അറുപത്തഞ്ചാം ദിവസം: ന്യായാധിപന്മാര്‍ 4 - 6


 അദ്ധ്യായം 4

ദബോറയും ബാറക്കും

1: ഏഹൂദിനുശേഷം ഇസ്രായേല്‍ വീണ്ടും കര്‍ത്താവിൻ്റെ മുമ്പില്‍ തിന്മചെയ്തു.
2: കര്‍ത്താവവരെ ഹസോര്‍ ഭരിച്ചിരുന്ന കാനാന്‍രാജാവായ യാബീനു വിട്ടുകൊടുത്തു. ഹറോഷെത്ത് ഹഗോയിമില്‍ വസിച്ചിരുന്ന സിസേറയായിരുന്നു അവൻ്റെ സേനാപതി.
3: അവനു തൊള്ളായിരം ഇരിമ്പുരഥങ്ങളുണ്ടായിരുന്നു. അവന്‍ ഇസ്രായേല്‍ജനത്തെ ഇരുപതുവര്‍ഷം ക്രൂരമായി പീഡിപ്പിച്ചു. അപ്പോളവര്‍ കര്‍ത്താവിനോടു സഹായത്തിനു നിലവിളിച്ചു.
4: അന്നു ലപ്പിദോത്തിൻ്റെ ഭാര്യയായ ദബോറാപ്രവാചികയാണ്, ഇസ്രായേലില്‍ ന്യായപാലനംനടത്തിയിരുന്നത്.
5: അവള്‍, ഏഫ്രായിം മലനാട്ടില്‍ റാമായ്ക്കും ബഥേലിനുമിടയ്ക്കുള്ള ദബോറായുടെ ഈന്തപ്പനയുടെ കീഴിലിരിക്കുക പതിവായിരുന്നു.
6: ഇസ്രായേല്‍ജനം വിധിത്തീര്‍പ്പിനുവേണ്ടി അവളെ സമീപിച്ചിരുന്നു. അവള്‍ അബിനോവാമിൻ്റെ മകനായ ബാറക്കിനെ നഫ്താലിയിലെ കേദെഷില്‍നിന്ന് ആളയച്ചു വരുത്തിപ്പറഞ്ഞു: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവു നിന്നോടാജ്ഞാപിക്കുന്നു. നീ നഫ്താലിയുടെയും സെബുലൂണിൻ്റെയും ഗോത്രങ്ങളില്‍നിന്നു പതിനായിരംപേരെ താബോര്‍മലയിലണിനിരത്തുക.
7: രഥങ്ങളോടും സൈന്യങ്ങളോടുംകൂടെ, യാബീൻ്റെ സേനാപതി സിസേറ, കിഷോന്‍നദിയുടെ സമീപത്തുവച്ചു നിന്നെയെതിര്‍ക്കാന്‍ ഞാനിടയാക്കും. ഞാനവനെ നിൻ്റെ കൈയിലേല്പിച്ചുതരും.
8: ബാറക്കവളോടു പറഞ്ഞു: നീയെന്നോടുകൂടെ വന്നാല്‍ ഞാന്‍ പോകാം; ഇല്ലെങ്കില്‍, ഞാന്‍ പോവുകയില്ല.
9: അപ്പോളവള്‍ പറഞ്ഞു: ഞാന്‍ തീര്‍ച്ചയായും നിന്നോടുകൂടെ പോരാം. പക്ഷേ, നിൻ്റെ ഈ വഴി നിന്നെ മഹത്വത്തിലെത്തിക്കുകയില്ല. കര്‍ത്താവ് സിസേറയെ ഒരു സ്ത്രീയുടെ കൈയിലേല്പിക്കും. പിന്നീട് ദബോറായെഴുന്നേറ്റു ബാറക്കിനോടുകൂടെ കേദെഷിലേക്കു പോയി.
10: ബാറക്ക്, സെബുലൂണിനെയും നഫ്താലിയെയും കേദെഷില്‍ വിളിച്ചുകൂട്ടി. പതിനായിരം പടയാളികള്‍ അവൻ്റെ പിന്നിലണിനിരന്നു. ദബോറായും അവൻ്റെ കൂടെപ്പോയി.
11: കേന്യനായ ഹേബെര്‍, മോശയുടെ അമ്മായിയപ്പനായ ഹോബാബിൻ്റെ വംശജരായ കേന്യരെ വിട്ടുപോന്ന്, കേദെഷിനടുത്ത് സാനാന്നിമിലെ ഓക്കുമരത്തിനു സമീപം പാളയമടിച്ചു.
12: അബിനോവാമിൻ്റെ മകനായ ബാറക്ക് താബോര്‍മലയിലേക്കു നീങ്ങിയിരിക്കുന്നുവെന്നു സിസേറ കേട്ടു.
13: അവന്‍, തൻ്റെ തൊള്ളായിരം ഇരിമ്പുരഥങ്ങളും അതോടൊപ്പം ഹറോഷേത്ത്ഹഗോയിംമുതല്‍ കിഷോന്‍നദിവരെയുള്ള പ്രദേശങ്ങളില്‍നിന്നു തൻ്റെപക്ഷത്തുള്ള എല്ലാവരെയും ഒന്നിച്ചുകൂട്ടി.
14: ദബോറാ ബാറക്കിനോടു പറഞ്ഞു: മുന്നേറുക; കര്‍ത്താവു സിസേറയെ നിൻ്റെ കൈയിലേല്പിക്കുന്ന ദിവസമാണിത്: നിന്നെ നയിക്കുന്നതു കര്‍ത്താവല്ലേ? അപ്പോള്‍ ബാറക്ക്, തന്നോടുകൂടെയുള്ള പതിനായിരംപേരോടൊപ്പം താബോര്‍ മലയില്‍നിന്നു താഴേക്കിറങ്ങി.
15: കര്‍ത്താവു സിസേറയെയും അവൻ്റെ രഥങ്ങളെയും സൈന്യങ്ങളെയുമൊന്നടങ്കം ബാറക്കിൻ്റെ മുമ്പില്‍വച്ച്, വാള്‍മുനയാല്‍ ചിതറിച്ചു; സിസേറ, രഥത്തില്‍നിന്നിറങ്ങി പലായനംചെയ്തു.
16: ബാറക്ക്, രഥങ്ങളെയും സൈന്യങ്ങളെയും ഹറോഷെത്ത്ഹഗോയിംവരെ അനുധാവനംചെയ്തു. സിസേറയുടെ സൈന്യംമുഴുവന്‍ വാളിനിരയായി. ഒരുവൻപോലുമവശേഷിച്ചില്ല. 
17: സിസേറ കേന്യനായ ഹേബെറിൻ്റെ ഭാര്യ ജായേലിൻ്റെ കൂടാരത്തിലഭയംപ്രാപിച്ചു. കാരണം, അക്കാലത്തു ഹസോര്‍രാജാവായ യാബീന്‍, കേന്യനായ ഹേബെറിൻ്റെ കുടുംബവുമായി സൗഹൃദത്തിലായിരുന്നു.
18: ജായേല്‍ സിസേറയെ സ്വീകരിക്കാന്‍ വന്നു. അവള്‍ പറഞ്ഞു: ഉള്ളിലേക്കു വരൂ; പ്രഭോ, എന്നോടുകൂടെ അകത്തേക്കു വരൂ; ഭയപ്പെടേണ്ട. അവനവളുടെ കൂടാരത്തില്‍ പ്രവേശിച്ചു, അവളവനെ ഒരു കരിമ്പടംകൊണ്ടു മൂടി.
19: അവന്‍ അവളോടു പറഞ്ഞു: എനിക്കു ദാഹിക്കുന്നു, അല്പം വെള്ളം തരുക. അവള്‍ തോല്‍ക്കുടംതുറന്ന്, അവനു കുടിക്കാന്‍ പാല്‍കൊടുത്തു.
20: വീണ്ടുമവനെ പുതപ്പിച്ചു. അവനവളോടു പറഞ്ഞു: കൂടാരത്തിൻ്റെ വാതില്‍ക്കല്‍ നില്‍ക്കുക. ആരെങ്കിലും വന്നന്വേഷിച്ചാല്‍ ഇവിടെയാരുമില്ലെന്നു പറയണം.       
21: എന്നാല്‍, ഹേബെറിൻ്റെ ഭാര്യ ജായേല്‍, കുടാരത്തിൻ്റെയൊരു മരയാണിയും ചുറ്റികയുമെടുത്ത്, സാവധാനം അവൻ്റെയടുത്തുചെന്നു. അവന്‍ ക്ഷീണിച്ച് ഉറങ്ങിക്കിടക്കവേ ആണിയവൻ്റെ ചെന്നിയില്‍ത്തറച്ചു. അതു നിലത്തിറങ്ങുവോളം അടിച്ചുകയറ്റി. അങ്ങനെ അവന്‍ മരിച്ചു. 
22: ബാറക്ക് സിസേറയെ പിന്തുടര്‍ന്നുവന്നപ്പോള്‍ ജായേല്‍, അവനെ സ്വീകരിക്കാന്‍ ചെന്നു. അവളവനോടു പറഞ്ഞു: വരിക നീയന്വേഷിക്കുന്ന മനുഷ്യനെ ഞാന്‍ കാണിച്ചുതരാം. അവന്‍, അവളുടെ കൂടാരത്തില്‍ പ്രവേശിച്ചു. സിസേറ ചെന്നിയില്‍ മരയാണിതറച്ചു മരിച്ചുകിടക്കുന്നതു കണ്ടു. 
23: അങ്ങനെയാദിവസം കാനാന്‍രാജാവായ യാബീനെ, ദൈവം ഇസ്രായേല്‍ജനതയ്ക്കു കീഴ്‌പ്പെടുത്തി.
24: കാനാന്‍രാജാവായ യാബീന്‍ നിശ്ശേഷം നശിക്കുന്നതുവരെ ഇസ്രായേല്‍ജനം അവനെ മേല്‍ക്കുമേല്‍ പീഡിപ്പിച്ചുകൊണ്ടിരുന്നു.

 അദ്ധ്യായം 5

ദബോറയുടെ കീര്‍ത്തനം

1: അന്നു ദബോറായും അബിനോവാമിൻ്റെ പുത്രന്‍ ബാറക്കും ഇങ്ങനെ പാടി:
2: നേതാക്കന്മാര്‍ ഇസ്രായേലിനെ നയിച്ചതിനും ജനം സന്തോഷത്തോടെ തങ്ങളെത്തന്നെ സമര്‍പ്പിച്ചതിനും കര്‍ത്താവിനെ വാഴ്ത്തുവിന്‍.
3: രാജാക്കന്മാരേ, കേള്‍ക്കുവിന്‍. പ്രഭുക്കന്മാരേ, ശ്രദ്ധിക്കുവിന്‍. കര്‍ത്താവിനു ഞാന്‍ കീര്‍ത്തനം പാടും. ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിനെ ഞാന്‍ പാടിപ്പുകഴ്ത്തും.
4: കര്‍ത്താവേ, അങ്ങു സെയിറില്‍നിന്നു പുറപ്പെട്ടപ്പോള്‍, ഏദോംപ്രദേശത്തുനിന്നു മുമ്പോട്ടു നീങ്ങിയപ്പോള്‍ ഭൂമി കുലുങ്ങി;
5: ആകാശമേഘങ്ങള്‍ ജലം വര്‍ഷിച്ചു. പര്‍വ്വതങ്ങള്‍ കര്‍ത്തൃസന്നിധിയില്‍ വിറപൂണ്ടു. ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ സന്നിധിയില്‍ സീനായ്‌മല കുലുങ്ങി.
6: അനാത്തിൻ്റെ മകന്‍ ഷംഗാറിൻ്റെ കാലത്തും ജായേലിൻ്റെകാലത്തും സഞ്ചാരികളുടെ പോക്കു നിലച്ചു. യാത്രക്കാര്‍ ഊടുവഴികള്‍തേടി.
7: ദബോറാ, നീ ഇസ്രായേലില്‍ മാതാവായിത്തീരുംവരെ അവിടെ കൃഷീവലര്‍ അറ്റുപോയിരുന്നു.
8: പുതുദേവന്മാരെപ്പുണര്‍ന്നപ്പോള്‍ യുദ്ധം കവാടങ്ങളിലെത്തി. ഇസ്രായേലിലെ നാല്പതിനായിരത്തിനിടയില്‍ കുന്തമോ പരിചയോ കാണാനുണ്ടായിരുന്നോ?
9: എൻ്റെ ഹൃദയം ഇസ്രായേലിലെ സേനാപതികളിലേക്കു തിരിയുന്നു. അവര്‍ സസന്തോഷം തങ്ങളെത്തന്നെ ജനങ്ങള്‍ക്കുവേണ്ടി സമര്‍പ്പിച്ചല്ലോ. കര്‍ത്താവിനെ വാഴ്ത്തുവിന്‍.
10: ചെങ്കഴുതപ്പുറത്തു സവാരിചെയ്യുന്നവരേ, മേല്‍ത്തരം പരവതാനികളിലിരിക്കുന്നവരേ, പാതകളില്‍ നടന്നുനീങ്ങുന്നവരേ, നിങ്ങള്‍ ഇക്കാര്യമുദ്‌ഘോഷിക്കുവിന്‍.
11: തേക്കുപാട്ടോടുചേര്‍ന്ന് അവര്‍ കര്‍ത്താവിൻ്റെ വിജയം പ്രഘോഷിക്കുന്നു - ഇസ്രായേലിലെ കൃഷീവലന്മാരുടെ വിജയം - കര്‍ത്താവിൻ്റെ ജനം പട്ടണവാതില്‍ക്കലേക്ക് അണിയണിയായി നീങ്ങി.
12: ഉണരൂ, ദബോറാ ഉണരൂ, ഗാനമാലപിക്കൂ. അബിനോവാമിൻ്റെ മകനായ ബാറക്ക്, എഴുന്നേറ്റു തടവുകാരെ നയിക്കുക. ശ്രേഷ്ഠന്മാരില്‍ ശേഷിച്ചവര്‍ താഴേക്ക് അണിയണിയായി നീങ്ങി;
13: കര്‍ത്താവിൻ്റെ ജനം ശക്തന്മാര്‍ക്കെതിരേ അണിയായി ഇറങ്ങിവന്നു.
14: ബഞ്ചമിന്‍, നിന്നെയും നിൻ്റെ ബന്ധുക്കളെയും അനുഗമിച്ച് അവര്‍ എഫ്രായിമില്‍നിന്നു താഴ്‌വരയിലേക്കു പുറപ്പെട്ടു. മാഖീറില്‍നിന്ന് സേനാപതികളും സെബുലൂണില്‍നിന്ന് സൈന്യാധിപൻ്റെ ദണ്ഡുവഹിച്ചവരും താഴേക്ക് അണിയായി നീങ്ങി.
15: ഇസാക്കറിൻ്റെ പ്രഭുക്കന്മാര്‍ ദബോറായോടുകൂടെ വന്നു. ഇസാക്കര്‍ ബാറക്കിനോടു വിശ്വസ്തനായിരുന്നു. അവൻ്റെ കാലടികളെ പിന്തുടര്‍ന്ന് അവര്‍ താഴ്‌വരയിലേക്ക് ഇരമ്പിപ്പാഞ്ഞു. റൂബന്‍ഭവനങ്ങളില്‍ ആഴത്തില്‍ ഹൃദയപരിശോധന നടന്നു.
16: ആട്ടിന്‍പറ്റങ്ങളുടെയിടയില്‍ അവയ്ക്കുള്ള കുഴല്‍വിളി കേള്‍ക്കാന്‍ നിങ്ങള്‍ തങ്ങിയതെന്ത്? റൂബന്‍ഭവനങ്ങളില്‍ ആഴത്തില്‍ ഹൃദയപരിശോധന നടന്നു.
17: ഗിലയാദ് ജോര്‍ദ്ദാനപ്പുറം തങ്ങി; ദാന്‍ കപ്പലുകളോടൊപ്പം വസിച്ചതെന്തുകൊണ്ട്? ആഷേര്‍ കടല്‍ത്തീരത്തു നിശ്ചലനായി ഇരുന്നു; തുറമുഖങ്ങളില്‍ താമസമുറപ്പിച്ചു.
18: സ്വന്തം ജീവനെ മരണത്തിനേല്പിച്ച ജനമാണു സെബുലൂണ്‍. യുദ്ധക്കളത്തില്‍ നഫ്താലിയും മരണം വരിച്ചു.
19: രാജാക്കന്മാര്‍വന്നു യുദ്ധംചെയ്തു; താനാക്കില്‍ മെഗിദ്‌ദോജലാശയത്തിനരികെ കാനാന്‍രാജാക്കന്മാര്‍ പ്രത്യാക്രമണംനടത്തി. അവര്‍ക്കു കൊള്ളയടിക്കാന്‍ വെള്ളി കിട്ടിയില്ല.
20: ആകാശത്തില്‍ നക്ഷത്രങ്ങള്‍ യുദ്ധംചെയ്തു. സഞ്ചാരപഥങ്ങളില്‍നിന്നുകൊണ്ട്, അവര്‍ സിസേറയ്‌ക്കെതിരേ പൊരുതി.
21: കിഷോന്‍പ്രവാഹം അവരെയൊഴുക്കിക്കളഞ്ഞു, കുതിച്ചുമുന്നേറുന്ന, കിഷോന്‍ പ്രവാഹം! എൻ്റെയാത്മാവേ, ശക്തിയോടെ മുന്നേറുക.
22: അപ്പോള്‍ കുതിരക്കുളമ്പുകള്‍ ഉറക്കെപ്പതിച്ചു; അവ കുതിച്ചുകുതിച്ചു പാഞ്ഞു.
23: മെറോസിനെ ശപിക്കുക, കര്‍ത്താവിൻ്റെ ദൂതന്‍ പറയുന്നു; അതിലെ നിവാസികളെ കഠിനമായി ശപിക്കുക. എന്തെന്നാല്‍, അവര്‍ കര്‍ത്താവിൻ്റെ സഹായത്തിനു വന്നില്ല; ശക്തന്മാര്‍ക്കെതിരേ കര്‍ത്താവിനെത്തുണയ്ക്കാന്‍ അവരണിനിരന്നില്ല.
24: കേന്യനായ ഹേബേറിൻ്റെ ഭാര്യ ജായേലാകട്ടെ കൂടാരവാസികളില്‍ ഏറ്റം ധന്യ.
25: അവന്‍ വെള്ളം ചോദിച്ചു; അവള്‍ പാല്‍ കൊടുത്തു. രാജകീയതാലത്തില്‍ കട്ടത്തൈരും കൊണ്ടുവന്നു.
26: അവള്‍ കൂടാരത്തിൻ്റെ മരയാണി കൈയിലെടുത്തു. വലത്തുകൈയ്യില്‍ വേലക്കാരുടെ ചുറ്റികയും. അവള്‍ സിസേറയെ ആഞ്ഞടിച്ചു, അവൻ്റെ തല തകര്‍ത്തു. അവളവൻ്റെ ചെന്നി കുത്തിത്തുളച്ചു. 
27: അവന്‍ നിലംപതിച്ചു, അവളുടെ കാല്‍ക്കല്‍ നിശ്ചലനായിക്കിടന്നു; അവളുടെ കാല്‍ക്കല്‍ അവന്‍ വീണു; അവിടെത്തന്നെ മരിച്ചുവീണു.
28: സിസേറയുടെ അമ്മ കിളിവാതിലിലൂടെ എത്തിനോക്കി, ജാലകത്തിലൂടെ വിളിച്ചു പറഞ്ഞു: അവൻ്റെ രഥം വൈകുന്നതെന്തുകൊണ്ട്? രഥക്കുതിരകളുടെ കുളമ്പടി വൈകുന്നതെന്തുകൊണ്ട്?
29: അവളുടെ ജ്ഞാനവതികളായ സഖികള്‍ ഉത്തരം പറഞ്ഞു, അല്ല അവള്‍ തന്നത്താന്‍ പറഞ്ഞു:
30: അവന്‍ കൊള്ള തിട്ടപ്പെടുത്തുകയും പങ്കുവയ്ക്കുകയുമല്ലേ? ഓരോരുത്തനും ഒന്നോ രണ്ടോ കന്യകമാരെ വീതം. സിസേറയ്ക്ക് നിറപ്പകിട്ടാര്‍ന്ന ചിത്രപ്പണിചെയ്ത വസ്ത്രങ്ങള്‍; എനിക്കു തോളിലണിയാന്‍ നിറപ്പകിട്ടാര്‍ന്ന ചിത്രപ്പണിചെയ്ത രണ്ടു വസ്ത്രങ്ങള്‍!
31: കര്‍ത്താവേ, നിൻ്റെ ശത്രുക്കള്‍ അങ്ങനെ നശിക്കുന്നു. എന്നാല്‍, നിൻ്റെ സ്‌നേഹിതര്‍ ശക്തിയുള്ള ഉദയസൂര്യനെപ്പോലെയാകട്ടെ! തുടര്‍ന്നു നാല്പതുവര്‍ഷം രാജ്യത്തു ശാന്തിനിലനിന്നു.

 അദ്ധ്യായം 6

ഗിദെയോന്‍

1: ഇസ്രായേല്‍ജനം കര്‍ത്താവിൻ്റെ മുമ്പില്‍ തിന്മചെയ്തു. കര്‍ത്താവവരെ ഏഴുവര്‍ഷത്തേക്ക് മിദിയാന്‍കാരുടെ കൈയിലേല്പിച്ചുകൊടുത്തു.
2: മിദിയാന്‍കാരുടെ കരം ഇസ്രായേലിൻ്റെമേല്‍ ശക്തിപ്പെട്ടു. അവരെ ഭയന്ന്, ഇസ്രായേല്‍ജനം പര്‍വ്വതങ്ങളില്‍ മാളങ്ങളും ഗുഹകളും ദുര്‍ഗ്ഗങ്ങളും നിര്‍മ്മിച്ചു.
3: ഇസ്രായേല്‍ക്കാര്‍ വിത്തു വിതച്ചുകഴിയുമ്പോള്‍ മിദിയാന്‍കാരും അമലേക്യരും പൗരസ്ത്യരുംവന്ന് അവരെയാക്രമിച്ചിരുന്നു.
4: അവര്‍ ഇസ്രായേലിനെതിരായി താവളമടിച്ച് ഗാസായുടെ പരിസരപ്രദേശംവരെയുള്ള വിളവെല്ലാം നശിപ്പിച്ചിരുന്നു. ഇസ്രായേലില്‍ ജീവസന്ധാരണത്തിന് ആടോ മാടോ കഴുതയോ ശേഷിച്ചില്ല.
5: അവര്‍ കന്നുകാലികളിലും കൂടാരസാമഗ്രികളിലുമായി വെട്ടുകിളികളെപ്പോലെ സംഖ്യാതീതമായി വന്നുകൂടി. അവരും അവരുടെ ഒട്ടകങ്ങളും എണ്ണമറ്റവയായിരുന്നു. അങ്ങനെയവര്‍ വരുന്നതോടെ ദേശം ശൂന്യമാകും.
6: മിദിയാന്‍നിമിത്തം ഇസ്രായേല്‍ വളരെ ശോഷിച്ചു. അപ്പോള്‍ ഇസ്രായേല്‍ജനം കര്‍ത്താവിനോടു സഹായത്തിനു നിലവിളിച്ചു.
7: ഇസ്രായേല്‍ജനം മിദിയാന്‍കാര്‍ നിമിത്തം കര്‍ത്താവിനോടു നിലവിളിച്ചു. അപ്പോള്‍ ഇസ്രായേലിന് അവിടുന്നൊരു പ്രവാചകനെയയച്ചു.
8: അവനവരോടു പറഞ്ഞു: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു; ഈജിപ്തില്‍നിന്ന്, ദാസ്യഭവനത്തില്‍നിന്ന്, നിങ്ങളെ ഞാന്‍ ഇറക്കിക്കൊണ്ടുവന്നു.
9: ഈജിപ്തുകാരുടെയും പീഡകരുടെയും കൈയില്‍നിന്ന് നിങ്ങളെ ഞാന്‍ മോചിപ്പിച്ചു. നിങ്ങളുടെമുമ്പില്‍ അവരെ ഞാന്‍ തുരത്തി; അവരുടെ ദേശം നിങ്ങള്‍ക്കു തന്നു. ഞാന്‍ നിങ്ങളെയുദ്‌ബോധിപ്പിച്ചു:
10: ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്. നിങ്ങള്‍ വസിക്കുന്ന ദേശത്തെ അമോര്യരുടെ ദേവന്മാരെ നിങ്ങള്‍ വന്ദിക്കരുത്. എന്നാല്‍, എൻ്റെ വാക്കു നിങ്ങള്‍ വകവച്ചില്ല.
11: അന്നൊരിക്കല്‍ കര്‍ത്താവിൻ്റെ ദൂതന്‍ ഓഫ്രായില്‍വന്ന് അബിയേസര്‍വംശജനായ യോവാഷിൻ്റെ ഓക്കുമരത്തിന്‍കീഴിലിരുന്നു. യോവാഷിൻ്റെ പുത്രന്‍ ഗിദെയോന്‍, മിദിയാന്‍കാര്‍ കാണാതിരിക്കാന്‍വേണ്ടി മുന്തിരിച്ചക്കില്‍ ഗോതമ്പു മെതിക്കുകയായിരുന്നു.
12: കര്‍ത്താവിൻ്റെ ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ധീരനും ശക്തനുമായ മനുഷ്യാ, കര്‍ത്താവ് നിന്നോടുകൂടെ. ഗിദെയോന്‍ ചോദിച്ചു:
13: പ്രഭോ, കര്‍ത്താവു ഞങ്ങളോടുകൂടെയുണ്ടെങ്കില്‍ എന്തുകൊണ്ടാണ്, ഇതെല്ലാം ഞങ്ങള്‍ക്കു സംഭവിക്കുന്നത്? ഈജിപ്തില്‍നിന്നു കര്‍ത്താവ് ഞങ്ങളെ കൊണ്ടുവന്നില്ലയോ എന്നു പറഞ്ഞുകൊണ്ടു ഞങ്ങളുടെ പൂര്‍വികന്മാര്‍ വിവരിച്ചുതന്ന അവിടുത്തെ അദ്ഭുതപ്രവൃത്തികളെവിടെ? എന്നാല്‍, ഇപ്പോള്‍ കര്‍ത്താവ് ഞങ്ങളെയുപേക്ഷിച്ച്, മിദിയാന്‍കാരുടെ കൈയിലേല്പിച്ചിരിക്കുന്നു.
14: കര്‍ത്താവവൻ്റെനേരേ തിരിഞ്ഞു പറഞ്ഞു: നിൻ്റെ സര്‍വ്വശക്തിയോടുംകൂടെ പോയി ഇസ്രായേല്യരെ മിദിയാന്‍കാരുടെ കൈയില്‍നിന്നു മോചിപ്പിക്കുക. ഞാനാണു നിന്നെയയയ്ക്കുന്നത്.
15: ഗിദെയോന്‍ പറഞ്ഞു: അയ്യോ, കര്‍ത്താവേ! ഇസ്രായേലിനെ രക്ഷിക്കാന്‍ എനിക്കെങ്ങനെ കഴിയും? മനാസ്സെയുടെ ഗോത്രത്തില്‍ എൻ്റെ വംശം ഏറ്റവും ദുര്‍ബ്ബലമാണ്. എൻ്റെ കുടുംബത്തില്‍ ഏറ്റവും നിസ്സാരനുമാണു ഞാന്‍.
16: കര്‍ത്താവവനോടു പറഞ്ഞു: ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. ഒറ്റയാളെയെന്നപോലെ മിദിയാന്‍കാരെ നീ നിഗ്രഹിക്കും.
17: അവന്‍ പറഞ്ഞു: അവിടുന്നെന്നില്‍ സംപ്രീതനാണെങ്കില്‍, അവിടുന്നാണ് എന്നോടു സംസാരിക്കുന്നതെന്നതിന് ഒരടയാളം തരണം.
18: ഞാന്‍ തിരിച്ചു വരുന്നതുവരെ അങ്ങ് ഇവിടെനിന്നുപോകരുതേ! ഞാന്‍ എൻ്റെ കാഴ്ച തിരുമുമ്പില്‍ കൊണ്ടുവരട്ടെ. അവിടുന്നു പറഞ്ഞു: നീ തിരിച്ചു വരുന്നതുവരെ ഞാന്‍ കാത്തിരിക്കാം.
19: ഗിദെയോന്‍ വീട്ടില്‍പ്പോയി ഒരാട്ടിന്‍കുട്ടിയെ പാകംചെയ്തു. ഒരു ഏഫാമാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പവുമുണ്ടാക്കി. മാംസം ഒരു കുട്ടയിലും ചാറ് ഒരു പാത്രത്തിലുമാക്കി ഓക്കുമരത്തിന്‍കീഴില്‍ കൊണ്ടുവന്ന്, അവനു കാഴ്ചവച്ചു.
20: ദൈവദൂതന്‍ പറഞ്ഞു: ഇറച്ചിയും പുളിപ്പില്ലാത്ത അപ്പവുമെടുത്ത്, ഈ പാറമേല്‍ വയ്ക്കുക. ചാറ്, അതിന്മേല്‍ ഒഴിക്കുക. അവനങ്ങനെ ചെയ്തു.
21: അപ്പോള്‍ കര്‍ത്താവിൻ്റെ ദൂതന്‍ കൈയിലിരുന്ന വടിയുടെ അഗ്രംകൊണ്ട് ഇറച്ചിയും പുളിപ്പില്ലാത്ത അപ്പവും തൊട്ടു. പാറയില്‍നിന്ന് തീയുയര്‍ന്ന്, മാംസവും അപ്പവും ദഹിപ്പിച്ചു. ദൂതന്‍ അവൻ്റെ ദൃഷ്ടിയില്‍നിന്നു മറഞ്ഞു.
22: അതു കര്‍ത്താവിൻ്റെ ദൂതനായിരുന്നുവെന്നു ഗിദെയോന് അപ്പോള്‍ മനസ്സിലായി; അവന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, ഇതാ, ഞാന്‍ കര്‍ത്താവിൻ്റെ ദൂതനെ മുഖത്തോടുമുഖം കണ്ടിരിക്കുന്നു.
23: കര്‍ത്താവു പറഞ്ഞു: സമാധാനമായിരിക്കുക, ഭയപ്പെടേണ്ടാ, നീ മരിക്കുകയില്ല.
24: ഗിദെയോന്‍ കര്‍ത്താവിനൊരു ബലിപീഠം പണിതു. അതിന്‌ യാഹ്‌വേ - ഷലോം എന്നു പേരിട്ടു. അബിയേസര്‍വംശജരുടെ ഓഫ്രായില്‍ അതിന്നുമുണ്ട്.
25: ആ രാത്രി കര്‍ത്താവവനോടു കല്പിച്ചു: നിൻ്റെ പിതാവിൻ്റെ ഏഴുവയസ്സുള്ള രണ്ടാമത്തെ കാളയെ കൊണ്ടുവരുക. അവനുണ്ടാക്കിയിട്ടുള്ള ബാലിൻ്റെ യാഗപീഠം ഇടിച്ചുനിരത്തുകയും അതിൻ്റെ സമീപത്തുള്ള അഷേരാപ്രതിഷ്ഠ വെട്ടിവീഴ്ത്തുകയും ചെയ്യുക.
26: ഈ ദുര്‍ഗ്ഗത്തിൻ്റെ മുകളില്‍ കല്ലുകള്‍ യഥാക്രമമടുക്കി, നിൻ്റെ ദൈവമായ കര്‍ത്താവിനൊരു ബലിപീഠം പണിയുക. വെട്ടിവീഴ്ത്തിയ അഷേരാപ്രതിഷ്ഠയുടെ തടികത്തിച്ച്, ആ രണ്ടാമത്തെ കാളയെ ദഹനബലിയായി അര്‍പ്പിക്കുക. 
27: ഗിദെയോന്‍ വേലക്കാരില്‍ പത്തുപേരെയുംകൂട്ടിപ്പോയി കര്‍ത്താവു പറഞ്ഞതുപോലെ ചെയ്തു. എന്നാല്‍, അവൻ്റെ കുടുംബക്കാരെയും പട്ടണവാസികളെയും ഭയന്ന്, പകലല്ല രാത്രിയാണതു ചെയ്തത്.
28: അതിരാവിലെ പട്ടണവാസികളുണര്‍ന്നപ്പോള്‍ ബാലിൻ്റെ യാഗപീഠം തകര്‍ത്തിരിക്കുന്നതും, അടുത്തുണ്ടായിരുന്ന അഷേരാപ്രതിഷ്ഠ നശിപ്പിച്ചിരിക്കുന്നതും പുതിയതായിപ്പണിത ബലിപീഠത്തിന്മേല്‍ രണ്ടാമത്തെ കാളയെയര്‍പ്പിച്ചിരിക്കുന്നതും കണ്ടു. 
29: ആരാണിതു ചെയ്തത്? അവര്‍ പരസ്പരം ചോദിച്ചു. അന്വേഷണത്തില്‍ യോവാഷിൻ്റെ പുത്രനായ ഗിദെയോനാണ്, അതു ചെയ്തതെന്നു തെളിഞ്ഞു.
30: അപ്പോള്‍ പട്ടണവാസികള്‍ യോവാഷിനോടു പറഞ്ഞു: നിൻ്റെ മകന്‍ ബാലിൻ്റെ യാഗപീഠം ഇടിച്ചു നശിപ്പിച്ചു; അടുത്തുള്ള അഷേരായെ വെട്ടിവീഴത്തി; അവനെ ഇവിടെക്കൊണ്ടുവരുക, അവന്‍ മരിക്കണം.
31: തനിക്കെതിരായി അണിനിരന്നവരോടു യോവാഷ് ചോദിച്ചു: നിങ്ങള്‍ ബാലിനുവേണ്ടി പേരാടുന്നുവോ? അവനുവേണ്ടി നില്‍ക്കുന്നവരെല്ലാം പ്രഭാതത്തോടെ വധിക്കപ്പെടും. അവന്‍ ദൈവമാണെങ്കില്‍ സ്വയം പോരാടട്ടെ. അവൻ്റെ യാഗപീഠമല്ലേ നശിപ്പിക്കപ്പെട്ടിരിക്കുന്നത്?
32: അവന്‍ ബാലിൻ്റെ യാഗപീഠം ഇടിച്ചുകളഞ്ഞതിനാല്‍ ബാല്‍തന്നെ അവനെതിരായി മത്സരിക്കട്ടെ എന്നര്‍ത്ഥമുള്ള ജറുബ്ബാല്‍ എന്ന് അവനു പേരു ലഭിച്ചു.
33: മിദിയാന്‍കാരും അമലേക്യരും പൗരസ്ത്യരും ഒന്നിച്ചുകൂടി, ജോര്‍ദ്ദാന്‍കടന്നു ജസ്രേല്‍ത്താഴ്‌വരയില്‍ താവളമടിച്ചു.
34: കര്‍ത്താവിൻ്റെയാത്മാവു ഗിദെയോനിലാവസിച്ചു. അവന്‍ കാഹളമൂതി; തന്നെ പിന്തുടരുവാന്‍ അബിയേസര്‍വംശജരെ ആഹ്വാനംചെയ്തു.
35: മനാസ്സെ ഗോത്രത്തിൻ്റെ എല്ലാ ഭാഗങ്ങളിലേക്കും അവന്‍ സന്ദേശവാഹകരെയയച്ചു, തന്നോടുചേരാന്‍ അവരെ വിളിച്ചു. അങ്ങനെതന്നെ ആഷേര്‍, സെബുലൂണ്‍, നഫ്താലി എന്നീ ഗോത്രങ്ങളിലേക്കും സന്ദേശവാഹകരെ അയച്ചു; അവരും വന്നുചേര്‍ന്നു.
36: അപ്പോള്‍ ഗിദെയോന്‍ ദൈവത്തോടു ചോദിച്ചു: അങ്ങു പറഞ്ഞതുപോലെ ഇസ്രായേലിനെ എൻ്റെ കൈയ്യാല്‍ അങ്ങു വീണ്ടെടുക്കുമെങ്കില്‍
37: ഇതാ, ആട്ടിന്‍രോമംകൊണ്ടുള്ള ഒരു വസ്ത്രം ഞാന്‍ കളത്തില്‍ വിരിക്കുന്നു. അതില്‍മാത്രം മഞ്ഞു കാണപ്പെടുകയും കളംമുഴുവന്‍ ഉണങ്ങിയിരിക്കുകയുംചെയ്താല്‍, അങ്ങു പറഞ്ഞതുപോലെ എൻ്റെ കൈകൊണ്ട് ഇസ്രായേലിനെ അങ്ങു വീണ്ടെടുക്കുമെന്ന് ഞാന്‍ മനസ്സിലാക്കും.
38: അങ്ങനെതന്നെ സംഭവിച്ചു. അതിരാവിലെ, അവനെഴുന്നേറ്റു വസ്ത്രംപിഴിഞ്ഞ്, ഒരു പാത്രംനിറയെ വെള്ളമെടുത്തു.
39: അപ്പോള്‍ ഗിദെയോന്‍ ദൈവത്തോടു പറഞ്ഞു: അങ്ങയുടെ കോപം എൻ്റെനേരേ ജ്വലിക്കരുതേ! ഒരിക്കല്‍കൂടെ ഞാന്‍ പറഞ്ഞുകൊള്ളട്ടെ! ഒരു പ്രാവശ്യംകൂടെ രോമവസ്ത്രംകൊണ്ടു ഞാന്‍ പരീക്ഷണംനടത്തട്ടെ. അതുണങ്ങിയും നിലംമുഴുവനും മഞ്ഞുതുള്ളി വീണതായും കാണട്ടെ.
40: ദൈവം ആ രാത്രിയില്‍ അങ്ങനെതന്നെ ചെയ്തു. വസ്ത്രംമാത്രമുണങ്ങിയും നിലംമുഴുവനും മഞ്ഞുകൊണ്ടു നനഞ്ഞുമിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ