നീതിമാന്‍ തന്റെ നീതിവെടിഞ്ഞു തിന്മപ്രവര്‍ത്തിച്ചാല്‍ അവന്‍ വീഴാന്‍ ഞാനിടയാക്കും; അവന്‍ മരിക്കും. നീ അവനെ ശാസിക്കാതിരുന്നതിനാല്‍ അവന്‍ തന്റെ പാപംനിമിത്തം മരിക്കും. അവന്‍ ചെയ്തിട്ടുള്ള നീതിനിഷ്ഠമായ പ്രവൃത്തികളനുസ്മരിക്കപ്പെടുകയില്ല. അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും.
21: പാപംചെയ്യരുതെന്ന നിന്റെ താക്കീതുസ്വീകരിച്ചു്, നീതിമാനായ ഒരുവന്‍ പാപം ചെയ്യാതിരുന്നാല്‍, അവന്‍ തീര്‍ച്ചയായും ജീവിക്കും. കാരണം അവന്‍ താക്കീതു സ്വീകരിച്ചു. നീയും നിന്റെ ജീവനെ രക്ഷിക്കും.
22: അവിടെ കര്‍ത്താവിന്റെ കരം, എന്റെമേലുണ്ടായിരുന്നു. അവിടുന്ന് എന്നോടരുളിച്ചെയ്തു: എഴുന്നേറ്റു സമതലത്തിലേക്കു പോവുക. അവിടെവച്ചു ഞാന്‍ നിന്നോടു സംസാരിക്കും.
23: ഞാനെഴുന്നേറ്റു സമതലത്തിലേക്കു പോയി. ഇതാ, കര്‍ത്താവിന്റെ മഹത്വം അവിടെ നില്‍ക്കുന്നു. കേബാര്‍നദിയുടെ തീരത്തു ഞാന്‍കണ്ട മഹത്വംപോലെതന്നെ. ഞാന്‍ കമിഴ്ന്നുവീണു.
24: ആത്മാവെന്നില്‍ പ്രവേശിച്ചു്, എന്നെയെഴുന്നേല്പിച്ചുനിറുത്തി, എന്നോടു സംസാരിച്ചു. അവിടുന്നെന്നോടരുളിച്ചെയ്തു: നീ വീട്ടിൽപ്പോയി കതകടച്ചിരിക്കുക.
25: മനുഷ്യപുത്രാ, നീ ജനത്തിന്റെയടുത്തേക്കുചെല്ലാതിരിക്കാന്‍, നീ കയറുകൊണ്ടു വരിഞ്ഞുകെട്ടപ്പെടും.
26: നിന്റെ നാവിനെ ഞാനണ്ണാക്കിനോട് ഒട്ടിച്ചുനിര്‍ത്തും. അവരെ ശാസിക്കാനാവാത്തവിധം നിന്റെ നാവു ബന്ധിക്കപ്പെടും. കാരണം, അവര്‍ ധിക്കാരികളുടെ ഭവനമാണ്.
27: എന്നാല്‍, ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ നിന്റെ അധരങ്ങള്‍ തുറക്കപ്പെടും. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു എന്നു നീ അപ്പോളവരോടു പറയണം. കേള്‍ക്കുന്നവന്‍ കേള്‍ക്കട്ടെ. കേള്‍ക്കാന്‍ മനസ്സില്ലാത്തവന്‍ കേള്‍ക്കാതിരിക്കട്ടെ. അവര്‍ ധിക്കാരികളുടെ ഭവനമാണ്.

അദ്ധ്യായം 4 

ഉപരോധവും പ്രവാസവും പ്രതീകങ്ങളില്‍
1: മനുഷ്യപുത്രാ, നീ ഒരിഷ്ടികയെടുത്തു മുമ്പില്‍വച്ചു്, അതില്‍ ജറുസലെംപട്ടണത്തിന്റെ പടം വരയ്ക്കുക.
2: അതിനെതിരേ ഉപരോധമേര്‍പ്പെടുത്തുക. ഒരു കോട്ടയും മണ്‍തിട്ടയുമുയര്‍ത്തുക. ചുററും പാളയംപണിയുക. എല്ലായിടത്തും യന്ത്രമുട്ടി സ്ഥാപിക്കുക.
3: ഒരിരുമ്പു തകിടെടുത്തു നിനക്കും പട്ടണത്തിനുംമദ്ധ്യേ ഇരുമ്പുമതിലെന്നപോലെ സ്ഥാപിക്കുക. അതിനഭിമുഖമായി നില്ക്കുക. നീ, അതിനെയാക്രമിക്കാന്‍പോവുകയാണ്. ഉപരോധം ബലപ്പെടുത്തുക. ഇതു് ഇസ്രായേല്‍ഭവനത്തിന് അടയാളമായിരിക്കും.
4: നീ ഇടത്തുവശം ചരിഞ്ഞുകിടക്കുക. ഇസ്രായേല്‍ഭവനത്തിന്റെ പാപം ഞാന്‍ നിന്റെമേല്‍ച്ചുമത്തും. അങ്ങനെ നീ കിടക്കുന്നിടത്തോളംനാൾ അവരുടെ പാപഭാരം നീ ചുമക്കും.
5: ഞാന്‍ നിനക്കായി നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളുടെ എണ്ണം അവരുടെ ദുഷ്ടതയുടെ വത്സരങ്ങള്‍ക്കനുസരിച്ചാണ് - മുന്നൂറ്റിത്തൊണ്ണൂറു ദിവസം. ഇസ്രായേല്‍ഭവനത്തിന്റെ പാപഭാരം അത്രയുംനാള്‍ നീ വഹിക്കണം.
6: അതു പൂര്‍ത്തിയാക്കിയശേഷം നീ വലത്തുവശംചരിഞ്ഞു കിടക്കുക. യൂദാഭവനത്തിന്റെയും പാപഭാരം നീ വഹിക്കണം. ഒരു വര്‍ഷത്തിന് ഒരു ദിവസംവച്ചു്, നാല്പതുദിവസം നിനക്കായി ഞാന്‍ നിശ്ചയിച്ചിരിക്കുന്നു.
7: നീ ജറുസലെമിന്റെ ഉപരോധത്തിനുനേരേ മുഖംതിരിക്കുക. നിന്റെ കൈ നഗ്നമാക്കിക്കൊണ്ടു നഗരത്തിനെതിരായി പ്രവചിക്കണം.
8: നിന്റെ ഉപരോധത്തിന്റെ ദിനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ നീ ഒരുവശത്തുനിന്നു മറുവശത്തേക്കു തിരിയാതിരിക്കാന്‍, ഇതാ നിന്നെ ഞാന്‍ കയറുകൊണ്ടു വരിഞ്ഞുകെട്ടുന്നു.
9: ഗോതമ്പ്, ബാര്‍ലി, പയര്‍, തുവര, തിന, ചോളം എന്നിവ ഒരു പാത്രത്തിലെടുത്തു്, അതുകൊണ്ട് അപ്പമുണ്ടാക്കുക. നീ വശംചരിഞ്ഞുകിടക്കുന്ന കാലംമുഴുവന്‍, മുന്നൂറ്റിത്തൊണ്ണൂറു ദിവസവും അതു ഭക്ഷിക്കണം.
10: ഒരു ദിവസം നീ ഇരുപതു ഷെക്കല്‍മാത്രമേ ഭക്ഷിക്കാവൂ. അതു പലപ്രാവശ്യമായി കഴിക്കണം.
11: വെള്ളവും അളവനുസരിച്ചേ കുടിക്കാവൂ. ഒരു ഹിന്നിന്റെ ആറിലൊന്നു പലപ്രാവശ്യമായി കുടിക്കുക.
12: ബാര്‍ലിയപ്പംപോലെവേണം നീയതു ഭക്ഷിക്കാന്‍. അവരുടെ കണ്മുമ്പില്‍വച്ചു് മനുഷ്യമലംകൊണ്ടുവേണം അതു ചുട്ടെടുക്കാന്‍.
13: കര്‍ത്താവരുളിച്ചെയ്തു: ഞാന്‍ ചിതറിക്കുന്ന ഇടങ്ങളില്‍, വിജാതീയരുടെയിടയില്‍, ഇസ്രായേല്‍മക്കള്‍ ഇതുപോലെ അശുദ്ധമായ അപ്പം ഭക്ഷിക്കും.
14: ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, ഞാനൊരിക്കലും എന്നെ മലിനപ്പെടുത്തിയിട്ടില്ല. ചെറുപ്പംമുതലിന്നുവരെ ഞാനൊരിക്കലും ചത്തതോ വന്യമൃഗങ്ങള്‍ കൊന്നതോ ആയ ഒന്നിനെയും ഭക്ഷിച്ചിട്ടില്ല; ചീഞ്ഞമാംസം ഞാനൊരിക്കലും രുചിച്ചിട്ടില്ല.
15: കര്‍ത്താവെന്നോടരുളിച്ചെയ്തു: ഇതാ, അപ്പം ചുടുന്നതിനു മനുഷ്യമലത്തിനുപകരം പശുവിന്‍ചാണകമുപയോഗിക്കാന്‍ നിന്നെ ഞാനനുവദിക്കുന്നു:
16: അവിടുന്നു തുടര്‍ന്നു: മനുഷ്യപുത്രാ, ജറുസലെമില്‍ അപ്പത്തിന്റെ അളവു ഞാന്‍ കുറയ്ക്കും. അവര്‍ ഭയത്തോടെ, അപ്പം തൂക്കിഭക്ഷിക്കുകയും പരിഭ്രാന്തിയോടെ, വെള്ളം അളന്നുകുടിക്കുകയുംചെയ്യും.
17: അങ്ങനെ അവര്‍ക്ക് അപ്പവും വെള്ളവുമില്ലാതാവുകയും അവര്‍ പരിഭ്രാന്തിയോടെ പരസ്പരംനോക്കുകയും അവരുടെ ദുഷ്‌കൃത്യങ്ങള്‍മൂലം നശിച്ചുപോവുകയുംചെയ്യും.

ഇരുനൂറ്റിമുപ്പത്തിയഞ്ചാംദിവസം: ബാറൂക്ക് 4 - 6

അദ്ധ്യായം 4

1: ദൈവകല്പനകളുടെ പുസ്തകവും ശാശ്വതമായ നിയമവും അവളാണ്. അവളോടു ചേര്‍ന്നുനില്‍ക്കുന്നവന്‍ ജീവിക്കും. അവളെയുപേക്ഷിക്കുന്നവന്‍ മരിക്കും. 
2: യാക്കോബേ, മടങ്ങിവന്ന് അവളെ സ്വീകരിക്കുക. അവളുടെ പ്രകാശത്തിന്റെ പ്രഭയിലേക്കു നടക്കുക. 
3: നിന്റെ മഹത്വം അന്യനോ, നിന്റെ പ്രത്യേക അവകാശം വിദേശിക്കോ കൊടുക്കരുത്. ഇസ്രയേലേ, നമ്മള്‍ സന്തുഷ്ടരാണ്. 
4: എന്തെന്നാല്‍, ദൈവത്തിനു പ്രീതികരമായവയെന്തെന്ന്, നമുക്കറിയാം. 

ജറുസലെമിന്റെ യാതന 
5: ഇസ്രായേലിന്റെ സ്മാരകമേ, എന്റെ ജനമേ, ധൈര്യമായിരിക്കുക. 
6: നിങ്ങളെ ജനതകള്‍ക്കു വിറ്റതു നശിപ്പിക്കാനായിരുന്നില്ല. ദൈവത്തെ കോപിപ്പിച്ചതിനാലാണു നിങ്ങളെ ശത്രുകരങ്ങളിലേല്പിച്ചത്. 
7: ദൈവത്തിനുപകരം പിശാചുകള്‍ക്കു ബലിയര്‍പ്പിച്ചുകൊണ്ടു നിങ്ങളുടെ സ്രഷ്ടാവിനെ നിങ്ങള്‍ പ്രകോപിപ്പിച്ചു. 
8: നിങ്ങളെ പരിപാലിച്ച നിത്യനായ ദൈവത്തെ നിങ്ങള്‍ വിസ്മരിച്ചു. നിങ്ങളെ പോറ്റിയ ജറുസലെമിനെ നിങ്ങള്‍ വേദനയിലാഴ്ത്തി. 
9: ദൈവത്തില്‍ നിന്നു നിങ്ങളുടെ മേല്‍ നിപതിച്ച ക്രോധം കണ്ട് അവള്‍ പറഞ്ഞു: സീയോന്റെ അയല്‍വാസികളേ, ശ്രവിക്കുവിന്‍. ദൈവമെനിക്കു വലിയ സങ്കടം വരുത്തിയിരിക്കുന്നു. 
10: നിത്യനായവന്‍ എന്റെ പുത്രന്മാരുടെയും പുത്രിമാരുടെയുംമേല്‍ വരുത്തിയ അടിമത്തം ഞാന്‍ കണ്ടു. 
11: സന്തോഷത്തോടെ ഞാനവരെ വളര്‍ത്തി. എന്നാല്‍ ദുഃഖത്തോടും വിലാപത്തോടുംകൂടെ ഞാനവരെ പറഞ്ഞയച്ചു. 
12: അനേകം മക്കള്‍ നഷ്ടപ്പെട്ട വിധവയായ എന്നെക്കുറിച്ച് ആരും സന്തോഷിക്കാതിരിക്കട്ടെ. എന്റെ മക്കളുടെ പാപങ്ങള്‍നിമിത്തം ഞാന്‍ ഏകാകിനിയായിത്തീര്‍ന്നു; അവര്‍ ദൈവത്തിന്റെ നിയമത്തില്‍നിന്നു വ്യതിചലിച്ചു. 
13: അവിടുത്തെ നിയമങ്ങളെ അവരാദരിച്ചില്ല. ദൈവകല്പനകളുടെ മാര്‍ഗ്ഗത്തില്‍ അവര്‍ ചരിച്ചില്ല. അവിടുത്തെ നീതിയുടെ ശിക്ഷണത്തിന്റെ പാത അവര്‍ പിന്‍ചെന്നില്ല. 
14: സീയോന്റെ അയല്‍ക്കാര്‍വന്ന്, എന്റെ പുത്രന്മാരുടെമേലും പുത്രിമാരുടെമേലും നിത്യനായവന്‍വരുത്തിയ അടിമത്തം കാണട്ടെ. 
15: അവിടുന്ന്, അവര്‍ക്കെതിരേ വിദേശത്തുനിന്ന് ഒരു ജനതയെ, നിര്‍ലജ്ജരും, അന്യഭാഷസംസാരിക്കുന്നവരും വൃദ്ധന്മാരോടു ബഹുമാനമോ ശിശുക്കളോടു കരുണയോ ഇല്ലാത്തവരുമായ ജനതയെ, കൊണ്ടുവന്നു. 
16: വിധവയുടെ പ്രിയപുത്രന്മാരെ അവര്‍ പിടിച്ചുകൊണ്ടുപോയി. പുത്രിമാരെ അപഹരിച്ച് എന്നെ ഏകാകിനിയാക്കി. 
17: നിങ്ങളെ സഹായിക്കാന്‍ എനിക്കെങ്ങനെ കഴിയും? 
18: നിങ്ങളുടെമേല്‍ ഈ നാശം വരുത്തിയവന്‍തന്നെ നിങ്ങളെ ശത്രുക്കളില്‍നിന്നു മോചിപ്പിക്കട്ടെ. എന്റെ മക്കളേ, പോകുവിന്‍. 
19: ഞാന്‍ ഏകാന്തതയില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. 
20: ഞാന്‍ സമാധാനത്തിന്റെ അങ്കി മാറ്റി, യാചനയുടെ ചാക്കുടുത്തു. ജീവിതകാലംമുഴുവന്‍ ഞാന്‍ നിത്യനായവനോടു നിലവിളിക്കും. 

ജറുസലെമിനു പ്രതീക്ഷ 
21: എന്റെ മക്കളേ, ധൈര്യമായിരിക്കുവിന്‍. ദൈവത്തെ വിളിച്ചപേക്ഷിക്കുവിന്‍. ശത്രുകരങ്ങളില്‍നിന്നും അവരുടെ ശക്തിയില്‍നിന്നും അവിടുന്നു നിങ്ങളെ മോചിപ്പിക്കും. 
22: നിങ്ങളെ രക്ഷിക്കുമെന്ന പ്രത്യാശ ഞാന്‍ നിത്യനായവനിലര്‍പ്പിച്ചിരിക്കുന്നു. പരിശുദ്ധനായവനില്‍ നിന്ന് എനിക്കാനന്ദം കൈവന്നിരിക്കുന്നു, എന്തെന്നാല്‍, നിങ്ങളുടെ നിത്യരക്ഷകനില്‍ നിന്നു നിങ്ങള്‍ക്ക് ഉടന്‍ കാരുണ്യം ലഭിക്കും. 
23: ഞാന്‍ നിങ്ങളെ ദുഃഖത്തോടും വിലാപത്തോടുംകൂടെ അയച്ചു. ആഹ്ലാദത്തോടും സന്തോഷത്തോടുംകൂടെ എനിക്കു നിങ്ങളെ ദൈവം എന്നേയ്ക്കുമായി തിരികെ നല്‍കും. 
24: സീയോന്റെ അയല്‍ക്കാര്‍ നിങ്ങളുടെ അടിമത്തം ഇപ്പോള്‍ കണ്ടതുപോലെതന്നെ ദൈവം നിങ്ങള്‍ക്കു നല്‍കുന്ന രക്ഷ അവരുടന്‍ കാണും. മഹാപ്രതാപത്തോടും, നിത്യനായവന്റെ തേജസ്സോടുംകൂടെ അതു നിങ്ങള്‍ക്കു ലഭിക്കും. 
25: എന്റെ മക്കളേ, ദൈവത്തില്‍നിന്നു നിങ്ങളുടെമേല്‍ വന്ന ക്രോധം ക്ഷമാപൂര്‍വ്വം സഹിക്കുവിന്‍. നിങ്ങളുടെ ശത്രു നിങ്ങളെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അവരുടെ നാശം നിങ്ങളുടന്‍ കാണും. അവരുടെ കഴുത്തു നിങ്ങള്‍ ചവിട്ടിമെതിക്കും. 
26: എന്റെ പിഞ്ചോമനകള്‍ പരുപരുത്ത പാതയിലൂടെ സഞ്ചരിച്ചു; ആട്ടിന്‍കൂട്ടത്തെയെന്നപോലെ ശത്രുക്കളവരെയപഹരിച്ചു. 
27: എന്റെ മക്കളേ, ധൈര്യമായിരിക്കുവിന്‍. ദൈവത്തെ വിളിച്ചപേക്ഷിക്കുവിന്‍. ഇതു നിങ്ങളുടെമേല്‍വരുത്തിയ, അവിടുന്നു നിങ്ങളെ സ്മരിക്കും. 
28: ദൈവത്തില്‍നിന്നകലാന്‍ കാണിച്ചതിന്റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവന്ന്, അവിടുത്തെത്തേടുവിന്‍. 
29: എന്തെന്നാല്‍, നിങ്ങളുടെമേല്‍ ഈ അനര്‍ത്ഥങ്ങള്‍ വരുത്തിയവന്‍തന്നെ നിങ്ങള്‍ക്കു രക്ഷയും നിത്യാനന്ദവും നല്‍കും. 
30: ജറുസലെമേ, ധൈര്യമായിരിക്കുക. നിനക്കു പേരിട്ടവന്‍തന്നെ നിനക്കാശ്വാസമരുളും. 
31: നിന്നെ പീഡിപ്പിച്ചവനും നിന്റെ വീഴ്ചയില്‍ സന്തോഷിച്ചവനും ദുരിതമനുഭവിക്കും. 
32: നിന്റെ മക്കളെ അടിമകളാക്കിയ പട്ടണങ്ങള്‍ ദുരിതമനുഭവിക്കും. നിന്റെ പുത്രന്മാരെ വാങ്ങിയ നഗരവും 
33: നിന്റെ പതനത്തില്‍ സന്തോഷിക്കുകയും നിന്റെ നാശത്തില്‍ ആഹ്ലാദിക്കുകയുംചെയ്തതുപോലെ അവള്‍ സ്വന്തം നാശത്തില്‍ ദുഃഖിക്കും. 
34: ജനത്തിന്റെ ബാഹുല്യത്തില്‍ അവള്‍ക്കുള്ള അഹങ്കാരം ഞാനില്ലാതാക്കും. അവളുടെ ഗര്‍വ്വിനെ സന്താപമാക്കിത്തീര്‍ക്കും. 
35: നിത്യനായവനില്‍നിന്ന്, അവളുടെമേല്‍ വളരെക്കാലത്തേക്ക് അഗ്നിയിറങ്ങും. ദീര്‍ഘകാലത്തേക്കു പിശാചുക്കളവളില്‍ വസിക്കും. 
36: ജറുസലെമേ, കിഴക്കോട്ടു നോക്കുക. ദൈവത്തില്‍നിന്നു നിനക്കു ലഭിക്കുന്ന ആനന്ദം കണ്ടാലും. 
37: ഇതാ, നീ പറഞ്ഞയച്ച നിന്റെ സന്തതികള്‍ വരുന്നു. പരിശുദ്ധനായവന്റെ കല്പനയനുസരിച്ചു കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ശേഖരിക്കപ്പെട്ട അവര്‍, ദൈവമഹത്വത്തിലാനന്ദിച്ചുകൊണ്ട്, ഇതാ വരുന്നു.
 
അദ്ധ്യായം 5

1: ജറുസലെം, നീ ദുഃഖത്തിന്റെയും പീഡനത്തിന്റെയും വസ്ത്രംമാറ്റി ദൈവത്തില്‍നിന്നുള്ള മഹത്വത്തിന്റെ സൗന്ദര്യം എന്നേക്കുമായണിയുക. 
2: ദൈവത്തില്‍നിന്നുള്ള നീതിയുടെ മേലങ്കി ധരിക്കുക. നിത്യനായവന്റെ മഹത്വത്തിന്റെ കിരീടം ശിരസ്സിലണിയുക. 
3: ആകാശത്തിനു കീഴില്‍ എല്ലായിടത്തും ദൈവം നിന്റെ തേജസ്സു വെളിപ്പെടുത്തും. 
4: നീതിയുടെ സമാധാനവും ഭക്തിയുടെ മഹത്വവുമെന്നു ദൈവം എന്നേക്കുമായി നിന്നെ പേരു വിളിക്കും. 
5: ജറുസലെം, ഉണരുക; ഉയരത്തില്‍നിന്നു കിഴക്കോട്ടു നോക്കുക. പരിശുദ്ധനായവന്റെ കല്പനയനുസരിച്ച്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ശേഖരിക്കപ്പെട്ട നിന്റെ മക്കളെ കാണുക. ദൈവം നിന്നെ സ്മരിച്ചതില്‍ അവരാനന്ദിക്കുന്നു. 
6: ശത്രുക്കള്‍ അവരെ നിന്നില്‍നിന്നു വേര്‍പെടുത്തി നടത്തിക്കൊണ്ടുപോയി. എന്നാല്‍ദൈവം അവരെ സിംഹാസനത്തിലെന്നപോലെ മഹത്വത്തില്‍ സംവഹിച്ചു നിന്നിലേക്കു മടക്കിക്കൊണ്ടുവരും. 
7: ഉന്നതഗിരികളും ശാശ്വതശൈലങ്ങളും ഇടിച്ചുനിരത്താനും താഴ്‌വരകള്‍ നികത്തി നിരപ്പുള്ളതാക്കാനും ദൈവം കല്പിച്ചിരിക്കുന്നു. അങ്ങനെ ഇസ്രായേല്‍ ദൈവത്തിന്റെ മഹത്വത്തില്‍ സുരക്ഷിതരായിനടക്കും. 
8: ദൈവത്തിന്റെ കല്പനയനുസരിച്ച് വനങ്ങളും സുഗന്ധവൃക്ഷങ്ങളും ഇസ്രായേലിനു തണലേകി. 
9: തന്നില്‍നിന്നുവരുന്ന നീതിയും കാരുണ്യവുംകൊണ്ടു ദൈവം സന്തോഷപൂര്‍വ്വം ഇസ്രായേലിനെ തന്റെ മഹത്വത്തിന്റെ പ്രകാശത്തില്‍ നയിക്കും. അവിടുത്തെ കാരുണ്യവും നീതിയും അവര്‍ക്കകമ്പടി സേവിക്കും.

അദ്ധ്യായം 6

ജറെമിയായുടെ ലേഖനം 

1: ബാബിലോണ്‍ രാജാവ് അടിമകളാക്കി ബാബിലോണിലേക്കു കൊണ്ടുപോകാനിരുന്നവര്‍ക്ക്, ജറെമിയാ അയച്ച എഴുത്തിന്റെ പകര്‍പ്പ്; ദൈവം തന്നോടുകല്പിച്ച സന്ദേശം അവരെയ റിയിക്കാനായിരുന്നു ഇത്. 
2: ദൈവസന്നിധിയില്‍ നിങ്ങള്‍ചെയ്ത പാപംനിമിത്തം ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ നിങ്ങളെ ബാബിലോണിലേക്കു തടവുകാരായിക്കൊണ്ടുപോകും. 
3:അതുകൊണ്ടു നിങ്ങള്‍ക്കു ബാബിലോണിലെത്തി ദീര്‍ഘകാലം, ഏഴുതലമുറവരെ അവിടെത്താമസിക്കേണ്ടിവരും. അതിനുശേഷം ഞാന്‍ നിങ്ങളെ അവിടെനിന്നു സമാധാനത്തില്‍ തിരിച്ചുകൊണ്ടുവരും. 
4: നിങ്ങള്‍ ബാബിലോണില്‍ വെള്ളി, സ്വര്‍ണ്ണം, മരം എന്നിവകൊണ്ടു നിര്‍മ്മിച്ച ദേവന്മാരെക്കാണും. മനുഷ്യനവയെ തോളില്‍ച്ചുമക്കുന്നു. 
5: ജനതകളവയെ ഭയപ്പെടുന്നു. ജനതകളെപ്പോലെയാകാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഈ ദേവന്മാരുടെ മുമ്പിലും പിമ്പിലുംനിന്നു ജനക്കൂട്ടം ആരാധിക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ക്കവയോടു ഭയംതോന്നരുത്. 
6: എന്നാല്‍ നിങ്ങള്‍ ഹൃദയത്തില്‍പ്പറയണം: കര്‍ത്താവേ, അങ്ങയെയാണ് ഞങ്ങളാരാധിക്കേണ്ടത്. 
7: എന്റെ ദൂതന്‍ നിങ്ങളുടെകൂടെയുണ്ട്. അവന്‍ നിങ്ങളുടെ ജീവന്‍ കാത്തുസൂക്ഷിക്കുന്നു. 
8: ശില്പികള്‍ മിനുക്കിയെടുത്തതാണ് അവയുടെ നാവുകള്‍. സ്വര്‍ണ്ണവും വെള്ളിയും പൊതിഞ്ഞതാണ് ഈ വിഗ്രഹങ്ങള്‍. സംസാരിക്കാന്‍കഴിവില്ലാത്ത വ്യാജദേവന്മാരാണവ. 
9: ആഡംബരഭ്രമമുള്ള യുവതികളെയെന്നപോലെ, അവയെ അവര്‍ സുവര്‍ണ്ണകിരീടമണിയിക്കുന്നു. 
10: പുരോഹിതന്മാര്‍ ചിലപ്പോഴൊക്കെ ഈ ദേവന്മാരില്‍നിന്നു സ്വര്‍ണ്ണവും വെള്ളിയും രഹസ്യമായെടുത്തു സ്വന്തകാര്യങ്ങള്‍ക്കുപയോഗിക്കുന്നു. 
11: അതില്‍നിന്ന് ഉള്ളറയിലെ വേശ്യകള്‍ക്കുപോലും കൊടുക്കുന്നു. സ്വര്‍ണ്ണവും വെള്ളിയും മരവുംകൊണ്ടു നിര്‍മ്മിച്ച ഈ ദേവന്മാരെ അവര്‍ മനുഷ്യരെയെന്നപോലെ വസ്ത്രങ്ങളണിയിക്കുന്നു. 
12: തുരുമ്പുപിടിക്കാതെയോ ചെതുക്കിച്ചുപോകാതെയോ തന്നത്താന്‍ രക്ഷിക്കാന്‍ അവയ്ക്കൊന്നിനും സാദ്ധ്യമല്ല. 
13: രക്താംബരമണിയിക്കുമ്പോള്‍, അവയുടെ മുഖത്തു കട്ടപിടിച്ചിരിക്കുന്ന ക്ഷേത്രത്തിലെ പൊടി, തുടച്ചുമാറ്റേണ്ടിവരുന്നു. 
14: ദേശാധിപതികളെപ്പോലെ അവ ചെങ്കോല്‍ പിടിക്കുന്നു. എന്നാല്‍ തങ്ങളെ ധിക്കരിക്കുന്നവനെ നശിപ്പിക്കാന്‍ അവയ്ക്കു കഴിവില്ല. 
15: അതിന്റെ വലത്തുകൈയില്‍ കഠാരിയുണ്ട്; കോടാലിയുമുണ്ട്. എന്നാല്‍ യുദ്ധങ്ങളില്‍നിന്നോ കവര്‍ച്ചയില്‍നിന്നോ തന്നെത്തന്നെ രക്ഷിക്കാന്‍ അതിനു കഴിവില്ല. 
16: അതുകൊണ്ട് അവ ദേവന്മാരല്ലെന്നു വ്യക്തമാണ്. അവയെ ഭയപ്പെടേണ്ടാ. 
17: ഉപയോഗശൂന്യമായ പൊട്ടപ്പാത്രങ്ങള്‍പോലെയാണു വിജാതീയരുടെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവന്മാര്‍. അവിടെ പ്രവേശിക്കുന്നവര്‍ പറത്തുന്ന പൊടികൊണ്ട് അവയുടെ കണ്ണുകള്‍ മൂടിയിരിക്കുന്നു. 
18: രാജദ്രോഹത്തിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടുകിടക്കുന്നവനെ എല്ലാവശത്തുനിന്നും വാതിലടച്ചു സൂക്ഷിക്കുന്നതുപോലെ വിഗ്രഹങ്ങള്‍ കള്ളന്മാര്‍ അപഹരിക്കാതിരിക്കാന്‍ പുരോഹിതന്മാര്‍ വാതിലുകളും താഴുകളും ഓടാമ്പലുകളുംകൊണ്ടു ക്ഷേത്രം സുരക്ഷിതമാക്കുന്നു. 
19: തങ്ങള്‍ക്ക് ആവശ്യമുളളതിലുംകൂടുതല്‍ വിളക്കുകള്‍ അവര്‍ ദേവന്മാര്‍ക്കുവേണ്ടിക്കത്തിക്കുന്നു. എന്നാല്‍, അവയിലൊന്നുപോലും കാണാന്‍ ദേവന്മാര്‍ക്കു കഴിവില്ല. 
20: അവ ക്ഷേത്രത്തിന്റെ തുലാത്തിനു തുല്യമാണ്. 
21: ഭൂമിയിലെക്കീടങ്ങള്‍ അവയെയും അവയുടെ വസ്ത്രങ്ങളെയും തിന്നുനശിപ്പിക്കുമ്പോള്‍ അവയുടെ ഹൃദയമുരുകിയതാണതെന്നു മനുഷ്യര്‍ പറയുന്നു. ക്ഷേത്രത്തിലെ പുകകൊണ്ടു തങ്ങളുടെ മുഖമിരുണ്ടുപോയത് അവയറിയുന്നില്ല. 
22: വവ്വാലുകളും, മീവല്‍ പക്ഷികളും പറവകളുംവന്ന്, അവയുടെ ശരീരത്തിലും ശിരസ്സിലുമിരിക്കുന്നു; അതുപോലെതന്നെ പൂച്ചകളും. 
23: ഇതില്‍നിന്ന് അവ ദേവന്മാരല്ലെന്നു നിങ്ങള്‍ക്കു മനസ്സിലാക്കാം. അവയെ ഭയപ്പെടേണ്ടാ. 
24: അലങ്കാരത്തിനായി അവ ധരിക്കുന്ന സ്വര്‍ണ്ണത്തില്‍പ്പറ്റിയ അഴുക്കുതുടച്ചില്ലെങ്കില്‍ അവ തിളങ്ങുകയില്ല. വാര്‍ത്തെടുക്കുമ്പോള്‍പോലും അവയ്ക്ക് ഒരു വികാരവുമില്ലായിരുന്നു. അവയെ എന്തു വിലയ്ക്കും വാങ്ങാം. 
25: പക്ഷേ, അവയ്ക്കു ജീവനില്ല. 
26: കാലുകളില്ലാത്തതിനാല്‍ അവ മനുഷ്യന്റെ തോളുകളില്‍ വഹിക്കപ്പെടുന്നു. അങ്ങനെ മനുഷ്യവര്‍ഗ്ഗത്തിന് അവയുടെ നിസ്സാരത വ്യക്തമാകുന്നു. 
27: അവയെയാരാധിക്കുന്നവര്‍ ലജ്ജിതരാകുന്നു. എന്തെന്നാല്‍ അവരാണ് അവയെ ഉറപ്പിച്ചുനിറുത്തുന്നത്. അല്ലെങ്കില്‍ അവ വീണുപോകും. നിലത്തു നാട്ടിനിറുത്തിയാല്‍ അവയ്ക്കു തന്നെത്താന്‍ ചലിക്കാന്‍ കഴിവില്ല. മറിച്ചിട്ടാല്‍ അവയ്ക്കു നേരേനില്‍ക്കാനാവില്ല. മരിച്ചവരുടെ മുമ്പിലെന്നപോലെയാണ് അവയുടെ മുമ്പില്‍ കാഴ്ചകളര്‍പ്പിക്കുന്നത്. 
28: ഈ ദേവന്മാര്‍ക്കു കാഴ്ചവയ്ക്കുന്ന ബലിവസ്തുക്കള്‍ പുരോഹിതന്മാര്‍ വിറ്റ്, ആ പണമുപയോഗിക്കുന്നു. അതുപോലെ അവരുടെ ഭാര്യമാരും കുറെയെടുത്ത്, ഉപ്പിട്ടുസൂക്ഷിക്കുന്നു. ദരിദ്രര്‍ക്കോ നിസ്സഹായര്‍ക്കോ ഒന്നുംകൊടുക്കുന്നില്ല. 
29: ആര്‍ത്തവകാലത്തും പ്രസവാനന്തരവും സ്ത്രീകള്‍ ആ ബലിവസ്തുക്കളെ സ്പര്‍ശിക്കുന്നു. ഇക്കാരണങ്ങളാല്‍ അവ ദേവന്മാരല്ലെന്നു നിങ്ങളറിയുന്നു. അവയെ ഭയപ്പെടേണ്ടാ. 
30: അവയെയെന്തിനു ദേവന്മാരെന്നു വിളിക്കണം? സ്വര്‍ണ്ണവും വെള്ളിയും മരവുംകൊണ്ടുള്ള അവയ്ക്കു സ്ത്രീകള്‍ ഭക്ഷണംവിളമ്പുന്നു. 
31: അവയുടെ ക്ഷേത്രങ്ങളില്‍ പുരോഹിതന്മാര്‍ കീറിയവസ്ത്രങ്ങള്‍ ധരിച്ചും താടിയും തലയും ക്ഷൗരംചെയ്തും ശിരസ്സുമറയ്ക്കാതെയുമിരിക്കുന്നു. 
32: മരിച്ചവനുവേണ്ടിയുള്ള അടിയന്തിരത്തില്‍ ചിലര്‍ ചെയ്യാറുള്ളതുപോലെ, അവയുടെമുമ്പില്‍ അവരലറുകയും മുറവിളികൂട്ടുകയുംചെയ്യുന്നു. 
33: ഭാര്യമാരെയും മക്കളെയുമണിയിക്കാനായി, പുരോഹിതന്മാര്‍ തങ്ങളുടെ ദേവന്മാരുടെ വസ്ത്രങ്ങളില്‍ ചിലതെടുക്കുന്നു. 
34: അവയോടു നന്മചെയ്താലും തിന്മചെയ്താലും പ്രതിഫലംനല്‍കാന്‍ അവയ്ക്കു കഴിവില്ല. രാജാവിനെ നിയമിക്കാനോ സ്ഥാനഭ്രഷ്ടനാക്കാനോ അവയ്ക്കു സാധിക്കുകയില്ല. 
35: അതുപോലെതന്നെ സമ്പത്തോ പണമോ നല്‍കാന്‍ അവയ്ക്കു കഴിവില്ല. ആരെങ്കിലും അവയോടു ശപഥംചെയ്തിട്ട്, അനുഷ്ഠിക്കാതിരുന്നാല്‍ അതീടാക്കാന്‍ അവയ്ക്കു സാധിക്കുകയില്ല. 
36: മരണത്തില്‍നിന്നു മോചിപ്പിക്കാനോ ബലവാനില്‍നിന്നു ദുര്‍ബ്ബലനെ രക്ഷിക്കാനോ അവയ്ക്കു കഴിയുകയില്ല. 
37: അന്ധനു കാഴ്ചനല്‍കാനോ ആകുലതയില്‍നിന്ന് ഒരുവനെ വിമുക്തനാക്കാനോ അവയ്ക്കു സാധിക്കുകയില്ല. 
38: വിധവയോടു കാരുണ്യംകാണിക്കാനോ, അനാഥനു നന്മചെയ്യാനോ, അവയ്ക്കു കഴിവില്ല. 
39: തടികൊണ്ടു നിര്‍മ്മിക്കുകയും, സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടു പൊതിയുകയുംചെയ്തിരിക്കുന്ന ഈ ദേവന്മാര്‍ പര്‍വ്വതങ്ങളിലെ കല്ലുകള്‍ക്കു സമാനമാണ്. അവയെ ആരാധിക്കുന്നവര്‍ ലജ്ജിതരാകും. 
40: എന്നിട്ടും അവ ദേവന്മാരാണെന്നു കരുതുകയും അപ്രകാരം അവയെ വിളിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? ഇതിനു പുറമേ, കല്‍ദായര്‍പോലും അവയെ അവഹേളിക്കുന്നു. 
41: അവര്‍ ഊമനെക്കണ്ടാല്‍ ബാലിന്റെയടുത്തുകൊണ്ടുവന്ന്, അവനു സംസാരശക്തി നല്‍കണമെന്നു പ്രാര്‍ത്ഥിക്കുന്നു. ബാലിനു ഗ്രഹണശക്തിയുണ്ടെന്നാണ് അവരുടെ വിചാരം. 
42: എന്നാല്‍ അവര്‍ക്കിതു മനസ്സിലാക്കി അവയെ ഉപേക്ഷിക്കാന്‍കഴിയുന്നില്ല. കാരണം, അവര്‍ക്കു ബുദ്ധിയില്ല. 
43: സ്ത്രീകള്‍ അരയില്‍ ചരടുചുറ്റി, വഴിയരികിലിരുന്നു കുന്തുരുക്കത്തിനുപകരം തവിടു പുകയ്ക്കുന്നു. യാത്രക്കാരിലാരെങ്കിലും അവളെയാകര്‍ഷിക്കുകയും അവളവനോടുകൂടെ ശയിക്കുകയുംചെയ്താല്‍ അവള്‍ തന്റെ അയല്‍ക്കാരിയെ അധിക്ഷേപിക്കുന്നു. എന്തെന്നാല്‍, അവള്‍ തന്നെപ്പോലെ ആകര്‍ഷകത്വമുള്ളവളല്ല, അവളുടെ ചരട് പൊട്ടിച്ചതുമില്ല. 
44: അവയ്ക്കുവേണ്ടി എന്തുചെയ്താലും അതു വ്യര്‍ത്ഥമാണ്. എന്നിട്ടും അവ ദേവന്മാരാണെന്നു ചിലര്‍ കരുതുകയും അപ്രകാരം അവയെ വിളിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? 
45: മരപ്പണിക്കാരും, സ്വര്‍ണ്ണപ്പണിക്കാരുമാണ് അവയുണ്ടാക്കിയത്. ശില്പികള്‍ ആഗ്രഹിക്കുന്നതല്ലാതെ മറ്റൊന്നുമാകാന്‍ അവയ്ക്കു സാധിക്കുകയില്ല. 
46: അവയെ ഉണ്ടാക്കുന്നവര്‍പോലും ദീര്‍ഘകാലം ജീവിക്കുകയില്ല. അങ്ങനെയെങ്കില്‍ അവര്‍ നിര്‍മ്മിച്ച വസ്തുക്കള്‍ക്ക്, എങ്ങനെ ദേവന്മാരായിരിക്കാന്‍ സാധിക്കും? 
47: വരുംതലമുറയ്ക്കും നുണകളും നിന്ദയും മാത്രമാണ് അവര്‍ അവശേഷിപ്പിച്ചിരിക്കുന്നത്. 
48: യുദ്ധവും നാശവുംവരുമ്പോള്‍ തങ്ങള്‍ക്കും തങ്ങളുടെ ദേവന്മാര്‍ക്കും എവിടെയൊളിക്കാന്‍കഴിയുമെന്നു പുരോഹിതന്മാര്‍ കൂടിയാലോചിക്കുന്നു. 
49: യുദ്ധത്തില്‍നിന്നോ നാശത്തില്‍നിന്നോ തങ്ങളെത്തന്നെ രക്ഷിക്കാന്‍സാധിക്കാത്തതുകൊണ്ട്, അവ ദേവന്മാരല്ലെന്ന് എങ്ങനെ വിശ്വസിക്കാതിരിക്കും? 
50: അവ തടികൊണ്ടു നിര്‍മ്മിച്ചവയും സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടു പൊതിഞ്ഞവയുമായതുകൊണ്ട്, കപടവസ്തുക്കളാണെന്നു ഭാവിയിലറിയപ്പെടും. 
51: അവ ദേവന്മാരല്ലെന്നും, മനുഷ്യകരങ്ങളാല്‍ നിര്‍മ്മിതമായ വസ്തുക്കളാണെന്നും അവയില്‍ ദൈവത്തിന്റെ പ്രവര്‍ത്തനമൊന്നുമില്ലെന്നും എല്ലാദേശങ്ങള്‍ക്കും രാജാക്കന്മാര്‍ക്കും വെളിപ്പെടും. 
52: അപ്പോള്‍ അവ ദേവന്മാരല്ലെന്ന് ആര്‍ക്കു മനസ്സിലാകാതിരിക്കും? 
53: ദേശത്തു രാജാവിനെ നിയമിക്കാനോ മനുഷ്യര്‍ക്കു മഴനല്‍കാനോ അവയ്ക്കു സാധിക്കുകയില്ല. 
54: അവയ്ക്കു സ്വന്തംകാര്യം സ്ഥാപിക്കാനോ നിരപരാധനെ മോചിപ്പിക്കാനോ സാദ്ധ്യമല്ല. എന്തെന്നാല്‍, അവ അശക്തമാണ്. അവ ആകാശത്തിനും ഭൂമിക്കുംമദ്ധ്യേയുള്ള കാക്കകളെപ്പോലെയാണ്. 
55: മരംകൊണ്ടു നിര്‍മ്മിതവും സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടു പൊതിഞ്ഞതുമായ ദേവന്മാരുടെ ക്ഷേത്രത്തിനു തീപിടിക്കുമ്പോള്‍ അവയുടെ പുരോഹിതന്മാര്‍ ഓടിരക്ഷപ്പെടും. അപ്പോള്‍ ദേവന്മാര്‍ തുലാം കത്തുന്നതുപോലെ കത്തിപ്പിളരും. 
56: മാത്രമല്ല, അവയ്ക്കു രാജാവിനെയോ, ശത്രുക്കളെയോ എതിര്‍ത്തുനില്‍ക്കാന്‍ സാധിക്കുകയില്ല. പിന്നെന്തുകൊണ്ടാണ് അവയെ ദേവന്മാരായിക്കരുതുകയും അംഗീകരിക്കുകയുംചെയ്യുന്നത്? 
57: തടികൊണ്ടു നിര്‍മ്മിച്ചതും സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടു പൊതിഞ്ഞതുമായ ദേവന്മാര്‍ക്കു കള്ളന്മാരില്‍നിന്നോ കവര്‍ച്ചക്കാരില്‍നിന്നോ തങ്ങളെത്തന്നെ രക്ഷിക്കാന്‍സാധിക്കുകയില്ല. 
58: ശക്തന്മാര്‍ അവയുടെ സ്വര്‍ണ്ണവും വെള്ളിയും അവ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും കൊള്ളവസ്തുക്കളാക്കി എടുത്തുകൊണ്ടുപോകുമ്പോള്‍ അവയ്ക്കു തങ്ങളെത്തന്നെ രക്ഷിക്കാന്‍ കഴിയുകയില്ല. 
59: അതുകൊണ്ട്, ഈ വ്യാജദേവന്മാരായിരിക്കുന്നതില്‍ഭേദം, ധൈര്യംകാണിക്കുന്ന ഒരു രാജാവോ, യജമാനന്റെ ആവശ്യങ്ങള്‍സാധിക്കുന്ന വീട്ടുപകരണമോ ആയിരിക്കുകയാണ്. വീട്ടിലുള്ളതു സംരക്ഷിക്കുന്ന ഒരു വാതിലോ കൊട്ടാരത്തിലെ മരത്തൂണോ ആയിരിക്കുന്നതാണ് ഈ വ്യാജദേവന്മാരായിരിക്കുന്നതിനെക്കാള്‍ ഭേദം. 
60: പ്രകാശിക്കുകയും, ശുശ്രൂഷയ്ക്കായി അയയ്ക്കപ്പെടുകയുംചെയ്യുന്ന സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അനുസരണമുള്ളവയാണ്. അതുപോലെതന്നെയാണ് മിന്നല്‍പിണരും. 
61: അതു മിന്നുമ്പോള്‍ എല്ലായിടത്തും കാണപ്പെടുന്നു. അങ്ങനെതന്നെ കാറ്റും എല്ലാ ദേശങ്ങളിലും വീശുന്നു. 
62: ദൈവം മേഘങ്ങളോടു ലോകംമുഴുവന്‍പോകാന്‍ കല്പിക്കുമ്പോള്‍ അവ അവിടുത്തെ ആജ്ഞകളനുസരിക്കുന്നു. 
63: പര്‍വ്വതങ്ങളും വൃക്ഷങ്ങളും ദഹിപ്പിക്കുന്നതിനായി ആകാശത്തില്‍നിന്ന് അഗ്നിയയയ്ക്കുമ്പോള്‍ അത്, ആജ്ഞയനുസരിക്കുന്നു. എന്നാല്‍, ഈ വിഗ്രഹങ്ങളെ രൂപത്തിലോ ശക്തിയിലോ അവയോടു തുലനംചെയ്യാനാവുകയില്ല. 
64: അതിനാല്‍ ആരുമവയെ ദേവന്മാരാണെന്നു കരുതുകയോ അപ്രകാരംവിളിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, അവയ്ക്കു വിധിപ്രസ്താവിക്കാനോ മനുഷ്യര്‍ക്കു നന്മചെയ്യാനോ കഴിവില്ല. 
65: അതുകൊണ്ട്, അവ ദേവന്മാരല്ലെന്നറിയുവിന്‍. 
66: അവയെ ഭയപ്പെടേണ്ടാ. അവയ്ക്കു രാജാക്കന്മാരെ ശപിക്കാനോ അനുഗ്രഹിക്കാനോ ശക്തിയില്ല. 
67: ആകാശത്തിലും ജനതകളുടെയിടയിലും അടയാളങ്ങള്‍കാണിക്കാനോ സൂര്യനെപ്പോലെ ശോഭിക്കാനോ ചന്ദ്രനെപ്പോലെ പ്രകാശംനല്‍കാനോ അവയ്ക്കു കഴിവില്ല. 
68: അവയെക്കാള്‍ എത്രഭേദമാണു വന്യമൃഗങ്ങള്‍! എന്തെന്നാല്‍, അവയ്ക്ക് ഓടിയൊളിക്കാനും രക്ഷപ്പെടാനുമറിയാം. 
69: അതുകൊണ്ട്, അവ ദേവന്മാരാണെന്നതിന് ഒരു തെളിവുമില്ല; അവയെ ഭയപ്പെടേണ്ടാ. 
70: വെള്ളരിത്തോട്ടത്തില്‍ സ്ഥാപിക്കുന്ന നോക്കുകുത്തി ഒന്നും സംരക്ഷിക്കാത്തതുപോലെതന്നെയാണ്, മരംകൊണ്ടുനിര്‍മ്മിച്ചതും സ്വര്‍ണ്ണവും വെള്ളിയുംപൊതിഞ്ഞതുമായ അവരുടെ ദേവന്മാര്‍. 
71: അതുപോലെതന്നെ, തടികൊണ്ടുനിര്‍മ്മിച്ചതും സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടു പൊതിഞ്ഞതുമായ അവരുടെ ദേവന്മാര്‍ ഏതുപക്ഷിയും വന്നിരിക്കുന്ന ഉദ്യാനത്തിലെ മുള്‍ച്ചെടിപോലെയും അന്ധകാരത്തിലെറിയപ്പെട്ട മൃതശരീരംപോലെയുമാണ്. 
72: അവ ധരിച്ചിരിക്കുന്ന, ദ്രവിച്ചധൂമ്രവസ്ത്രവും ചണവസ്ത്രവുംകൊണ്ടുതന്നെ അവ ദേവന്മാരല്ലെന്നു നിങ്ങള്‍ക്കു മനസ്സിലാക്കാം. അവസാനം, അവയെല്ലാം നിശ്ശേഷം നശിക്കുകയും ദേശത്തിന്, അപമാനമായിത്തീരുകയും ചെയ്യും. 
73: അതിനാല്‍ വിഗ്രഹങ്ങളില്ലാത്ത നീതിമാനാണ് ഉത്തമന്‍. അവന്‍ ആക്ഷേപങ്ങള്‍ക്കതീതനായിരിക്കും.

ഇരുനൂറ്റിമുപ്പത്തിനാലാം ദിവസം: ബാറൂക്ക് 1 - 3

അദ്ധ്യായം 1

ബാബിലോണിലെ സമ്മേളനം 

1: നേരിയായുടെ പുത്രന്‍ ബാറൂക്ക് ബാബിലോണില്‍വച്ചെഴുതിയ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. നേരിയാ, മാസെയായുടെയും മാസെയാ, സെദെക്കിയായുടെയും സെദെക്കിയാ, ഹസാദിയായുടെയും ഹസാദിയാ, ഹില്‍ക്കിയായുടെയും പുത്രനാണ്. 
2: അഞ്ചാംവര്‍ഷം, മാസത്തിന്റെ ഏഴാംദിവസം കല്‍ദായര്‍ ജറുസലെം പിടിച്ചടക്കി അഗ്നിക്കിരയാക്കിയപ്പോഴാണ് ഇതെഴുതിയത്. 
3: യൂദാരാജാവായ യഹോയാക്കിമിന്റെ പുത്രന്‍ യക്കോനിയായും ഈ ഗ്രന്ഥം വായിച്ചുകേള്‍ക്കാനെത്തിയ ജനവുംകേള്‍ക്കേ ബാറൂക്ക്, ഇതു വായിച്ചു. 
4: പ്രഭുക്കന്മാരും രാജകുമാരന്മാരും ശ്രേഷ്ഠന്മാരുമുള്‍പ്പെടെ, ബാബിലോണില്‍ സൂദ്‌നദിയുടെ തീരത്തു വസിച്ചിരുന്ന വലിയവരും ചെറിയവരുമായ എല്ലാ ജനവുംകേള്‍ക്കേ ഇതു വായിച്ചു. 
5: അപ്പോളവര്‍ വിലപിക്കുകയും ഉപവസിക്കുകയും കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു. 
6: ഓരോരുത്തരും കഴിവനുസരിച്ചുകൊടുത്ത പണം അവര്‍ ശേഖരിച്ചു. 
7: അവരതു ഷല്ലൂമിന്റെ മകനായ ഹില്‍ക്കിയായുടെ മകനും പ്രധാനപുരോഹിതനുമായ യഹോയാക്കിമിനും അവനോടൊത്തു ജറുസലെമിലുണ്ടായിരുന്ന പുരോഹിതന്മാര്‍ക്കും ജനങ്ങള്‍ക്കുമായി അയച്ചുകൊടുത്തു. 
8: അതേസമയം ബാറൂക്ക്, സീവാന്‍മാസം പത്താംദിവസം യൂദാദേശത്തേക്കു തിരികെക്കൊണ്ടുപോകാനായി ദേവാലയത്തില്‍നിന്നു കൊള്ളചെയ്യപ്പെട്ട പാത്രങ്ങളെടുത്തു. യൂദാരാജാവായ ജോസിയായുടെ മകന്‍ സെദെക്കിയാ നിര്‍മ്മിച്ച വെള്ളിപ്പാത്രങ്ങളായിരുന്നു അവ. 
9: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍, യക്കോണിയായെയും രാജകുമാരന്മാരെയും ലോഹപ്പണിക്കാരെയും കുലീനരെയും ദേശത്തെജനങ്ങളെയും ജറുസലെമില്‍നിന്നു ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയതിനുശേഷമാണ്, ഈ പാത്രങ്ങള്‍ സെദെക്കിയാ നിര്‍മ്മിച്ചത്. 
10: അവര്‍ പറഞ്ഞു: ഇതോടൊപ്പം ഞങ്ങള്‍ നിങ്ങള്‍ക്കു പണവുമയയ്ക്കുന്നു. ഈ പണംകൊണ്ടു ദഹനബലിക്കും പാപപരിഹാരബലിക്കും ധാന്യബലിക്കും വസ്തുക്കളും സുഗന്ധദ്രവ്യവും വാങ്ങി നമ്മുടെ ദൈവമായ കര്‍ത്താവിന്റെ ബലിപീഠത്തിലര്‍പ്പിക്കണം. 
11: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെയും അവന്റെ പുത്രന്‍ ബല്‍ഷാസറിന്റെയും ആയുസ്സിനുവേണ്ടിയും അവരുടെ ഐഹികജീവിതം സ്വര്‍ഗ്ഗീയജീവിതംപോലെയാകുന്നതിനുവേണ്ടിയും പ്രാര്‍ത്ഥിക്കുവിന്‍. 
12: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെയും അവന്റെ മകന്‍ ബല്‍ഷാസറിന്റെയും സംരക്ഷണത്തില്‍ ജീവിച്ച്, അവരെ ദീര്‍ഘകാലം സേവിക്കുന്നതിനും അവരുടെ സംപ്രീതിനേടുന്നതിനുമായി കര്‍ത്താവു ഞങ്ങള്‍ക്കു ശക്തിയും കണ്ണുകള്‍ക്കു പ്രകാശവും നല്കും. 
13: ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരേ ഞങ്ങള്‍ പാപംചെയ്തു. അവിടുത്തെ കോപവും ക്രോധവും ഞങ്ങളില്‍നിന്നു വിട്ടുമാറിയിട്ടില്ല. അതുകൊണ്ടു ഞങ്ങള്‍ക്കുവേണ്ടി അവിടുത്തോടു പ്രാര്‍ത്ഥിക്കുവിന്‍. 
14: ഉത്സവദിവസങ്ങളിലും നിര്‍ദ്ദിഷ്ടകാലങ്ങളിലും കര്‍ത്താവിന്റെ ആലയത്തില്‍വച്ചു നിങ്ങള്‍ ഏറ്റുപറയുന്നതിനുവേണ്ടി ഞങ്ങളയച്ചുതരുന്ന ഈ പുസ്തകം വായിക്കണം. 

തെറ്റുകളേററുപറയുന്നു 
15: നിങ്ങള്‍ പറയണം: നീതി, നമ്മുടെ ദൈവമായ കര്‍ത്താവിന്റേതാണ്. 
16: യൂദായിലെ ജനവും ജറുസലെംനിവാസികളും നമ്മുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പിതാക്കന്മാരുമുള്‍പ്പെടെ ഞങ്ങളെല്ലാവരും ഇന്നുവരെ ലജ്ജിതരാണ്. 
17: എന്തെന്നാല്‍, കര്‍ത്താവിന്റെ സന്നിധിയില്‍ ഞങ്ങള്‍ പാപംചെയ്തു. 
18: ഞങ്ങള്‍, അവിടുത്തെയനുസരിച്ചില്ല. ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കുകയോ അവിടുന്നു നല്കിയ കല്പനകള്‍ അനുസരിക്കുകയോ ചെയ്തില്ല. 
19: ഈജിപ്തുദേശത്തുനിന്നു ഞങ്ങളുടെ പിതാക്കന്മാരെ കൊണ്ടുവന്ന നാള്‍മുതല്‍ ഇന്നുവരെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെ അനുസരിക്കാത്തവരും അവിടുത്തെ സ്വരം ശ്രവിക്കുന്നതില്‍ ഉദാസീനരുമാണ്. 
20: തേനും പാലുമൊഴുകുന്ന ഒരു ദേശത്തിനവകാശികളാക്കാന്‍വേണ്ടി, ഞങ്ങളുടെ പിതാക്കന്മാരെ ഈജിപ്തുദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍, തന്റെ ദാസനായ മോശവഴി കര്‍ത്താവരുളിച്ചെയ്ത ശാപങ്ങളുമനര്‍ത്ഥങ്ങളും ഇന്നും ഞങ്ങളുടെമേലുണ്ട്. 
21: ഞങ്ങളുടെ ദൈവമായ കര്‍ത്താവു ഞങ്ങളുടെയടുത്തേക്കയച്ച പ്രവാചകന്മാരറിയിച്ച, അവിടുത്തെ വചനം ഞങ്ങള്‍ ശ്രവിച്ചില്ല. എന്നാല്‍, അന്യദേവന്മാരെ സേവിച്ചും ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ദൃഷ്ടിയില്‍ തിന്മയായതു പ്രവര്‍ത്തിച്ചും ഞങ്ങള്‍ തന്നിഷ്ടംപോലെ നടന്നു. 
  
അദ്ധ്യായം 2

1: അതിനാല്‍ ഞങ്ങള്‍ക്കെതിരേ - ഇസ്രായേലില്‍ ന്യായപാലനംനടത്തിയ ന്യായാധിപന്മാര്‍ക്കും രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും ഇസ്രായേലിലെയും യൂദായിലെയും ജനത്തിനുമെതിരേ- കര്‍ത്താവരുളിച്ചെയ്ത വാക്കുകള്‍ അവിടുന്നു നിറവേറ്റി. 
2: മോശയുടെ നിയമത്തില്‍ എഴുതിയിരിക്കുന്നതിനനുസൃതമായി, ജറുസലേമിനോട് അവിടുന്നു പ്രവര്‍ത്തിച്ചതുപോലെ ആകാശത്തിനുകീഴില്‍ മറ്റെങ്ങും സംഭവിച്ചിട്ടില്ല; 
3: ഒരുവന്‍ തന്റെ പുത്രന്റെയും മറ്റൊരുവന്‍ തന്റെ പുത്രിയുടെയും മാംസം ഭക്ഷിക്കുമെന്നു ഞങ്ങളെക്കുറിച്ച് അതിലെഴുതിയിരുന്നു. 
4: ചുറ്റുമുള്ള രാജ്യങ്ങള്‍ക്ക്, അവിടുന്നു ഞങ്ങളെ അധീനരാക്കുകയും സമീപവാസികളായ ജനതകളുടെയിടയില്‍ ഞങ്ങളെ ചിതറിക്കുകയും ചെയ്തു. ഞങ്ങള്‍, അവരുടെ പരിഹാസത്തിനും നിന്ദയ്ക്കും പാത്രമായി. 
5: ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരംശ്രവിക്കാതെ ഞങ്ങള്‍ അവിടുത്തേയ്ക്കെതിരായി പാപംചെയ്തതിനാല്‍ ഉന്നതിപ്രാപിക്കാതെ നിലംപറ്റി. 
6: നീതി ഞങ്ങളുടെ ദൈവമായ കര്‍ത്താവിനുള്ളതാണ്. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ഈ നാള്‍വരെ ലജ്ജിതരാണ്. 
7: ഞങ്ങളുടെമേല്‍ വരുത്തുമെന്നു കര്‍ത്താവരുളിച്ചെയ്ത അനര്‍ത്ഥങ്ങള്‍ ഞങ്ങള്‍ക്കു സംഭവിച്ചിരിക്കുന്നു. 
8: എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ വിചാരങ്ങളില്‍നിന്നു പിന്തിരിഞ്ഞു കര്‍ത്താവിന്റെ പ്രീതിക്കായി യാചിച്ചില്ല. 
9: കര്‍ത്താവ് അനര്‍ത്ഥങ്ങളൊരുക്കി ഞങ്ങളുടെമേല്‍ വരുത്തി. ഞങ്ങളോടു ചെയ്യാന്‍ അവിടുന്നുകല്പിച്ച എല്ലാക്കാര്യങ്ങളിലും അവിടുന്നു നീതിമാനാണ്. 
10: എന്നിട്ടും, ഞങ്ങളവിടുത്തെ സ്വരം ശ്രവിക്കുകയോ അവിടുന്നു ഞങ്ങള്‍ക്കുതന്ന ചട്ടങ്ങളനുസരിക്കാന്‍ കൂട്ടാക്കുകയോ ചെയ്തില്ല. 

മോചനത്തിനുവേണ്ടി പ്രാര്‍ത്ഥന 
11: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അങ്ങു കരുത്തുറ്റ കരത്താലും അദ്ഭുതങ്ങളാലും അടയാളങ്ങളാലും മഹാശക്തിയാലും നീട്ടിയഭുജത്താലും അവിടുത്തെ ജനത്തെ ഈജിപ്തുദേശത്തുനിന്നു മോചിപ്പിക്കുകയും, അങ്ങനെ അങ്ങേയ്ക്കിന്നും നിലനില്ക്കുന്ന ഒരു നാമം നേടുകയും ചെയ്തു. 
12: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങള്‍ പാപംചെയ്തു; ഞങ്ങള്‍ അധര്‍മ്മം പ്രവര്‍ത്തിച്ചു; അങ്ങയുടെ കല്പനകള്‍ ലംഘിച്ചു. 
13: അങ്ങു ഞങ്ങളെ ജനതകളുടെയിടയില്‍ച്ചിതറിച്ചു, ഞങ്ങള്‍ കുറച്ചുപേര്‍മാത്രമേ അവശേഷിച്ചിട്ടുള്ളു. അങ്ങയുടെ കോപം പിന്‍വലിക്കണമേ. 
14: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥനകളും യാചനകളും ശ്രവിക്കണമേ. അങ്ങയെപ്രതി ഞങ്ങളെ രക്ഷിക്കണമേ. പ്രവാസത്തിലേക്കു ഞങ്ങളെക്കൊണ്ടുപോയവര്‍ക്കു ഞങ്ങളോടു പ്രീതിതോന്നാന്‍ ഇടയാക്കണമേ. 
15: അങ്ങനെ അവിടുന്നു ഞങ്ങളുടെ ദൈവമായ കര്‍ത്താവാണെന്നു ഭൂമി മുഴുവനറിയട്ടെ. എന്തെന്നാല്‍, ഇസ്രായേലും അവന്റെ സന്തതികളും അവിടുത്തെ നാമത്തിലാണറിയപ്പെടുന്നത്. 
16: കര്‍ത്താവേ, അങ്ങയുടെ വിശുദ്ധവാസസ്ഥലത്തുനിന്നു ഞങ്ങളെ കടാക്ഷിക്കുകയും ഞങ്ങളോടു കാരുണ്യംകാണിക്കുകയും ചെയ്യണമേ. കര്‍ത്താവേ, ചെവിചായിച്ചു കേള്‍ക്കണമേ. 
17: കര്‍ത്താവേ, കണ്ണുതുറന്നു കാണണമേ. ശരീരത്തില്‍നിന്നു പ്രാണന്‍ വേര്‍പെട്ട്, മരിച്ചുപാതാളത്തില്‍ക്കിടക്കുന്നവര്‍ കര്‍ത്താവിനെ മഹത്വപ്പെടുത്തുകയോ നീതിമാനെന്നു പ്രഘോഷിക്കുകയോ ചെയ്യുകയില്ല. 
18: എന്നാല്‍ കര്‍ത്താവേ, വലിയദുഃഖമനുഭവിക്കുന്നവനും ക്ഷീണിച്ചു കുനിഞ്ഞുനടക്കുന്നവനും വിശന്നുപൊരിഞ്ഞു കണ്ണുമങ്ങിയവനും അങ്ങയെ മഹത്വപ്പെടുത്തും; അങ്ങയുടെ നീതി പ്രഘോഷിക്കും. 
19: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്മാരുടെയോ, രാജാക്കന്മാരുടെയോ നീതിയാലല്ല ഞങ്ങളങ്ങയുടെ കാരുണ്യം യാചിക്കുന്നത്. 
20: അങ്ങയുടെ ദാസന്മാരായ പ്രവാചകന്മാര്‍വഴി മുന്‍കൂട്ടിയറിയിച്ചതുപോലെ അവിടുന്നു ഞങ്ങളുടെമേല്‍ ഉഗ്രകോപം വര്‍ഷിച്ചിരിക്കുന്നു. 
21: അവര്‍ പറഞ്ഞു, കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ കഴുത്തുകുനിച്ചു ബാബിലോണ്‍രാജാവിനെ സേവിച്ചാല്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു ഞാന്‍നല്കിയ ദേശത്തു നിങ്ങള്‍ വസിക്കും. 
22: എന്നാല്‍, നിങ്ങള്‍ കര്‍ത്താവിന്റെ വാക്കു ശ്രവിക്കാതെയും ബാബിലോണ്‍രാജാവിനെ സേവിക്കാതെയുമിരുന്നാല്‍, 
23: യൂദാനഗരങ്ങളില്‍നിന്നും ജറുസലെമിന്റെ പരിസരങ്ങളില്‍നിന്നും ആഹ്ലാദത്തിന്റെയും ഉല്ലാസത്തിന്റെയുമാരവവും മണവാളന്റെയും മണവാട്ടിയുടെയും സ്വരവും ഞാനില്ലാതാക്കും. ആരെയുമവശേഷിപ്പിക്കാതെ ദേശംമുഴുവന്‍ ഞാന്‍ വിജനമാക്കും. 
24: ബാബിലോണ്‍രാജാവിനെ സേവിക്കുകയെന്ന അങ്ങയുടെ കല്പന ഞങ്ങളനുസരിച്ചില്ല. അതിനാല്‍, ഞങ്ങളുടെ പിതാക്കന്മാരുടെയും രാജാക്കന്മാരുടെയും അസ്ഥികള്‍ അവരുടെ ശവക്കുഴിയില്‍നിന്നു പുറത്തെടുക്കുമെന്ന് അങ്ങയുടെ ദാസന്മാരായ പ്രവാചകന്മാര്‍വഴി അരുളിച്ചെയ്തത് അങ്ങു നിറവേറ്റി. 
25: ഇതാ, അവ പകലിന്റെ ചൂടും രാത്രിയുടെ മഞ്ഞുമേറ്റുകിടക്കുന്നു. അവര്‍ ക്ഷാമവും വാളും പകര്‍ച്ചവ്യാധിയുംകൊണ്ടുള്ള കഠിനയാതനകളാല്‍ നശിച്ചു. 
26: അങ്ങയുടെ നാമത്തിലറിയപ്പെടുന്ന ആലയം ഇസ്രായേല്‍ഭവനത്തിന്റെയും യൂദാഭവനത്തിന്റെയും ദുഷ്ടതയാല്‍, അങ്ങ് ഇന്നത്തെ നിലയിലാക്കി. 

വാഗ്ദാനങ്ങളനുസ്മരിക്കുന്നു 
27: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, എന്നിട്ടുമങ്ങ്, അനന്തമായ കാരുണ്യവുമാര്‍ദ്രതയും ഞങ്ങളോടു കാണിച്ചു. 
28: എന്തെന്നാല്‍, ഇസ്രായേല്‍ജനത്തിന്റെ മുമ്പില്‍വച്ച്, അങ്ങയുടെ നിയമം രേഖപ്പെടുത്താന്‍ അങ്ങയുടെ ദാസനായ മോശയോടു കല്പിച്ച ദിവസം അവന്‍വഴി അങ്ങിപ്രകാരമരുളിച്ചെയ്തു: 
29: നിങ്ങള്‍ എന്റെ സ്വരം ശ്രവിക്കുന്നില്ലെങ്കില്‍ ഞാന്‍ ജനതകളുടെയിടയില്‍ ചിതറിക്കുന്ന അസംഖ്യമായ ഈ ജനതയില്‍ ഒരു ചെറിയഗണംമാത്രമേ അവശേഷിക്കൂ. 
30: ദുശ്ശാഠ്യക്കാരായ അവര്‍ എന്നെ അനുസരിക്കുകയില്ലെന്ന് എനിക്കറിയാം. എന്നാല്‍, പ്രവാസദേശത്ത് അവര്‍ക്കു മനഃപരിവര്‍ത്തനമുണ്ടാകും. 
31: ഞാനാണവരുടെ ദൈവമായ കര്‍ത്താവെന്ന് അവരറിയും. അനുസരിക്കുന്ന ഹൃദയവും ശ്രവിക്കുന്ന ചെവികളും ഞാനവര്‍ക്കു നല്കും. 
32: അടിമത്തത്തിന്റെ നാട്ടില്‍വച്ച് അവരെന്നെപ്പുകഴ്ത്തുകയും എന്റെ നാമത്തെ അനുസ്മരിക്കുകയുംചെയ്യും. 
33: ദുശ്ശാഠ്യത്തില്‍നിന്നും ദുഷ്പ്രവൃത്തിയില്‍നിന്നും അവര്‍ പിന്തിരിയും. എന്തെന്നാല്‍, കര്‍ത്താവിന്റെമുമ്പില്‍ പാപംചെയ്ത പിതാക്കന്മാരുടെ ഗതി അവരോര്‍ക്കും. 
34: അവരുടെ പിതാക്കന്മാരായ അബ്രാഹമിനോടും ഇസഹാക്കിനോടും യാക്കോബിനോടും വാഗ്ദാനംചെയ്ത ദേശത്തക്ക്, ഞാനവരെ വീണ്ടും കൊണ്ടുവരും, അവരവിടെ വാഴും. ഞാനവരെ വര്‍ദ്ധിപ്പിക്കും. അവരുടെ എണ്ണം കുറയുകയില്ല. 
35: ഞാന്‍ അവരുടെ ദൈവവും അവരെന്റെ ജനവുമായിരിക്കാന്‍ ഞാനവരുമായി ഒരു ശാശ്വത ഉടമ്പടിയുണ്ടാക്കും. ഞാനവര്‍ക്കു നല്കിയിരിക്കുന്ന ദേശത്തുനിന്ന് ഇനിമേല്‍ അവരെ ബഹിഷ്കരിക്കുകയില്ല. 

അദ്ധ്യായം 3
 
1: സര്‍വ്വശക്തനായ കര്‍ത്താവേ, ഇസ്രായേലിന്റെ ദൈവമേ, ദുഃഖിതമായ ആത്മാവും തളര്‍ന്ന ഹൃദയവും ഇതാ, അങ്ങയോടു നിലവിളിക്കുന്നു. 
2: കര്‍ത്താവേ, ശ്രവിക്കണമേ, കരുണതോന്നണമേ. ഞങ്ങളങ്ങയുടെമുമ്പില്‍ പാപം ചെയ്തിരിക്കുന്നു. 
3: അങ്ങെന്നേയ്ക്കും സിംഹാസനസ്ഥനാണ്. ഞങ്ങളോ എന്നേയ്ക്കുമായി നശിക്കുന്നു. 
4: സര്‍വ്വശക്തനായ കര്‍ത്താവേ, ഇസ്രായേലിന്റെ ദൈവമേ, ഇസ്രായേലിലെ മരണത്തിനുഴിഞ്ഞിട്ടവരുടെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കാതെ അവിടുത്തെമുമ്പില്‍ പാപംചെയ്യുകയും അങ്ങനെ ഞങ്ങളുടെമേല്‍ അനര്‍ത്ഥം വരുത്തിവയ്ക്കുകയുംചെയ്തവരുടെ മക്കളുടെ, പ്രാര്‍ത്ഥന ശ്രവിക്കണമേ. 
5: ഞങ്ങളുടെ പിതാക്കന്മാരുടെ അപരാധങ്ങളോര്‍ക്കാതെ, അങ്ങയുടെ നാമത്തെയും ശക്തിയെയും ഇപ്പോള്‍ സ്മരിക്കണമേ. 
6: എന്തെന്നാല്‍, അങ്ങാണു ഞങ്ങളുടെ ദൈവമായ കര്‍ത്താവ്. 
7: കര്‍ത്താവേ, അങ്ങയെ ഞങ്ങള്‍ സ്തുതിക്കും. അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിനായി അങ്ങയെക്കുറിച്ചുള്ള ഭയം ഞങ്ങളുടെ ഹൃദയത്തില്‍ അങ്ങു നിക്ഷേപിച്ചു. അങ്ങയുടെമുമ്പില്‍ പാപംചെയ്ത ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ ഹൃദയത്തില്‍നിന്നുപേക്ഷിച്ചിരിക്കുന്നതിനാല്‍ ഞങ്ങളുടെ പ്രവാസത്തില്‍ ഞങ്ങളങ്ങയെ പുകഴ്ത്തും. 
8: ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെയുപേക്ഷിച്ച ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍നിമിത്തം ഞങ്ങള്‍ നിന്ദയും ശാപവും ശിക്ഷയുമേറ്റുകൊണ്ട് അങ്ങു ഞങ്ങളെ ചിതറിച്ചുകളഞ്ഞയിടങ്ങളില്‍ ഇതാ, ഞങ്ങളിന്നും പ്രവാസികളായിക്കഴിയുന്നു. 

യഥാര്‍ത്ഥജ്ഞാനം 
9: ഇസ്രായേലേ, ജീവന്റെ കല്പനകള്‍ കേള്‍ക്കുക, ശ്രദ്ധാപൂര്‍വ്വം ജ്ഞാനമാര്‍ജിക്കുക, 
10: ഇസ്രായേലേ, നീ ശത്രുരാജ്യത്തകപ്പെടാന്‍ എന്താണു കാരണം? വിദേശത്തുവച്ചു വാര്‍ദ്ധക്യംപ്രാപിക്കുന്നതെന്തുകൊണ്ട്? മൃതരോടൊപ്പം അശുദ്ധനാകാന്‍ കാരണമെന്ത്? 
11: പാതാളത്തില്‍പ്പതിക്കുന്നവരോടൊപ്പം നീ ഗണിക്കപ്പെടുന്നതെന്തുകൊണ്ട്?
12: ജ്ഞാനത്തിന്റെ ഉറവിടം നീ പരിത്യജിച്ചു. 
13: ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ ചരിച്ചിരുന്നെങ്കില്‍, നീയെന്നേയ്ക്കും സമാധാനത്തില്‍ വസിക്കുമായിരുന്നു. 
14: ജ്ഞാനവും ശക്തിയും വിവേകവും എവിടെയുണ്ടെന്നറിയുക. ദീര്‍ഘായുസ്സും ജീവനും സമാധാനവും കണ്ണുകള്‍ക്കു പ്രകാശവും എവിടെയുണ്ടെന്ന്, അപ്പോള്‍ നീ ഗ്രഹിക്കും. 
15: അവളുടെ നികേതനമാരാണു കണ്ടെത്തിയത്? ആരവളുടെ കലവറയില്‍ പ്രവേശിച്ചിട്ടുണ്ട്? 
16: ജനതകളുടെ രാജാക്കന്മാരെവിടെ? ഭൂമിയിലെ മൃഗങ്ങളെ ഭരിക്കുന്നവരെവിടെ? 
17: ആകാശത്തിലെ പക്ഷികളെക്കൊണ്ടു വിനോദിക്കുന്നവരെവിടെ? എത്രകിട്ടിയാലും മതിവരാത്ത സ്വര്‍ണ്ണത്തിലും വെള്ളിയിലും വിശ്വാസമര്‍പ്പിച്ച്, അതു സംഭരിച്ചുവയ്ക്കുന്നവരെവിടെ? 
18: പണംനേടാന്‍ ആര്‍ത്തിപൂണ്ട്, അതിരറ്റദ്ധ്വാനിക്കുന്നവരെവിടെ? 
19: അവരപ്രത്യക്ഷരായി, പാതാളത്തില്‍ നിപതിച്ചു. അവരുടെ സ്ഥാനത്തു മറ്റുള്ളവര്‍ വന്നിരിക്കുന്നു. 
20: പുതുതലമുറ പകല്‍വെളിച്ചം കാണുകയും ഭൂമിയില്‍ വസിക്കുകയും ചെയ്തു. എന്നാല്‍, അറിവിലേക്കുള്ള മാര്‍ഗ്ഗം അവര്‍ പഠിച്ചില്ല; അവളുടെ പാതകള്‍ മനസ്സിലാക്കിയില്ല; അവളെ കരസ്ഥമാക്കിയുമില്ല; 
21: അവരുടെ പുത്രന്മാര്‍ അവളുടെ പാതയില്‍നിന്നു വ്യതിചലിച്ച് അകന്നുപോയി. 
22: കാനാനില്‍ അവളെപ്പറ്റിക്കേട്ടിട്ടില്ല. തേമാനില്‍ അവളെക്കണ്ടിട്ടില്ല. 
23: ഭൂമിയില്‍ ജ്ഞാനമന്വേഷിക്കുന്ന ഹാഗാറിന്റെ പുത്രന്മാരോ മിദിയാനിലെയും തേമാനിലെയും വ്യാപാരികളോ ജ്ഞാനാന്വേഷികളോ കഥ ചമയ്ക്കുന്നവരോ ജ്ഞാനത്തിലേക്കുള്ള മാര്‍ഗ്ഗം മനസ്സിലാക്കിയിട്ടില്ല; അവളുടെ പാതകളെക്കുറിച്ചു ചിന്തിച്ചിട്ടുമില്ല. 
24: ഇസ്രായേലേ, ദൈവത്തിന്റെ ആലയം എത്രവലുതാണ്! അവിടുത്തെ ദേശം വിസ്തൃതമാണ്. 
25: അതു വിസ്തൃതവും അതിരറ്റതുമാണ്; ഉന്നതവും അപരിമേയവുമാണ്. 
26: പണ്ടുമുതലേ, പ്രശസ്തരായ മല്ലന്മാരും അതികായന്മാരും യുദ്ധവിദഗ്ദ്ധന്മാരും അവിടെ ജനിച്ചു. 
27: ദൈവമവരെ തിരഞ്ഞെടുത്തില്ല; അറിവിന്റെ മാര്‍ഗ്ഗം കാണിച്ചുകൊടുത്തുമില്ല. 
28: ജ്ഞാനമില്ലാതിരുന്നതിനാല്‍ അവര്‍ നശിച്ചു. അവരുടെ ഭോഷത്തംനിമിത്തം അവര്‍ നശിച്ചു. 
29: ആരാണു സ്വര്‍ഗ്ഗത്തില്‍ക്കയറി, അവളെപ്പിടിച്ചു മേഘത്തില്‍നിന്നു താഴെക്കൊണ്ടുവരുന്നത്? 
30: സമുദ്രംകടന്ന്, അവളെ കണ്ടുപിടിച്ചതാര്? തനിസ്വര്‍ണ്ണംകൊടുത്ത്, ആരവളെ വാങ്ങും? 
31: അവളുടെയടുത്തേക്കുള്ള മാര്‍ഗ്ഗം ആര്‍ക്കുമറിവില്ല. ആ മാര്‍ഗ്ഗത്തെക്കുറിച്ചു ശ്രദ്ധിക്കുന്നവരുമില്ല. 
32: എന്നാല്‍ എല്ലാമറിയുന്നവന്‍ അവളെയറിയുന്നു. അവിടുന്ന് അവളെ തന്റെ അറിവുകൊണ്ടു കണ്ടെത്തി. എന്നേയ്ക്കുമായി ഭൂമിയെ സ്ഥാപിച്ചവന്‍ അതു നാല്‍ക്കാലികളെക്കൊണ്ടു നിറച്ചു. 
33: അവിടുന്നു പ്രകാശമയയ്ക്കുന്നു, അതു പോകുന്നു. അവിടുന്നു വിളിച്ചു; ഭയത്തോടുകൂടെ അതനുസരിച്ചു. 
34: നക്ഷത്രങ്ങള്‍ തങ്ങളുടെ യാമങ്ങളില്‍ പ്രകാശിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു. അവിടുന്നവയെ വിളിച്ചു. ഇതാ, ഞങ്ങളെന്ന് അവ പറഞ്ഞു. തങ്ങളെ സൃഷ്ടിച്ചവനുവേണ്ടി അവ സന്തോഷപൂര്‍വ്വം മിന്നിത്തിളങ്ങി. 
35: അവിടുന്നാണു നമ്മുടെ ദൈവം. അവിടുത്തോടു തുലനംചെയ്യാന്‍ ഒന്നുമില്ല.
36: അവിടുന്ന്, അറിവിലേക്കുള്ള എല്ലാ വഴികളും കണ്ടെത്തി. അവളെ തന്റെ ദാസനായ യാക്കോബിന്, താന്‍ സ്‌നേഹിച്ച ഇസ്രായേലിന്, കൊടുത്തു. 
37: അനന്തരമവള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെടുകയും മനുഷ്യരുടെയിടയില്‍ വസിക്കുകയുംചെയ്തു.

ഇരുനൂറ്റിമുപ്പത്തിമൂന്നാം ദിവസം: വിലാപങ്ങള്‍ 1 - 5


അദ്ധ്യായം 1

1: ഒരിക്കല്‍ ജനനിബിഡമായിരുന്ന നഗരം ഇന്നെത്ര ഏകാന്തമായിരിക്കുന്നു; ജനതകളില്‍ ഉന്നതയായിരുന്നവള്‍ ഇന്നിതാ വിധവയെപ്പോലെയായിരിക്കുന്നു. നഗരങ്ങളുടെ റാണിയായിരുന്നവള്‍ ഇന്നു കപ്പംകൊടുത്തു കഴിയുന്നു.
2: രാത്രിമുഴുവന്‍ അവള്‍ കയ്പോടെ കരയുന്നു. അവള്‍ കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീരൊഴുക്കുന്നു. അവളെയാശ്വസിപ്പിക്കാന്‍ അവളുടെ പ്രിയന്മാരിലാരുമില്ല. അവളുടെ സുഹൃത്തുക്കളെല്ലാവരും അവളോടു വഞ്ചനകാണിച്ചു, അവര്‍, അവളുടെ ശത്രുക്കളായിത്തീര്‍ന്നു.
3: നിന്ദനത്തിനും ക്രൂരമായ അടിമത്തത്തിനുമധീനയായി യൂദാ നാടുകടത്തപ്പെട്ടു. വിശ്രമിക്കാനിടംലഭിക്കാതെ അവള്‍ ജനതകളുടെയിടയില്‍ കഴിഞ്ഞുകൂടുന്നു. അവളെ അനുധാവനംചെയ്യുന്നവര്‍ ദുരിതങ്ങള്‍ക്കിടയില്‍വച്ച് അവളെപ്പിടികൂടി.
4: സീയോനിലേക്കുള്ള വഴികള്‍ വിലപിക്കുന്നു; നിശ്ചയിക്കപ്പെട്ട ഉത്സവങ്ങള്‍ക്ക് ആരുമെത്തുന്നില്ല. അവളുടെ കവാടങ്ങള്‍ വിജനമായിരിക്കുന്നു, അവളുടെ പുരോഹിതന്മാര്‍ നെടുവീര്‍പ്പിടുന്നു. അവളുടെ തോഴിമാരെ വലിച്ചിഴച്ചുകൊണ്ടുപോയി, അവള്‍ കഠിനയാതനയ്ക്കിരയായി.
5: ശത്രുക്കള്‍ അവളുടെ അധിപന്മാരായി. അവളുടെ വൈരികള്‍ ഐശ്വര്യംപ്രാപിക്കുന്നു. എന്തെന്നാല്‍, എണ്ണമില്ലാത്ത തെറ്റുകള്‍നിമിത്തം അവളെ കര്‍ത്താവു പീഡിപ്പിച്ചു. ശത്രുക്കള്‍, അവളുടെ മക്കളെ അടിമകളായി പിടിച്ചുകൊണ്ടുപോയി.
6: സീയോന്‍പുത്രിയില്‍നിന്ന് അവളുടെ മഹിമ വിട്ടകന്നു. അവളുടെ പ്രഭുക്കന്മാര്‍ മേച്ചില്‍സ്ഥലം കണ്ടെത്താത്ത മാനുകളെപ്പോലെയായി. അനുധാവനംചെയ്യുന്നവരുടെ മുമ്പില്‍ അവര്‍ ദുര്‍ബ്ബലരായി പലായനംചെയ്തു.
7: പീഡനത്തിന്റെയും കഷ്ടതയുടെയുംകാലത്ത്, ജറുസലെം പണ്ടുമുതലേ തന്റേതായിരുന്ന അമൂല്യവസ്തുക്കളെ അനുസ്മരിക്കുന്നു. അവളുടെ ജനം ശത്രുകരങ്ങളില്‍ പതിച്ചു. അവളെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അപ്പോള്‍, ശത്രു അവളുടെ പതനംകണ്ടു പരിഹസിച്ചുരസിച്ചു.
8: ജറുസലെം കഠിനമായി പാപംചെയ്തു. അങ്ങനെ അവള്‍ മലിനയായി. അവളെയാദരിച്ചിരുന്നവര്‍ അവളുടെ നഗ്നതകണ്ട് അവളെ നിന്ദിക്കുന്നു. അവള്‍ വിലപിച്ചുകൊണ്ടു മുഖംതിരിക്കുന്നു.
9: അവളുടെ അശുദ്ധി, അവളുടെ വസ്ത്രത്തിലുണ്ടായിരുന്നു. തന്റെ വിനാശത്തെപ്പറ്റി അവള്‍ ചിന്തിച്ചില്ല. അതുകൊണ്ട്, അവളുടെ വീഴ്ച ഭീകരമാണ്. അവളെയാശ്വസിപ്പിക്കാനാരുമില്ല. കര്‍ത്താവേ, എന്റെ പീഡനമവിടുന്നു കാണണമേ! എന്റെ ശത്രു വിജയിച്ചിരിക്കുന്നു.
10: ശത്രു അവളുടെ അമൂല്യവസ്തുക്കളിന്മേലെല്ലാം കൈവച്ചിരിക്കുന്നു. അങ്ങയുടെ സഭയില്‍ പ്രവേശിക്കരുതെന്ന് അങ്ങു കല്പിച്ചിരുന്ന ജനതകള്‍ തന്റെ വിശുദ്ധമന്ദിരമാക്രമിക്കുന്നത് അവള്‍ കണ്ടു.
11: അവളുടെ ജനം ആഹാരംലഭിക്കാതെ നെടുവീര്‍പ്പിടുന്നു. തങ്ങളുടെ ശക്തികെട്ടുപോകാതിരിക്കാന്‍മാത്രമുള്ള ആഹാരത്തിനുവേണ്ടി അവര്‍ തങ്ങളുടെ നിധികള്‍ വില്ക്കുന്നു. കര്‍ത്താവേ, കടാക്ഷിക്കണമേ! ഞാന്‍ നിന്ദനമേല്ക്കുന്നു.
12: കടന്നുപോകുന്നവരേ, നിങ്ങള്‍ക്കിതു നിസ്സാരമാണോ? നോക്കിക്കാണുവിന്‍, ഞാനനുഭവിക്കുന്ന ദുഃഖത്തിനു തുല്യമായ, കര്‍ത്താവു തന്റെ ഉഗ്രകോപത്തിന്റെനാളില്‍ എന്റെമേല്‍ വരുത്തിയ ദുഃഖത്തിനുതുല്യമായ, ദുഃഖമുണ്ടോ?
13: ഉന്നതത്തില്‍നിന്ന് അവിടുന്നഗ്നിയയച്ചു; എന്റെ അസ്ഥികളിലേക്ക് അവിടുന്നതു ചൊരിഞ്ഞു. അവിടുന്ന് എന്റെ പാദങ്ങള്‍ക്കു വല വിരിച്ചു. അവിടുന്ന് എന്നെ നിലംപതിപ്പിച്ചു. അവിടുന്നെന്നെയുപേക്ഷിച്ചു. ദിവസംമുഴുവനും ഞാന്‍ ബോധംകെട്ടു കിടന്നു.
14: എന്റെ അകൃത്യങ്ങള്‍ ഒരു നുകമായിക്കെട്ടി, അവിടുത്തെ കരം അവ ഒരുമിച്ചുചേര്‍ത്തു. അവ, എന്റെ കഴുത്തില്‍വച്ചു. എന്റെ ശക്തി അവിടുന്നു ചോര്‍ത്തിക്കളഞ്ഞു. എനിക്കെതിര്‍ത്തുനില്ക്കാനാവാത്തവരുടെ കൈയില്‍ കര്‍ത്താവെന്നെ ഏല്പിച്ചുകൊടുത്തു.
15: എന്റെ മദ്ധ്യത്തിലുള്ള എല്ലാ ശക്തന്മാരെയും കര്‍ത്താവു പരിഹസിച്ചു. എന്റെ യുവാക്കളെത്തകര്‍ക്കാന്‍ അവിടുന്നൊരു സംഘത്തെ വിളിച്ചുവരുത്തി. കര്‍ത്താവു യൂദായുടെ കന്യകയായപുത്രിയെ മുന്തിരിച്ചക്കിലെന്നപോലെ ചവിട്ടിഞെരിച്ചു.
16: ഇവമൂലം ഞാന്‍ വിലപിക്കുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. എനിക്കു ധൈര്യംപകരാന്‍ ഒരാശ്വാസകന്‍ അടുത്തില്ല. ശത്രുക്കള്‍ ജയിച്ചതിനാല്‍ എന്റെ മക്കള്‍ അഗതികളായി.
17: സീയോന്‍ കൈനീട്ടുന്നു; അവളെയാശ്വസിപ്പിക്കാനാരുമില്ല. യാക്കോബിന്റെ അയല്‍ക്കാര്‍ അവന്റെ ശത്രുക്കളായിരിക്കണമെന്നു കര്‍ത്താവു കല്പിച്ചിരിക്കുന്നു. ജറുസലെം അവരുടെയിടയില്‍ മലിനയായിരിക്കുന്നു.
18: കര്‍ത്താവിന്റെ പ്രവൃത്തി നീതിയുക്തമാണ്. ഞാനങ്ങയുടെ വചനത്തെ ധിക്കരിച്ചു. ജനതകളേ, കേള്‍ക്കുവിന്‍. എന്റെ ദുരിതങ്ങള്‍ കാണുവിന്‍. എന്റെ തോഴിമാരും എന്റെ യുവാക്കളും നാടുകടത്തപ്പെട്ടു.
19: ഞാനെന്റെ പ്രിയന്മാരെ വിളിച്ചു എന്നാല്‍, അവരെന്നെ വഞ്ചിച്ചു. തളര്‍ന്നുപോകാതിരിക്കാന്‍ ആഹാരമന്വേഷിച്ചുനടക്കുന്നതിനിടയില്‍ എന്റെ പുരോഹിതന്മാരും ശ്രേഷ്ഠന്മാരും നഗരത്തില്‍ മരിച്ചുവീണു.
20: കര്‍ത്താവേ, കാണണമേ! ഞാന്‍ ദുരിതത്തിലാണ്. എന്റെയാത്മാവ് അസ്വസ്ഥമാണ്. എന്റെ ഹൃദയം വിങ്ങുന്നു. എന്തെന്നാല്‍, ഞാന്‍ ഏറെ ധിക്കാരംകാണിച്ചു. നഗരവീഥികളില്‍ വാള്‍ വിയോഗദുഃഖം വിതയ്ക്കുന്നു. വീടിനകം മരണതുല്യമാണ്.
21: കേള്‍ക്കണമേ! ഞാനെത്ര നെടുവീര്‍പ്പിടുന്നു! എന്നെയാശ്വസിപ്പിക്കാനാരുമില്ല. എന്റെ ശത്രുക്കള്‍ എന്റെ കഷ്ടതകളെപ്പറ്റി കേട്ടു. അങ്ങിതു വരുത്തിയതിനാല്‍ അവരാനന്ദിക്കുന്നു. അവിടുന്നു പ്രഖ്യാപിച്ച ദിനംവരുത്തണമേ! അവരും എന്നെപ്പോലെയാകട്ടെ!
22: അവരുടെ ദുഷ്‌കര്‍മ്മങ്ങള്‍ അങ്ങയുടെ മുമ്പില്‍വരട്ടെ! എന്റെ അതിക്രമങ്ങള്‍മൂലം എന്നോടു പ്രവര്‍ത്തിച്ചതുപോലെ അവരോടും പ്രവര്‍ത്തിക്കണമേ. എന്തെന്നാല്‍, ഞാനത്യധികം നെടുവീര്‍പ്പിട്ടു കരയുന്നു. എന്റെ ഹൃദയം തളരുന്നു.

അദ്ധ്യായം 2

1: ഇതാ, കര്‍ത്താവു തന്റെ കോപത്തില്‍ സീയോന്‍പുത്രിയെ മേഘംകൊണ്ടു മൂടിയിരിക്കുന്നു. ഇസ്രായേലിന്റെ മഹത്വത്തെ അവിടുന്ന് ആകാശത്തില്‍നിന്നു ഭൂമിയിലേക്കു വലിച്ചെറിഞ്ഞു. തന്റെ കോപത്തിന്റെ ദിനത്തില്‍ അവിടുന്നു തന്റെ പാദപീഠത്തെയോര്‍മ്മിച്ചില്ല.
2: കര്‍ത്താവു യാക്കോബിന്റെ കൂടാരങ്ങളെ നിഷ്‌കരുണം നശിപ്പിച്ചു. തന്റെ ക്രോധത്തില്‍ യൂദാപുത്രിയുടെ ശക്തിദുര്‍ഗ്ഗങ്ങളെ അവിടുന്നു തകര്‍ത്തു. രാജ്യത്തെയും ഭരണാധിപന്മാരെയും അവമാനംകൊണ്ടു നിലംപറ്റിച്ചു.
3: തന്റെ ഉഗ്രകോപത്തില്‍ ഇസ്രായേലിന്റെ സര്‍വ്വശക്തിയും അവിടുന്നു വെട്ടിവീഴ്ത്തി. ശത്രുക്കളുടെ മുമ്പില്‍വച്ച് അവിടുന്നു തന്റെ വലത്തുകൈ അവരില്‍നിന്നു പിന്‍വലിച്ചു. സംഹാരാഗ്നിപോലെ അവിടുന്നു യാക്കോബിനെതിരേ ജ്വലിച്ചു.
4: ശത്രുവിനെപ്പോലെ അവിടുന്നു വില്ലുകുലച്ചു. വൈരിയെപ്പോലെ അവിടുത്തെ വലത്തുകൈയില്‍ അമ്പെടുത്തു. സീയോന്‍പുത്രിയുടെ കൂടാരത്തില്‍ നമ്മുടെ കണ്ണുകള്‍ക്കഭിമാനംപകര്‍ന്ന എല്ലാവരെയും അവിടുന്നു വധിച്ചു. അവിടുന്ന്, അഗ്നിപോലെ ക്രോധംചൊരിഞ്ഞു.
5: കര്‍ത്താവു ശത്രുവിനെപ്പോലെയായി, അവിടുന്ന് ഇസ്രായേലിനെ നശിപ്പിച്ചു. അതിന്റെ കൊട്ടാരങ്ങളെല്ലാം അവിടുന്നു തകര്‍ത്തു. അതിന്റെ ശക്തിദുര്‍ഗ്ഗങ്ങള്‍ നാശക്കൂമ്പാരമായി, യൂദാപുത്രിക്കു കരച്ചിലും വിലാപവും പെരുകാനിടയാക്കി.
6: അവിടുന്നു തന്റെ കൂടാരത്തെ തോട്ടത്തിലെ കുടിലെന്നപോലെ തകര്‍ത്തു. നിര്‍ദ്ദിഷ്ടോത്സവങ്ങള്‍ ആഘോഷിക്കേണ്ടസ്ഥലത്തെ അവിടുന്നു നാശക്കൂമ്പാരമാക്കി. കര്‍ത്താവു സീയോനില്‍ നിര്‍ദിഷ്‌ടോത്സവവും സാബത്തുമില്ലാതാക്കി. തന്റെ ഉഗ്രമായ രോഷത്തില്‍ രാജാവിനെയും പുരോഹിതനെയും വെറുത്തു.
7: കര്‍ത്താവു തന്റെ ബലിപീഠത്തെ വെറുത്തുതള്ളി. തന്റെ വിശുദ്ധമന്ദിരത്തെ തള്ളിപ്പറഞ്ഞു. അവളുടെ കൊട്ടാരങ്ങളുടെ മതിലുകളെ ശത്രുകരങ്ങളില്‍ ഏല്പിച്ചുകൊടുത്തു. കര്‍ത്താവിന്റെ ഭവനത്തില്‍, നിര്‍ദിഷ്‌ടോത്സവത്തിലെന്നപോലെ ആരവമുയര്‍ന്നു.
8: സീയോന്‍പുത്രിയുടെ മതിലുകള്‍ നശിപ്പിക്കാന്‍ കര്‍ത്താവുറച്ചു. അതിനെ അവിടുന്ന്, അളവുനൂല്‍കൊണ്ടടയാളപ്പെടുത്തി. അതിനെ നശിപ്പിക്കുന്നതില്‍നിന്നു തന്റെ കരത്തെ അവിടുന്നു തടഞ്ഞില്ല. കോട്ടയും മതിലും വിലപിക്കാനിടയാക്കി. അവ രണ്ടും ഒപ്പം തളര്‍ന്നുപോയി.
9: അവളുടെ കവാടങ്ങള്‍ ധൂളിയിലമര്‍ന്നു. അവിടുന്നവളുടെ ഓടാമ്പലുകളെ ഒടിച്ചുതകര്‍ത്തു; അവളുടെ രാജാവും പ്രഭുക്കന്മാരും ജനതകളുടെയിടയിലായി; നിയമമില്ലാതായി. അവളുടെ പ്രവാചകന്മാര്‍ക്കു കര്‍ത്താവില്‍നിന്നു ദര്‍ശനംലഭിക്കുന്നില്ല.
10: സീയോന്‍പുത്രിയുടെ ശ്രേഷ്ഠന്മാര്‍ മൂകരായി നിലത്തിരിക്കുന്നു. അവര്‍ തങ്ങളുടെ തലയില്‍ പൂഴിവിതറി; അവര്‍ ചാക്കുടുത്തു. ജറുസലെംകന്യകമാര്‍ നിലംപറ്റെ തലകുനിച്ചു.
11: കരഞ്ഞുകരഞ്ഞ്, എന്റെ കണ്ണുകള്‍ ക്ഷയിച്ചു. എന്റെ ആത്മാവസ്വസ്ഥമാണ്. എന്റെ ഹൃദയമുരുകിപ്പോയി; എന്തെന്നാല്‍, എന്റെ ജനത്തിന്റെ പുത്രി നശിച്ചു. ശിശുക്കളും കുട്ടികളും, നഗരവീഥികളില്‍ മയങ്ങിവീഴുന്നു.
12: മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ തളര്‍ന്നുവീഴുമ്പോള്‍, മാതാക്കളുടെ മടിയില്‍വച്ചു ജീവന്‍വാര്‍ന്നുപോകുമ്പോള്‍, അവര്‍ തങ്ങളുടെ അമ്മമാരോടു കരഞ്ഞുകൊണ്ട്, അപ്പവും വീഞ്ഞുമെവിടെയെന്നു ചോദിക്കുന്നു.
13: ജറുസലെംപുത്രീ, നിനക്കുവേണ്ടി ഞാനെന്തുപറയും? നിന്നെ ഞാന്‍ എന്തിനോടുപമിക്കും? കന്യകയായ സീയോന്‍പുത്രീ, നിന്നെയാശ്വസിപ്പിക്കാന്‍ ഞാന്‍ നിന്നെ എന്തിനോടു താരതമ്യപ്പെടുത്തും? നിന്റെ നാശം സമുദ്രംപോലെ വിശാലമാണ്. ആര്‍ക്കു നിന്നെ പുനരുദ്ധരിക്കാനാവും?
14: നിന്റെ പ്രവാചകന്മാര്‍ നിനക്കുവേണ്ടി കണ്ടത് വഞ്ചനാത്മകമായ വ്യാജദര്‍ശനങ്ങളാണ്. നിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കാന്‍വേണ്ടി നിന്റെ അകൃത്യങ്ങള്‍ അവര്‍ മറനീക്കിക്കാണിച്ചില്ല. അവരുടെ ദര്‍ശനങ്ങള്‍ മിഥ്യയും വഞ്ചനാത്മകവുമായിരുന്നു.
15: കടന്നുപോകുന്നവരെല്ലാം നിന്നെനോക്കി കൈകൊട്ടുന്നു. അവര്‍ ജറുസലെംപുത്രിയെ നോക്കി ചൂളമടിക്കുകയും തലയാട്ടുകയും ചെയ്യുന്നു. സൗന്ദര്യത്തികവെന്നും ഭൂമിമുഴുവന്റെയും ആനന്ദമെന്നും വിളിക്കപ്പെട്ട നഗരമാണോ ഇതെന്നവര്‍ ചോദിക്കുന്നു.
16: നിന്റെ സകലശത്രുക്കളും നിന്നെ നിന്ദിക്കുന്നു; അവര്‍ ചൂളമടിക്കുകയും പല്ലിറുമ്മുകയും ചെയ്യുന്നു. നമ്മളവളെ തകര്‍ത്തു, ഇതാണു നമ്മളാശിച്ചിരുന്ന ദിവസം. ഇപ്പോള്‍ അതു വന്നുചേര്‍ന്നു; നാമതു കാണുന്നുവെന്ന് അവരട്ടഹസിക്കുന്നു.
17: കര്‍ത്താവു തന്റെ നിശ്ചയം നിറവേറ്റി. അവിടുന്നു തന്റെ ഭീഷണി നടപ്പിലാക്കി. പണ്ടു നിര്‍ണ്ണയിച്ചതുപോലെ നിഷ്കരുണം അവിടുന്നു നശിപ്പിച്ചു. ശത്രു നിന്റെമേല്‍ സന്തോഷിക്കാന്‍ അവിടുന്നിടയാക്കി. നിന്റെ ശത്രുക്കളുടെ ശക്തിയെ ഉയര്‍ത്തി.
18: സീയോന്‍പുത്രീ, കര്‍ത്താവിനോട് ഉറക്കെ നിലവിളിക്കുക. രാവുംപകലും മഹാപ്രവാഹംപോലെ കണ്ണുനീര്‍ ഒഴുകട്ടെ. നീ വിശ്രമിക്കരുത്; കണ്ണുകള്‍ക്കു വിശ്രമം നല്കരുത്.
19: രാത്രിയില്‍, യാമങ്ങളുടെ ആരംഭത്തിലെഴുന്നേറ്റ്, ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നുവീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തേ സന്നിധിയിലേക്കു കൈകളുയര്‍ത്തുക.
20: കര്‍ത്താവേ, നോക്കിക്കാണണമേ! ആരോടാണ് അവിടുന്നിപ്രകാരം പ്രവര്‍ത്തിച്ചത്? സ്ത്രീകള്‍ തങ്ങളുടെ മക്കളെ, തങ്ങള്‍ താലോലിച്ചുവളര്‍ത്തുന്ന കുഞ്ഞുങ്ങളെ, തിന്നണമോ? കര്‍ത്താവിന്റെ വിശുദ്ധമന്ദിരത്തില്‍വച്ചു പുരോഹിതനും പ്രവാചകനും വധിക്കപ്പെടണമോ?
21: യുവാക്കളും വൃദ്ധരും തെരുവീഥികളിലെ പൊടിമണ്ണില്‍ വീണുകിടക്കുന്നു. എന്റെ കന്യകമാരും എന്റെ യുവാക്കളും വാളിനിരയായി വീണു. അങ്ങയുടെ കോപത്തിന്റെ ദിനത്തില്‍ അവിടുന്നവരെ വധിച്ചു. കരുണകൂടാതെ കൊന്നു.
22: നിര്‍ദിഷ്ടോത്സവത്തിനെന്നപോലെ അവിടുന്നു ഭീകരതകളെ എനിക്കുചുറ്റും വിളിച്ചുവരുത്തി. കര്‍ത്താവിന്റെ കോപത്തിന്റെ ദിനത്തില്‍ ആരും രക്ഷപെടുകയോ അവശേഷിക്കുകയോ ചെയ്തില്ല. ഞാന്‍ താലോലിച്ചുവളര്‍ത്തിയവരെ എന്റെ ശത്രു നിഗ്രഹിച്ചു.

അദ്ധ്യായം 3

1: അവിടുത്തെ ക്രോധത്തിന്റെ ദണ്ഡനമനുഭവിച്ചറിഞ്ഞവനാണു ഞാന്‍.
2: പ്രകാശത്തിലേക്കല്ല, കൂരിരുട്ടിലേക്കാണ് അവിടുന്നെന്നെ തള്ളിവിട്ടത്.
3: അവിടുത്തെ കരം, ദിവസംമുഴുവന്‍ വീണ്ടുംവീണ്ടും പതിക്കുന്നത് എന്റെമേലാണ്.
4: എന്റെ മാംസവും തൊലിയും ജീര്‍ണ്ണിക്കാന്‍ അവിടുന്നിടയാക്കി. എന്റെ അസ്ഥികളെ അവിടുന്നു തകര്‍ത്തു.
5: അവിടുന്നെന്നെ ആക്രമിക്കുകയും യാതനയും ദുരിതവുംകൊണ്ട് എന്നെ പൊതിയുകയും ചെയ്തു.
6: പണ്ടേ മരിച്ചവനെയെന്നപോലെ അവിടുന്നെന്നെ അന്ധകാരത്തില്‍ പാര്‍പ്പിച്ചു.
7: രക്ഷപെടാതിരിക്കാന്‍ അവിടുന്നെനിക്കു ചുറ്റും മതിലു കെട്ടി, ഭാരമുള്ള ചങ്ങലകള്‍കൊണ്ട് എന്നെ ബന്ധിച്ചു.
8: ഞാന്‍ വിളിച്ചപേക്ഷിക്കുന്നെങ്കിലും അവിടുന്നെന്റെ പ്രാര്‍ത്ഥന ചെവിക്കൊള്ളുന്നില്ല.
9: ചെത്തിയെടുത്ത കല്ലുകൊണ്ട്, അവിടുന്നെന്റെ വഴിയടച്ചു. എന്റെ പാതകളെ അവിടുന്നു വളഞ്ഞതാക്കി.
10: അവിടുന്നെനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും ഒളിച്ചിരിക്കുന്ന സിംഹത്തെപ്പോലെയുമാണ്.
11: അവിടുന്നെന്നെ വഴിതെറ്റിച്ചു കൊണ്ടുപോയി, ചീന്തിക്കീറി ഏകനായുപേക്ഷിച്ചു.
12: അവിടുന്നു വില്ലുകുലച്ച്, എന്നെ അസ്ത്രത്തിനു ലക്ഷ്യമാക്കി.
13: അവിടുന്ന്, ആവനാഴിയിലെ അമ്പ് എന്റെ ഹൃദയത്തിലേക്കയച്ചു.
14: ഞാന്‍ ജനതകള്‍ക്കു പരിഹാസപാത്രമായി. ദിവസംമുഴുവന്‍ അവരെന്നെ പരിഹസിച്ചു പാടുന്നു.
15: അവിടുന്നെന്നെ കയ്പുകൊണ്ടു നിറച്ചു. അവിടുന്നെന്നെ കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചു.
16: കല്ലുചവച്ചു പല്ലു പൊടിയാനും ചാരം തിന്നാനും എനിക്കിടവരുത്തി.
17: എന്റെയാത്മാവിനു സ്വസ്ഥതയില്ല. സന്തോഷമെന്തെന്നു ഞാന്‍ മറന്നു.
18: അതുകൊണ്ട്, എന്റെ ശക്തിയും കര്‍ത്താവിലുള്ള പ്രത്യാശയും പൊയ്‌പോയെന്നു ഞാന്‍ വിലപിക്കുന്നു.
19: എന്റെ കഷ്ടതയുടെയും അലച്ചിലിന്റെയുമോര്‍മ്മ കയ്പേറിയ വിഷമാണ്.
20: അതിനെപ്പറ്റി നിരന്തരം ചിന്തിച്ച്, എന്റെ മനം തകരുന്നു.
21: എന്നാല്‍, ഞാന്‍ ഒരു കാര്യമോര്‍മ്മിക്കുന്നു, അതെനിക്കു പ്രത്യാശതരുന്നു.
22: കര്‍ത്താവിന്റെ സ്നേഹം ഒരിക്കലുമസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.
23: ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്.
24: കര്‍ത്താവാണെന്റെ ഓഹരി, അവിടുന്നാണെന്റെ പ്രത്യാശ എന്നു ഞാന്‍ പറയുന്നു.
25: തന്നെക്കാത്തിരിക്കുന്നവര്‍ക്കും തന്നെത്തേടുന്നവര്‍ക്കും കര്‍ത്താവു നല്ലവനാണ്.
26: കര്‍ത്താവിന്റെ രക്ഷയെ ശാന്തമായി കാത്തിരിക്കുന്നതുത്തമം.
27: യൗവനത്തില്‍ നുകംവഹിക്കുന്നതു മനുഷ്യനു നല്ലതാണ്.
28: അവിടുന്നത് അവന്റെമേല്‍ വയ്ക്കുമ്പോള്‍ അവന്‍ ഏകനായി മൗനമായിരിക്കട്ടെ!
29: അവന്‍ മുഖം മണ്ണില്‍ പൂഴ്ത്തട്ടെ! ഇനിയും പ്രത്യാശയ്ക്കു വകയുണ്ട്.
30: അവന്റെ കവിള്‍ത്തടം തല്ലേറ്റുവാങ്ങട്ടെ! നിന്ദനംകൊണ്ടവന്‍ നിറയട്ടെ!
31: എന്തെന്നാല്‍, കര്‍ത്താവ് എന്നേയ്ക്കുമായി ഉപേക്ഷിക്കുകയില്ല.
32: അവിടുന്നു വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിനനുസൃതമായി ദയകാണിക്കും.
33: അവിടുന്നൊരിക്കലും മനഃപൂര്‍വ്വം മനുഷ്യമക്കളെ പീഡിപ്പിക്കുകയോ ദുഃഖിപ്പിക്കുകയോ ചെയ്യുന്നില്ല.
34: തടവുകാരെ ചവിട്ടിമെതിക്കുന്നതും
35: അത്യുന്നതന്റെ സന്നിധിയില്‍ മനുഷ്യന്റെ അവകാശത്തെ തകിടംമറിക്കുന്നതും
36: മനുഷ്യനു നീതി നിഷേധിക്കുന്നതും കര്‍ത്താവംഗീകരിക്കുന്നില്ല.
37: കല്പനകൊണ്ടുമാത്രം കാര്യം നടപ്പിലാക്കാന്‍ ആര്‍ക്കുകഴിയും? കര്‍ത്താവിനല്ലാതെ ആര്‍ക്ക്?
38: അത്യുന്നതന്റെ അധരത്തില്‍നിന്നല്ലേ നന്മയും തിന്മയും വരുന്നത്?
39: മനുഷ്യന്‍ - വെറും മര്‍ത്ത്യന്‍ - ജീവിക്കുന്നിടത്തോളംകാലം തന്റെ പാപത്തിനു കിട്ടിയ ശിക്ഷയെപ്പറ്റി എന്തിനു പരാതിപ്പെടുന്നു?
40: നമുക്കു നമ്മുടെ വഴികള്‍ സൂക്ഷ്മമായി പരിശോധിക്കുകയും കര്‍ത്താവിങ്കലേക്കു തിരിയുകയുംചെയ്യാം.
41: നമുക്കു നമ്മുടെ ഹൃദയവും കരങ്ങളും സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കുയര്‍ത്താം.
42: ഞങ്ങള്‍ പാപം ചെയ്തു, ധിക്കാരം കാണിച്ചു. അവിടുന്നു മാപ്പുനല്കിയില്ല.
43: അവിടുന്നു കോപംപൂണ്ടു ഞങ്ങളെ പിന്തുടര്‍ന്നു; ഞങ്ങളെ നിഷ്കരുണം വധിച്ചു.
44: ഒരു പ്രാര്‍ത്ഥനയും കടന്നുചെല്ലാനാവാത്തവിധം അവിടുന്നു മേഘംകൊണ്ട് ആവൃതനായി.
45: ജനതകളുടെയിടയില്‍ ഞങ്ങളെയവിടുന്നു ചപ്പും ചവറുമാക്കി.
46: ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങള്‍ക്കെതിരേ വായ് പിളര്‍ന്നു.
47: സംഭ്രാന്തിയും കെണിയും ഞങ്ങളുടെമേല്‍ പതിച്ചു; വിനാശവും ശൂന്യതയും ഞങ്ങളെ ഗ്രസിച്ചു.
48: എന്റെ ജനതയുടെ പുത്രിക്കുണ്ടായ നാശംനിമിത്തം എന്റെ കണ്ണുകളില്‍നിന്ന് നീര്‍ച്ചാലുകളൊഴുകുന്നു.
49: എന്റെ കണ്ണുനീര്‍ അവിരാമം പ്രവഹിക്കും.
50: കര്‍ത്താവു സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കിക്കാണുന്നതുവരെ അതു നിലയ്ക്കുകയില്ല.
51: എന്റെ നഗരത്തിലെ കന്യകമാരുടെ വിധി എന്റെ കണ്ണുകളെ ദുഃഖപൂര്‍ണ്ണമാക്കുന്നു.
52: അകാരണമായി എന്റെ ശത്രുവായവര്‍, എന്നെ പക്ഷിയെയെന്നപോലെ വേട്ടയാടി.
53: അവരെന്നെ ജീവനോടെ കുഴിയില്‍ത്തള്ളി; അവരെന്റെമേല്‍ കല്ലുരുട്ടിവച്ചു.
54: വെള്ളം എന്നെമൂടി. ഞാന്‍ നശിച്ചു എന്നു ഞാന്‍ പറഞ്ഞു.
55: കുഴിയുടെ അടിയില്‍നിന്നു കര്‍ത്താവേ, ഞാനങ്ങയുടെ നാമം വിളിച്ചപേക്ഷിച്ചു.
56: സഹായത്തിനായുള്ള എന്റെ നിലവിളിക്കെതിരേ അവിടുത്തെ ചെവിയടയ്ക്കരുതേയെന്ന എന്റെ യാചന അവിടുന്നു കേട്ടു.
57: ഞാന്‍ വിളിച്ചപ്പോള്‍ അവിടുന്നടുത്തുവന്നു. ഭയപ്പെടേണ്ടായെന്ന് അവിടുന്നു പറഞ്ഞു.
58: കര്‍ത്താവേ, അവിടുന്നെനിക്കുവേണ്ടി ന്യായവാദം നടത്തി; അവിടുന്നെന്റെ ജീവനെ രക്ഷിച്ചു.
59: കര്‍ത്താവേ, എനിക്കേറ്റ ദ്രോഹം അവിടുന്നു കണ്ടു. എനിക്കുവേണ്ടി നീതി നടത്തണമേ!
60: അവരുടെ പ്രതികാരവും അവരെനിക്കുവേണ്ടിവച്ച കെണികളും അവിടുന്നു കണ്ടു.
61: കര്‍ത്താവേ, അവരുടെ നിന്ദനങ്ങളും ദുരാലോചനകളും അവിടുന്നു കേട്ടു.
62: എന്നെ ആക്രമിക്കുന്നവരുടെ വാക്കുകളും വിചാരങ്ങളും ദിവസംമുഴുവന്‍ എനിക്കെതിരായിട്ടാണ്.
63: അവരുടെ ഇരിപ്പും നില്പും അവിടുന്നു കാണണമേ! ഞാനാണവരുടെ പരിഹാസഗാനങ്ങളുടെ വിഷയം.
64: കര്‍ത്താവേ, അവരുടെ പ്രവൃത്തികള്‍ക്കുതക്ക പ്രതിഫലം നല്‍കണമേ!
65: അവരുടെ ഹൃദയത്തെ മരവിപ്പിക്കണമേ! അവിടുത്തെ ശാപം അവരുടെമേല്‍ പതിക്കട്ടെ!
66: കര്‍ത്താവേ, കോപത്തോടെ അവരെ പിന്തുടര്‍ന്ന്, അവിടുത്തെ ആകാശത്തിന്‍കീഴില്‍നിന്ന് അവരെ നശിപ്പിക്കണമേ!

അദ്ധ്യായം 4

1: സ്വര്‍ണ്ണമെങ്ങനെ മങ്ങിപ്പോയി? തങ്കത്തിനെങ്ങനെ മാറ്റംവന്നു? വിശുദ്ധമന്ദിരത്തിന്റെ കല്ലുകള്‍ വാഴിക്കവലയ്ക്കല്‍ ചിതറിക്കിടക്കുന്നു.
2: സീയോന്റെ അമൂല്യരായ മക്കള്‍, തങ്ങളുടെ തൂക്കത്തിനൊപ്പം തങ്കത്തിന്റെ വിലയുള്ളവര്‍, കുശവന്റെ കരവേലയായ മണ്‍പാത്രങ്ങള്‍പോലെ ഗണിക്കപ്പെട്ടതെങ്ങനെ?
3: കുറുനരികള്‍പോലും കുഞ്ഞുങ്ങളെ മുലയൂട്ടുന്നു. എന്നാല്‍ എന്റെ ജനത്തിന്റെ പുത്രി, മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായി.
4: മുലകുടിക്കുന്ന കുഞ്ഞിന്റെ നാവു ദാഹംകൊണ്ടു വരണ്ട്, അണ്ണാക്കില്‍ ഒട്ടിയിരിക്കുന്നു. കുട്ടികള്‍ ഭക്ഷണമിരക്കുന്നു. പക്ഷേ, ആരും നല്കുന്നില്ല.
5: സ്വാദിഷ്ഠഭോജനമാസ്വദിച്ചിരുന്നവര്‍ തെരുവുകളില്‍ പട്ടിണികൊണ്ടു നശിക്കുന്നു. പട്ടുവസ്ത്രംധരിച്ചു വളര്‍ന്നവര്‍ ചാരക്കൂമ്പാരത്തിന്മേല്‍ കിടക്കുന്നു.
6: എന്റെ ജനത്തിന്റെ പുത്രിക്കു ലഭിച്ച ശിക്ഷ, ഒരു നിമിഷംകൊണ്ട് ആരും കൈവയ്ക്കാതെതന്നെ നശിപ്പിക്കപ്പെട്ട സോദോമിന്റേതിനെക്കാള്‍ വലുതാണ്.
7: അവളുടെ പ്രഭുക്കന്മാര്‍ മഞ്ഞിനെക്കാള്‍ നിര്‍മ്മലരും പാലിനെക്കാള്‍ വെണ്മയുള്ളവരുമായിരുന്നു. അവരുടെ ശരീരം പവിഴത്തെക്കാള്‍ തുടുത്തതും അവരുടെ ആകാരഭംഗി ഇന്ദ്രനീലത്തിനു തുല്യവുമായിരുന്നു.
8: ഇപ്പോള്‍ അവരുടെ മുഖം കരിക്കട്ടയെക്കാള്‍ കറുത്തിരിക്കുന്നു. തെരുവീഥികളില്‍ അവരെ തിരിച്ചറിയാന്‍ കഴിയുന്നില്ല. അവരുടെ തൊലി എല്ലിനോടൊട്ടിയിരിക്കുന്നു. അതുണങ്ങിയ വിറകുപോലെയായിരിക്കുന്നു.
9: വാളേറ്റുമരിച്ചവര്‍ വിശപ്പുകൊണ്ടു മരിക്കുന്നവരെക്കാള്‍ ഭാഗ്യവാന്മാരാണ്. അവര്‍ വയലിലെ ഫലങ്ങള്‍ ലഭിക്കാതെ വിശന്നുതളര്‍ന്നു നശിച്ചു.
10: കരുണാമയികളായ സ്ത്രീകളുടെ കൈകള്‍ സ്വന്തം മക്കളെ വേവിച്ചു. എന്റെ ജനത്തിന്റെ പുത്രിയുടെ വിനാശത്തിന്റെ നാളുകളില്‍, അവര്‍ അവരുടെ ഭക്ഷണമായിത്തീര്‍ന്നു.
11: കര്‍ത്താവു തന്റെ ക്രോധമഴിച്ചുവിട്ടു. അവിടുന്നു ജ്വലിക്കുന്ന കോപം വര്‍ഷിച്ചു. സീയോനില്‍ അവിടുന്നൊരഗ്നി ജ്വലിപ്പിച്ചു. അതിന്റെ അടിസ്ഥാനങ്ങളെ അതു ദഹിപ്പിച്ചു.
12: ശത്രുവിനോ വൈരിക്കോ ജറുസലെമിന്റെ കവാടങ്ങള്‍ കടക്കാനാവുമെന്ന് ഭൂമിയിലെ രാജാക്കന്മാരോ ഭൂവാസികളോ വിശ്വസിച്ചിരുന്നില്ല.
13: അവരുടെ മദ്ധ്യേ, നീതിമാന്മാരുടെ രക്തംചൊരിഞ്ഞ അവളുടെ പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ തിന്മകളും നിമിത്തമാണ് ഇതു സംഭവിച്ചത്.
14: അവര്‍ തെരുവീഥികളിലൂടെ അന്ധരായി അലഞ്ഞുനടക്കുന്നു. രക്തപങ്കിലമായ അവരുടെ വസ്ത്രം ആരും സ്പര്‍ശിക്കുകയില്ല.
15: അശുദ്ധരേ, അകന്നുമാറുവിന്‍, അകന്നുപോകുവിന്‍, തൊടരുത് എന്നിങ്ങനെ ആളുകള്‍ അവരോടു വിളിച്ചുപറയുന്നു. അതുകൊണ്ടവര്‍ നാടുകടത്തപ്പെട്ട് അലയുന്നവരായി. അവര്‍ നമ്മോടുകൂടെയിനി താമസിക്കരുതെന്നു ജനതകള്‍ പറയുന്നു.
16: കര്‍ത്താവുതന്നെ അവരെ ചിതറിച്ചു; അവിടുത്തേക്കിനി അവരെക്കുറിച്ചു കരുതലില്ല. പുരോഹിതന്മാര്‍ക്കു ബഹുമാനവും ശ്രേഷ്ഠന്മാര്‍ക്കു പരിഗണനയും ലഭിച്ചില്ല.
17: സഹായത്തിനുവേണ്ടി വൃഥാ കാത്തിരുന്ന ഞങ്ങളുടെ കണ്ണുകള്‍ മങ്ങി. രക്ഷിക്കാന്‍കഴിയാത്ത ഒരു ജനതയ്ക്കു വേണ്ടിയാണ് ഞങ്ങള്‍ നോക്കിയിരുന്നത്.
18: തെരുവീഥികളിലൂടെ ഞങ്ങള്‍ക്കു നടക്കാനാവാത്തവിധം ആളുകള്‍ ഞങ്ങളെ പിന്തുടര്‍ന്നു. ഞങ്ങളുടെ അവസാനമടുത്തു. ഞങ്ങളുടെ ദിവസങ്ങളെണ്ണപ്പെട്ടു. ഞങ്ങളുടെ അവസാനം വന്നുകഴിഞ്ഞു.
19: ഞങ്ങളെ അനുധാവനംചെയ്തിരുന്നവര്‍ ആകാശത്തിലെ കഴുകന്മാരെക്കാള്‍ വേഗമുള്ളവരായിരുന്നു. അവര്‍ ഞങ്ങളെ പിന്തുടര്‍ന്നു മലകളിലൂടെയോടിച്ചു. ഞങ്ങളെ പിടിക്കാന്‍ അവര്‍ മരുഭൂമിയില്‍ പതിയിരുന്നു.
20: ഞങ്ങളുടെ ജീവശ്വാസം, കര്‍ത്താവിന്റെ അഭിഷിക്തന്‍, അവരുടെ കുഴിയില്‍ പതിച്ചു. അവന്റെ തണലില്‍ ഞങ്ങള്‍ ജനതകളുടെയിടയില്‍ വസിക്കുമെന്ന് അവനെപ്പറ്റിയാണു ഞങ്ങള്‍ പറഞ്ഞിരുന്നത്.
21: ഊസ്‌ദേശത്തു പാര്‍ക്കുന്ന ഏദോംപുത്രീ, സന്തോഷിച്ചാഹ്ലാദിച്ചുകൊള്ളുക! എന്നാല്‍, നിന്റെ കൈയിലും ഈ പാനപാത്രമെത്തും. നീ കുടിച്ചു മത്തുപിടിച്ച് അനാവൃതയാകും.
22: സീയോന്‍പുത്രീ, നിന്റെ പാപത്തിന്റെ ശിക്ഷ പൂര്‍ത്തിയായി. നിന്റെ പ്രവാസം തുടരാന്‍ ഇനിയവിടുന്നനുവദിക്കുകയില്ല. എന്നാല്‍, ഏദോംപുത്രീ, നിന്റെ അകൃത്യങ്ങള്‍ക്ക് അവിടുന്നു നിന്നെ ശിക്ഷിക്കും. അവിടുന്നു നിന്റെ പാപങ്ങള്‍ വെളിപ്പെടുത്തും.

അദ്ധ്യായം 5

1: കര്‍ത്താവേ, ഞങ്ങള്‍ക്കു സംഭവിച്ചതെന്തെന്നോര്‍ക്കണമേ! ഞങ്ങള്‍ക്കുനേരിട്ട അപമാനം, അവിടുന്നു കാണണമേ!
2: ഞങ്ങളുടെ അവകാശം അന്യര്‍ക്ക്, ഞങ്ങളുടെ വീടുകള്‍ വിദേശികള്‍ക്ക്, നല്കപ്പെട്ടു.
3: ഞങ്ങള്‍ അനാഥരുമഗതികളുമായി. ഞങ്ങളുടെയമ്മമാര്‍ വിധവകളെപ്പോലെയായി.
4: കുടിനീരും വിറകും ഞങ്ങള്‍ക്കു വിലയ്ക്കു വാങ്ങേണ്ടിവരുന്നു.
5: കഴുത്തില്‍ നുകവുമായി ഞങ്ങള്‍ക്കു കഠിനാദ്ധ്വാനംചെയ്യേണ്ടിവരുന്നു. ഞങ്ങള്‍ ക്ഷീണിച്ചു തളര്‍ന്നു, ഞങ്ങള്‍ക്കു വിശ്രമമില്ല.
6: ആവശ്യത്തിനാഹാരം ലഭിക്കാന്‍, ഞങ്ങള്‍ക്ക് ഈജിപ്തിന്റെയും അസ്സീറിയായുടെയുംനേരേ കൈനീട്ടേണ്ടി വന്നു.
7: ഞങ്ങളുടെ പിതാക്കന്മാര്‍ പാപം ചെയ്തു; അവര്‍ മരിക്കുകയും ചെയ്തു. ഞങ്ങള്‍ അവരുടെ അകൃത്യങ്ങള്‍ വഹിക്കുന്നു.
8: അടിമകള്‍ ഞങ്ങളെ ഭരിക്കുന്നു. അവരുടെ കൈയില്‍നിന്നു ഞങ്ങളെ മോചിപ്പിക്കാനാരുമില്ല.
9: മരുഭൂമിയിലെ വാള്‍നിമിത്തം പ്രാണന്‍ പണയംവച്ചാണു ഞങ്ങള്‍ അപ്പം നേടുന്നത്.
10: ക്ഷാമത്തിന്റെ പൊള്ളുന്ന ചൂടുകൊണ്ടു ഞങ്ങളുടെ തൊലി ചൂളപോലെ തപിക്കുന്നു.
11: സീയോനില്‍ സ്ത്രീകളും യൂദാനഗരങ്ങളില്‍ കന്യകമാരും അപമാനിതരായി.
12: പ്രഭുക്കന്മാരെ അവര്‍ തൂക്കിക്കൊന്നു. ശ്രേഷ്ഠന്മാരോട് ഒട്ടും ബഹുമാനംകാണിച്ചില്ല.
13: യുവാക്കന്മാര്‍ തിരികല്ലില്‍ പൊടിക്കാന്‍ നിര്‍ബ്ബന്ധിതരായി. ബാലന്മാര്‍ വിറകുചുമടിന്റെ ഭാരംകൊണ്ടു തളര്‍ന്നുവീഴുന്നു.
14: വൃദ്ധന്മാര്‍ നഗരകവാടങ്ങളുപേക്ഷിച്ചു. യുവാക്കന്മാര്‍ സംഗീതമാലപിക്കുന്നില്ല.
15: ഞങ്ങളുടെ ഹൃദയത്തിന്റെ സന്തോഷമവസാനിച്ചു. ഞങ്ങളുടെ നൃത്തം വിലാപമായി മാറി.
16: ഞങ്ങളുടെ ശിരസ്സില്‍നിന്നു കിരീടം വീണുപോയി. ഞങ്ങള്‍ക്കു ദുരിതം! ഞങ്ങള്‍ പാപം ചെയ്തു.
17: ഞങ്ങളുടെ ഹൃദയം വിങ്ങുന്നു; ഞങ്ങളുടെ കണ്ണുകള്‍ മങ്ങി.
18: എന്തെന്നാല്‍, സീയോന്‍മല ശൂന്യമായിക്കിടക്കുന്നു. അവിടെ കുറുനരികള്‍ പതുങ്ങി നടക്കുന്നു.
19: എന്നാല്‍, കര്‍ത്താവേ, അങ്ങെന്നേയ്ക്കും വാഴുന്നു. അങ്ങയുടെ സിംഹാസനം തലമുറകളോളം നിലനില്‍ക്കുന്നു.
20: എന്തുകൊണ്ടാണ് അവിടുന്നു ഞങ്ങളെ എന്നേയ്ക്കുമായി മറന്നത്? എന്തുകൊണ്ടാണ് ഇത്രയേറെനാള്‍ ഞങ്ങളെ പരിത്യജിച്ചത്?
21: കര്‍ത്താവേ, ഞങ്ങള്‍ മടങ്ങിവരേണ്ടതിനു ഞങ്ങളെ അങ്ങയിലേയ്ക്കു തിരിക്കണമേ! ഞങ്ങളുടെ ദിനങ്ങളെ പണ്ടത്തേതുപോലെ ആക്കണമേ!
22: എന്തെന്നാല്‍, അവിടുന്നു ഞങ്ങളെ നിശ്ശേഷമുപേക്ഷിച്ചു. അവിടുന്നു ഞങ്ങളോട് അത്യധികം കോപിച്ചിരിക്കുന്നു.

ഇരുനൂറ്റിമുപ്പത്തിരണ്ടാം ദിവസം: ജറമിയ 51 - 52


അദ്ധ്യായം 51

1: കര്‍ത്താവരുളിച്ചെയ്യുന്നു: ബാബിലോണിനും കല്‍ദായനിവാസികള്‍ക്കുമെതിരേ ഞാനൊരു സംഹാരകനെയയയ്ക്കും. 
2: പാറ്റുന്നവരെ ഞാന്‍ ബാബിലോണിലേക്കയയ്ക്കും. ദുരിതത്തിന്റെ നാളില്‍ അവര്‍ വന്ന്, അവളെ പാറ്റി ശൂന്യമാക്കും. 
3: അവളുടെ വില്ലാളികളെ വില്ലുകുലയ്ക്കാനും പടയാളികളെ പോര്‍ച്ചട്ടയണിയാനും അനുവദിക്കരുത്. അവളുടെ യുവാക്കളവശേഷിക്കരുത്, സൈന്യം മുഴുവന്‍ നശിക്കട്ടെ. 
4: അവര്‍ കല്‍ദായദേശത്തു മരിച്ചുവീഴും; തെരുവീഥികളില്‍ മുറിവേറ്റുകിടക്കും. 
5: ഇസ്രായേലിനെയും യൂദായെയും അവരുടെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവുപേക്ഷിച്ചിട്ടില്ല. ഇസ്രായേലിന്റെ പരിശുദ്ധനെതിരായ തിന്മകള്‍കൊണ്ടു കല്‍ദായരുടെ നാടു നിറഞ്ഞിരിക്കുന്നു. 
6: ബാബിലോണില്‍നിന്ന് ഓടിയകലുവിന്‍, ജീവന്‍ രക്ഷിക്കുവിന്‍, അവളുടെ ശിക്ഷയില്‍ നിങ്ങള്‍ നശിക്കാതിരിക്കട്ടെ. ഇതു കര്‍ത്താവിന്റെ പ്രതികാരദിനമാണ്. അവിടുന്നവള്‍ക്കു പ്രതിഫലം നല്‍കുന്നു. 
7: ഭൂമി മുഴുവന്‍ ഉന്മത്തമാക്കിയ സ്വര്‍ണ്ണചഷകമായിരുന്നു കര്‍ത്താവിന്റെ കൈകളില്‍ ബാബിലോണ്‍. അതില്‍നിന്നു വീഞ്ഞുകുടിച്ചു ജനതകള്‍ക്കു ഭ്രാന്തുപിടിച്ചു. 
8: ബാബിലോണ്‍ പെട്ടെന്നു വീണുതകര്‍ന്നു; അവളെയോര്‍ത്തു വിലപിക്കുവിന്‍. അവളുടെ മുറിവുകള്‍ക്കു തൈലമന്വേഷിക്കുവിന്‍. അവള്‍ സുഖംപ്രാപിച്ചേക്കും. 
9: ബാബിലോണിനെ നമ്മള്‍ ചികിത്സിച്ചു. എങ്കിലും, അവള്‍ സുഖംപ്രാപിച്ചില്ല. അവളെ മറന്നേക്കുക. നമുക്കു നമ്മുടെ ദേശങ്ങളിലേക്കു മടങ്ങാം. അവളുടെ ശിക്ഷാവിധി സ്വര്‍ഗ്ഗംവരെയെത്തുന്നു. അത് ആകാശംവരെയുയരുന്നു. 
10: കര്‍ത്താവു നമുക്കുവേണ്ടി നീതി നടത്തിയിരിക്കുന്നു. വരുവിന്‍, നമ്മുടെ ദൈവമായ കര്‍ത്താവിന്റെ പ്രവൃത്തികള്‍ സീയോനില്‍ നമുക്കു പ്രഘോഷിക്കാം. 
11: അസ്ത്രങ്ങള്‍ക്കു മൂര്‍ച്ചകൂട്ടുവിന്‍. ആവനാഴി നിറയ്ക്കുവിന്‍. മിദിയാന്‍ രാജാക്കന്മാരെ കര്‍ത്താവിളക്കിവിട്ടിരിക്കുന്നു. ബാബിലോണിനെ നശിപ്പിക്കാന്‍ അവിടുന്നു നിശ്ചയിച്ചിരിക്കുന്നു. ഇതു കര്‍ത്താവിന്റെ പ്രതികാരമാണ് - അവിടുത്തെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരം. 
12: ബാബിലോണിന്റെ കോട്ടകള്‍ക്കെതിരേ യുദ്ധക്കൊടിയുയര്‍ത്തുവിന്‍. കാവല്‍പ്പടയെ ശക്തമാക്കുവിന്‍. കാവല്‍ഭടന്മാര്‍ സ്ഥാനം പിടിക്കട്ടെ. കെണികളൊരുക്കുവിന്‍. ബാബിലോണ്‍നിവാസികള്‍ക്കെതിരേപറഞ്ഞ കാര്യങ്ങള്‍ കര്‍ത്താവു നിറവേറ്റിയിരിക്കുന്നു. 
13: സമൃദ്ധമായ ജലാശയത്തിനരികേ വസിക്കുന്ന അളവറ്റ ധനത്തിനുടമയായ നിന്റെ അന്ത്യമാസന്നമായി. ഇതാ, നിന്റെ ജീവധാരയറ്റിരിക്കുന്നു. 
14: സൈന്യങ്ങളുടെ കര്‍ത്താവു സ്വന്തം നാമത്തില്‍ ശപഥം ചെയ്തിരിക്കുന്നു. വെട്ടുകിളികളെപ്പോലെ എണ്ണമറ്റ ഭടന്മാരെ ഞാന്‍ നിനക്കെതിരേ നിരത്തും. അവര്‍ വിജയാരവം മുഴക്കും. 
15: തന്റെ ശക്തിയാല്‍ അവിടുന്നു ഭൂമിയെ സൃഷ്ടിച്ചു; ജ്ഞാനത്താല്‍ ലോകത്തെയുറപ്പിച്ചു; അറിവിനാല്‍ ആകാശത്തെ വിരിച്ചു. 
16: അവിടുന്നു ഗര്‍ജ്ജിക്കുമ്പോള്‍ ആകാശത്തിനു മുകളിലെ ആഴികള്‍ അലറുന്നു. ദിഗന്തങ്ങളില്‍നിന്നു കാര്‍മേഘങ്ങളെ ഉയര്‍ത്തുന്നു. മഴ പെയ്യിക്കാന്‍ മിന്നല്‍പ്പിണരുകളെ അയയ്ക്കുന്നു. തന്റെ അറപ്പുരകളില്‍നിന്നു കാറ്റിനെ അഴിച്ചുവിടുന്നു. 
17: ഇവയുടെ മുമ്പില്‍ മനുഷ്യര്‍ വിസ്മയിച്ചു വിഡ്ഢികളായി നില്‍ക്കുന്നു. സ്വര്‍ണ്ണശില്പി താന്‍ നിര്‍മ്മിച്ച വിഗ്രഹത്തെച്ചൊല്ലി ലജ്ജിക്കുന്നു. അവന്റെ ശില്പങ്ങള്‍ വ്യാജമത്രേ; ജീവശ്വാസം അവയിലില്ല. 
18: അവ വ്യര്‍ത്ഥമാണ്, വെറും മിഥ്യാമൂര്‍ത്തികള്‍! 
19: ശിക്ഷാദിനത്തില്‍ അവ നാശമടയും. യാക്കോബിന്റെ അവകാശമായവന്‍ അതുപോലെയല്ല, അവിടുന്നാണു സകലത്തിനും രൂപംനല്‍കിയത്. ഇസ്രായേല്‍ അവിടുത്തെ സ്വന്തം ഗോത്രമാണ്. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണവിടുത്തെ നാമം. 
20: നീ എന്റെ കൈയിലെ കൂടമാണ്, എന്റെ ആയുധം. നിന്നെക്കൊണ്ടു ജനതകളെ ഞാന്‍ ചിതറിക്കും. സാമ്രാജ്യങ്ങളെ തകര്‍ക്കും. 
21: കുതിരകളെയും കുതിരക്കാരെയും രഥങ്ങളെയും സാരഥികളെയും ഞാന്‍ ചിതറിക്കും. 
22: നിന്നെക്കൊണ്ടു പുരുഷന്മാരെയും സ്ത്രീകളെയും വൃദ്ധരെയും ശിശുക്കളെയും യുവാക്കളെയും യുവതികളെയും ഞാന്‍ സംഹരിക്കും. 
23: ഇടയന്മാരെയും ആടുകളെയും കര്‍ഷകരെയും ഉഴവുകാളകളെയും നായകന്മാരെയും ഭരണാധിപന്മാരെയും നിന്നെക്കൊണ്ടു ഞാന്‍ നശിപ്പിക്കും. 
24: ബാബിലോണും കല്‍ദായജനതയും സീയോനില്‍ച്ചെയ്ത അതിക്രമങ്ങള്‍ക്കു ഞാന്‍ നിങ്ങളുടെ കണ്‍മുമ്പില്‍വച്ച്, അവരോടു പകരംചോദിക്കും. 
25: ഭൂമിയെ മുഴുവന്‍ നശിപ്പിക്കുന്ന വിനാശപര്‍വ്വതമേ, ഞാന്‍ നിനക്കെതിരേ കൈനീട്ടി പാറയിടുക്കില്‍നിന്നു നിന്നെ ഉരുട്ടിയിടും. നീ കരിഞ്ഞപര്‍വ്വതമാകും - കര്‍ത്താവരുളിച്ചെയ്യുന്നു. 
26: മൂലക്കല്ലിനോ അടിസ്ഥാനശിലയ്ക്കോവേണ്ടി ആരും ഒരു കല്ലും നിന്നില്‍നിന്നെടുക്കുകയില്ല. നീ നിത്യശൂന്യതയാകും. 
27: ദേശത്തെല്ലാം യുദ്ധക്കൊടിയുയര്‍ത്തുവിന്‍. ജനതകളുടെയിടയില്‍ കാഹളമൂതുവിന്‍. അവളോടു യുദ്ധംചെയ്യാന്‍ ജനതകളെ സജ്ജമാക്കുവിന്‍. അരാറാത്, മിന്നി, അഷ്കെനാസ് എന്നീ രാജ്യങ്ങളെ അവള്‍ക്കെതിരേ വിളിച്ചുകൂട്ടുവിന്‍. അവള്‍ക്കെതിരേ സേനാധിപന്മാരെ വിളിച്ചുകൂട്ടുവിന്‍. വെട്ടുകിളികളെപ്പോലെ കുതിരപ്പട ഇരമ്പിയടുക്കട്ടെ. 
28: മിദിയാന്‍ രാജാക്കന്മാരെയും ദേശാധിപതികളെയും പ്രതിനിധികളെയും അവരുടെ ജനതകളെയും അവള്‍ക്കെതിരേ യുദ്ധത്തിനൊരുക്കുവിന്‍. 
29: ബാബിലോണ്‍ വിജനമാക്കാനുള്ള കര്‍ത്താവിന്റെ തീരുമാനം പൂര്‍ത്തിയാകുന്നതുകൊണ്ടു ദേശം വിറയ്ക്കുകയും വേദനയാല്‍ പുളയുകയുംചെയ്യുന്നു. 
30: ബാബിലോണ്‍ വീരന്മാര്‍ യുദ്ധംനിറുത്തി കോട്ടകളിലഭയംപ്രാപിച്ചു. അവര്‍ ശക്തി ക്ഷയിച്ചു സ്ത്രീകളെപ്പോലെയായി. 
31: അവളുടെ ഭവനങ്ങള്‍ അഗ്നിക്കിരയായി; ഓടാമ്പലുകള്‍ തകര്‍ന്നു. നഗരം എല്ലാവശത്തുനിന്നും പിടിക്കപ്പെട്ടു. കടവുകള്‍ അധീനമായി. 
32: കാവല്‍ഗോപുരങ്ങള്‍ അഗ്നിക്കിരയായി. പടയാളികള്‍ പരിഭ്രാന്തരായി. ഈ വാര്‍ത്ത ബാബിലോണ്‍രാജാവിനെയറിയിക്കാന്‍ ദൂതന്മാര്‍ ഒന്നിനുപുറമേ ഒന്നായി ഓടുന്നു. 
33: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ബാബിലോണ്‍പുത്രി കൊയ്ത്തുകാലത്തെ മെതിക്കളംപോലെയാകും. അവളുടെ കൊയ്ത്തുകാലം ഉടനെവരും. 
34: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ എന്നെ വിഴുങ്ങി. എന്നെത്തകര്‍ത്തു, എന്നെ ശൂന്യമാക്കി. ഭീകരസത്വത്തെപ്പോലെ അവന്‍ എന്നെ വിഴുങ്ങി. എന്റെ സ്വാദേറിയ ഭോജനങ്ങള്‍കൊണ്ടു വയറു നിറയ്ക്കുകയും എന്നെ കുടഞ്ഞെറിയുകയും ചെയ്തു. 
35: എന്നോടും എന്റെ ബന്ധുക്കളോടുംചെയ്ത അതിക്രമത്തിന്റെ ഫലം ബാബിലോണിന്റെമേല്‍പ്പതിക്കട്ടെയെന്നു സീയോന്‍നിവാസികള്‍ പറയട്ടെ. എന്റെ രക്തത്തിനു കല്‍ദായര്‍ ഉത്തരവാദികളായിരിക്കുമെന്നു ജറുസലെം പറയട്ടെ. 
36: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ നിനക്കുവേണ്ടി വാദിക്കും; നിനക്കുവേണ്ടി പ്രതികാരംചെയ്യും. അവളുടെ കടലും നീര്‍ച്ചാലും ഞാന്‍ വറ്റിക്കും. 
37: ബാബിലോണ്‍ നാശക്കൂമ്പാരവും കുറുനരികളുടെ വിഹാരരംഗവുമാകും. അതു ബീഭത്സമായ നിന്ദാപാത്രമാകും. ആരുമവിടെ വസിക്കുകയില്ല. 
38: അവര്‍ സിംഹങ്ങളെപ്പോലെ ഗര്‍ജ്ജിക്കും. സിംഹക്കുട്ടികളെപ്പോലെ മുരളും. 
39: ആര്‍ത്തിപൂണ്ട അവര്‍ക്കു ഞാന്‍ വിരുന്നൊരുക്കും. കുടിച്ചുമദിച്ച് അവര്‍ ബോധമറ്റുവീഴും. ഉണരാത്തനിദ്രയില്‍ അവരമരും - കര്‍ത്താവരുളിച്ചെയ്യുന്നു.
40: ചെമ്മരിയാടുകളെപ്പോലെ ഞാനവരെ കൊലക്കളത്തിലേക്കു നയിക്കും; മുട്ടാടുകളെയും കോലാട്ടുകൊറ്റന്മാരെയുംപോലെ. 
41: സമസ്ത ലോകത്തിന്റെയും പ്രശംസയ്ക്കു പാത്രമായ ബാബിലോണെങ്ങനെ പിടിക്കപ്പെട്ടു? ജനതകള്‍ക്കിടയില്‍ അവള്‍ ഒരു ബീഭത്സവസ്തുവായതെങ്ങനെ? 
42: ബാബിലോണിനെ കടല്‍ കടന്നാക്രമിച്ചിരിക്കുന്നു. പ്രക്ഷുബ്ധമായ തിരമാലകള്‍ അവളെ മൂടി. 
43: അവളുടെ നഗരങ്ങള്‍ ബീഭത്സമായി; ഉണങ്ങിവരണ്ട മരുപ്രദേശം! നിര്‍ജ്ജനഭൂമി! മനുഷ്യന്‍ കാലുകുത്താത്ത ദേശം! ബാബിലോണിലെ ബേല്‍മൂര്‍ത്തിയെ ഞാന്‍ ശിക്ഷിക്കും. 
44: അവന്‍ വിഴുങ്ങിയതു ഞാന്‍ പുറത്തെടുക്കും. ജനതകള്‍ അവനെ സമീപിക്കുകയില്ല. ബാബിലോണിന്റെ കോട്ട തകര്‍ന്നിരിക്കുന്നു. 
45: എന്റെ ജനമേ, അവളുടെയടുത്തുനിന്ന് ഓടിയകലുവിന്‍! കര്‍ത്താവിന്റെ ഉഗ്രകോപത്തില്‍നിന്നു ജീവന്‍ രക്ഷിക്കുവിന്‍. 
46: നാട്ടിലക്രമം, ഭരണാധിപന്‍ ഭരണാധിപനെതിരേ, എന്നിങ്ങനെ ദേശത്തു വര്‍ഷംതോറും മാറിമാറി പ്രചരിക്കുന്ന വാര്‍ത്തകേട്ട്, നിങ്ങള്‍ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടാ. 
47: ബാബിലോണിന്റെ വിഗ്രഹങ്ങള്‍ ഞാന്‍ തകര്‍ക്കുന്ന ദിവസം വരുന്നു. അവളുടെ ദേശം ലജ്ജിക്കും. അവളുടെ നിഹതന്മാര്‍ അവളുടെമദ്ധ്യേ വീഴും. 
48: അപ്പോള്‍ ആകാശവും ഭൂമിയും അവയിലുള്ളവയും ബാബിലോണിന്റെ നാശത്തില്‍ സന്തോഷിച്ചുപാടും. കാരണം, വടക്കുനിന്നു സംഹാരകന്‍ വന്നുചേരും - കര്‍ത്താവരുളിച്ചെയ്യുന്നു. 
49: ലോകമെങ്ങുമുള്ള ജനങ്ങളെ കൊന്നുവീഴ്ത്തിയ ബാബിലോണ്‍ ഇസ്രായേലിലെ നിഹതന്മാരെപ്രതി അപ്രകാരംതന്നെ നിലംപതിക്കണം. 
50: വാളില്‍നിന്നു രക്ഷപെട്ട നീ, നില്‍ക്കാതെയോടുക. വിദൂരത്തുനിന്നു കര്‍ത്താവിനെയോര്‍ക്കുക. ജറുസലെം നിന്റെ സ്മരണയിലുണ്ടായിരിക്കട്ടെ. 
51: പരിഹാസവചനങ്ങള്‍കേട്ടു ഞങ്ങള്‍ ലജ്ജിതരായിരിക്കുന്നു. അവമാനം ഞങ്ങളുടെ മുഖം മൂടുന്നു. കര്‍ത്താവിന്റെ ഭവനത്തിലെ വിശുദ്ധസ്ഥലങ്ങളില്‍ വിജാതീയര്‍ പ്രവേശിച്ചു. 
52: ബാബിലോണിന്റെ വിഗ്രഹങ്ങളെ ഞാന്‍ നശിപ്പിക്കുന്ന ദിവസം വരുന്നു. അന്നവളുടെ ദേശത്തുനിന്നു വ്രണിതരുടെ രോദനമുയരും. 
53: ബാബിലോണ്‍ ആകാശംവരെയുയര്‍ന്നാലും ഉന്നതങ്ങളില്‍ കോട്ടകെട്ടിയാലും ഞാനവളുടെമേല്‍ സംഹാരകനെയയയ്ക്കും - കര്‍ത്താവരുളിച്ചെയ്യുന്നു. 
54: ഇതാ, ബാബിലോണില്‍നിന്ന് ഒരു നിലവിളി! കല്‍ദായദേശത്തുനിന്നു ഭീകരനാശത്തിന്റെ മുഴക്കം! 
55: കര്‍ത്താവു ബാബിലോണിനെ ശൂന്യമാക്കുന്നു. അവളുടെ ഗംഭീരശബ്ദം ഇല്ലാതാക്കുന്നു. സൈന്യങ്ങള്‍ തിരമാലകള്‍പോലെ ആര്‍ത്തടുക്കുന്നു. അവളുടെ ആരവമുയരുന്നു. 
56: ഇതാ, സംഹാരകന്‍ അവള്‍ക്കെതിരേ വന്നുകഴിഞ്ഞു. യോദ്ധാക്കള്‍ പിടിക്കപ്പെട്ടു. അവളുടെ വില്ലുകള്‍ തകര്‍ന്നു. എന്തെന്നാല്‍, കര്‍ത്താവു പ്രതികാരത്തിന്റെ ദൈവമാണ്. അവിടുന്നു പകരംവീട്ടും. 
57: അവളുടെ പ്രഭുക്കളെയും ജ്ഞാനികളെയും ദേശാധിപതികളെയും സേനാധിപന്മാരെയും യോദ്ധാക്കളെയും ഞാനുന്മത്തരാക്കും. അവര്‍ ഒരിക്കലുമുണരാത്ത നിദ്രയിലാഴും - സൈന്യങ്ങളുടെ രാജാവായ കര്‍ത്താവരുളിച്ചെയ്യുന്നു. 
58: ബാബിലോണിന്റെ ശക്തിദുര്‍ഗ്ഗങ്ങള്‍ നിലംപതിക്കും; കവാടങ്ങള്‍ അഗ്നിക്കിരയാകും. ജനങ്ങളുടെ അദ്ധ്വാനം വ്യര്‍ത്ഥമാകും. അവരുടെ പ്രയത്നഫലം കത്തിനശിക്കും. 
59: മഹ്സേയായുടെ പുത്രനായ നേരിയായുടെ പുത്രന്‍ സേരായായ്ക്കു ജറെമിയാപ്രവാചകന്‍നല്കിയ കല്പന: രാജാവിന്റെ അംഗരക്ഷകനായിരുന്ന അവന്‍ സെദെക്കിയായുടെ നാലാംഭരണവര്‍ഷം രാജാവിനോടൊപ്പം ബാബിലോണിലേക്കു പോയപ്പോഴാണു ജറെമിയാ ഇതു പറഞ്ഞത്. 
60: ബാബിലോണിനു വരുന്ന നാശം, ജറെമിയാ ഒരു പുസ്തകത്തിലെഴുതി. 
61: ജറെമിയാ സെരായായോടു പറഞ്ഞു: 
62: ബാബിലോണിലെത്തുമ്പോള്‍ നീ ഇതെല്ലാം വായിച്ചശേഷം കര്‍ത്താവേ, മനുഷ്യനോ, മൃഗമോ, അവശേഷിക്കാതെ നിത്യശൂന്യതയാകുംവിധം ഈ ദേശത്തെ നശിപ്പിച്ചുകളയുമെന്ന് അവിടുന്നരുളിച്ചെയ്തല്ലോ എന്നുപറയണം. 
63: വായിച്ചുകഴിയുമ്പോള്‍ പുസ്തകത്തോടു ചേര്‍ത്തു കല്ലുകെട്ടി, യൂഫ്രെട്ടീസ് നദിയിലേക്കെറിഞ്ഞുകൊണ്ടു പറയുക: 
64: ഞാന്‍ വരുത്തുന്ന അനര്‍ത്ഥങ്ങള്‍നിമിത്തം ബാബിലോണ്‍ ഇതുപോലെ മുങ്ങും. അവര്‍ തളര്‍ന്നുപോകും. അതിനി പൊങ്ങിവരുകയില്ല. ഇതാണു ജറെമിയായുടെ വചനങ്ങള്‍. 

അദ്ധ്യായം 52

ജറുസലെമിന്റെ നാശം 
1: രാജാവായപ്പോള്‍ സെദെക്കിയായ്ക്ക് ഇരുപത്തൊന്നുവയസ്സുണ്ടായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നുവര്‍ഷം ഭരിച്ചു. ലിബ്നായിലെ ജറെമിയായുടെ പുത്രി ഹമുത്താലായിരുന്നു അവന്റെ മാതാവ്. 
2: യഹോയാക്കിമിനെപ്പോലെ അവനും കര്‍ത്താവിന്റെമുമ്പില്‍ തിന്മചെയ്തു. 
3: കര്‍ത്താവിന്റെ കോപം, ജറുസലെമിന്റെയും യൂദായുടെയുംമേല്‍ നിപതിച്ചു. അവിടുന്നവരെ തന്റെ സന്നിധിയില്‍നിന്നു നിഷ്കാസനംചെയ്തു. സെദെക്കിയാ ബാബിലോണ്‍രാജാവിനോടു കലഹിച്ചു. 
4: സെദെക്കിയായുടെ ഒമ്പതാംഭരണവര്‍ഷം പത്താംമാസം പത്താംദിവസം ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ സൈന്യസമേതം ജറുസലെമിനെതിരേവന്ന് അതിനെ ആക്രമിക്കുകയും ചുറ്റും ഉപരോധമേര്‍പ്പെടുത്തുകയുംചെയ്തു. 
5: അവന്റെ പതിനൊന്നാംഭരണവര്‍ഷംവരെ ആ ഉപരോധം തുടര്‍ന്നു. 
6: നാലാംമാസം ഒമ്പതാംദിവസം നാട്ടില്‍ ഭക്ഷണംതീര്‍ന്നു ക്ഷാമം രൂക്ഷമായിരിക്കേ, അവര്‍ നഗരഭിത്തിയില്‍ വിടവുണ്ടാക്കി. 
7: കല്‍ദായര്‍ നഗരംവളഞ്ഞിരുന്നു, സെദെക്കിയാ പടയാളികളോടുകൂടെ രാത്രിയില്‍ രാജകീയോദ്യാനത്തിനടുത്ത് ഇരുമതിലുകള്‍ക്കിടയിലുള്ള കവാടത്തിലൂടെ പുറത്തുകടന്ന്, അരാബായിലേക്കോടി. 
8: എന്നാല്‍, കല്‍ദായസൈന്യം സെദെക്കിയാരാജാവിനെ പിന്തുടര്‍ന്നുചെന്നു ജറീക്കോസമതലത്തില്‍വച്ചു പിടികൂടി. അവന്റെ സൈന്യം ചിതറിപ്പോയി. 
9: അവര്‍ രാജാവിനെ ബന്ധിച്ച്, ഹമാത്തിലെ റിബ്‌ലായില്‍ ബാബിലോണ്‍ രാജാവിന്റെയടുത്തുകൊണ്ടുവന്നു. അവന്‍ സെദെക്കിയായുടെമേല്‍ വിധി പ്രസ്താവിച്ചു. 
10: ബാബിലോണ്‍രാജാവ്, സെദെക്കിയായുടെ പുത്രന്മാരെ അവന്റെ മുമ്പില്‍വച്ചു കൊന്നു. യൂദായിലെ പ്രഭുക്കന്മാരെയും റിബ്‌ലായില്‍വച്ചു വധിച്ചു. 
11: അവന്‍ സെദെക്കിയായുടെ കണ്ണുകള്‍ ചുഴന്നെടുത്ത്, അവനെ ചങ്ങലകള്‍കൊണ്ടു ബന്ധിച്ച്, ബാബിലോണിലേക്കു കൊണ്ടുപോയി; മരണംവരെ കാരാഗൃഹത്തിലടയ്ക്കുകയും ചെയ്തു. 

ദേവാലയം അഗ്നിക്കിരയാകുന്നു 
12: അഞ്ചാംമാസം പത്താംദിവസം - ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ പത്തൊമ്പതാം ഭരണവര്‍ഷം - നബുക്കദ്‌നേസറിന്റെ അംഗരക്ഷകപ്രധാനിയായ നെബുസരദാന്‍ ജെറുസലെമില്‍ പ്രവേശിച്ചു. 
13: അവന്‍ കര്‍ത്താവിന്റെ ആലയവും രാജകൊട്ടാരവും മറ്റു മാളികകളും അഗ്നിക്കിരയാക്കി. 
14: അവനോടൊപ്പമുണ്ടായിരുന്ന കല്‍ദായസൈന്യം ജറുസലെമിനു ചുറ്റുമുള്ള മതിലുകള്‍ തകര്‍ത്തു. 
15: ശില്പികളെയും ബാബിലോണ്‍രാജാവിന്റെ പക്ഷംചേര്‍ന്നവരെയും നഗരത്തിലവശേഷിച്ചവരെയും നെബുസരദാന്‍ പിടിച്ചുകൊണ്ടുപോയി. 
16: അതിദരിദ്രരായ ചിലരെ മുന്തിരിത്തോപ്പു സൂക്ഷിപ്പുകാരായും അവിടെത്തന്നെ നിയമിച്ചു. 
17: കല്‍ദായര്‍ കര്‍ത്താവിന്റെ ഭവനത്തിലെ ഓട്ടുതൂണുകളും ഓടുകൊണ്ടുള്ള ജലസംഭരണിയും ഉടച്ചുകഷണങ്ങളാക്കി ബാബിലോണിലേക്കു കൊണ്ടുപോയി. 
18: കുടങ്ങള്‍, കോരികകള്‍, തിരിയണയ്ക്കാനുള്ള കത്രികകള്‍, ചഷകങ്ങള്‍, ധൂപകലശങ്ങള്‍, ദേവാലയശുശ്രൂഷയ്ക്കുപയോഗിക്കുന്ന ഇതര ഓട്ടുപാത്രങ്ങള്‍ ഇവയെല്ലാം അവര്‍ കൈക്കലാക്കി. 
19: കൂടാതെ സ്വര്‍ണ്ണമോ വെള്ളിയോകൊണ്ടു നിര്‍മ്മിച്ച കോപ്പകള്‍, വറചട്ടികള്‍, തളികകള്‍, കലശങ്ങള്‍, വിളക്കുകാലുകള്‍, ധൂപപാത്രങ്ങള്‍, ക്ഷാളനപാത്രങ്ങള്‍ ഇവയും നെബുസരദാന്‍ കൊള്ളയടിച്ചു. 
20: സോളമന്‍രാജാവു കര്‍ത്താവിന്റെ ആലയത്തിനുവേണ്ടി നിര്‍മ്മിച്ച ഇരുതൂണുകളുടെയും ജലസംഭരണിയുടെയും അതിനടിയിലുണ്ടായിരുന്ന പന്ത്രണ്ടു കാളകളുടെയും പീഠങ്ങളുടെയും ഓടിന്റെ തൂക്കം തിട്ടപ്പെടുത്തുക അസാദ്ധ്യം. 
21: തൂണുകളുടെ ഉയരം പതിനെട്ടു മുഴവും ചുറ്റളവു പന്ത്രണ്ടുമുഴവുമായിരുന്നു. നാലുവിരല്‍ കനത്തില്‍ അകം പൊള്ളയായിട്ടാണ് അവ പണിതിരുന്നത്. 
22: അവയ്ക്ക് ഓടുകൊണ്ടുള്ള മകുടങ്ങളുണ്ടായിരുന്നു; മകുടത്തിന്റെ ഉയരം അഞ്ചുമുഴം. ചുറ്റും ഓടുകൊണ്ടു വലപോലെ നിര്‍മ്മിച്ച ചട്ടക്കൂടും മാതളപ്പഴങ്ങളും അതിലുണ്ടായിരുന്നു. 
23: രണ്ടു തൂണുകളും ഒന്നുപോലെയായിരുന്നു. മകുടത്തിന്റെ വശങ്ങളില്‍ തൊണ്ണൂറ്റാറു മാതളപ്പഴങ്ങള്‍ കാണാമായിരുന്നു. ചട്ടക്കൂട്ടില്‍ ആകെ നൂറുമാതളപ്പഴങ്ങളാണുണ്ടായിരുന്നത്. 

ജനം പ്രവാസത്തിലേക്ക് 
24: പ്രധാനപുരോഹിതന്‍ സെരായിയായെയും 
25: സഹപുരോഹിതന്‍ സെഫാനിയായെയും മൂന്നു വാതില്‍ക്കാവല്‍ക്കാരെയും നഗരത്തില്‍നിന്ന് ഒരു സേനാപതിയെയും രാജാവിന്റെ ഉപദേഷ്ടാക്കളായി നഗരത്തില്‍ക്കണ്ട ഏഴുപേരെയും സൈന്യത്തില്‍ ആളെടുക്കുന്ന സൈന്യാധിപന്റെ കാര്യദര്‍ശിയെയും ജനത്തില്‍നിന്നു പട്ടണത്തില്‍ക്കണ്ട അറുപതുപേരെയും കാവല്‍പ്പടനായകന്‍ ബന്ധനസ്ഥരാക്കി.
26: സേനാനായകനായ നെബുസരദാന്‍ അവരെ റിബ്‌ലായില്‍ ബാബിലോണ്‍ രാജാവിന്റെയടുത്തു കൊണ്ടുവന്നു. അവിടെവച്ചു രാജാവവരെ വധിച്ചു. 
27: അങ്ങനെ യൂദാ സ്വന്തം നാട്ടില്‍നിന്നു നിഷ്കാസിതനായി. 
28: നബുക്കദ്‌നേസര്‍ അടിമകളായി പിടിച്ചുകൊണ്ടുപോയവരുടെ എണ്ണമിതാണ്: അവന്റെ ഏഴാം ഭരണവര്‍ഷം മൂവായിരത്തിയിരുപത്തിമൂന്നു യഹൂദര്‍, 
29: പതിനെട്ടാം ഭരണവര്‍ഷം എണ്ണൂറ്റിമുപ്പത്തിരണ്ടുപേര്‍, 
30: ഇരുപത്തിമൂന്നാം ഭരണവര്‍ഷം നെബുസരദാന്‍ പിടിച്ചുകൊണ്ടുപോയ എഴുനൂറ്റിനാല്‍പ്പത്തിയഞ്ച് യഹൂദര്‍, ആകെ നാലായിരത്തിയറുനൂറുപേര്‍. 
31: എവില്‍മെറോദാക്ക് ബാബിലോണിന്റെ ഭരണമേറ്റെടുത്ത വര്‍ഷം യൂദാരാജാവായ യഹോയാക്കിനെ കാരാഗൃഹത്തില്‍നിന്നു മോചിപ്പിച്ചു. അവന്റെ കാരാഗൃഹവാസത്തിന്റെ മുപ്പത്തിയേഴാംവര്‍ഷം പന്ത്രണ്ടാംമാസം ഇരുപത്തിയഞ്ചാം ദിവസമായിരുന്നു അത്. 
32: അവന്‍ യഹോയാക്കിനോടു സൗഹാര്‍ദ്ദപൂര്‍വ്വം സംസാരിക്കുകയും ബാബിലോണില്‍ അവനോടൊപ്പമുള്ള രാജാക്കന്മാരെക്കാള്‍ ഉയര്‍ന്ന സ്ഥാനം നല്‍കുകയും ചെയ്തു. 
33: യഹോയാക്കിന്‍ കാരാഗൃഹവസ്ത്രങ്ങളുപേക്ഷിച്ചു. എല്ലാ ദിവസവും അവന്‍ രാജാവിനോടൊത്തു ഭക്ഷണംകഴിച്ചു. 
34: അവന്റെ അനുദിനാവശ്യങ്ങള്‍ മരണംവരെ രാജാവു നിര്‍വ്വഹിച്ചുപോന്നു.

ഇരുനൂറ്റിമുപ്പത്തൊന്നാം ദിവസം: ജറെമിയ 49 - 50


അദ്ധ്യായം 49

അമ്മോന്യര്‍ക്കെതിരേ 

1: അമ്മോന്യരെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേലിനു പുത്രന്മാരില്ലേ? അവനവകാശികളില്ലേ? പിന്നെയെന്തുകൊണ്ടാണ് മില്‍ക്കോംഗാദിന്റെ ദേശം പിടിച്ചടക്കുകയും അവന്റെ ആരാധകര്‍ അതിന്റെ നഗരങ്ങളില്‍ വാസമുറപ്പിക്കുകയുംചെയ്തത്? 
2: അമ്മോന്യരുടെ റാബായ്ക്കെതിരേ ഞാന്‍ പോര്‍വിളിയുയര്‍ത്തുന്ന ദിവസം വരുന്നു. റാബാ നാശക്കൂമ്പാരമാകും. അതിന്റെ ഗ്രാമങ്ങള്‍ അഗ്നിക്കിരയാകും. തങ്ങളെ കൊള്ളയടിച്ചവരെ ഇസ്രായേല്‍ കൊള്ളയടിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു. 
3: ഹെഷ്‌ബോണ്‍ നിവാസികളേ, നിലവിളിക്കുവിന്‍, ആയ് ശൂന്യമായിരിക്കുന്നു. റാബായുടെ പുത്രിമാരേ, ഉച്ചത്തില്‍ കരയുവിന്‍. ചാക്കുടുത്ത് വിലപിച്ചുകൊണ്ട് അലയുവിന്‍. തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടുമൊപ്പം മില്‍ക്കോം വിപ്രവാസിയാകും. 
4: തന്റെ ധനത്തില്‍ വിശ്വാസമര്‍പ്പിച്ച്, ആരെനിക്കെതിരേ വരുമെന്നു ജല്പിച്ച, അവിശ്വസ്തയായ പുത്രീ, നിന്റെ താഴ്‌വരകളെക്കുറിച്ച്, നീ തന്നത്താന്‍ പുകഴ്ത്തുന്നതെന്തിന്? 
5: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നാലു ഭാഗത്തുനിന്നും ഭീതി നിന്നെ പിടികൂടും. നിങ്ങള്‍ ഓരോരുത്തരും സ്വജീവനെപ്രതി ഓടും. ചിതറിപ്പോയവരെ ഒരുമിച്ചുകൂട്ടാന്‍ ആരുമുണ്ടാവുകയില്ല. 
6: എന്നാല്‍ പിന്നീട് അമ്മോന്യരുടെ ഐശ്വര്യം ഞാന്‍ പുനഃസ്ഥാപിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു. 

ഏദോമിനെതിരേ 
7: ഏദോമിനെക്കുറിച്ചു സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: തേമാനില്‍ ജ്ഞാനം അവശേഷിച്ചിട്ടില്ലേ? വിവേകിയുടെ വിവേകം നശിച്ചുപോയോ? അവരുടെ ബുദ്ധി കെട്ടുപോയോ? 
8: ദദാന്‍ നിവാസികളേ, പിന്തിരിഞ്ഞോടുവിന്‍; ഗര്‍ത്തങ്ങളില്‍പോയൊളിക്കുവിന്‍. ശിക്ഷയുടെ നാളില്‍ ഏസാവിന്റെമേല്‍ ഞാന്‍ ദുരിതം വരുത്തും. 
9: മുന്തിരി ശേഖരിക്കുന്നവര്‍ കുറച്ചെങ്കിലും അവശേഷിപ്പിക്കാറില്ലേ? രാത്രിയില്‍ വരുന്ന കള്ളന്മാര്‍ തങ്ങള്‍ക്കു വേണ്ടതല്ലേ എടുക്കൂ? 
10: ഏസാവിനെ ഞാന്‍ ശൂന്യമാക്കി. അവന്റെ ഒളിസങ്കേതങ്ങള്‍ തുറന്നിട്ടു. അവനൊളിച്ചിരിക്കാന്‍ കഴിയുകയില്ല. അവന്റെ മക്കളും സഹോദരരും അയല്‍ക്കാരും നശിച്ചു. അവനില്ലാതായി. നിന്റെ അനാഥരായ മക്കളെ എന്നെയേല്പിക്കുക. 
11: ഞാനവരെ സംരക്ഷിക്കും. നിന്റെ വിധവകള്‍ എന്നെയാശ്രയിക്കട്ടെ. 
12: കര്‍ത്താവരുളിച്ചെയ്യുന്നു: അര്‍ഹിക്കാത്തവനെപ്പോലും പാനപാത്രത്തില്‍നിന്നു കുടിപ്പിക്കുമെങ്കില്‍ നിന്നെ വെറുതെ വിടുമോ? നീ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.
13: നീ അതു കുടിച്ചേതീരൂ. ഞാന്‍ ശപഥംചെയ്യുന്നു: ബൊസ്രാ ഭീകരവും അപഹാസ്യവും ശൂന്യവും ശാപഗ്രസ്തവുമാകും. അവളുടെ നഗരങ്ങള്‍ എന്നേയ്ക്കും ശൂന്യമായിക്കിടക്കും. 
14: കര്‍ത്താവില്‍നിന്ന് എനിക്കൊരു വാര്‍ത്ത ലഭിച്ചു. ജനതകളുടെയിടയിലേയ്ക്ക് ഒരു ദൂതന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു. 
15: ഏദോമിനെതിരേ ഒരുമിച്ചുകൂടുവിന്‍; യുദ്ധസന്നദ്ധരാകുവിന്‍. ഞാന്‍ നിന്നെ ജനതകളുടെയിടയില്‍ ചെറുതാക്കും; മനുഷ്യരുടെയിടയില്‍ നിന്ദാപാത്രവും. 
16: പാറക്കെട്ടുകളില്‍ വസിക്കുകയും ഗിരിശൃംഗങ്ങളെ കീഴടക്കുകയുംചെയ്ത നീ, അന്യരിലുണര്‍ത്തിയ ഭീതിയും നിന്റെ ഗര്‍വ്വും നിന്നെ വഞ്ചിച്ചു. നീ കഴുകനെപ്പോലെ ഉയരത്തില്‍ കൂടുവച്ചാലും നിന്നെ ഞാന്‍ താഴെയിറക്കും - കര്‍ത്താവരുളിച്ചെയ്യുന്നു. 
17: എദോം ബീഭത്സമാകും. കടന്നുപോകുന്നവര്‍ അതിനെ ഭയപ്പെടുകയും അതിനു നേരിട്ട അത്യാഹിതത്തില്‍ വിസ്മയിക്കുകയും ചെയ്യും. 
18: സോദോമും ഗൊമോറായും സമീപനഗരങ്ങളും നശിപ്പിക്കപ്പെട്ടപ്പോഴെന്നപോലെ ഏദോമിലും ആരും വസിക്കുകയില്ല; ആരുമതിലേ സഞ്ചരിക്കുകയുമില്ല. 
19: ജോര്‍ദ്ദാന്‍വനങ്ങളില്‍നിന്ന് ആട്ടിന്‍പറ്റങ്ങളുടെനേരേ വരുന്ന സിംഹത്തെപ്പോലെ ഞാനവരെ ഏദോമില്‍നിന്നോടിച്ചുകളയും. എനിക്കിഷ്ടപ്പെട്ടവനെ ഞാനവളുടെ ഭരണാധികാരിയാക്കും. ആരുണ്ടെനിക്കു തുല്യന്‍? എന്നോടു കണക്കുചോദിക്കാന്‍ ആര്‍ക്കുകഴിയും? ഏതിടയന്‍ എന്റെ മുമ്പില്‍ നില്ക്കും? 
20: ഏദോമിനും തേമാനുമെതിരായുള്ള കര്‍ത്താവിന്റെ നിശ്ചയങ്ങള്‍ കേട്ടുകൊള്ളുവിന്‍. അജഗണത്തിലെ കുഞ്ഞാടുകള്‍പോലും വലിച്ചിഴയ്ക്കപ്പെടും. അവയ്ക്കുള്ള ശിക്ഷകണ്ട് ആലകള്‍ സംഭീതമാകും. 
21: അവ വീഴുന്ന ശബ്ദംകേട്ടു ഭൂമി വിറയ്ക്കും. അവയുടെ നിലവിളി, ചെങ്കടല്‍വരെയെത്തും. 
22: ഒരുവന്‍ കഴുകനെപ്പോലെയുയര്‍ന്ന്, അതിവേഗം പറക്കും. അതു ബൊസ്രായ്‌ക്കെതിരേ ചിറകുവിടര്‍ത്തും. അന്ന് ഏദോമിലെ വീരന്മാര്‍ ഈറ്റുനോവെടുത്ത സ്ത്രീകളെപ്പോലെ വേദനിക്കും. 

ദമാസ്ക്കസിനെതിരേ 
23: ദമാസ്‌ക്കസിനെക്കുറിച്ച്: ഹമാത്തും അര്‍പ്പാദും പരിഭ്രാന്തരാകുന്നു. അവര്‍ക്കു ദുഃഖവാര്‍ത്ത ലഭിച്ചിരിക്കുന്നു. അവര്‍ ഭയന്നു വിറയ്ക്കുന്നു. അടങ്ങാത്ത കടല്‍പോലെ അവര്‍ പ്രക്ഷുബ്ധരായിരിക്കുന്നു. 
24: ദമാസ്ക്കസ് ദുര്‍ബ്ബലയായി. അവള്‍ ഓടാന്‍ ശ്രമിച്ചു. എന്നാല്‍, സംഭ്രമം അവളെ തടഞ്ഞുനിര്‍ത്തി. പ്രസവവേദനയനുഭവിക്കുന്ന സ്ത്രീയെപ്പോലെ വേദനയും വിഷമവുമവളെ കീഴടക്കി. 
25: ആഹ്ലാദത്തിന്റെ നഗരം, പ്രശസ്തിയുടെ നഗരം, ഇതാ, ഉപേക്ഷിക്കപ്പെടുന്നു. 
26: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: അന്ന് അവളുടെ യുവാക്കള്‍ പൊതുസ്ഥലങ്ങളില്‍ വീഴും; അവളുടെ യോദ്ധാക്കള്‍ നശിപ്പിക്കപ്പെടും. 
27: ദമാസ്ക്കസിന്റെ കോട്ടകള്‍ക്കു ഞാന്‍ തീകൊളുത്തും. അതു ബന്‍ഹദാദിന്റെ ദുര്‍ഗ്ഗങ്ങളെ വിഴുങ്ങും. 

കേദാറിനും ഹാസോറിനുമെതിരേ 
28: കേദാറിനെയും ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ നശിപ്പിച്ച ഹാസോറിന്റെ രാജ്യങ്ങളെയുംകുറിച്ചു കര്‍ത്താവരുളിച്ചെയ്യുന്നു: എഴുന്നേറ്റു കേദാറിനെതിരേ നീങ്ങുക. പൗരസ്ത്യരായ അവരെ നശിപ്പിക്കുക. 
29: അവരുടെ കൂടാരങ്ങളും തിരശ്ശീലകളും ആടുമാടുകളും വസ്തുവകകളും കൊള്ളയടിക്കുക. അവരുടെ ഒട്ടകങ്ങളെ പിടിച്ചെടുക്കുക. അവരോടു വിളിച്ചുപറയുക. എങ്ങും ഭീകരത! 
30: ഹാസോര്‍ നിവാസികളേ, വിദൂരത്തേക്കു പലായനം ചെയ്യുവിന്‍, ഗര്‍ത്തങ്ങളിലൊളിക്കുക - കര്‍ത്താവരുളിച്ചെയ്യുന്നു. നിങ്ങളെ നശിപ്പിക്കാന്‍ ബാബിലോണ്‍രാജാവു നബുക്കദ്‌നേസര്‍ നിങ്ങള്‍ക്കെതിരേ വരുന്നു. 
31: എഴുന്നേല്ക്കുക, വാതിലുകളും ഓടാമ്പലുകളുമില്ലാതെ നിര്‍വ്വിശങ്കം സ്വതന്ത്രമായി ജീവിക്കുന്ന ജനതയ്ക്കെതിരേ നീങ്ങുക. 
32: അവരുടെ ഒട്ടകങ്ങളെയും ആടുമാടുകളെയും കൊള്ളയടിക്കുക. ചെന്നി മുണ്ഡനംചെയ്തവരെ ഞാന്‍ കാറ്റില്പറത്തും. നാനാവശത്തുനിന്നും അവര്‍ക്കു ദുരിതം വരുത്തും - കര്‍ത്താവരുളിച്ചെയ്യുന്നു. 
33: ഹാസോര്‍, കുറുനരികളുടെ സങ്കേതവും ശാശ്വതശൂന്യതയുമായിത്തീരും. ആരുമവിടെ വസിക്കുകയില്ല; യാത്രയ്ക്കിടയില്‍ തങ്ങുകയുമില്ല. 

ഏലാമിനെതിരേ 
34: യൂദാരാജാവായ സെദെക്കിയായുടെ ഭരണത്തിന്റെ ആരംഭകാലത്ത്, ഏലാമിനെക്കുറിച്ചു ജറെമിയായ്ക്കു ലഭിച്ച കര്‍ത്താവിന്റെ അരുളപ്പാട്. 
35: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഏലാമിന്റെ വില്ലു ഞാനൊടിക്കും. അതാണവരുടെ ശക്തി. 
36: ഞാന്‍ ഏലാമിന്റെമേല്‍ ദിഗന്തങ്ങളില്‍നിന്നു കാറ്റുകളെയയയ്ക്കും. അവര്‍ നാലുപാടും ചിതറും. ഏലാമില്‍നിന്ന് ഓടിപ്പോകുന്നവര്‍ അഭയംതേടാത്ത ഒരു രാജ്യവുമുണ്ടായിരിക്കുകയില്ല. 
37: വേട്ടയാടുന്ന ശത്രുക്കളുടെമുമ്പില്‍ സംഭീതരാകാന്‍ ഞാന്‍ അവര്‍ക്കിടവരുത്തും. എന്റെ ഉഗ്രകോപത്തില്‍ ഞാനവര്‍ക്ക് അനര്‍ത്ഥം വരുത്തും. അവരെ ഉന്മൂലനം ചെയ്യുന്നതുവരെ വാളവരെ പിന്തുടരും. 
38: എന്റെ സിംഹാസനം ഏലാമില്‍ ഞാനുറപ്പിക്കും. അവരുടെ രാജാവിനെയും പ്രഭുക്കന്മാരെയും ഞാന്‍ നശിപ്പിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു. 
39: എന്നാല്‍, അവസാനനാളുകളില്‍ ഏലാമിന്റെ ഐശ്വര്യം ഞാന്‍ പുനഃസ്ഥാപിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.


അദ്ധ്യായം 50


ഇസ്രായേലിന്റെ മോചനം
1: കല്‍ദായരുടെ ദേശമായ ബാബിലോണിനെക്കുറിച്ചു ജറെമിയാപ്രവാചകനു ലഭിച്ച കര്‍ത്താവിന്റെ അരുളപ്പാട് :
2: ജനതകളുടെയിടയില്‍ പ്രഖ്യാപിക്കുക, പതാകയുയര്‍ത്തി ഘോഷിക്കുക, ഒന്നുമൊളിച്ചുവയ്ക്കാതെ വിളംബരംചെയ്യുക. ബാബിലോണ്‍ പിടിക്കപ്പെട്ടു. ബേല്‍ ലജ്ജിക്കുന്നു; മെറോദാക് സംഭ്രമിക്കുന്നു. ബാബിലോണിന്റെ വിഗ്രഹങ്ങള്‍ അപമാനിതമായി, അവളുടെ ബിംബങ്ങള്‍ കിടിലംകൊള്ളുന്നു.
3: വടക്കുനിന്നൊരു ജനത അവള്‍ക്കെതിരേ വന്നിരിക്കുന്നു. അവരവളുടെ ദേശം ശൂന്യമാക്കും. ആരുമവിടെ വസിക്കുകയില്ല. മനുഷ്യരും മൃഗങ്ങളും പലായനംചെയ്യും.
4: ആ ദിവസം വരുമ്പോള്‍ ഇസ്രായേലും യൂദായും വിലപിച്ചുകൊണ്ടു തങ്ങളുടെ ദൈവമായ കര്‍ത്താവിനെയന്വേഷിച്ച് ഒന്നിച്ചുകൂടും.
5: അവര്‍ സീയോനിലേക്കു തിരിഞ്ഞ്, അങ്ങോട്ടുള്ള വഴിയാരായും. അവര്‍ പറയും: വരുക. അവിസ്മരണീയമായ ഒരു ശാശ്വത ഉടമ്പടി നമുക്കു കര്‍ത്താവുമായിച്ചെയ്യാം.
6: ഇടയന്മാര്‍ വഴിതെറ്റിച്ച്, മലകളില്‍ച്ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളുംതാണ്ടി, തങ്ങളുടെ ആല മറന്നുപോയി.
7: കണ്ടവര്‍കണ്ടവര്‍ അവയെ വിഴുങ്ങി. അവയുടെ ശത്രുക്കള്‍ പറഞ്ഞു: തങ്ങളുടെ പിതാക്കന്മാരുടെ യഥാര്‍ത്ഥമായ അഭയവും പ്രത്യാശയുമായ കര്‍ത്താവിനെതിരേ അവര്‍ പാപം ചെയ്തു. അതിനാല്‍ ഞങ്ങള്‍ക്കു കുറ്റമില്ല.
8: ബാബിലോണില്‍നിന്ന് ഓടിപ്പോകുവിന്‍; ആട്ടിന്‍പറ്റത്തിന്റെ മുമ്പില്‍ മുട്ടാടുകളെന്നപോലെ കല്‍ദായരുടെ ദേശത്തുനിന്നു പലായനംചെയ്യുവിന്‍.
9: ഉത്തരദിക്കില്‍നിന്നു ശക്തരായ ജനതകളെ ബാബിലോണിനെതിരേ ഞാനിളക്കിവിടും. അവര്‍ അവള്‍ക്കെതിരേ അണിനിരന്ന്, അവളെപ്പിടിച്ചടക്കും. അവരുടെ അസ്ത്രങ്ങള്‍ വെറുംകൈയോടെമടങ്ങാത്ത ധീരയോദ്ധാവിനെപ്പോലെയാണ്.
10: കല്‍ദായദേശം കൊള്ളയടിക്കപ്പെടും. അവളെ കവര്‍ച്ചചെയ്യുന്നവര്‍ക്കു തൃപ്തിയാവോളം ലഭിക്കും.
11: എന്റെ അവകാശമായ ജനത്തെക്കൊള്ളയടിച്ചവരേ, നിങ്ങള്‍ സന്തോഷിക്കുകയും വിജയഭേരിമുഴക്കുകയുംചെയ്യുന്നെങ്കിലും നിങ്ങള്‍ പുല്‍ത്തകിടിയില്‍ കൂത്താടിനടക്കുന്ന പശുക്കിടാവിനെപ്പോലെയും ഹേഷാരവംമുഴക്കുന്ന കുതിരകളെപ്പോലെയുമാണെങ്കിലും
12: നിങ്ങളുടെ മാതാവ് അത്യധികം ലജ്ജിതയാകും. നിങ്ങളെ പ്രസവിച്ചവള്‍ക്ക് അപകീര്‍ത്തിയുണ്ടാകും. അവള്‍ ജനതകളില്‍ ഏറ്റവും താഴ്ന്നവളാകും. അവള്‍ ഉണങ്ങിവരണ്ട മരുഭൂമിയായിത്തീരും.
13: കര്‍ത്താവിന്റെ ക്രോധം നിപതിച്ചതിനാല്‍ അവിടെ ആരും വസിക്കുകയില്ല. അതു തീര്‍ത്തും ശൂന്യമാകും. ബാബിലോണിലൂടെ കടന്നുപോകുന്നവര്‍ ഭയപ്പെടും. അവള്‍ക്കേറ്റ മുറിവുകള്‍കണ്ടു പരിഹസിക്കും.
14: വില്ലുകുലയ്ക്കുന്ന നിങ്ങള്‍, ബാബിലോണിനെതിരേ അണിനിരക്കുവിന്‍. അവസാനത്തെ അസ്ത്രവും അവളുടെനേരേ എയ്യുവിന്‍. അവള്‍ കര്‍ത്താവിനെതിരേ പാപംചെയ്തിരിക്കുന്നു.
15: അവള്‍ക്കു ചുറ്റുംനിന്ന് അട്ടഹസിക്കുവിന്‍. അവള്‍ കീഴടങ്ങി; അവളുടെ കോട്ടകള്‍ വീണു; മതിലുകള്‍ തകര്‍ന്നു. ഇതു കര്‍ത്താവിന്റെ പ്രതികാരമാണ്. അവളോടു പ്രതികാരംചെയ്യുവിന്‍. അവള്‍ചെയ്തതുപോലെ അവളോടുംചെയ്യുവിന്‍.
16: വിതയ്ക്കുന്നവനെയും കൊയ്യുന്നവനെയും ബാബിലോണില്‍നിന്നു വിച്‌ഛേദിക്കുവിന്‍. മര്‍ദ്ദകന്റെ വാള്‍നിമിത്തം ഓരോരുത്തരും സ്വജനങ്ങളിലേക്കും സ്വദേശത്തേക്കും തിരിയും.
17: സിംഹങ്ങള്‍വേട്ടയാടുന്ന ആടിനെപ്പോലെയാണ് ഇസ്രായേല്‍. ആദ്യം അസ്സീറിയാരാജാവ് അവനെ വിഴുങ്ങി. ഇപ്പോഴിതാ ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ അവന്റെ അസ്ഥികള്‍ കാര്‍ന്നുതിന്നുന്നു.
18: അതിനാല്‍ ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: അസ്സീറിയാരാജാവിനെ ശിക്ഷിച്ചതുപോലെ ബാബിലോണ്‍രാജാവിനെയും അവന്റെ ദേശത്തെയും ഞാന്‍ ശിക്ഷിക്കുന്നു.
19: ഞാന്‍ ഇസ്രായേലിനെ അവന്റെ മേച്ചില്‍സ്ഥലത്തേക്കയയ്ക്കും. അവന്‍ കാര്‍മലിലും ബാഷാനിലും മേയും. ഗിലയാദിലെയും എഫ്രായിംമലകളിലെയും മേച്ചില്‍പ്പുറങ്ങളില്‍ അവന്‍ തൃപ്തികണ്ടെത്തും.
20: അക്കാലത്ത് ഇസ്രായേലില്‍ തിന്മയും യൂദായില്‍ പാപവുമുണ്ടായിരിക്കുകയില്ല. ഞാനവശേഷിപ്പിക്കുന്ന ജനത്തോടു ഞാന്‍ ക്ഷമിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
21: മെറത്തായിംദേശത്തിനെതിരേ ചെല്ലുവിന്‍; പെക്കോദ്‌നിവാസികള്‍ക്കെതിരേ നീങ്ങുവിന്‍. അവരെയാസകലം നശിപ്പിക്കുവിന്‍; ഞാന്‍ നിങ്ങളോടു കല്പിച്ചതെല്ലാംചെയ്യുവിന്‍ - കര്‍ത്താവരുളിച്ചെയ്യുന്നു.
22: യുദ്ധത്തിന്റെ ആരവവും മഹാസംഹാരവും!
23: ഭൂമി മുഴുവനെയും തകര്‍ത്ത ചുറ്റിക എങ്ങനെ തകര്‍ന്നു! ജനതകളുടെ ഇടയില്‍ ബാബിലോണ്‍ എത്ര ബീഭത്‌സമായിരിക്കുന്നു!
24: ബാബിലോണേ, നിനക്കു ഞാന്‍ കെണിവച്ചു; നീ അതില്‍ വീണു. നീ അത് അറിഞ്ഞില്ല. കര്‍ത്താവിനെതിരേ മത്‌സരിച്ചതിനാല്‍ നീ പിടിക്കപ്പെട്ടു.
25: കര്‍ത്താവ് ആയുധപ്പുരതുറന്ന് ക്രോധത്തിന്റെ ആയുധങ്ങള്‍ പുറത്തെടുത്തു. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിന് കല്‍ദായരുടെ നാട്ടില്‍ ഒരു കര്‍മ്മനുഷ്ഠിക്കാനുണ്ട്.
26: നാലുദിക്കില്‍നിന്നും അവള്‍ക്കെതിരേ വന്ന് അവളുടെ അറപ്പുരകള്‍ തുറക്കുവിന്‍. അവളെ നിഷം നശിപ്പിച്ച് ധാന്യക്കൂമ്പാരംപോലെ കൂട്ടുവിന്‍. ഒന്നും അവശേഷിക്കരുത്.
27: അവളുടെ കാളകളെ കൊന്നൊടുക്കുവിന്‍. അവ അറവുശാലകളിലേക്കു പോകട്ടെ. അവര്‍ക്കു ദുരിതം! അവരുടെ ദിനം വന്നുകഴിഞ്ഞു. ശിക്ഷയുടെ മുഹൂര്‍ത്തം!
28: നമ്മുടെ ദൈവമായ കര്‍ത്താവിന്റെ പ്രതികാരം സീയോനില്‍ വിളംബരം ചെയ്യാന്‍ അവര്‍ ബാബിലോണില്‍നിന്ന് ഇതാ, ഓടുന്നു.
29: ബാബിലോണിനെതിരേ വില്ലാളികളെ വിളിച്ചുകൂട്ടി ചുറ്റും താവളമടിക്കുവിന്‍. ആരും രക്ഷപെടരുത്. അവളുടെ പ്രവൃത്തികള്‍ക്കനുസൃതമായ പ്രതികാരം ചെയ്യുവിന്‍. ഇസ്രായേലിന്റെ പരിശുദ്ധനായ കര്‍ത്താവിനെ അവള്‍ ധിക്കരിച്ചു.
30: അവളുടെയുവാക്കള്‍ തെരുവുകളില്‍ വീഴും. അവളുടെ പോരാളികളെല്ലാം അന്നു നശിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
31: അഹങ്കാരീ, ഞാന്‍ നിനക്കെതിരാണെന്നു സൈന്യങ്ങളുടെദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ നിന്നെ ശിക്ഷിക്കുന്ന ദിവസം ആസന്നമായി.
32: അഹങ്കരിക്കുന്നവന്‍ കാല്‍തട്ടി വീഴും. അവനെ എഴുന്നേല്‍പിക്കാന്‍ ആരുമുണ്ടാവുകയില്ല. അവന്റെ നഗരങ്ങള്‍ക്കു ഞാന്‍ തീ വയ്ക്കും; അതു ചുറ്റുമുള്ളവയെ വിഴുങ്ങും.
33: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേലും യൂദായും മര്‍ദ്ദനമേറ്റു. പിടിച്ചുകൊണ്ടുപോയവര്‍ അവരെ വിട്ടയയ്ക്കാതെ തടഞ്ഞുവച്ചു. അവരുടെ വിമോചകന്‍ ശക്തനാണ്.
34: സൈന്യങ്ങളുടെ കര്‍ത്താവെന്നാണ് അവിടുത്തെനാമം. ഭൂമിക്കു സ്വസ്ഥതയും ബാബിലോണിന് അസ്വസ്ഥതയുംവരുത്തുന്നതിന്, അവനവര്‍ക്കുവേണ്ടി വാദിക്കും.
35: കല്‍ദായരുടെമേല്‍, ബാബിലോണ്‍നിവാസികളുടെമേല്‍, അവളുടെ രാജാക്കന്മാരുടെയും ജ്ഞാനികളുടെയുംമേല്‍, ഇതാ, ഒരു വാള്‍!
36: ശകുനക്കാരുടെമേല്‍ വാള്‍! അവര്‍ വിഡ്ഢികളാകും. യോദ്ധാക്കളുടെമേല്‍ വാള്‍! അവര്‍ നിര്‍മൂലമാകും.
37: അവളുടെ കുതിരകളുടെയും രഥങ്ങളുടെയും മേല്‍ വാള്‍! അവളുടെ ഇടയിലെ വിദേശ സൈന്യത്തിന്റെമേല്‍ വാള്‍! അവര്‍ അബലകളെപ്പോലെയാകും. അവളുടെ സമ്പത്തിന്റെ മേല്‍ വാള്‍! അവ കൊള്ളയടിക്കപ്പെടും.
38: അവളുടെ ജലാശയങ്ങളുടെമേല്‍ കൊടുംവേനല്‍! അവ വരണ്ടുപോകും. അത് വിഗ്രഹങ്ങളുടെ നാടാണ്. ബിംബങ്ങളെച്ചൊല്ലി അവര്‍ മദിച്ചിരിക്കുന്നു.
39: ബാബിലോണില്‍ വന്യമൃഗങ്ങളും കുറുനരികളും ഒട്ടകപ്പക്ഷികളും വിഹരിക്കും. അവിടെ ആരും ഒരിക്കലും വസിക്കുകയില്ല.
40: ദൈവം തകര്‍ത്ത സോദോമിനെയും ഗൊമോറായെയും സമീപനഗരങ്ങളെയുംപോലെ അവിടെയും ആരും വസിക്കുകയില്ല; സഞ്ചാരികള്‍ തങ്ങുകയുമില്ല - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
41: ഇതാ, വടക്കുനിന്ന് ഒരു ജനത വരുന്നു; ശക്തമായ ഒരു ജനം. അനേകം രാജാക്കന്‍മാര്‍ ദിഗന്തങ്ങളില്‍നിന്ന് ഇളകിവരുന്നു.
42: അവര്‍ വില്ലും കുന്തവുമേന്തിയിരിക്കുന്നു; അവര്‍ കരുണയില്ലാത്ത ക്രൂരന്മാരാണ്. സമുദ്രത്തെപ്പോലെ അവര്‍ ഗര്‍ജ്ജിക്കുന്നു. ബാബിലോണ്‍പുത്രീ, പോരാളിയെപ്പോലെ പടക്കോപ്പണിഞ്ഞ് അവര്‍ നിനക്കെതിരേ കുതിരപ്പുറത്തു വരുന്നു.
43: ബാബിലോണ്‍രാജാവ് ഈ വാര്‍ത്ത കേട്ടു. അവന്റെ കരങ്ങള്‍ കുഴഞ്ഞു. പ്രസവവേദനയടുത്തവളെപ്പോലെ അവന്‍ കഠിനവേദനയാല്‍പ്പുളഞ്ഞു.
44: ജോര്‍ദ്ദാന്‍വനങ്ങളില്‍നിന്നു പച്ചപിടിച്ച മേച്ചില്‍പ്പുറങ്ങളില്‍ ചാടിവീഴുന്ന സിംഹത്തെപ്പോലെ, ഞാനവരെ ഓടിച്ചുകളയും. എനിക്കിഷ്ടമുള്ളവനെ ഞാനവളുടെമേല്‍ നിയമിക്കും. എനിക്കു തുല്യനായി ആരുണ്ട്? ആരെന്നോടു കണക്കുചോദിക്കും? ഏതിടയനാണ് എന്റെ മുമ്പില്‍ നില്‍ക്കാന്‍കഴിയുക?
45: ബാബിലോണിനെതിരേ, കല്‍ദായരുടെ ദേശത്തിനെതിരേ, കര്‍ത്താവ് നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍ കേള്‍ക്കുവിന്‍: അവരുടെ ആട്ടിന്‍പറ്റത്തിലെ കുഞ്ഞാടുകള്‍ വലിച്ചിഴയ്ക്കപ്പെടും. അവരുടെ ദുര്‍വിധികണ്ട്, മേച്ചില്‍പ്പുറങ്ങള്‍ ഭയചകിതമാകും.
46: ബാബിലോണിന്റെ പതനത്തില്‍ ഭൂമി വിറയ്ക്കും. അവളുടെ നിലവിളി ജനതകള്‍ക്കിടയില്‍ മുഴങ്ങും.