പുറപ്പാട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പുറപ്പാട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇരുപത്തിയാറാം ദിവസം: പുറപ്പാട് 34 - 36


അദ്ധ്യായം 34

വീണ്ടും ഉടമ്പടിപ്പത്രിക
1: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ആദ്യത്തേതുപോലുള്ള രണ്ടു കല്പലകള്‍ ചെത്തിയെടുക്കുക. നീ ഉടച്ചുകളഞ്ഞ പലകകളിലുണ്ടായിരുന്ന വാക്കുകള്‍തന്നെ, ഞാനതിലെഴുതാം.
2: പ്രഭാതത്തില്‍ത്തന്നെ തയ്യാറായി, സീനായ്‌മലമുകളില്‍ എൻ്റെമുമ്പില്‍ നീ സന്നിഹിതനാകണം.
3: ആരും നിന്നോടൊന്നിച്ചു കയറിവരരുത്. മലയിലെങ്ങും ആരുമുണ്ടായിരിക്കുകയുമരുത്. മലയുടെയടുത്തെങ്ങും ആടുകളോ മാടുകളോ മേയരുത്.
4: ആദ്യത്തേതുപോലുളള രണ്ടു കല്പലക മോശ ചെത്തിയെടുത്തു. കര്‍ത്താവു കല്പിച്ചതനുസരിച്ച്, അവന്‍ അതിരാവിലെയെഴുന്നേറ്റ്, കല്പലകകള്‍ കൈയ്യിലെടുത്തു സീനായ്‌മലയിലേക്കു കയറിപ്പോയി.
5: കര്‍ത്താവു മേഘത്തിലിറങ്ങിവന്ന്, അവൻ്റെയടുക്കല്‍ നില്ക്കുകയും 'കര്‍ത്താവ്' എന്ന തൻ്റെ നാമം പ്രഖ്യാപിക്കുകയും ചെയ്തു.
6: അവിടുന്ന്, ഇപ്രകാരം ഉദ്‌ഘോഷിച്ചുകൊണ്ട് അവൻ്റെ മുമ്പിലൂടെ കടന്നുപോയി: കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്‌നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍;
7: തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട്, ആയിരങ്ങളോടു കരുണകാണിക്കുന്നവന്‍; എന്നാല്‍, കുറ്റവാളിയുടെനേരേ കണ്ണടയ്ക്കാതെ പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്കു മക്കളെയും മക്കളുടെ മക്കളെയും മൂന്നും നാലും തലമുറയോളം ശിക്ഷിക്കുന്നവന്‍.
8: മോശ ഉടനെ നിലംപറ്റെ കുമ്പിട്ടാരാധിച്ചു.
9: അവന്‍ പറഞ്ഞു: അങ്ങെന്നിൽ സംപ്രീതനെങ്കില്‍, കര്‍ത്താവേ, അങ്ങയോടു ഞാനപേക്ഷിക്കുന്നു: ഞങ്ങള്‍ ദുശ്ശാഠ്യക്കാരാണെങ്കിലും അങ്ങു ഞങ്ങളോടുകൂടെ വരണമേ! ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കുകയും ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിക്കുകയും ചെയ്യണമേ!
10: അവിടുന്നരുളിച്ചെയ്തു: ഇതാ, ഞാന്‍ ഒരുടമ്പടിചെയ്യുന്നു. ലോകത്തിലൊരിടത്തും ഒരു ജനതയുടെയിടയിലും നടന്നിട്ടില്ലാത്തതരം അദ്ഭുതങ്ങള്‍ നിൻ്റെ ജനത്തിൻ്റെമുമ്പില്‍ ഞാന്‍ പ്രവര്‍ത്തിക്കും; നിൻ്റെ ചുറ്റുമുള്ള ജനതകള്‍ കര്‍ത്താവിൻ്റെ പ്രവൃത്തി കാണും. നിനക്കുവേണ്ടി ഞാന്‍ ചെയ്യാന്‍പോകുന്നതു ഭയാനകമായൊരു കാര്യമാണ്.
11: ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്നതു നീയനുസരിക്കണം. നിൻ്റെമുമ്പില്‍നിന്ന് അമോര്യരെയും കാനാന്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാനോടിക്കും.
12: നിങ്ങള്‍ പ്രവേശിക്കുന്ന ദേശത്തെ നിവാസികളുമായി ഒരുടമ്പടിയിലുമേര്‍പ്പെടരുത്. ഏര്‍പ്പെട്ടാല്‍, അതു നിങ്ങള്‍ക്കൊരു കെണിയായിത്തീരും.
13: നിങ്ങള്‍ അവരുടെ ബലിപീഠങ്ങളും വിശുദ്ധസ്തംഭങ്ങളും തകര്‍ക്കുകയും അഷേരാദേവതയുടെ പ്രതിഷ്ഠകള്‍ നശിപ്പിക്കുകയും ചെയ്യണം.
14: മറ്റൊരു ദൈവത്തെയും ആരാധിക്കരുത്. എന്തെന്നാല്‍, അസഹിഷ്ണു എന്നുപേരുള്ള കര്‍ത്താവ് അസഹിഷ്ണുവായ ദൈവംതന്നെ.
15: ആ ദേശത്തെ നിവാസികളുമായി നിങ്ങള്‍, ഉടമ്പടിചെയ്യരുത്. ചെയ്താല്‍, തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും അവര്‍ക്കു ബലിയര്‍പ്പിക്കുകയുംചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ ക്ഷണിക്കുകയും അവരുടെ ബലിവസ്തു ഭക്ഷിക്കാന്‍ നിങ്ങള്‍ക്കിടവരുകയുംചെയ്‌തേക്കാം.
16: അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാരെക്കൊണ്ടു വിവാഹംകഴിപ്പിക്കുകയും ആ പുത്രിമാര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും നിങ്ങളുടെ പുത്രന്മാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്‌തെന്നുവരാം.
 17: നിങ്ങള്‍ക്കായി ദേവന്മാരെ വാര്‍ത്തുണ്ടാക്കരുത്.
18: പുളിപ്പില്ലാത്ത അപ്പത്തിൻ്റെ തിരുനാള്‍ നിങ്ങളാചരിക്കണം. ഞാന്‍ കല്പിച്ചിട്ടുള്ളതുപോലെ അബീബുമാസത്തില്‍ ഏഴു നിശ്ചിതദിവസങ്ങളില്‍ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. കാരണം, അബീബു മാസത്തിലാണു നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടത്.
19: ആദ്യജാതരെല്ലാം എനിക്കുള്ളതാണ്; ആടുമാടുകളുടെ കടിഞ്ഞൂലുകളും എന്റേതാണ്.
20: കഴുതയുടെ കടിഞ്ഞൂലിനെ ഒരാട്ടിന്‍കുട്ടിയെ നല്കി വീണ്ടെടുക്കാം. വീണ്ടെടുക്കുന്നില്ലെങ്കില്‍, അതിനെ കഴുത്തുഞെരിച്ചു കൊല്ലണം. നിങ്ങളുടെ പുത്രന്മാരില്‍, എല്ലാ ആദ്യജാതരെയും വീണ്ടടുക്കണം. വെറുംകൈയോടെ ആരും എൻ്റെമുമ്പില്‍ വന്നുകൂടാ. ആറുദിവസം നിങ്ങള്‍ ജോലി ചെയ്യുക.
21: ഏഴാംദിവസം വിശ്രമിക്കണം; ഉഴവുകാലത്തോ, കൊയ്ത്തുകാലത്തോ ആയാലും വിശ്രമിക്കണം.
22: ഗോതമ്പുവിളയുടെ ആദ്യഫലങ്ങള്‍കൊണ്ടു നിങ്ങള്‍ വാരോത്സവമാഘോഷിക്കണം; വര്‍ഷാവസാനം സംഭരണത്തിരുന്നാളും.
23: വര്‍ഷത്തില്‍ മൂന്നുതവണ നിങ്ങളുടെ പുരുഷന്മാരെല്ലാവരും ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിൻ്റെമുമ്പില്‍ ഹാജരാകണം.
24: ഞാന്‍ നിങ്ങളുടെ മുമ്പില്‍നിന്നു ജനതകളെ നിഷ്‌കാസനം ചെയ്യും. നിങ്ങളുടെ അതിര്‍ത്തികള്‍ ഞാന്‍ വിപുലമാക്കും. വര്‍ഷത്തില്‍ മൂന്നുപ്രാവശ്യം നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെമുമ്പില്‍ ഹാജരാകാന്‍വേണ്ടി നിങ്ങള്‍ പോകുമ്പോള്‍ ആരും നിങ്ങളുടെ ഭൂമി കൈയടക്കാന്‍ ശ്രമിക്കുകയില്ല.
25: പുളിപ്പുള്ള അപ്പത്തോടൊപ്പം എനിക്കു രക്തബലിയര്‍പ്പിക്കരുത്. പെസഹാത്തിരുനാളിലെ ബലിവസ്തു, പ്രഭാതംവരെ അവശേഷിക്കുകയുമരുത്.
26: ഭൂമിയുടെ ആദ്യഫലങ്ങളില്‍ ഏറ്റവും മികച്ചതു നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ ആലയത്തില്‍ കൊണ്ടുവരണം. ആട്ടിന്‍കുട്ടിയെ അതിൻ്റെ തള്ളയുടെ പാലില്‍ വേവിക്കരുത്.
27: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഈ വചനങ്ങള്‍ രേഖപ്പെടുത്തുക. നിന്നോടും ഇസ്രായേല്‍ജനത്തോടും ഞാന്‍ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥകളാണിവ.
28: മോശ നാല്പതുപകലും നാല്പതുരാവും കര്‍ത്താവിനോടുകൂടെ അവിടെ ചെലവഴിച്ചു. അവന്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്തില്ല. ഉടമ്പടിയുടെ വചനങ്ങളായ പത്തുപ്രമാണങ്ങള്‍ അവന്‍ പലകകളിലെഴുതി.
29: രണ്ടു സാക്ഷ്യഫലകങ്ങളും വഹിച്ചുകൊണ്ടു മോശ സീനായ്‌മലയില്‍നിന്നു താഴേക്കുവന്നു. ദൈവവുമായി സംസാരിച്ചതിനാല്‍ തൻ്റെ മുഖം തേജോമയമായി എന്നകാര്യം അവനറിഞ്ഞില്ല.
30: അഹറോനും ഇസ്രായേല്‍ജനവും മോശയുടെ മുഖം പ്രശോഭിക്കുന്നതു കണ്ടു. അവനെ സമീപിക്കാന്‍ അവര്‍ ഭയപ്പെട്ടു.
31: മോശ അവരെ വിളിച്ചു. അഹറോനും സമൂഹനേതാക്കന്മാരും അടുത്തുചെന്നു.
32: മോശ അവരോടു സംസാരിച്ചു. അനന്തരം, ജനം അടുത്തുചെന്നു. സീനായ്‌മലയില്‍വച്ചു കര്‍ത്താവു തന്നോടു സംസാരിച്ചതെല്ലാം അവന്‍ അവര്‍ക്കു കല്പനയായി നല്കി.
33: സംസാരിച്ചു തീര്‍ന്നപ്പോള്‍ മോശ ഒരു മൂടുപടംകൊണ്ടു മുഖംമറച്ചു.
34: അവന്‍ കര്‍ത്താവിനോടു സംസാരിക്കാന്‍ തിരുമുമ്പില്‍ ചെല്ലുമ്പോഴോ, അവിടെനിന്നു പുറത്തുവരുന്നതുവരെയോ മൂടുപടം ധരിച്ചിരുന്നില്ല. അവന്‍ പുറത്തുവന്ന്, അവിടുന്ന് തന്നോടു കല്പിച്ചവയെല്ലാം ഇസ്രായേല്‍ജനത്തോടു പറഞ്ഞിരുന്നു.
35: ഇസ്രായേല്‍ജനം മോശയുടെ മുഖം കണ്ടു; മോശയുടെ മുഖം പ്രകാശിച്ചിരുന്നു. കര്‍ത്താവിനോടു സംസാരിക്കാന്‍ അകത്തു പ്രവേശിക്കുന്നതുവരെ മോശ മുഖംമറച്ചിരുന്നു.

അദ്ധ്യായം 35

സാബത്തു വിശ്രമം
1: മോശ ഇസ്രായേല്‍ സമൂഹത്തെ വിളിച്ചുകൂട്ടിപ്പറഞ്ഞു: നിങ്ങളനുഷ്ഠിക്കണമെന്നു കര്‍ത്താവു കല്പിച്ചിട്ടുള്ളത് ഇവയാണ്:
2: ആറുദിവസം ജോലിചെയ്യുക. ഏഴാംദിവസം നിങ്ങള്‍ക്കു വിശുദ്ധദിനമായിരിക്കണം - കര്‍ത്താവിനു സമര്‍പ്പിതവും വിശ്രമത്തിനുള്ളതുമായ സാബത്തുദിനം. അന്നു ജോലിചെയ്യുന്ന ഏവനും വധിക്കപ്പെടണം.
3: നിങ്ങളുടെ വസതികളില്‍ അന്നു തീ കത്തിക്കരുത്.

കൂടാരനിര്‍മ്മാണത്തിനു കാഴ്ചകള്‍
4: ഇസ്രായേല്‍സമൂഹത്തോടു മോശ പറഞ്ഞു: ഇതാണു കര്‍ത്താവു കല്പിച്ചിരിക്കുന്നത്.
5: നിങ്ങള്‍ കര്‍ത്താവിനു കാണിക്കകൊണ്ടുവരുവിന്‍. ഉദാരമനസ്‌കര്‍ കര്‍ത്താവിനു കാഴ്ചകൊണ്ടുവരട്ടെ: സ്വര്‍ണ്ണം, വെള്ളി, ഓട്,
6: നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളിലുള്ള നൂലുകള്‍, നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണവസ്ത്രം, കോലാട്ടിന്‍രോമം;
7: ഊറയ്ക്കിട്ട മുട്ടാടിന്‍തോല്, നിലക്കരടിത്തോല്, കരുവേലത്തടി,
8: വിളക്കിനുള്ള എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനുമുള്ള സുഗന്ധവസ്തുക്കള്‍;
9: ഗോമേദകരത്നങ്ങള്‍, എഫോദിനും ഉരസ്ത്രാണത്തിനുമുള്ള രത്നങ്ങള്‍.
10: നിങ്ങളില്‍ ശില്പവൈദഗ്ദ്ധ്യമുള്ളവര്‍ മുമ്പോട്ടുവന്ന്, കര്‍ത്താവാജ്ഞാപിച്ചിരിക്കുന്നവയെല്ലാം നിര്‍മ്മിക്കട്ടെ:
11: വിശുദ്ധ കൂടാരം, അതിൻ്റെ വിരികള്‍, കൊളുത്തുകള്‍, ചട്ടങ്ങള്‍, അഴികള്‍, തൂണുകള്‍, അവയുടെ പാദകുടങ്ങള്‍;
12: പേടകം, അതിൻ്റെ തണ്ടുകള്‍, കൃപാസനം, തിരശ്ശീല;
13: മേശ, അതിൻ്റെ തണ്ടുകള്‍, ഉപകരണങ്ങള്‍, തിരുസാന്നിദ്ധ്യത്തിൻ്റെ അപ്പം;
14: വിളക്കുകാല്, അതിൻ്റെ ഉപകരണങ്ങള്‍, വിളക്കുകള്‍, എണ്ണ,
15: ധൂപപീഠം, അതിൻ്റെ തണ്ടുകള്‍, അഭിഷേകതൈലം, ധൂപത്തിനുള്ള സുഗന്ധദ്രവ്യം, കൂടാരവാതിലിനുവേണ്ട യവനിക;
16: ദഹനബലിപീഠം, ഓടുകൊണ്ടുള്ള അതിൻ്റെ ചട്ടക്കൂട്, തണ്ടുകള്‍, മറ്റുപകരണങ്ങള്‍, ക്ഷാളനപാത്രം, അതിൻ്റെ പീഠം;
17: അങ്കണത്തെ മറയ്ക്കുന്ന വിരികള്‍, അവയ്ക്കുള്ള തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, അങ്കണ കവാടത്തിൻ്റെ യവനിക;
18: കൂടാരത്തിനും അങ്കണത്തിനുംവേണ്ട കുറ്റികള്‍, കയറുകള്‍;
19: വിശുദ്ധ സ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ട തിരുവസ്ത്രങ്ങള്‍, പുരോഹിതനായ അഹറോനും പുരോഹിതശുശ്രൂഷചെയ്യുന്ന അവൻ്റെ പുത്രന്മാര്‍ക്കുമണിയാനുള്ള വിശുദ്ധവസ്ത്രങ്ങള്‍.
20: ഇസ്രായേല്‍സമൂഹം മോശയുടെ മുമ്പില്‍നിന്നു പിരിഞ്ഞുപോയി.
21: ആന്തരികപ്രചോദനം ലഭിച്ച ഉദാരമനസ്കര്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ കാഴ്ചകള്‍ കൊണ്ടുവന്നു. അതു സമാഗമകൂടാരത്തിനും അതിലെ ശുശ്രൂഷയ്ക്കും വിശുദ്ധവസ്ത്രങ്ങള്‍ക്കുംവേണ്ടിയുള്ളതായിരുന്നു.
22: ഉദാരമനസ്‌കരായ സ്ത്രീപുരുഷന്മാര്‍ കാഴ്ചകളുമായിവന്നു. അവര്‍ സൂചിപ്പതക്കങ്ങളും കര്‍ണ്ണവളയങ്ങളും അംഗുലീയങ്ങളും തോള്‍വളകളും എല്ലാത്തരം സ്വര്‍ണ്ണാഭരണങ്ങളും കൊണ്ടുവന്നു. അങ്ങനെ, ഓരോരുത്തരും കര്‍ത്താവിനു സ്വര്‍ണ്ണംകൊണ്ടുള്ള കാഴ്ചസമര്‍പ്പിച്ചു.
23: ഓരോരുത്തരും കൈവശമുണ്ടായിരുന്ന നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകളും നേര്‍മ്മയുള്ള ചണത്തുണിയും കോലാട്ടിന്‍രോമവും ഊറയ്ക്കിട്ട മുട്ടാടിന്‍തോലും നിലക്കരടിത്തോലും കൊണ്ടുവന്നു.
24: വെള്ളിയോ, ഓടോ അര്‍പ്പിക്കാൻ കഴിവുണ്ടായിരുന്നവര്‍ അതു കൊണ്ടുവന്നു കര്‍ത്താവിനു കാഴ്ചവെച്ചു. ഏതെങ്കിലും പണിക്കുതകുന്ന കരുവേലത്തടി കൈവശമുണ്ടായിരുന്നവര്‍ അതുകൊണ്ടുവന്നു.
25: കരവിരുതുള്ള സ്ത്രീകള്‍ നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളില്‍ സ്വന്തം കൈകൊണ്ടു പിരിച്ചെടുത്ത നൂലുകളും നേര്‍മ്മയില്‍നെയ്ത ചണത്തുണിയും കൊണ്ടുവന്നു.
26: നൈപുണ്യവും സന്നദ്ധതയുമുണ്ടായിരുന്ന സ്ത്രീകള്‍, കോലാട്ടിന്‍രോമംകൊണ്ടു നൂലുണ്ടാക്കി.
27: നേതാക്കന്മാര്‍ എഫോദിനും ഉരസ്ത്രാണത്തിനുംവേണ്ട ഗോമേദകങ്ങളും മറ്റു രത്നങ്ങളും,
28: വിളക്കിനും അഭിഷേകതൈലത്തിനും ധൂപത്തിനും ആവശ്യമായ സുഗന്ധദ്രവ്യങ്ങളും എണ്ണയും കൊണ്ടുവന്നു.
29: കര്‍ത്താവു മോശവഴി ആജ്ഞാപിച്ച ജോലികളുടെ നിര്‍വഹണത്തിന്, ഇസ്രായേലിലെ സ്ത്രീപുരുഷന്മാരോരുത്തരും തങ്ങളുടെ ഉള്‍പ്രേരണയനുസരിച്ച്, ഓരോ സാധനം കൊണ്ടുവന്ന്, സ്വമേധയാ കര്‍ത്താവിനു കാഴ്ചവച്ചു.
30: മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: യൂദാഗോത്രത്തിലെ ഹൂറിൻ്റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ കര്‍ത്താവു പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു.
31: അവിടുന്ന്, അവനില്‍ ദൈവികചൈതന്യം നിറച്ചിരിക്കുന്നു. സാമര്‍ത്ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്പവേലകളിലുമുള്ള വൈദഗ്ധ്യവുംനല്കി അവനെ അനുഗ്രഹിച്ചിരിക്കുന്നു.
32: കലാരൂപങ്ങള്‍ ആസൂത്രണംചെയ്യുക, സ്വര്‍ണ്ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക,
33: പതിക്കാനുള്ള രത്നങ്ങള്‍ ചെത്തിമിനുക്കുക, തടിയില്‍ കൊത്തുപണിചെയ്യുക എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്‍ക്കുംവേണ്ടിയാണിത്.
34: അവിടുന്ന്, അവനും ദാന്‍ഗോത്രത്തിലെ അഹിസാമാക്കിൻ്റെ പുത്രന്‍ ഒഹോലിയാബിനും മറ്റുള്ളവരെ പഠിപ്പിക്കാന്‍തക്ക കഴിവു നല്കിയിരിക്കുന്നു.
35: കൊത്തുപണിക്കാരനോ രൂപസംവിധായകനോ നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളിലുള്ള നൂലുകൊണ്ടോ നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണത്തുണിയിലോ ചിത്രത്തുന്നല്‍ നടത്തുന്നവനോ നെയ്ത്തുകാരനോ മറ്റേതെങ്കിലും തൊഴില്‍ക്കാരനോ ശില്പകലാവിദഗ്ദ്ധനോ ചെയ്യുന്ന ഏതുതരം ജോലിയിലുമേര്‍പ്പെടുന്നതിനുംവേണ്ട തികഞ്ഞകഴിവ്, അവിടുന്ന് അവര്‍ക്കു നല്കി.

അദ്ധ്യായം 36

വിശുദ്ധ കൂടാരത്തിൻ്റെ നിര്‍മ്മാണം
1: വിശുദ്ധ സ്ഥലത്തിൻ്റെ നിര്‍മ്മാണത്തിനായി ഏതുജോലിയുംചെയ്യാന്‍പോന്ന അറിവും സാമര്‍ത്ഥ്യവുംനല്കി കര്‍ത്താവനുഗ്രഹിച്ച ബസാലേലും ഒഹോലിയാബും കരവിരുതുള്ള മറ്റാളുകളും അവിടുന്നു കല്പിച്ചതനുസരിച്ചു ജോലിചെയ്യണം.
2: ബസാലേലിനെയും, ഒഹോലിയാബിനെയും കര്‍ത്താവ്, അറിവും സാമര്‍ത്ഥ്യവുംനല്കിയാനുഗ്രഹിച്ചവരും ജോലിചെയ്യാന്‍ ഉള്‍പ്രേരണ ലഭിച്ചവരുമായ എല്ലാവരെയും മോശ വിളിച്ചുകൂട്ടി.
3: വിശുദ്ധ കൂടാരത്തിൻ്റെ പണിക്കുവേണ്ടി ഇസ്രായേല്‍ജനം കൊണ്ടുവന്ന കാഴ്ചകളെല്ലാം മോശയുടെ അടുക്കല്‍നിന്ന് അവര്‍ സ്വീകരിച്ചു. എല്ലാ പ്രഭാതത്തിലും ജനങ്ങള്‍ സ്വമേധയാ കാഴ്ചകള്‍ കൊണ്ടുവന്നിരുന്നു.
4: അതിനാല്‍, വിശുദ്ധകൂടാരത്തിൻ്റെ വിവിധതരം പണികളിലേര്‍പ്പെട്ടിരുന്ന വിദഗ്ദ്ധന്മാരെല്ലാവരും ജോലിനിറുത്തി മോശയുടെയടുത്തു വന്നു.
5: അവര്‍ മോശയോടു പറഞ്ഞു: കര്‍ത്താവു നമ്മോടു കല്പിച്ചിട്ടുള്ള ജോലിക്കാവശ്യമായതില്‍ക്കൂടുതല്‍ വസ്തുക്കള്‍ ജനങ്ങള്‍ കൊണ്ടുവരുന്നു.
6: ഉടനെ മോശ പാളയത്തിലെങ്ങും ഒരു കല്പന വിളംബരംചെയ്തു. വിശുദ്ധകൂടാരത്തിനുവേണ്ടി പുരുഷനോ, സ്ത്രീയോ ആരും ഇനി കാണിക്ക കൊണ്ടുവരേണ്ടതില്ല. അങ്ങനെ, ജനങ്ങള്‍ കാണിക്ക കൊണ്ടുവരുന്നത് അവന്‍ നിയന്ത്രിച്ചു.
7: എല്ലാ പണികള്‍ക്കും ആവശ്യമായതില്‍ക്കവിഞ്ഞ വസ്തുക്കള്‍ അവര്‍ക്കു ലഭിച്ചിരുന്നു.
8: പണിയിലേര്‍പ്പെട്ടിരുന്നവരില്‍ വിദഗ്ദ്ധരായവര്‍ പത്തുവിരികള്‍കൊണ്ടു കൂടാരമുണ്ടാക്കി. അവ നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍നെയ്‌തെടുത്ത ചണത്തുണിയുംകൊണ്ടു നിര്‍മ്മിച്ചവയും കെരൂബുകളുടെ ചിത്രം തുന്നിയലങ്കരിച്ചവയുമായിരുന്നു.
9: ഓരോ വിരിയുടെയും നീളം ഇരുപത്തെട്ടുമുഴവും വീതി നാലുമുഴവുമായിരുന്നു. എല്ലാ വിരികളും ഒരേയളവിലുള്ളതായിരുന്നു.
10: അവര്‍ അഞ്ചുവിരികള്‍ ഒന്നിനൊന്നു യോജിപ്പിച്ചു; അതുപോലെ മറ്റേ അഞ്ചുവിരികളും.
11: ആദ്യഗണം വിരികളില്‍ അവസാനത്തേതിൻ്റെവക്കില്‍ നീല നൂലുകൊണ്ട് അവര്‍ വളയങ്ങള്‍ നിര്‍മ്മിച്ചു; അപ്രകാരംതന്നെ രണ്ടാംഗണം വിരികളില്‍ അവസാനത്തേതിൻ്റെ വക്കിലും.
12: ഒന്നാമത്തേതിലും രണ്ടാമത്തേതിലും അമ്പതുവളയങ്ങള്‍ വീതമുണ്ടാക്കി. ഒന്നിനുനേരേ, ഒന്നു വരത്തക്കവിധത്തിലാണ് വളയങ്ങള്‍ നിര്‍മ്മിച്ചത്.
13: അമ്പതു സ്വര്‍ണ്ണക്കൊളുത്തുകളുണ്ടാക്കി, വിരികള്‍ പരസ്പരം ബന്ധിച്ചു. അങ്ങനെ, കൂടാരം ഒന്നായിത്തീര്‍ന്നു.
14: കൂടാരത്തിൻ്റെ മുകള്‍ഭാഗം മൂടുന്നതിനു കോലാട്ടിന്‍രോമംകൊണ്ട് അവര്‍ പതിനൊന്നു വിരികളുണ്ടാക്കി.
15: ഓരോവിരിയുടെയും നീളം, മുപ്പതു മുഴവും വീതി, നാലു മുഴവുമായിരുന്നു. പതിനൊന്നു വിരികള്‍ക്കും ഒരേയളവുതന്നെ.
16: അവര്‍ അഞ്ചുവിരികള്‍ ഒന്നോടൊന്നു തുന്നിച്ചേര്‍ത്തു; അതുപോലെ മറ്റേ ആറുവിരികളും.
17: ഇരുഗണത്തെയും തമ്മില്‍ യോജിപ്പിക്കുന്ന വിരികളുടെ വിളുമ്പുകളില്‍ അമ്പതുവളയങ്ങള്‍വീതം നിര്‍മ്മിച്ചു.
18: കൂടാരം കൂട്ടിയോജിപ്പിക്കാന്‍ ഓടുകൊണ്ട്, അമ്പതു കൊളുത്തുകളുമുണ്ടാക്കി.
19: കൂടാരത്തിന് ഊറയ്ക്കിട്ട മുട്ടാടിന്‍തോലുകൊണ്ട് ഒരാവരണവും അതിനുമീതേ നിലക്കരടിത്തോലുകൊണ്ട് വേറൊരാവരണവും നിര്‍മ്മിച്ചു.
20: കൂടാരത്തിനു കരുവേലപ്പലകകള്‍കൊണ്ടു നിവര്‍ന്നുനില്ക്കുന്ന ചട്ടങ്ങളുമുണ്ടാക്കി.
21: ഓരോ പലകയുടെയും നീളം പത്തുമുഴമായിരുന്നു; വീതി ഒന്നരമുഴവും.
22: പലകകളെ തമ്മില്‍ച്ചേര്‍ക്കുന്നതിന് ഓരോ പലകയിലും ഈരണ്ടു കുടുമകള്‍ ഉണ്ടായിരുന്നു. എല്ലാ പലകകളും ഇങ്ങനെതന്നെയാണുണ്ടാക്കിയത്.
23: അവര്‍ കൂടാരത്തിനുള്ള ചട്ടപ്പലകകള്‍ ഇപ്രകാരമാണുണ്ടാക്കിയത്: തെക്കുവശത്ത് ഇരുപതുപലകകള്‍;
24: ഇരുപതു പലകകളുടെയടിയില്‍ വെള്ളികൊണ്ട് നാല്പതു പാദകുടങ്ങള്‍ - ഓരോ പലകയുടെയുമടിയില്‍ കുടുമയ്ക്ക് ഒന്നുവീതം രണ്ടു പാദകുടങ്ങള്‍.
25: കൂടാരത്തിൻ്റെ വടക്കുവശത്ത് അവര്‍ ഇരുപതു പലകകളുണ്ടാക്കി.
26: ഓരോ പലകയ്ക്കുമടിയില്‍ രണ്ടുവീതം വെള്ളികൊണ്ടുള്ള നാല്പതു പാദകുടങ്ങളുമുണ്ടാക്കി.
27: കൂടാരത്തിൻ്റെ പിന്‍ഭാഗമായ പടിഞ്ഞാറുവശത്ത്, ആറു പലകകളുണ്ടാക്കി;
28: കൂടാരത്തിൻ്റെ പിന്‍ഭാഗത്തെ രണ്ടു മൂലകള്‍ക്കായി രണ്ടു പലകകളും.
29: അവയുടെ ചുവടുകള്‍ അകത്തിയും മുകള്‍ഭാഗം ഒരു വളയംകൊണ്ടു യോജിപ്പിച്ചും നിറുത്തി. ഇരുമൂലകളിലുമുള്ള രണ്ടു പലകകള്‍ക്കും ഇപ്രകാരം ചെയ്തു.
30: അങ്ങനെ, എട്ടുപലകകളും, ഒരു പലകയുടെ അടിയില്‍ രണ്ടുവീതം വെള്ളികൊണ്ടുള്ള പതിനാറു പാദകുടങ്ങളുമുണ്ടായിരുന്നു.
31: കരുവേലത്തടികൊണ്ട് അവര്‍ അഴികള്‍ നിര്‍മ്മിച്ചു. കൂടാരത്തിൻ്റെ ഒരുവശത്തെ പലകകള്‍ക്ക്, അഞ്ചഴികള്‍.
32: മറുവശത്തുള്ള പലകകള്‍ക്കും അഞ്ചഴികള്‍. കൂടാരത്തിൻ്റെ പിന്‍ഭാഗമായ പടിഞ്ഞാറുവശത്തെ പലകകള്‍ക്കും അഞ്ചഴികള്‍.
33: നടുവിലുള്ള അഴി, പലകയുടെ പകുതി ഉയരത്തില്‍വച്ച് ഒരറ്റംമുതല്‍ മറ്റേയറ്റംവരെ കടത്തിവിട്ടു.
34: അവര്‍ പലകകളും അഴികളും സ്വര്‍ണ്ണംകൊണ്ടു പൊതിയുകയും അഴികള്‍ കടത്താനുള്ള വളയങ്ങള്‍ സ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിക്കുകയും ചെയ്തു.
35: നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണിയുമുപയോഗിച്ചു തിരശ്ശീലയുണ്ടാക്കി. കെരൂബുകളുടെ ചിത്രം വിദഗ്ദ്ധമായി തുന്നിച്ചേര്‍ത്ത് അതലങ്കരിച്ചു.
36: അവര്‍ കരുവേലത്തടികൊണ്ടു നാലുതൂണുകളുണ്ടാക്കി, സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു. അവയ്ക്കു സ്വര്‍ണ്ണംകൊണ്ടു കൊളുത്തുകളും വെള്ളികൊണ്ടു നാലുപാദകുടങ്ങളും പണിതു.
37: നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍നെയ്ത് ചിത്രത്തുന്നല്‍കൊണ്ട് അലങ്കരിച്ച ചണത്തുണിയുമുപയോഗിച്ച് കൂടാരവാതിലിന് അവര്‍ യവനികയുണ്ടാക്കി.
38: അതിനായി അഞ്ചുതൂണുകളും അവയില്‍ കൊളുത്തുകളുമുണ്ടാക്കി. തൂണുകളുടെ ശീര്‍ഷങ്ങള്‍ സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു. പട്ടകള്‍ സ്വര്‍ണ്ണംകൊണ്ടും അവയുടെ അഞ്ചുപാദകുടങ്ങള്‍ ഓടുകൊണ്ടും നിര്‍മ്മിച്ചു.

ഇരുപത്തിയഞ്ചാം ദിവസം: പുറപ്പാട് 31 - 33



അദ്ധ്യായം 31

ശില്പികള്‍
1: കര്‍ത്താവു മോശയോടരുളിച്ചെയ്തു: യൂദാഗോത്രത്തില്‍പ്പെട്ട ഹൂറിൻ്റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു.
2, 3: ഞാനവനില്‍ ദൈവികചൈതന്യം നിറച്ചിരിക്കുന്നു; സാമര്‍ത്ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്പവേലകളിലുമുള്ള വൈദഗ്ദ്ധ്യവും അവനു ഞാന്‍ നല്കിയിരിക്കുന്നു.
4: കലാരൂപങ്ങള്‍ ആസൂത്രണംചെയ്യുക, സ്വര്‍ണ്ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക.
5: പതിക്കാനുള്ള രത്നങ്ങള്‍ ചെത്തിമിനുക്കുക, തടിയില്‍ കൊത്തുപണിചെയ്യുക എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്‍ക്കുംവേണ്ടിയാണിത്. 
6: അവനെ സഹായിക്കാനായി ദാന്‍ഗോത്രത്തില്‍പ്പെട്ട അഹിസാമാക്കിൻ്റെ പുത്രന്‍ ഓഹോലിയാബിനെ ഞാന്‍ നിയോഗിച്ചിരിക്കുന്നു. ഞാന്‍ നിന്നോടു കല്പിച്ചതെല്ലാം നിര്‍മ്മിക്കുന്നതിന് എല്ലാ ശില്പവിദഗ്ദ്ധന്മാര്‍ക്കും പ്രത്യേകസാമര്‍ത്ഥ്യം കൊടുത്തിട്ടുണ്ട്.
7: സമാഗമകൂടാരം, സാക്ഷ്യപേടകം, അതിന്മേലുള്ള കൃപാസനം, കൂടാരത്തിലെ ഉപകരണങ്ങള്‍
8: മേശയും അതിൻ്റെ ഉപകരണങ്ങളും, വിളക്കുകാലും അതിൻ്റെ ഉപകരണങ്ങളും, ധൂപപീഠം,
9: ദഹനബലിപീഠവും അതിൻ്റെ എല്ലാ ഉപകരണങ്ങളും, ക്ഷാളനപാത്രവും അതിൻ്റെ പീഠവും,
10: ചിത്രത്തുന്നലാല്‍ അലംകൃതമായ വസ്ത്രങ്ങള്‍, പുരോഹിതനായ അഹറോൻ്റെ വിശുദ്ധവസ്ത്രങ്ങള്‍, അവൻ്റെ പുത്രന്മാര്‍ പുരോഹിതശുശ്രൂഷചെയ്യുമ്പോള്‍ അണിയേണ്ട വസ്ത്രങ്ങള്‍,
11: അഭിഷേകതൈലം, വിശുദ്ധസ്ഥലത്തു ധൂപാര്‍പ്പണത്തിനുപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ ഇവയെല്ലാം ഞാന്‍ നിന്നോടു കല്പിച്ചപ്രകാരം അവര്‍ നിര്‍മ്മിക്കണം.

സാബത്താചരണം

12: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
13: ഇസ്രായേല്‍ജനത്തോടു പറയുക, നിങ്ങള്‍ എൻ്റെ സാബത്തു സൂക്ഷ്മമായി ആചരിക്കണം. എന്തെന്നാല്‍, കര്‍ത്താവായ ഞാനാണു നിങ്ങളെ വിശുദ്ധീകരിക്കുന്നതെന്നു നിങ്ങളറിയാന്‍വേണ്ടി, ഇതെനിക്കും നിങ്ങള്‍ക്കുംമദ്ധ്യേ, തലമുറതോറും അടയാളമായിരിക്കും.
14: നിങ്ങള്‍ സാബത്താചരിക്കണം. കാരണം, അതു നിങ്ങള്‍ക്കു വിശുദ്ധമായ ഒരു ദിവസമാണ്. അതിനെ അശുദ്ധമാക്കുന്നവന്‍ വധിക്കപ്പെടണം. അന്നു ജോലിചെയ്യുന്നവന്‍ ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം. ആറുദിവസം ജോലിചെയ്യണം.
15: എന്നാല്‍ ഏഴാംദിവസം സാബത്താണ്; കര്‍ത്താവിനു വിശുദ്ധമായ വിശ്രമദിനം. സാബത്തുദിവസം ജോലിചെയ്യുന്നവന്‍ വധിക്കപ്പെടണം.
16: ഇസ്രായേല്‍ജനം ശാശ്വതമായൊരുടമ്പടിയായി തലമുറതോറും സാബത്താചരിക്കണം.
17: ഇതെനിക്കും ഇസ്രായേല്‍ജനത്തിനുംമദ്ധ്യേ ശാശ്വതമായൊരടയാളമാണ്; കര്‍ത്താവ് ആറു ദിവസംകൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിക്കുകയും ഏഴാംദിവസം ജോലിയില്‍നിന്നു വിരമിച്ചു വിശ്രമിക്കുകയും ചെയ്തതിൻ്റെ അടയാളം.

ഉടമ്പടിപ്പത്രിക നല്കുന്നു
18: സീനായ്‌മലയില്‍വച്ചു മോശയോടു സംസാരിച്ചതിനുശേഷം ഉടമ്പടിയുടെ രണ്ടു പ്രതികള്‍ - തൻ്റെ വിരല്‍കൊണ്ടെഴുതിയ രണ്ടു കല്പലകകള്‍ - ദൈവമവനു നല്കി.


അദ്ധ്യായം 32

സ്വര്‍ണ്ണംകൊണ്ടുള്ള കാളക്കുട്ടി

1: മോശ മലയില്‍നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നുകണ്ടപ്പോള്‍, ജനം അഹറോൻ്റെ ചുറ്റുംകൂടി പറഞ്ഞു: ഞങ്ങളെ നയിക്കാന്‍, വേഗം ദേവന്മാരെയുണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തില്‍നിന്നുകൊണ്ടുവന്ന മോശയെന്ന മനുഷ്യന് എന്തുസംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിവില്ല.
2: അഹറോന്‍ പറഞ്ഞു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലുള്ള സ്വര്‍ണ്ണവളയങ്ങളൂരിയെടുത്ത്, എൻ്റെയടുത്തു കൊണ്ടുവരുവിന്‍.
3: ജനം തങ്ങളുടെ കാതുകളില്‍നിന്നു സ്വര്‍ണ്ണവളയങ്ങളൂരി അഹറോൻ്റെമുമ്പില്‍ കൊണ്ടുചെന്നു.
4: അവന്‍, അവ വാങ്ങി, മൂശയിലുരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു. അപ്പോള്‍ അവര്‍ വിളിച്ചുപറഞ്ഞു: ഇസ്രായേലേ, ഇതാ ഈജിപ്തില്‍നിന്നു നിന്നെക്കൊണ്ടുവന്ന ദേവന്മാര്‍.
5: അതുകണ്ടപ്പോള്‍ അഹറോന്‍ കാളക്കുട്ടിയുടെ മുമ്പില്‍ ഒരു ബലിപീഠം പണിതിട്ട്, ഇപ്രകാരം പ്രഖ്യാപിച്ചു: നാളെ, കര്‍ത്താവിൻ്റെ ഉത്സവദിനമായിരിക്കും.
6: അവര്‍ പിറ്റേന്ന്, അതിരാവിലെയുണര്‍ന്ന്, ദഹനയാഗങ്ങളും അനുരഞ്ജനയാഗങ്ങളുമര്‍പ്പിച്ചു; ജനം തീനും കുടിയുംകഴിഞ്ഞ്, വിനോദങ്ങളിലേര്‍പ്പെട്ടു. 
7: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഉടനെ താഴേക്കുചെല്ലുക. നീ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന നിൻ്റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു.
8: ഞാന്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തില്‍നിന്ന് അവര്‍ പെട്ടെന്നു വ്യതിചലിച്ചിരിക്കുന്നു. അവര്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്ത്, അതിനെ ആരാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഇസ്രായേലേ, നിന്നെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ദേവന്മാരിതാ എന്ന് അവര്‍ പറഞ്ഞിരിക്കുന്നു.
9: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഇവര്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണെന്നു ഞാന്‍ കണ്ടുകഴിഞ്ഞു.
10: അതിനാല്‍, എന്നെത്തടയരുത്; എൻ്റെ ക്രോധമാളിക്കത്തി അവരെ വിഴുങ്ങിക്കളയട്ടെ. എന്നാല്‍, നിന്നില്‍നിന്ന്, ഒരു വലിയ ജനതയെ ഞാന്‍ പുറപ്പെടുവിക്കും. 
11: മോശ ദൈവമായ കര്‍ത്താവിനോടു കാരുണ്യംയാചിച്ചുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, വലിയ ശക്തിയോടും കരബലത്തോടുംകൂടെ അങ്ങുതന്നെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്ന അങ്ങയുടെ ജനത്തിനെതിരേ അവിടുത്തെ ക്രോധം ജ്വലിക്കുന്നതെന്ത്?
12: മലകളില്‍വച്ചു കൊന്നുകളയുന്നതിനും ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുന്നതിനുമുള്ള ദുരുദ്ദേശ്യത്തോടുകൂടെയാണ് അവനവരെ കൊണ്ടുപോയതെന്ന് ഈജിപ്തുകാര്‍ പറയാനിടവരുത്തുന്നതെന്തിന്? അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ! അങ്ങയുടെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്നു പിന്മാറണമേ!
13: അവിടുത്തെ ദാസന്മാരായ അബ്രാഹത്തെയും ഇസഹാക്കിനെയും ഇസ്രായേലിനെയും ഓര്‍ക്കണമേ! നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഞാന്‍ വര്‍ദ്ധിപ്പിക്കും, ഞാന്‍ വാഗ്ദാനംചെയ്തിട്ടുള്ള ഈ നാടുമുഴുവന്‍ നിങ്ങളുടെ സന്തതികള്‍ക്കു ഞാന്‍ നല്കും, അവര്‍, അതെന്നേക്കും കൈവശമാക്കുകയുംചെയ്യുമെന്ന് അവിടുന്നുതന്നെ ശപഥംചെയ്തു പറഞ്ഞിട്ടുണ്ടല്ലോ. കര്‍ത്താവു ശാന്തനായി.
14: തൻ്റെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്ന് അവിടുന്നു പിന്മാറി.
15: മോശ കൈകളില്‍ രണ്ട് ഉടമ്പടിപ്പത്രികകളുമായി താഴേയ്ക്കിറങ്ങി. പലകകളുടെ ഇരുവശങ്ങളിലും എഴുത്തുണ്ടായിരുന്നു.
16: പലകകള്‍ ദൈവത്തിൻ്റെ കൈവേലയും അവയില്‍ കൊത്തിയിരുന്നത് അവിടുത്തെ കൈയെഴുത്തുമായിരുന്നു.
17: ജനങ്ങള്‍ അട്ടഹസിക്കുന്ന സ്വരംകേട്ടപ്പോള്‍ ജോഷ്വ മോശയോടു പറഞ്ഞു: പാളയത്തില്‍ യുദ്ധത്തിൻ്റെ ശബ്ദം മുഴങ്ങുന്നു.
18: എന്നാല്‍, മോശ പറഞ്ഞു: ഞാന്‍ കേള്‍ക്കുന്നതു വിജയത്തിൻ്റെ അട്ടഹാസമോ പരാജയത്തിൻ്റെ മുറവിളിയോ അല്ല; പാട്ടുപാടുന്ന ശബ്ദമാണ്.
19: മോശ പാളയത്തിനടുത്തെത്തിയപ്പോള്‍ കാളക്കുട്ടിയെക്കണ്ടു; അവര്‍ നൃത്തം ചെയ്യുന്നതും കണ്ടു; അവൻ്റെ കോപം ആളിക്കത്തി. അവൻ കല്പലകകള്‍ വലിച്ചെറിഞ്ഞ്, മലയുടെ അടിവാരത്തില്‍വച്ച് അവ തകര്‍ത്തുകളഞ്ഞു.
20: അവന്‍ കാളക്കുട്ടിയെയെടുത്തു തീയിലിട്ടുചുട്ടു; അത്, ഇടിച്ചുപൊടിച്ച്, പൊടി, വെള്ളത്തില്‍ക്കലക്കി, ഇസ്രായേല്‍ജനത്തെക്കൊണ്ടു കുടിപ്പിച്ചു: 
21: മോശ അഹറോനോടു ചോദിച്ചു: നീ ഈ ജനത്തിൻ്റെമേല്‍ ഇത്രവലിയൊരു പാപം വരുത്തിവയ്ക്കാന്‍, അവര്‍ നിന്നോടെന്തുചെയ്തു?
22: അഹറോന്‍ പറഞ്ഞു: അങ്ങയുടെ കോപം ജ്വലിക്കാതിരിക്കട്ടെ. ഈ ജനത്തിനു തിന്മയിലേക്കുള്ള ചായ്‌വ് അങ്ങേയ്ക്കറിവുള്ളതാണല്ലോ.
23: അവര്‍ എന്നോടു പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ ഞങ്ങള്‍ക്കു ദേവന്മാരെ ഉണ്ടാക്കിത്തരുക. എന്തെന്നാല്‍, ഈജിപ്തില്‍നിന്നു ഞങ്ങളെക്കൊണ്ടുവന്ന മോശയെന്ന മനുഷ്യന് എന്തുസംഭവിച്ചെന്നു ഞങ്ങള്‍ക്കറിവില്ല.
24: ഞാന്‍ പറഞ്ഞു: സ്വര്‍ണ്ണംകൈവശമുള്ളവര്‍ അതു കൊണ്ടുവരട്ടെ. അവര്‍ കൊണ്ടുവന്നു. ഞാന്‍ അതു തീയിലിട്ടു. അപ്പോള്‍ ഈ കാളക്കുട്ടി പുറത്തുവന്നു.
25: ജനത്തിൻ്റെ അഴിഞ്ഞാട്ടം മോശ കണ്ടു. ശത്രുക്കളുടെയിടയില്‍ സ്വയംലജ്ജിതരാകത്തക്കവിധമഴിഞ്ഞാടുന്നതിന് അഹറോന്‍ അവരെയനുവദിച്ചിരുന്നു.
26: മോശ പാളയത്തിൻ്റെ വാതില്ക്കല്‍നിന്നുകൊണ്ടു പറഞ്ഞു: കര്‍ത്താവിൻ്റെ പക്ഷത്തുള്ളവര്‍ എൻ്റെയടുത്തേക്കു വരട്ടെ. ലേവിയുടെ പുത്രന്മാരെല്ലാവരും അവൻ്റെയടുക്കല്‍ ഒന്നിച്ചുകൂടി.
27: അവനവരോടു പറഞ്ഞു: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു. ഓരോ മനുഷ്യനും തൻ്റെ വാള്‍ പാര്‍ശ്വത്തില്‍ ധരിക്കട്ടെ. പാളയത്തിലുടനീളം കവാടംതോറുംചെന്ന് ഓരോരുത്തനും തൻ്റെ സഹോദരനെയും സ്‌നേഹിതനെയും അയല്ക്കാരനെയും നിഗ്രഹിക്കട്ടെ.
28: ലേവിയുടെ പുത്രന്മാര്‍ മോശയുടെ കല്പനയനുസരിച്ചു പ്രവര്‍ത്തിച്ചു. അന്നേദിവസം മൂവായിരത്തോളംപേര്‍ മരിച്ചുവീണു.
29: മോശ പറഞ്ഞു: കര്‍ത്താവിൻ്റെ ശുശ്രൂഷയ്ക്കായി ഇന്നു നിങ്ങള്‍ നിങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്നു. ഓരോരുത്തനും തൻ്റെ പുത്രനും സഹോദരനുമെതിരായിനിന്നതുകൊണ്ടു കര്‍ത്താവു നിങ്ങള്‍ക്ക് ഇന്നൊരനുഗ്രഹം തരും.
30: പിറേറദിവസം, മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ കഠിനപാപം ചെയ്തിരിക്കുന്നു. ഞാനിപ്പോള്‍ കര്‍ത്താവിൻ്റെയടുത്തേക്കു കയറിച്ചെല്ലാം; നിങ്ങളുടെ പാപത്തിനു പരിഹാരംചെയ്യാന്‍ എനിക്കു കഴിഞ്ഞേക്കും.
31: മോശ കര്‍ത്താവിൻ്റെയടുക്കല്‍ തിരിച്ചുചെന്നു പറഞ്ഞു: ഈ ജനം ഒരു വലിയ പാപം ചെയ്തുപോയി. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണ്ണംകൊണ്ടു ദേവന്മാരെ നിര്‍മ്മിച്ചു.
32: അവിടുന്നു കനിഞ്ഞ്, അവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കില്‍, അവിടുന്നെഴുതിയിട്ടുള്ള പുസ്തകത്തില്‍നിന്ന് എൻ്റെ പേരു മായിച്ചുകളഞ്ഞാലും.
33: അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു: എനിയ്‌ക്കെതിരായി പാപംചെയ്തവനെയാണ്, എൻ്റെ പുസ്തകത്തില്‍നിന്നു ഞാന്‍ തുടച്ചുനീക്കുക.
34: നീ പോയി ഞാന്‍ നിന്നോടു പറഞ്ഞിട്ടുള്ള സ്ഥലത്തേക്കു ജനത്തെ നയിക്കുക. എൻ്റെ ദൂതന്‍ നിൻ്റെ മുമ്പേ പോകും. എങ്കിലും ഞാനവരെ സന്ദര്‍ശിക്കുന്ന ദിവസം അവരുടെ പാപങ്ങളെപ്രതി അവരെ ശിക്ഷിക്കും.
35: കാളക്കുട്ടിയെ നിര്‍മ്മിക്കാന്‍ അവര്‍ അഹറോനെ നിര്‍ബ്ബന്ധിച്ചതിനാല്‍ കര്‍ത്താവ് അവരുടെമേല്‍ മഹാമാരിയയച്ചു.

അദ്ധ്യായം 33

സീനായ് വിടാന്‍ കല്പന

1: കര്‍ത്താവു മോശയോടു കല്പിച്ചു: നീയും ഈജിപ്തില്‍നിന്നു നീ കൂട്ടിക്കൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ട്, അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും അവരുടെ സന്തതികള്‍ക്കായി നല്കുമെന്നു ഞാന്‍ ശപഥംചെയ്തിട്ടുള്ള നാട്ടിലേക്കു പോവുക.
2: ഞാന്‍ നിങ്ങള്‍ക്കുമുമ്പേ ഒരു ദൂതനെയയയ്ക്കും. കാനാന്‍കാരെയും അമോര്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാന്‍ ഓടിച്ചുകളയും.
3: തേനും പാലുമൊഴുകുന്ന നാട്ടിലേക്കു പോകുവിന്‍. ഞാന്‍ നിങ്ങളുടെകൂടെ വരുന്നില്ല; വന്നാല്‍ നിങ്ങളുടെ ദുശ്ശാഠ്യംനിമിത്തം വഴിയില്‍വച്ചു നിങ്ങളെ നശിപ്പിച്ചുകളയും.
4: അശുഭമായ ഈ വാര്‍ത്തകേട്ട്, അവര്‍ വിലപിച്ചു. ആരും ആഭരങ്ങളണിഞ്ഞില്ല.
5: കര്‍ത്താവു മോശയോടരുളിച്ചെയ്തിരുന്നു: നീ ഇസ്രായേൽക്കാരോടു പറയുക; നിങ്ങള്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണ്. ഒരു നിമിഷത്തേക്കു നിങ്ങളുടെകൂടെ സഞ്ചരിച്ചാല്‍മതി, നിങ്ങളെ ഞാന്‍ നശിപ്പിച്ചുകളയും. നിങ്ങളുടെ ആഭരണങ്ങള്‍ അഴിച്ചുമാറ്റുവിന്‍. നിങ്ങളോടെന്തു ചെയ്യണമെന്നു ഞാന്‍ നിശ്ചയിക്കും.
6: ഹോറെബുമലയുടെ സമീപത്തുവച്ച് ഇസ്രായേല്‍ജനം ആഭരണങ്ങളഴിച്ചുമാറ്റി.

സമാഗമകൂടാരം
7: പാളയത്തിനു പുറത്ത്, അകലെയായി, മോശ ഒരു കൂടാരമടിക്കുക പതിവായിരുന്നു. അവന്‍ അതിനെ സമാഗമകൂടാരമെന്നു വിളിച്ചു. കര്‍ത്താവിൻ്റെ ഹിതമറിയാനാഗ്രഹിച്ചവരൊക്കെ പാളയത്തിനുവെളിയിലുള്ള ഈ കൂടാരത്തിലേക്കു പോയിരുന്നു.
8: മോശ ഈ കൂടാരത്തിലേക്കുപോകുന്ന അവസരങ്ങളിലൊക്കെ ജനമെഴുന്നേറ്റ്, ഓരോരുത്തനും സ്വന്തം കൂടാരത്തിൻ്റെ വാതില്ക്കല്‍ നിന്നുകൊണ്ട്, മോശ കൂടാരത്തിനുള്ളില്‍ക്കടക്കുന്നതുവരെ അവനെ വീക്ഷിച്ചിരുന്നു.
9: മോശ കൂടാരത്തില്‍ പ്രവേശിക്കുമ്പോള്‍ മേഘസ്തംഭം ഇറങ്ങിവന്നു കൂടാരവാതില്ക്കല്‍ നില്ക്കും. അപ്പോള്‍ കര്‍ത്താവു മോശയോടു സംസാരിക്കും.
10: മേഘസ്തംഭം കൂടാരവാതില്ക്കല്‍ നില്ക്കുന്നതു കാണുമ്പോള്‍ ജനമെഴുന്നേറ്റ്, ഓരോരുത്തനും സ്വന്തം കൂടാരത്തിൻ്റെ വാതില്ക്കല്‍ കുമ്പിട്ടാരാധിച്ചിരുന്നു.
11: സ്‌നേഹിതനോടെന്നപോലെ കര്‍ത്താവു മോശയോടു മുഖാഭിമുഖം സംസാരിച്ചിരുന്നു. അതിനുശേഷം, മോശ പാളയത്തിലേക്കു മടങ്ങിപ്പോകും. എന്നാല്‍ അവൻ്റെ സേവകനും നൂനിൻ്റെ പുത്രനുമായ ജോഷ്വ എന്ന യുവാവ്, കൂടാരത്തെ വിട്ടുപോയിരുന്നില്ല. 

കര്‍ത്താവു ജനത്തോടുകൂടെ
12: മോശ കര്‍ത്താവിനോടു പറഞ്ഞു: ഈ ജനത്തെ നയിക്കുകയെന്ന് അങ്ങെന്നോടാജ്ഞാപിക്കുന്നു. എന്നാല്‍, ആരെയാണ് എൻ്റെകൂടെ അയയ്ക്കുകയെന്നറിയിച്ചിട്ടില്ല. എന്നിട്ടും, എനിക്കു നിന്നെ നന്നായിട്ടറിയാം, നീ എൻ്റെ പ്രീതിനേടിയിരിക്കുന്നെന്ന് അവിടുന്നു പറയുന്നു.
13: അങ്ങ്, എന്നില്‍ സംപ്രീതനാണെങ്കില്‍ അങ്ങയുടെ വഴികളെനിക്കു കാണിച്ചുതരുക. അങ്ങനെ, ഞാനങ്ങയെ അറിയുകയും പ്രീതിപ്പെടുത്തുകയും ചെയ്യട്ടെ. ഈ ജനത അങ്ങയുടെ സ്വന്തം ജനമാണെന്ന് ഓര്‍മ്മിച്ചാലും.
14: കര്‍ത്താവു പറഞ്ഞു: ഞാന്‍തന്നെ നിന്നോടുകൂടെ വരുകയും നിനക്കാശ്വാസംനല്കുകയും ചെയ്യും.
15: മോശ പറഞ്ഞു: അങ്ങു ഞങ്ങളോടുകൂടെ വരുകയില്ലെങ്കില്‍, ഞങ്ങളെ ഇവിടെനിന്നു പറഞ്ഞയയ്ക്കരുത്.
16: അങ്ങു പോരുന്നില്ലെങ്കില്‍, അങ്ങ്, എന്നിലും അങ്ങയുടെ ജനത്തിലും സംപ്രീതനാണെന്ന് എങ്ങനെ വെളിപ്പെടും? അങ്ങു ഞങ്ങളോടൊത്തു യാത്രചെയ്യുമെങ്കില്‍, ഞാനും അങ്ങയുടെ ജനവും ഭൂമുഖത്തുള്ള എല്ലാ ജനതകളിലുംനിന്നു വ്യത്യസ്തരായിരിക്കും.
17: കര്‍ത്താവു മോശയോടു പറഞ്ഞു: നീ ആവശ്യപ്പെട്ട ഈ കാര്യവും ഞാന്‍ ചെയ്യും. എന്തെന്നാല്‍, നീ എൻ്റെ പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്കു നന്നായറിയാം.
18: മോശ പറഞ്ഞു: അങ്ങയുടെ മഹത്വം എനിക്കു കാണിച്ചുതരണമെന്നു ഞാനപേക്ഷിക്കുന്നു.
19: അവിടുന്നരുളിച്ചെയ്തു: എൻ്റെ മഹത്വം നിൻ്റെ മുമ്പിലൂടെ കടന്നുപോകും. കര്‍ത്താവ് എന്ന എൻ്റെ നാമം നിൻ്റെ മുമ്പില്‍ ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്യും. എനിക്കിഷ്ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും. എനിക്കിഷ്ടമുള്ളവനോടു ഞാന്‍ കരുണകാണിക്കും.
20: അവിടുന്നു തുടര്‍ന്നു: നീ എൻ്റെ മുഖം കണ്ടുകൂടാ; എന്തെന്നാല്‍, എന്നെക്കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല.
21: കര്‍ത്താവു പറഞ്ഞു: ഇതാ എൻ്റെയടുത്തുള്ള ഈ പാറമേല്‍ നീ നില്ക്കുക.
22: എൻ്റെ മഹത്വം കടന്നുപോകുമ്പോള്‍ നിന്നെ ഈ പാറയുടെ ഒരിടുക്കില്‍ ഞാന്‍ നിറുത്തും. ഞാന്‍ കടന്നുപോകുമ്പോള്‍ എൻ്റെ കൈകൊണ്ടു നിന്നെ മറയ്ക്കും.
23: അതിനുശേഷം ഞാന്‍, കൈ മാറ്റും. അപ്പോള്‍ നിനക്ക് എൻ്റെ പിന്‍ഭാഗം കാണാം. എന്നാല്‍ എൻ്റെ മുഖം നീ കാണുകയില്ല.

ഇരുപത്തിനാലാം ദിവസം: പുറപ്പാട് 28 - 30


അദ്ധ്യായം 28

പുരോഹിതവസ്ത്രങ്ങള്‍

1: പുരോഹിതന്മാരായി എനിക്കു ശുശ്രൂഷചെയ്യാന്‍വേണ്ടി, നിൻ്റെ സഹോദരനായ അഹറോനെയും അവൻ്റെ പുത്രന്മാരായ നാദാബ്, അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവരെയും ഇസ്രായേൽക്കാരുടെയിടയില്‍നിന്നു നിൻ്റെയടുക്കലേക്കു വിളിക്കുക.
2: നിൻ്റെ സഹോദരനായ അഹറോനു മഹിമയും അഴകും നല്കുന്നതിന്, അവനുവേണ്ടി വിശുദ്ധവസ്ത്രങ്ങള്‍ നിര്‍മ്മിക്കുക.
3: അഹറോനെ എൻ്റെ പുരോഹിതനായി അവരോധിക്കാന്‍വേണ്ടി അവനു സ്ഥാനവസ്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഞാന്‍ നൈപുണ്യംനല്കിയിട്ടുള്ള എല്ലാ വിദഗ്ദ്ധന്മാരോടും നീയാവശ്യപ്പെടുക.
4: അവര്‍ നിര്‍മ്മിക്കേണ്ട വസ്ത്രങ്ങളിവയാണ്: ഉരസ്ത്രാണം, എഫോദ്, നിലയങ്കി, ചിത്രത്തയ്യലുള്ള അങ്കി, തലപ്പാവ്, അരപ്പട്ട. എനിക്കു പുരോഹിതശുശ്രൂഷചെയ്യാന്‍, അഹറോനും പുത്രന്മാര്‍ക്കുംവേണ്ടി അവര്‍ വിശുദ്ധവസ്ത്രങ്ങള്‍ നിര്‍മ്മിക്കട്ടെ.
5: സ്വര്‍ണ്ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മ്മയായി പിരിച്ചെടുത്ത ചണം എന്നിവ അവരുപയോഗിക്കണം.
6: സ്വര്‍ണ്ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മ്മയായി പിരിച്ചെടുത്ത ചണം എന്നിവയുപയോഗിച്ച്, വിദഗ്ദ്ധമായി അവര്‍ എഫോദ് നിര്‍മ്മിക്കണം.
7: അതിൻ്റെ രണ്ടറ്റങ്ങള്‍ തമ്മില്‍ യോജിപ്പിക്കുന്നതിന്, അതില്‍ രണ്ടു തോള്‍വാറുകള്‍ പിടിപ്പിക്കണം.
8: എഫോദ് കെട്ടിയുറപ്പിക്കാനായി അതിന്മേലുള്ള പട്ടയും സ്വര്‍ണ്ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് നൂലുകള്‍, നേര്‍മ്മയായി പിരിച്ചെടുത്ത ചണം എന്നിവകൊണ്ട്, അതേരീതിയില്‍ത്തന്നെ വിദഗ്ദ്ധമായി നിര്‍മ്മിച്ചതായിരിക്കണം.
9: രണ്ടു വൈഡൂര്യക്കല്ലുകളെടുത്ത്, അവയില്‍ ഇസ്രായേലിൻ്റെ പുത്രന്മാരുടെ പേരുകള്‍ കൊത്തണം.
10: അവരുടെ പ്രായക്രമമനുസരിച്ച്, ഓരോ കല്ലിലും ആറുപേരുകള്‍വീതം കൊത്തുക.
11: രത്നശില്പി മുദ്രകൊത്തുന്നതുപോലെ, ഇസ്രായേലിൻ്റെ പുത്രന്മാരുടെ പേരുകള്‍ ആ കല്ലുകളില്‍ രേഖപ്പെടുത്തണം. കല്ലുകള്‍ സ്വര്‍ണ്ണത്തകിടില്‍ പതിക്കണം.
12: ഇസ്രായേല്‍പുത്രന്മാരുടെ സ്മാരകശിലകളായി അവ എഫോദിൻ്റെ തോള്‍വാറുകളിലുറപ്പിക്കണം. അവരുടെ പേരുകള്‍ കര്‍ത്താവിൻ്റെമുമ്പില്‍ ഒരു സ്മാരകമായി, അഹറോന്‍ തൻ്റെ ഇരുതോളുകളിലും വഹിക്കട്ടെ.
13: രത്നംപതിക്കാനുള്ള തകിടുകള്‍ സ്വര്‍ണ്ണംകൊണ്ടുണ്ടാക്കുക.
14: തനി സ്വര്‍ണ്ണംകൊണ്ടു കയറുപോലെ പിണച്ചെടുത്ത രണ്ടു തുടലുകള്‍ നിര്‍മ്മിച്ച്, അവ സ്വര്‍ണ്ണത്തകിടുകളുമായി യോജിപ്പിക്കുക.
15: ന്യായവിധിയുടെ ഉരസ്ത്രാണം ചിത്രപ്പണികളോടെ നിര്‍മ്മിക്കണം. അത്, എഫോദെന്നപോലെ സ്വര്‍ണ്ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മ്മയായിപ്പിരിച്ചെടുത്ത ചണം, എന്നിവകൊണ്ടാണുണ്ടാക്കേണ്ടത്.
16: അതു സമചതുരത്തില്‍ രണ്ടു മടക്കുള്ളതായിരിക്കണം. അതിന് ഒരുചാണ്‍ നീളവും ഒരുചാണ്‍ വീതിയും വേണം.
17: അതിനുമേല്‍ നാലുനിര രത്നങ്ങള്‍ പതിക്കണം. ആദ്യത്തെ നിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം;
18: രണ്ടാമത്തെ നിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം;
19: മൂന്നാമത്തെ നിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം;
20: നാലാമത്തെ നിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യകാന്തം. രത്നങ്ങളെല്ലാം സ്വര്‍ണ്ണത്തകിടിലാണു പതിക്കേണ്ടത്.
21: ഇസ്രായേലിൻ്റെ പുത്രന്മാരുടെ പേരുകളനുസരിച്ചു പന്ത്രണ്ടുരത്നങ്ങളുണ്ടായിരിക്കണം. ഓരോ ഗോത്രത്തിൻ്റെയും പേര്, ഓരോ രത്നത്തിലും മുദ്രപോലെ കൊത്തിയിരിക്കണം.
22: ഉരസ്ത്രാണത്തിനുവേണ്ടി, തനിസ്വര്‍ണ്ണംകൊണ്ടു കയറുപോലെ പിണച്ചെടുത്ത തുടലുകള്‍ പണിയണം.
23: സ്വര്‍ണ്ണംകൊണ്ടു രണ്ടു വളയങ്ങള്‍ നിര്‍മ്മിച്ച്, ഉരസ്ത്രാണത്തിൻ്റെ മുകളിലത്തെ രണ്ടു മൂലകളില്‍ ഘടിപ്പിക്കണം.
24: ഉരസ്ത്രാണത്തിൻ്റെ മൂലകളിലുള്ള രണ്ടു വളയങ്ങളിലൂടെ രണ്ടു സ്വര്‍ണ്ണത്തുടലുകളിടണം.
25: തുടലുകളുടെ മറ്റേയറ്റങ്ങള്‍ രത്നംപതിച്ച സ്വര്‍ണ്ണത്തകിടുകളില്‍ ഘടിപ്പിച്ച എഫോദിൻ്റെ, തോള്‍വാറിൻ്റെ മുന്‍ഭാഗവുമായി ബന്ധിക്കണം.
26: രണ്ടു സ്വര്‍ണ്ണവളയങ്ങള്‍ പണിത്, അവ ഉരസ്ത്രാണത്തിൻ്റെ താഴത്തെ കോണുകളില്‍ അവയുടെ ഉള്‍ഭാഗത്ത്, എഫോദിനോടുചേര്‍ത്തു ബന്ധിക്കണം.
27: രണ്ടു സ്വര്‍ണ്ണവളയങ്ങള്‍കൂടെ നിര്‍മ്മിച്ച്, അവ, എഫോദിൻ്റെ തോള്‍വാറുകളുടെ താഴത്തെ അറ്റങ്ങള്‍ക്കു മുന്‍ഭാഗത്ത് അവയുടെ തുന്നലിനോടടുത്ത്, എഫോദിൻ്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളിലായി ബന്ധിക്കണം.
28: ഉരസ്ത്രാണത്തിൻ്റെയും എഫോദിൻ്റെയും വളയങ്ങള്‍ ഒരു നീലച്ചരടുകൊണ്ടു ബന്ധിക്കണം. അപ്പോള്‍ ഉരസ്ത്രാണം എഫോദിൻ്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളില്‍നിന്ന് ഇളകിപ്പോവുകയില്ല.
29: അഹറോന്‍ വിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോള്‍ ഇസ്രായേലിൻ്റെ പുത്രന്മാരുടെ പേരുകള്‍കൊത്തിയിട്ടുള്ള ന്യായവിധിയുടെ ഉരസ്ത്രാണം ധരിക്കണം. അങ്ങനെ, കര്‍ത്താവിൻ്റെ സന്നിധിയില്‍ അവര്‍ നിരന്തരം സ്മരിക്കപ്പെടും.
30: ന്യായവിധിയുടെ ഉരസ്ത്രാണത്തില്‍ ഉറീം, തുമ്മീം എന്നിവ നിക്ഷേപിക്കുക. അഹറോൻ കര്‍ത്താവിൻ്റെമുമ്പില്‍ പ്രവേശിക്കുമ്പോള്‍ അവ, അവൻ്റെ മാറിലുണ്ടായിരിക്കണം. അങ്ങനെ അഹറോന്‍ തൻ്റെ മാറില്‍ ഇസ്രായേലിൻ്റെ ന്യായവിധി, കര്‍ത്താവിൻ്റെ സന്നിധിയില്‍ നിരന്തരം വഹിക്കട്ടെ.
31: എഫോദിൻ്റെ നിലയങ്കി നീലനിറമായിരിക്കണം.
32: തലകടത്താന്‍ അതിനുനടുവില്‍ ദ്വാരമുണ്ടായിരിക്കണം. ധരിക്കുമ്പോള്‍ കീറിപ്പോകാതിരിക്കാന്‍, ഉടുപ്പുകള്‍ക്കു ചെയ്യാറുള്ളതുപോലെ, നെയ്‌തെടുത്ത ഒരു നാട, ദ്വാരത്തിനു ചുറ്റും തുന്നിച്ചേര്‍ക്കണം.
33: നിലയങ്കിയുടെ വിളുമ്പിനുചുറ്റും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളില്‍ മാതളനാരങ്ങകളും തുന്നിച്ചേര്‍ക്കണം. അവയ്ക്കിടയില്‍ സ്വര്‍ണ്ണമണികള്‍ ബന്ധിക്കണം.
34: ഒന്നിടവിട്ടായിരിക്കണം സ്വര്‍ണ്ണമണികളും മാതളനാരങ്ങകളും തുന്നിച്ചേര്‍ക്കുന്നത്.
35: അഹറോന്‍ പുരോഹിതശുശ്രൂഷചെയ്യുമ്പോള്‍ ഇതു ധരിക്കണം. അവന്‍ വിശുദ്ധ സ്ഥലത്തു കര്‍ത്താവിൻ്റെ സന്നിധിയില്‍ പ്രവേശിക്കുമ്പോഴും അവിടെനിന്നു പുറത്തുവരുമ്പോഴും അതിൻ്റെ ശബ്ദം കേള്‍ക്കട്ടെ. ഇല്ലെങ്കില്‍ അവന്‍ മരിക്കും.
36: തനി സ്വര്‍ണ്ണംകൊണ്ട്, ഒരു തകിടുണ്ടാക്കി, അതിന്മേല്‍ ഒരു മുദ്രയെന്നപോലെ കര്‍ത്താവിനു സമര്‍പ്പിതന്‍ എന്നു കൊത്തിവയ്ക്കുക.
37: ഒരു നീലച്ചരടുകൊണ്ട് അതു തലപ്പാവിൻ്റെ മുന്‍വശത്തു ബന്ധിക്കണം. അഹറോന്‍ അതു നെറ്റിയില്‍ ധരിക്കണം.
38: അങ്ങനെ ഇസ്രായേൽക്കാര്‍ വിശുദ്ധവസ്തുക്കള്‍ കാഴ്ചസമര്‍പ്പിക്കുന്നതില്‍ വരുത്തുന്ന വീഴ്ചകള്‍, അവന്‍ വഹിക്കട്ടെ. കാണിക്കകള്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ സ്വീകാര്യമാകേണ്ടതിന്, ആ തകിട് അഹറോൻ്റെ നെറ്റിയില്‍ എപ്പോഴുമുണ്ടായിരിക്കണം.
39: നേര്‍മ്മയായി പിരിച്ചെടുത്ത ചണംകൊണ്ട്, ഒരങ്കിയുണ്ടാക്കി, അതു ചിത്രത്തുന്നലാല്‍ അലങ്കരിക്കണം. നേര്‍മ്മയായി പിരിച്ചെടുത്ത ചണംകൊണ്ടു തലപ്പാവും ചിത്രാലംകൃതമായ അരപ്പട്ടയുമുണ്ടാക്കണം.
40: അഹറോൻ്റെ പുത്രന്മാര്‍ക്കു മഹിമയും അഴകും ഉണ്ടാകേണ്ടതിന്, അവര്‍ക്കായി അങ്കികളും അരപ്പട്ടകളും തൊപ്പികളും നിര്‍മ്മിക്കണം.
41: ഇവയെല്ലാം നിൻ്റെ സഹോദരനായ അഹറോനെയും അവൻ്റെ പുത്രന്മാരെയും നീ അണിയിക്കുക. അവരെനിക്കു പുരോഹിതശുശ്രൂഷചെയ്യേണ്ടതിന്, നീയവരെ അഭിഷേചിച്ചു നിയോഗിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുക.
42: അവരുടെ നഗ്നതമറയ്ക്കാന്‍ ചണത്തുണികൊണ്ട്, അരമുതല്‍ തുടവരെയെത്തുന്ന കാല്‍ച്ചട്ടകളുണ്ടാക്കണം.
43: അഹറോനും പുത്രന്മാരും സമാഗമകൂടാരത്തില്‍ പ്രവേശിക്കുകയോ വിശുദ്ധസ്ഥലത്തു ശുശ്രൂഷചെയ്യുന്നതിനു ബലിപീഠത്തെ സമീപിക്കുകയോചെയ്യുമ്പോള്‍ ഇവ ധരിക്കണം. ഇല്ലെങ്കില്‍ അവര്‍ കുറ്റക്കാരായിത്തീരുകയും മരിക്കുകയും ചെയ്യും. ഇത് അഹറോനും സന്തതികള്‍ക്കും എന്നേയ്ക്കുമുള്ള നിയമമാണ്.


അദ്ധ്യായം 29

അഭിഷേകക്രമം
1: എനിക്കു പുരോഹിതശുശ്രൂഷചെയ്യുന്നതിന്, അവരെ നിയോഗിക്കാന്‍ നീ ചെയ്യേണ്ടതിതാണ്: ഒരു കാളക്കുട്ടിയെയും ഊനമറ്റ രണ്ടു മുട്ടാടിനെയും തിരഞ്ഞെടുക്കുക.
2: പുളിപ്പില്ലാത്ത അപ്പം, എണ്ണചേര്‍ത്തു മയംവരുത്തിയ പുളിപ്പില്ലാത്ത അപ്പം, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത നേര്‍ത്ത അപ്പം ഇവ സജ്ജമാക്കുക. ഇവയെല്ലാം ഗോതമ്പുമാവുകൊണ്ടുണ്ടാക്കണം.
3: അവ, ഒരു കുട്ടയിലാക്കി, കാളക്കുട്ടിയോടും മുട്ടാടുകളോടുമൊപ്പം കൊണ്ടുവരുക. 
4: നീ അഹറോനെയും അവൻ്റെ പുത്രന്മാരെയും സമാഗമകൂടാരത്തിൻ്റെ വാതില്ക്കല്‍ക്കൊണ്ടുവന്ന്, അവരെ വെള്ളംകൊണ്ടു കഴുകുക.
5: അങ്കി, എഫോദിൻ്റെ നിലയങ്കി, എഫോദ്, ഉരസ്ത്രാണം, എഫോദിൻ്റെ ചിത്രത്തയ്യലുള്ള അരപ്പട്ട എന്നിവ അഹറോനെയണിയിക്കണം.
6: അവൻ്റെ തലയില്‍ തലപ്പാവും തലപ്പാവിന്മേല്‍ വിശുദ്ധകിരീടവും വയ്ക്കണം.
7: അനന്തരം, തൈലം തലയിലൊഴിച്ച് അവനെ അഭിഷേചിക്കുക.
8: അവൻ്റെ പുത്രന്മാരെക്കൊണ്ടുവന്ന്, അങ്കികള്‍ ധരിപ്പിക്കുക.
9: നീയവരെ അരപ്പട്ടകളും തൊപ്പികളും അണിയിക്കണം. ശാശ്വതമായനിയമമനുസരിച്ചു പൗരോഹിത്യം അവരുടേതായിരിക്കും. നീ അഹറോനെയും അവൻ്റെ പുത്രന്മാരെയും പുരോഹിതരായി അവരോധിക്കണം.
10: അനന്തരം, കാളക്കുട്ടിയെ സമാഗമകൂടാരത്തിനു മുമ്പില്‍ക്കൊണ്ടുവരണം. അഹറോനും പുത്രന്മാരും അതിൻ്റെ തലയില്‍ കൈകള്‍ വയ്ക്കണം.
11: കര്‍ത്താവിൻ്റെ സന്നിധിയില്‍ സമാഗമകൂടാരത്തിൻ്റെ വാതില്ക്കല്‍വച്ചു കാളക്കുട്ടിയെ കൊല്ലണം.
12: അതിൻ്റെ രക്തത്തില്‍നിന്നു കുറെയെടുത്ത്, വിരല്‍കൊണ്ടു ബലിപീഠത്തിൻ്റെ കൊമ്പുകളില്‍ പുരട്ടണം. ബാക്കി രക്തം, ബലിപീഠത്തിൻ്റെ ചുവട്ടിലൊഴിക്കണം.
13: കുടല്‍പൊതിഞ്ഞുള്ള മേദസ്സും കരളിന്മേലുള്ള കൊഴുപ്പും ഇരു വൃക്കകളും അവയിന്മേലുള്ള മേദസ്സുമെടുത്ത്, ബലിപീഠത്തിന്മേല്‍വച്ചു ദഹിപ്പിക്കണം.
14: എന്നാല്‍, കാളക്കുട്ടിയുടെ മാംസവും തോലും ചാണകവും പാളയത്തിനു വെളിയില്‍വച്ച്, അഗ്നിയില്‍ ദഹിപ്പിക്കണം. ഇതു പാപപരിഹാരബലിയാണ്.
15: മുട്ടാടുകളിലൊന്നിനെ മാറ്റിനിറുത്തണം. അഹറോനും പുത്രന്മാരും അതിൻ്റെ തലയില്‍ കൈകള്‍ വയ്ക്കട്ടെ.
16: അതിനെക്കൊന്നു രക്തമെടുത്തു ബലിപീഠത്തിനു ചുറ്റുമൊഴിക്കണം.
17: അതിനെ കഷണങ്ങളായി മുറിച്ചതിനുശേഷം അതിൻ്റെ ആന്തരികാവയവങ്ങളും കാലുകളും കഴുകണം. ഇവ മറ്റു കഷണങ്ങളുടെയും തലയുടെയുംകൂടെ വയ്ക്കണം.
18: മുട്ടാടിനെ മുഴുവന്‍ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു കര്‍ത്താവിനുള്ള ദഹനബലിയാണ് - കര്‍ത്താവിനു പ്രസാദകരമായ സുഗന്ധം.
19: അനന്തരം, അടുത്ത മുട്ടാടിനെയും കൊണ്ടുവരണം. അഹറോനും പുത്രന്മാരും അതിൻ്റെ തലയില്‍ കൈകള്‍ വയ്ക്കണം.
20: അതിനെക്കൊന്നു രക്തത്തില്‍ കുറച്ചെടുത്ത്, അഹറോൻ്റെയും പുത്രന്മാരുടെയും വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിൻ്റെ പെരുവിരലിലും പുരട്ടുകയും ബാക്കി ബലിപീഠത്തിനു ചുറ്റുമൊഴിക്കുകയും വേണം.
21: ബലിപീഠത്തിലുള്ള രക്തത്തില്‍നിന്നും അഭിഷേകതൈലത്തില്‍നിന്നും കുറച്ചെടുത്ത്, അഹറോൻ്റെമേലും അവൻ്റെ വസ്ത്രത്തിന്മേലും അവൻ്റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കണം. അങ്ങനെ അവനും പുത്രന്മാരും അവരുടെ വസ്ത്രങ്ങളും ശുദ്ധീകരിക്കപ്പെടും.
22: അതിനുശേഷം നീ മുട്ടാടിൻ്റെ മേദസ്സും കൊഴുത്തവാലും കുടല്‍പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള കൊഴുപ്പും ഇരു വൃക്കകളും അതിന്മേലുള്ള മേദസ്സും വലത്തെ കുറകും എടുക്കണം. കാരണം, അത് അഭിഷേകത്തിനുള്ള മുട്ടാടാണ്.
23: കര്‍ത്താവിൻ്റെ സന്നിധിയില്‍വച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിൻ്റെ കുട്ടയില്‍നിന്ന്, ഒരപ്പവും എണ്ണചേര്‍ത്തു മയംവരുത്തിയ ഒരപ്പവും നേര്‍ത്ത ഒരപ്പവുമെടുക്കണം.
24: ഇവയെല്ലാം അഹറോൻ്റെയും പുത്രന്മാരുടെയും കരങ്ങളില്‍വച്ചു കര്‍ത്താവിൻ്റെ സന്നിധിയില്‍ നീരാജനംചെയ്യണം.
25: അനന്തരം, അതവരുടെ കൈകളില്‍നിന്നു വാങ്ങി, ദഹനബലിയോടൊന്നിച്ചു ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു കര്‍ത്താവിനുള്ള ദഹനബലിയാണ്; കര്‍ത്താവിനു പ്രസാദകരമായ സുഗന്ധം.
26: അഹറോൻ്റെ അഭിഷേകത്തിനായര്‍പ്പിച്ച മുട്ടാടിൻ്റെ നെഞ്ചെടുത്തു കര്‍ത്താവിൻ്റെ സന്നിധിയില്‍ നീരാജനംചെയ്യുക. ഇതു നിൻ്റെ ഓഹരിയായിരിക്കും.
27: അഭിഷേകത്തിനായര്‍പ്പിക്കുന്ന മുട്ടാടില്‍നിന്ന് നീരാജനംചെയ്ത നെഞ്ചും കുറകും വിശുദ്ധീകരിച്ച്, അഹറോനും പുത്രന്മാര്‍ക്കുമായി മാറ്റിവയ്ക്കണം.
28: ഇസ്രായേല്‍ജനത്തില്‍നിന്ന് അഹറോനും പുത്രന്മാര്‍ക്കും നിയമപ്രകാരം എന്നും ലഭിക്കേണ്ട അവകാശമാണിത്; ഇസ്രായേല്‍ജനം സമാധാനബലിയില്‍നിന്നു നീരാജനംചെയ്തു കര്‍ത്താവിനു സമര്‍പ്പിക്കുന്ന കാഴ്ചയും.
29: അഹറോൻ്റെ വിശുദ്ധവസ്ത്രങ്ങള്‍ അവനുശേഷം അവൻ്റെ പുത്രന്മാര്‍ക്കുള്ളതായിരിക്കും. അവര്‍ പുരോഹിതരായി അഭിഷിക്തരാകുന്നതും നിയോഗിക്കപ്പെടുന്നതും അവ ധരിച്ചുകൊണ്ടായിരിക്കണം.
30: അവൻ്റെ സ്ഥാനത്തു പുരോഹിതനാകുന്ന അവൻ്റെ പുത്രന്‍ വിശുദ്ധസ്ഥലത്തു ശുശ്രൂഷചെയ്യുന്നതിനു സമാഗമകൂടാരത്തില്‍ വരുമ്പോള്‍ ഏഴുദിവസം അതു ധരിക്കണം.
31: അഭിഷേകത്തിനര്‍പ്പിക്കുന്ന മുട്ടാടിൻ്റെ മാംസമെടുത്തു വിശുദ്ധമായ ഒരു സ്ഥലത്തുവച്ചു വേവിക്കണം.
32: മുട്ടാടിൻ്റെ മാംസവും കുട്ടയിലുള്ള അപ്പവും അഹറോനും പുത്രന്മാരും സമാഗമകൂടാരത്തിൻ്റെ വാതില്ക്കല്‍വച്ചു ഭക്ഷിക്കണം.
33: തങ്ങളുടെ അഭിഷേകത്തിൻ്റെയും വിശുദ്ധീകരണത്തിൻ്റെയും വേളയില്‍, പാപപരിഹാരത്തിനായി അര്‍പ്പിക്കപ്പെട്ട വസ്തുക്കള്‍ അവര്‍മാത്രം ഭക്ഷിക്കട്ടെ. അവ വിശുദ്ധമാകയാല്‍ അന്യര്‍ ഭക്ഷിക്കരുത്.
34: അഭിഷേകത്തിനുവേണ്ടിയുള്ള മാംസമോ അപ്പമോ പ്രഭാതത്തില്‍ അവശേഷിക്കുന്നെങ്കില്‍, അഗ്നിയില്‍ ദഹിപ്പിച്ചുകളയണം. അതു വിശുദ്ധമാകയാല്‍ ഭക്ഷിക്കരുത്.
35: ഞാന്‍ നിന്നോടു കല്പിച്ചിട്ടുള്ളതുപോലെ അഹറോനോടും പുത്രന്മാരോടും അനുവര്‍ത്തിക്കുക. അവരുടെ അഭിഷേകകര്‍മ്മം ഏഴുദിവസം നീണ്ടുനില്ക്കണം.
36: പാപപരിഹാരബലിയായി ഓരോ ദിവസവും ഓരോ കാളക്കുട്ടിയെ അര്‍പ്പിക്കണം. ബലിപീഠത്തില്‍ പരിഹാരബലി അര്‍പ്പിക്കുകവഴി അതില്‍നിന്നു പാപം തുടച്ചുനീക്കപ്പെടും. അനന്തരം, അതിനെ അഭിഷേചിച്ചു വിശുദ്ധീകരിക്കുക.
37: ഏഴുദിവസം പരിഹാരബലിനടത്തി, ബലിപീഠത്തെ ശുദ്ധീകരിക്കുക. അപ്പോള്‍ ബലിപീഠം അതിവിശുദ്ധമാകും. ബലിപീഠത്തെ സ്പര്‍ശിക്കുന്നതെന്തും വിശുദ്ധമാകും.

അനുദിനബലികള്‍

38: ബലിപീഠത്തിലര്‍പ്പിക്കേണ്ടതിവയാണ്: ഒരു വയസ്സുള്ള രണ്ട് ആട്ടിന്‍കുട്ടികളെവീതം എല്ലാദിവസവുമര്‍പ്പിക്കണം.
39: ഒന്നിനെ പ്രഭാതത്തിലും മറ്റേതിനെ സായാഹ്നത്തിലുമാണര്‍പ്പിക്കേണ്ടത്.
40: ഒന്നാമത്തെ ആട്ടിന്‍കുട്ടിയോടൊപ്പം നാലിലൊന്നു ഹിന്‍, ശുദ്ധമായ ഒലിവെണ്ണയില്‍ക്കുഴച്ച പത്തിലൊന്ന് ഏഫാമാവും പാനീയബലിയായി നാലിലൊന്നു ഹിന്‍ വീഞ്ഞും സമര്‍പ്പിക്കണം.
41: പ്രഭാതത്തിലെന്നപോലെ, സായാഹ്നത്തില്‍ രണ്ടാമത്തെ ആട്ടിന്‍കുട്ടിയെ ധാന്യബലിയോടും പാനീയബലിയോടുമൊത്തു സുഗന്ധവാഹിയായ ദഹനബലിയായി കര്‍ത്താവിനര്‍പ്പിക്കണം.
42: ഞാന്‍ നിങ്ങളെ കാണുകയും നിങ്ങളോടു സംസാരിക്കുകയുംചെയ്യുന്ന സമാഗമകൂടാരത്തിൻ്റെ വാതില്ക്കല്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍, തലമുറതോറും നിങ്ങള്‍ അനുദിനമര്‍പ്പിക്കേണ്ട ദഹനബലിയാണിത്.
43: അവിടെവച്ചു ഞാന്‍ ഇസ്രായേല്‍ജനത്തെ സന്ദര്‍ശിക്കും; എൻ്റെ മഹത്വത്താല്‍ അവിടം വിശുദ്ധീകരിക്കുകയുംചെയ്യും.
44: സമാഗമകൂടാരവും ബലിപീഠവും ഞാന്‍ വിശുദ്ധീകരിക്കും. എനിക്കു പുരോഹിതശുശ്രൂഷ ചെയ്യുന്നതിനായി അഹറോനെയും പുത്രന്മാരെയും ഞാന്‍ വിശുദ്ധീകരിക്കും.
45: ഞാന്‍ ഇസ്രായേല്‍ജനത്തിൻ്റെമദ്ധ്യേ വസിക്കും; അവരുടെ ദൈവമായിരിക്കുകയുംചെയ്യും.
46: അവരുടെയിടയില്‍ വസിക്കാന്‍വേണ്ടി അവരെ ഈജിപ്തില്‍നിന്നുകൊണ്ടുവന്ന അവരുടെ ദൈവമായ കര്‍ത്താവു ഞാനാണെന്ന് അവരറിയും. ഞാനാണ്, അവരുടെ ദൈവമായ കര്‍ത്താവ്.


അദ്ധ്യായം 30

ധൂപപീഠം

1: ധൂപാര്‍പ്പണത്തിനായി കരുവേലമരംകൊണ്ടൊരു ബലിപീഠം പണിയണം. അതു സമചതുരമായിരിക്കണം.
2: നീളവും വീതിയും ഒരു മുഴം, ഉയരം രണ്ടുമുഴം; കൊമ്പുകള്‍ അതിനോടൊന്നായിച്ചേര്‍ന്നിരിക്കണം.
3: മുകള്‍ഭാഗവും വശങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിയണം; മുകള്‍വശത്തു ചുറ്റിലും സ്വര്‍ണ്ണംകൊണ്ടുള്ള അരികുപാളി പിടിപ്പിക്കണം.
4: അതിനുകീഴേ രണ്ടു മൂലകളിലും ഓരോ സ്വര്‍ണ്ണവളയം പിടിപ്പിക്കണം. മറുവശത്തും ഇപ്രകാരം ചെയ്യണം; അവ പീഠത്തെ വഹിക്കാനുള്ള തണ്ടുകളിടുന്നതിനാണ്.
5: തണ്ടുകള്‍ കരുവേലമരംകൊണ്ടുണ്ടാക്കി, സ്വര്‍ണ്ണംകൊണ്ടു പൊതിയണം.
6: ഞാന്‍ നിന്നെ സന്ദര്‍ശിക്കുന്ന സ്ഥലമായ സാക്ഷ്യപേടകത്തിനു മുകളിലുള്ള കൃപാസനത്തിൻ്റെയും സാക്ഷ്യപേടകത്തെ മറയ്ക്കുന്ന തിരശ്ശീലയുടെയുംമുമ്പില്‍ അതു സ്ഥാപിക്കണം.
7: ഓരോ പ്രഭാതത്തിലും വിളക്കുകളൊരുക്കുമ്പോള്‍ അഹറോന്‍ പീഠത്തിന്മേല്‍ പരിമളദ്രവ്യങ്ങള്‍ പുകയ്ക്കണം.
8: സായാഹ്നത്തില്‍ ദീപംകൊളുത്തുമ്പോഴും അവനതിന്മേല്‍ പരിമളദ്രവ്യങ്ങള്‍ പുകയ്ക്കട്ടെ. തലമുറതോറും എന്നേയ്ക്കും കര്‍ത്താവിൻ്റെമുമ്പില്‍ ഈ ധൂപാര്‍പ്പണംനടക്കണം.
9: അവിശുദ്ധധൂപമോ ദഹനബലിയോ ധാന്യബലിയോ അതിന്മേല്‍ നീയര്‍പ്പിക്കരുത്.
10: ദ്രാവകനൈവേദ്യവുമൊഴിക്കരുത്. പാപപരിഹാരബലിയുടെ രക്തംകൊണ്ടു വര്‍ഷത്തിലൊരിക്കല്‍ അഹറോന്‍ അതിൻ്റെ കൊമ്പുകളില്‍ പരിഹാരകര്‍മ്മമനുഷ്ഠിക്കണം. തലമുറതോറും ഇപ്രകാരംചെയ്യണം. ഇതു കര്‍ത്താവിന് അതിവിശുദ്ധമാണ്.
11: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
12: ഇസ്രായേലില്‍ ജനസംഖ്യാക്കണക്കെടുക്കുമ്പോള്‍ തങ്ങളുടെയിടയില്‍ മഹാമാരിയുണ്ടാകാതിരിക്കാന്‍, ഓരോരുത്തരും തങ്ങളുടെ ജീവനുവേണ്ടി കര്‍ത്താവിനു മോചനദ്രവ്യം കൊടുക്കണം.
13: ജനസംഖ്യാക്കണക്കിലുള്‍പ്പെടുന്ന ഓരോ വ്യക്തിയും, വിശുദ്ധമന്ദിരത്തില്‍ നിലവിലുള്ള കണക്കനുസരിച്ച്, അര ഷെക്കല്‍വീതം കര്‍ത്താവിനു കാണിക്കയായിക്കൊടുക്കണം. ഒരു ഷെക്കല്‍ ഇരുപത് ഗേരാ.
14: ജനസംഖ്യാക്കണക്കിലുള്‍പ്പെടുന്ന ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള ഓരോ വ്യക്തിയും ഈ കാണിക്ക കര്‍ത്താവിനു നല്കണം.
15: പാപപരിഹാരത്തിനായി കര്‍ത്താവിന് ഈ കാണിക്കനല്കുമ്പോള്‍ അര ഷെക്കല്‍ മാത്രമേ നല്കാവൂ; ധനികന്‍ കൂടുതലോ ദരിദ്രന്‍ കുറവോ കൊടുക്കാന്‍പാടില്ല.
16: ഇസ്രായേല്‍ജനത്തില്‍നിന്നു പാപപരിഹാരത്തുക സ്വീകരിച്ചു സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുപയോഗിക്കണം. അങ്ങനെ നിങ്ങള്‍ക്കു പാപപരിഹാരത്തിനുതകുംവിധം അത് ഇസ്രായേല്‍ജനത്തെ കര്‍ത്താവിൻ്റെ സ്മരണയില്‍ കൊണ്ടുവരും.
17: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
18: ഓടുകൊണ്ടൊരു ക്ഷാളനപാത്രം നിര്‍മ്മിക്കണം. അതിൻ്റെ പീഠവും ഓടുകൊണ്ടുള്ളതായിരിക്കണം. അതു സമാഗമകൂടാരത്തിനും ബലിപീഠത്തിനുമിടയ്ക്കു വയ്ക്കണം. അതില്‍ വെള്ളമൊഴിക്കണം.
19: അഹറോനും പുത്രന്മാര്‍ക്കും കൈകാലുകള്‍ കഴുകുന്നതിനുവേണ്ടിയാണത്.
20: അവര്‍ സമാഗമകൂടാരത്തില്‍ പ്രവേശിക്കുകയോ ശുശ്രൂഷയ്ക്കായി ബലിപീഠത്തെ സമീപിച്ചു കര്‍ത്താവിന് ദഹനബലിയര്‍പ്പിക്കുകയോ ചെയ്യുമ്പോള്‍ കൈകാലുകള്‍ കഴുകണം. അല്ലെങ്കില്‍ അവര്‍ മരിക്കും.
21: മരിക്കാതിരിക്കുന്നതിന് അവര്‍ കൈകാലുകള്‍ കഴുകണം. ഇതവര്‍ക്ക് എന്നേയ്ക്കുമുള്ളൊരു കല്പനയാണ്; അവനും അവൻ്റെ സന്തതികള്‍ക്കും തലമുറതോറുമുള്ള കല്പന.

അഭിഷേകതൈലം

22: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
23: മികച്ച സുഗന്ധദ്രവ്യങ്ങളെടുക്കുക. വിശുദ്ധമന്ദിരത്തില്‍ നിലവിലിരിക്കുന്ന ഷെക്കലിൻ്റെ കണക്കനുസരിച്ച്, അഞ്ഞൂറു ഷെക്കല്‍ ശുദ്ധമായ മീറയും ഇരുനൂറ്റമ്പതു ഷെക്കല്‍ സുഗന്ധമുള്ള കറുവാപ്പട്ടയും, ഇരുനൂറ്റമ്പതു ഷെക്കല്‍ സുഗന്ധസസ്യവും,
24: അഞ്ഞൂറു ഷെക്കല്‍ അമരിപ്പട്ടയും, ഒരു ഹിന്‍ ഒലിവെണ്ണയുമെടുക്കുക.
25: സുഗന്ധതൈലങ്ങള്‍ നിര്‍മ്മിക്കുന്ന വിദഗ്ദ്ധനെപ്പോലെ ഇവയെല്ലാം കൂട്ടിക്കലര്‍ത്തി ഒരു വിശുദ്ധതൈലമുണ്ടാക്കണം. അതു വിശുദ്ധമായ അഭിഷേകതൈലമായിരിക്കും.
26: സമാഗമകൂടാരവും സാക്ഷ്യപേടകവും അതുകൊണ്ടഭിഷേകം ചെയ്യണം.
27: മേശയും വിളക്കുകാലും അവയുടെ ഉപകരണങ്ങളും, ധൂപപീഠവും
28: ദഹനബലിപീഠവും ഉപകരണങ്ങളും, ക്ഷാളനപാത്രവും അതിൻ്റെ പീഠവും നീ അഭിഷേചിക്കണം.
29: ഏറ്റവും പരിശുദ്ധമാകേണ്ടതിന് അവയെ നീ വിശുദ്ധീകരിക്കണം. അവയെ സ്പര്‍ശിക്കുന്നതെല്ലാം വിശുദ്ധമാകും.
30: പുരോഹിതരായി എനിക്കു ശുശ്രൂഷചെയ്യാന്‍വേണ്ടി അഹറോനെയും പുത്രന്മാരെയും അഭിഷേകംചെയ്യുകയും വേര്‍തിരിച്ചുനിറുത്തുകയും ചെയ്യുക.
31: നീ ഇസ്രായേൽക്കാരോടു പറയണം: ഇതു തലമുറതോറും എനിക്കായുള്ള അഭിഷേകതൈലമായിരിക്കും.
32: ഇതു സാധാരണക്കാരുടെമേലൊഴിക്കരുത്. കൂട്ടുവസ്തുക്കള്‍ ഈക്കണക്കില്‍ച്ചേര്‍ത്ത്, മറ്റൊരു തൈലമുണ്ടാക്കുകയുമരുത്. ഇതു വിശുദ്ധമാണ്. നീയിതിനെ വിശുദ്ധമായിക്കരുതണം.
33: ആരെങ്കിലും ഇതുപോലൊരു ചേരുവയുണ്ടാക്കുകയോ സാധാരണക്കാരൻ്റെമേലൊഴിക്കുകയോ ചെയ്താല്‍, അവന്‍ തൻ്റെ ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
34: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ദേവദാരുതൈലം, നറുമ്പശ, ഗുല്‍ഗുലു, കുന്തുരുക്കം എന്നീ സുഗന്ധദ്രവ്യങ്ങള്‍ സമമായെടുക്കുക.
35: സുഗന്ധതൈലം നിര്‍മ്മിക്കുന്ന വിദഗ്ദ്ധനെപ്പോലെ ഇവയെല്ലാം കൂട്ടിക്കലര്‍ത്തി, ഉപ്പുംചേര്‍ത്തു ധൂപാര്‍പ്പണത്തിനുള്ള വിശുദ്ധമായ സുഗന്ധദ്രവ്യമുണ്ടാക്കുക.
36: അതില്‍നിന്നു കുറെയെടുത്തു നേര്‍മ്മയായിപ്പൊടിച്ച്, ഒരുഭാഗം ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുന്ന സമാഗമകൂടാരത്തിലെ സാക്ഷ്യപേടകത്തിൻ്റെ മുമ്പില്‍ വയ്ക്കുക. അതിനെ ഏറ്റവും പവിത്രമായി കരുതണം.
37: നിങ്ങള്‍ക്കുവേണ്ടി ഈ ചേരുവക്കണക്കനുസരിച്ച് സുഗന്ധദ്രവ്യമുണ്ടാക്കരുത്; കര്‍ത്താവിനു വിശുദ്ധമായ ഒന്നായി ഇതിനെക്കരുതണം.
38: പരിമളത്തിനുവേണ്ടി ആരെങ്കിലും അതുണ്ടാക്കിയാല്‍ അവന്‍ തൻ്റെ ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.

ഇരു‍പത്തിരണ്ടാം ദിവസം - പുറപ്പാട് 22 - 24


 അദ്ധ്യായം 22

നഷ്ടപരിഹാരം
1: ഒരുവൻ കാളയേയോ ആടിനേയോ മോഷ്ടിച്ചു കൊല്ലുകയോ വില്ക്കുകയോചെയ്താല്‍, അവന്‍ ഒരു കാളയ്ക്കു പകരം അഞ്ചു കാളയെയും ഒരാടിനു പകരം നാല് ആടിനെയും കൊടുക്കണം.
2: ഭവനഭേദനത്തിനിടയില്‍ പിടിക്കപ്പെടുന്ന കള്ളന്‍ അടിയേറ്റു മരിച്ചാല്‍ അവൻ്റെ രക്തത്തിനു പ്രതികാരംചെയ്യേണ്ടതില്ല.
3: എന്നാല്‍, സൂര്യോദയത്തിനു ശേഷമാണ് ഇതു സംഭവിക്കുന്നതെങ്കില്‍, അവൻ്റെ രക്തത്തിനു പ്രതികാരംചെയ്യണം.
4: മോഷ്ടിച്ച വസ്തു മുഴുവന്‍ മോഷ്ടാവു തിരിച്ചുകൊടുക്കണം. അവൻ്റെ കൈവശം ഒന്നുമില്ലെങ്കില്‍ അവനെ വിറ്റ്, നഷ്ടമീടാക്കണം. മോഷ്ടിക്കപ്പെട്ട കാളയോ കഴുതയോ ആടോ അവൻ്റെ പക്കല്‍ ജീവനോടെ കാണപ്പെടുന്നെങ്കില്‍ മോഷ്ടിച്ചതിൻ്റെ ഇരട്ടി അവന്‍ തിരികെക്കൊടുക്കണം. 
5: ഒരുവന്‍ മറ്റൊരുവൻ്റെ വയലിലോ മുന്തിരിത്തോട്ടത്തിലോ തൻ്റെ കന്നുകാലികളെ മേയിക്കുകയോ, അവയെ അഴിച്ചുവിട്ടു മറ്റൊരുവൻ്റെ വയലില്‍ മേയാനിടയാക്കുകയോചെയ്താല്‍, അവന്‍ തൻ്റെ വയലിലും മുന്തിരിത്തോട്ടത്തിലുംനിന്നുള്ള ഏറ്റവും നല്ല വിളവ്, നഷ്ടപരിഹാരമായി കൊടുക്കണം.
6: മുള്‍പ്പടര്‍പ്പിനു തീ പടര്‍ന്നുപിടിച്ചിട്ട് കൊയ്തുകൂട്ടിയ ധാന്യമോ കൊയ്യാത്ത ധാന്യമോ വയലോ കത്തിനശിക്കാനിടയായാല്‍, തീകത്തിച്ചയാള്‍ നഷ്ടപരിഹാരംചെയ്യണം.
7: അയല്ക്കാരന്‍ സൂക്ഷിക്കാനേല്പിച്ച പണമോ സാധനങ്ങളോ ഒരു വീട്ടില്‍നിന്നു മോഷ്ടിക്കപ്പെടുകയും കള്ളനെ പിടികൂടുകയുംചെയ്താല്‍, മോഷ്ടിച്ചതിൻ്റെ ഇരട്ടി അവന്‍ തിരികെക്കൊടുക്കണം.
8: കള്ളനെ പിടികിട്ടിയില്ലെങ്കില്‍, താന്‍ അയല്ക്കാരൻ്റെ വസ്തുക്കളിന്മേല്‍ കൈവച്ചിട്ടില്ലെന്ന് വീട്ടുടമസ്ഥന്‍ ദൈവതിരുമുമ്പില്‍ സത്യംചെയ്യണം.
9: കാള, കഴുത, ആട്, വസ്ത്രം നഷ്ടപ്പെട്ട മറ്റെന്തെങ്കിലും വസ്തു ഇവയെപ്പറ്റി തര്‍ക്കമുണ്ടാകുകയും, ഇതെന്റേതാണ് എന്നു രണ്ടുപേര്‍ അവകാശപ്പെടുകയും ചെയ്താല്‍, ഇരുവരും ദൈവസന്നിധിയില്‍ വരട്ടെ. കുറ്റക്കാരനെന്നു ദൈവം വിധിക്കുന്ന ആള്‍ തൻ്റെ അയല്ക്കാരന് ഇരട്ടി തിരികെക്കൊടുക്കണം.
10: ഒരുവന്‍ അയല്ക്കാരൻ്റെപക്കല്‍ സൂക്ഷിക്കാനേല്പിച്ച കാളയോ കഴുതയോ ആടോ മറ്റേതെങ്കിലും മൃഗമോ പരുക്കേല്ക്കുകയോ ചത്തുപോവുകയോ നഷ്ടപ്പെടുകയോചെയ്യുകയും അതിനു സാക്ഷിയില്ലാതിരിക്കുകയുംചെയ്താല്‍,
11: ആ അയല്ക്കാരൻ, കര്‍ത്താവിൻ്റെ നാമത്തില്‍ സത്യംചെയ്തു തൻ്റെ നിരപരാധത തെളിയിക്കണം. ഉടമസ്ഥന്‍ സത്യപ്രതിജ്ഞ അംഗീകരിക്കണം. മുതല്‍ തിരിച്ചു കൊടുക്കാന്‍ അപരനു കടമയുണ്ടായിരിക്കുകയില്ല.
14: ഒരുവന്‍ തൻ്റെ അയല്ക്കാരനില്‍നിന്ന് ഏതെങ്കിലും മൃഗത്തെ വായ്പവാങ്ങിയിട്ട്, ഉടമസ്ഥൻ്റെ അസാന്നിദ്ധ്യത്തില്‍ അതു ചാകുന്നതിനോ അതിനു മുറിവേല്ക്കുന്നതിനോ ഇടയായാല്‍ അവന്‍ നഷ്ടപരിഹാരം ചെയ്യണം.
15: എന്നാല്‍, അതു സംഭവിക്കുന്നത് ഉടമസ്ഥൻ്റെ സാന്നിദ്ധ്യത്തിലാണെങ്കില്‍ നഷ്ടപരിഹാരംചെയ്യേണ്ടാ. അതു കൂലിക്കെടുത്തതാണെങ്കില്‍ കൂലികൊണ്ടു നഷ്ടം പരിഹരിക്കപ്പെടും.

വിവിധ നിയമങ്ങള്‍
16: വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു കന്യകയെ വശീകരിച്ച് അവളോടൊത്തു ശയിക്കുന്നവന്‍ വിവാഹത്തുക നല്കി അവളെ ഭാര്യയായി സ്വീകരിക്കണം.
17: അവളെ അവനു ഭാര്യയായി കൊടുക്കാന്‍ അവളുടെ പിതാവു തീര്‍ത്തും വിസമ്മതിച്ചാല്‍, കന്യകകള്‍ക്കുള്ള വിവാഹത്തുക അവന്‍ കൊടുക്കണം.
18: മന്ത്രവാദിനിയെ ജീവിക്കാനനുവദിക്കരുത്.
19: മൃഗത്തോടു സംഗമിക്കുന്നവന്‍ വധിക്കപ്പെടണം.
20: കര്‍ത്താവിനുമാത്രമല്ലാതെ മറ്റു ദേവന്മാര്‍ക്കു ബലിയര്‍പ്പിക്കുന്നവനെ നിശ്ശേഷം നശിപ്പിക്കണം.
21: നിങ്ങള്‍ പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. നിങ്ങള്‍ ഈജിപ്തില്‍ പരദേശികളായിരുന്നല്ലോ.
22: വിധവയെയോ, അനാഥനെയോ നിങ്ങള്‍ പീഡിപ്പിക്കരുത്.
23: നിങ്ങള്‍ അവരെ ഉപദ്രവിക്കുകയും അവര്‍, എന്നെ വിളിച്ചുകരയുകയുംചെയ്താല്‍ നിശ്ചയമായും ഞാന്‍ അവരുടെ നിലവിളി കേള്‍ക്കും.
24: എൻ്റെ കോപം ജ്വലിക്കുകയും നിങ്ങളെ ഞാന്‍ വാള്‍കൊണ്ടു വധിക്കുകയും ചെയ്യും. അപ്പോള്‍ നിങ്ങളുടെ ഭാര്യമാര്‍ വിധവകളും നിങ്ങളുടെ മക്കള്‍ അനാഥരുമായിത്തീരും.
25: നിന്നോടൊന്നിച്ചു വസിക്കുന്ന, എൻ്റെ ജനത്തില്‍ ദരിദ്രരായ ആര്‍ക്കെങ്കിലും നീ വായ്പ കൊടുത്താല്‍, പലിശയ്ക്കു കടംകൊടുക്കുന്നവനെപ്പോലെ പെരുമാറരുത്. അവരില്‍നിന്നു പലിശ ഈടാക്കുകയുമരുത്.
26: അയല്ക്കാരൻ്റെ മേലങ്കി പണയംവാങ്ങിയാല്‍ സൂര്യാസ്തമയത്തിനു മുമ്പ് അതു തിരിയെക്കൊടുക്കണം.
27: എന്തെന്നാല്‍, അതു മാത്രമാണ് അവനുള്ള പുതപ്പ്. തൻ്റെ ശരീരത്തിലണിയുന്ന ആ ഉടുപ്പല്ലാതെ അവനുറങ്ങുമ്പോള്‍ പുതയ്ക്കാന്‍ മറ്റെന്തുണ്ട്? അവന്‍ എന്നെ വിളിച്ചു കരഞ്ഞാല്‍ ഞാനതുകേള്‍ക്കും; ഞാൻ കരുണയുള്ളവനാണ്.
28: നീ ദൈവത്തെ നിന്ദിക്കുകയോ നിൻ്റെ ജനത്തിൻ്റെ ഭരണാധികാരിയെ ശപിക്കുകയോ അരുത്.
29: നിൻ്റെ മെതിക്കളത്തിലെയും ചക്കുകളിലെയും ഫലസമൃദ്ധിയില്‍നിന്നു കാഴ്ച സമര്‍പ്പിക്കാന്‍ വൈകരുത്. നിൻ്റെ പുത്രന്മാരില്‍ ആദ്യജാതനെ എനിക്കു നല്കണം.
30: നിൻ്റെ കാളകളെയും ആടുകളെയും സംബന്ധിച്ചും ഇപ്രകാരംതന്നെ ചെയ്യണം. അവയുടെ കടിഞ്ഞൂല്‍ ഏഴുദിവസം തള്ളയുടെകൂടെ കഴിയട്ടെ. എട്ടാം ദിവസം നീ അതിനെ എനിക്കു തരണം.



 അദ്ധ്യായം 23

തുല്യമായ നീതി

1: വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്; കള്ളസാക്ഷ്യം നല്കി കുറ്റക്കാരനു കൂട്ടുനില്ക്കരുത്.
2: ഭൂരിപക്ഷത്തോടുചേര്‍ന്നു തിന്മ ചെയ്യരുത്. ഭൂരിപക്ഷത്തോടു ചേര്‍ന്ന് നീതിക്കെതിരായി കോടതിയില്‍ സാക്ഷ്യം നില്ക്കരുത്.
3: വ്യവഹാരത്തില്‍ ദരിദ്രനു പ്രത്യേകപരിഗണന നല്കരുത്.
4: ശത്രുവിൻ്റെ കാളയോ കഴുതയോ വഴിതെറ്റിപ്പോകുന്നതു കണ്ടാല്‍ അതിനെ അവൻ്റെയടുക്കല്‍ തിരിച്ചെത്തിക്കണം.
5: നിന്നെ വെറുക്കുന്നവൻ്റെ കഴുത, ചുമടിനുകീഴെ വീണുകിടക്കുന്നതു കണ്ടാല്‍, നീ കടന്നുപോകരുത്; അതിനെ എഴുന്നേല്പിക്കാന്‍ അവനെ സഹായിക്കണം.
6: വ്യവഹാരത്തില്‍ ദരിദ്രനു നീതി നിഷേധിക്കരുത്.
7: തെറ്റായ കുറ്റാരോപണത്തില്‍നിന്ന് ഒഴിഞ്ഞുനില്ക്കുക. നിഷ്‌കളങ്കരെയും നീതിമാന്മാരെയും വധിക്കരുത്. ദുഷ്ടനെ ഞാന്‍ വെറുതെ വിടുകയില്ല.
8: കൈക്കൂലി വാങ്ങരുത്; അതു വിജ്ഞനെ അന്ധനാക്കുകയും നീതിമാനെ കള്ളംപറയാന്‍ പ്രേരിപ്പിക്കുകയുംചെയ്യുന്നു.
9: നിങ്ങള്‍ പരദേശികളെ പീഡിപ്പിക്കരുത്. ഈജിപ്തില്‍ പരദേശികളായിരുന്ന നിങ്ങള്‍ക്ക് പരദേശികളുടെ ഹൃദയവികാരങ്ങള്‍ അറിയാമല്ലോ.

സാബത്തു വര്‍ഷം
10: നീ, നിൻ്റെ വയലില്‍ ആറുവര്‍ഷം വിതച്ചു വിളവെടുത്തുകൊള്ളുക.
11: ഏഴാം വര്‍ഷം, അതു വിതയ്ക്കാതെ വെറുതെ കിടക്കട്ടെ. നിൻ്റെ ജനത്തിലെ ദരിദ്രര്‍ അതില്‍നിന്നു ഭക്ഷ്യം ശേഖരിക്കട്ടെ. പിന്നെയും അവശേഷിക്കുന്നതു വന്യമൃഗങ്ങള്‍ തിന്നുകൊള്ളട്ടെ. മുന്തിരിത്തോട്ടവും ഒലിവുതോട്ടവും സംബന്ധിച്ചും ഇപ്രകാരംതന്നെ ചെയ്യണം.
12: ആറുദിവസം ജോലിചെയ്യുക. ഏഴാംദിവസം വിശ്രമിക്കണം. നിൻ്റെ കാളയും കഴുതയും വിശ്രമിക്കട്ടെ. നിൻ്റെ ദാസിയുടെ പുത്രനും പരദേശിയും ക്ഷീണംതീര്‍ക്കട്ടെ.
13: ഞാന്‍ നിങ്ങളോടു പറഞ്ഞകാര്യങ്ങളിലെല്ലാം ശ്രദ്ധവയ്ക്കണം. അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്.

മൂന്നു മഹോത്സവങ്ങള്‍

14: എൻ്റെ ബഹുമാനത്തിനായി വര്‍ഷംതോറും മൂന്നുതവണ നിങ്ങള്‍ ഉത്സവമാഘോഷിക്കണം.
15: പുളിപ്പില്ലാത്ത അപ്പത്തിൻ്റെ തിരുനാള്‍ ആചരിക്കണം. ഞാൻ കല്പിച്ചിട്ടുള്ളതുപോലെ അബീബു മാസത്തിലെ ഏഴു നിശ്ചിതദിവസങ്ങളില്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. എന്തെന്നാല്‍, ആ മാസത്തിലാണു നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറത്തുവന്നത്. എൻ്റെ മുമ്പില്‍ വെറുംകൈയോടെ വരരുത്.
16: വയലില്‍നിന്ന് ആദ്യഫലങ്ങള്‍ കൊയ്‌തെടുക്കുമ്പോള്‍ പുത്തരിപ്പെരുനാളും വര്‍ഷാവസാനം പ്രയത്നഫലം ശേഖരിച്ചുകഴിയുമ്പോള്‍, സംഭരണത്തിരുനാളും ആഘോഷിക്കണം.
17: പുരുഷന്മാരെല്ലാവരും വര്‍ഷത്തില്‍ മൂന്നുപ്രാവശ്യം ദൈവമായ കര്‍ത്താവിൻ്റെ സന്നിധിയില്‍ ഹാജരാവണം.
18: ബലിമൃഗത്തിൻ്റെ രക്തം, പുളിപ്പുള്ള അപ്പത്തോടൊന്നിച്ച് എനിക്കര്‍പ്പിക്കരുത്. ഉത്സവദിനത്തിലര്‍പ്പിക്കുന്ന ബലിയുടെ കൊഴുപ്പ്, പ്രഭാതംവരെ സൂക്ഷിക്കുകയുമരുത്.
19: വയലിലെ ആദ്യവിളവിൻ്റെ ആദ്യഫലം നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ ഭവനത്തിലേക്കു കൊണ്ടുവരണം. ആട്ടിന്‍കുട്ടിയെ അതിൻ്റെ തള്ളയുടെ പാലില്‍ വേവിക്കരുത്.

വാഗ്ദാനങ്ങള്‍
20: ഇതാ, ഒരു ദൂതനെ നിനക്കുമുമ്പേ ഞാനയയ്ക്കുന്നു. അവന്‍ നിൻ്റെ വഴിയില്‍ നിന്നെ കാത്തുകൊള്ളും; ഞാനൊരുക്കിയിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുവരുകയുംചെയ്യും.
21: അവന്‍ പറയുന്നതെല്ലാം ആദരപൂര്‍വ്വമനുസരിക്കണം. അവനെ പ്രകോപിപ്പിക്കരുത്. എൻ്റെ നാമം അവനിലുള്ളതുനിമിത്തം, നിൻ്റെ അതിക്രമങ്ങള്‍ അവന്‍ ക്ഷമിക്കുകയില്ല.
22: അവൻ്റെ വാക്കുകേള്‍ക്കുകയും ഞാന്‍ പറയുന്നതെല്ലാം അനുസരിക്കുകയുംചെയ്യുമെങ്കില്‍ നിൻ്റെ ശത്രുക്കള്‍ക്കു ഞാന്‍ ശത്രുവായിരിക്കും. നിൻ്റെ എതിരാളികള്‍ക്കു ഞാന്‍ എതിരാളിയുമായിരിക്കും.
23: എൻ്റെ ദൂതന്‍ നിനക്കുമുമ്പേ പോയി, നിന്നെ അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, കാനാന്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ ഇടയിലേക്കു നയിക്കും. അപ്പോള്‍ ഞാനവരെ നിശ്ശേഷം നശിപ്പിക്കും.
24: നീ അവരുടെ ദേവന്മാരെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യരുത്. അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത്. അവരുടെ ദേവന്മാരെ നശിപ്പിക്കുകയും ആരാധനാസ്തംഭങ്ങള്‍ തകര്‍ക്കുകയും ചെയ്യണം.
25: നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ ആരാധിക്കണം. അപ്പോള്‍ ഞാന്‍ നിങ്ങളുടെ ഭക്ഷ്യവും പാനീയവും ആശീര്‍വദിക്കും; നിങ്ങളുടെയിടയില്‍നിന്നു രോഗം നിര്‍മാര്‍ജ്ജനംചെയ്യും.
26: ഗര്‍ഭച്ഛിദ്രമോ വന്ധ്യതയോ നാട്ടിലുണ്ടാവുകയില്ല; നിനക്കു ഞാന്‍ ദീര്‍ഘായുസ്സു തരും.
27: നീ ചെന്നെത്തുംമുമ്പേ, നിനക്ക് ഏറ്റുമുട്ടേണ്ടിവരുന്ന ജനങ്ങള്‍ എന്നെ ഭയപ്പെടുന്നതിനു ഞാനിടയാക്കും. അവരില്‍ സംഭ്രമംജനിപ്പിക്കും. നിൻ്റെ ശത്രുക്കള്‍ പിന്തിരിഞ്ഞോടും.
28: നിനക്കുമുമ്പേ ഞാൻ കടന്നലുകളെയയയ്ക്കും. അവ, ഹിവ്യര്‍, കാനാന്യര്‍, ഹിത്യര്‍ എന്നിവരെ നിൻ്റെ മുമ്പില്‍നിന്നു തുരത്തും.
29: എന്നാല്‍ ഒറ്റവര്‍ഷംകൊണ്ട് അവരെ നിൻ്റെ മുമ്പില്‍നിന്നു തുടച്ചുമാറ്റുകയില്ല. അങ്ങനെചെയ്താല്‍ നാടു വിജനമാകുകയും നിനക്കുപദ്രവകാരികളായ വന്യമൃഗങ്ങള്‍ പെരുകുകയും ചെയ്യും.
30: നീ വര്‍ദ്ധിച്ച്, നാടു കൈവശപ്പെടുത്തുന്നതനുസരിച്ച്, അവരെ നിൻ്റെ മുമ്പില്‍നിന്ന് ഞാന്‍ പുറന്തള്ളിക്കൊണ്ടിരിക്കും.
31: നിൻ്റെ അതിര്‍ത്തികള്‍ ചെങ്കടല്‍മുതല്‍ ഫിലിസ്ത്യാക്കടല്‍വരെയും മരുഭൂമിമുതല്‍ യൂഫ്രട്ടീസ്‌നദിവരെയുമായി ഞാന്‍ നിശ്ചയിക്കും. തദ്ദേശവാസികളെ ഞാന്‍ നിൻ്റെ കൈയിലേല്പിക്കും. നീ അവരെ നിൻ്റെ മുമ്പില്‍നിന്നു തുരത്തണം.
32: അവരോടോ അവരുടെ ദേവന്മാരോടോ നീ ഉടമ്പടി ചെയ്യരുത്.
33: അവര്‍ നിൻ്റെ നാട്ടില്‍ വസിച്ചുകൂടാ. വസിച്ചാല്‍, എനിക്കെതിരായി പാപംചെയ്യാന്‍ അവര്‍ നിന്നെ പ്രേരിപ്പിക്കും. നീ അവരുടെ ദേവന്മാരെ ആരാധിച്ചാല്‍ അതു നിനക്കൊരു കെണിയായിരിക്കുകയും ചെയ്യും.


 അദ്ധ്യായം 24

ഉടമ്പടി ഉറപ്പിക്കുന്നു
1: കര്‍ത്താവു മോശയോടരുളിച്ചെയ്തു: നീയും അഹറോനും നാദാബും അബിഹുവും ഇസ്രായേലിലെ എഴുപതു ശ്രേഷ്ഠന്മാരുംകൂടെ കര്‍ത്താവിൻ്റെ അടുക്കലേക്കു കയറിവരുവിന്‍. നിങ്ങള്‍ അകലെനിന്നു കുമ്പിട്ടാരാധിക്കുവിന്‍.
2: മോശമാത്രം കര്‍ത്താവിനെ സമീപിക്കട്ടെ. മറ്റുള്ളവര്‍ സമീപിക്കരുത്. ജനം അവനോടൊപ്പം കയറിവരുകയുമരുത്.
3: മോശ ചെന്നു കര്‍ത്താവിൻ്റെ എല്ലാ വാക്കുകളും നിയമങ്ങളും ജനത്തെ അറിയിച്ചു. കര്‍ത്താവു കല്പിച്ച കാര്യങ്ങളെല്ലാം തങ്ങള്‍ ചെയ്യുമെന്ന് അവര്‍ ഏകസ്വരത്തില്‍ മറുപടി പറഞ്ഞു.
4: മോശ കര്‍ത്താവിൻ്റെ വാക്കുകളെല്ലാം എഴുതിവച്ചു. അവന്‍ അതിരാവിലെ എഴുന്നേറ്റ് മലയുടെ അടിവാരത്തില്‍ ഒരു ബലിപീഠവും ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങള്‍ക്കായി പന്ത്രണ്ടു സ്തംഭങ്ങളും നിര്‍മ്മിച്ചു.
5: അവനയച്ച ഇസ്രായേല്‍യുവാക്കന്മാര്‍ കര്‍ത്താവിനു ദഹനബലികളും കാളകളെക്കൊണ്ടുള്ള സമാധാനബലികളുമര്‍പ്പിച്ചു.
6: മോശ ബലിയുടെ രക്തത്തില്‍ പകുതി, പാത്രങ്ങളിലാക്കുകയും പകുതി, ബലിപീഠത്തിന്മേല്‍ തളിക്കുകയുംചെയ്തു.
7: അനന്തരം, ഉടമ്പടി ഗ്രന്ഥമെടുത്ത് ജനങ്ങള്‍കേള്‍ക്കെ വായിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: കര്‍ത്താവു കല്പിച്ചതെല്ലാം ഞങ്ങള്‍ ചെയ്യും. ഞങ്ങള്‍ അനുസരണമുള്ളവരായിരിക്കും.
8: അപ്പോള്‍ മോശ രക്തമെടുത്തു ജനങ്ങളുടെമേല്‍ തളിച്ചുകൊണ്ടു പറഞ്ഞു: ഈ വചനങ്ങളെല്ലാം ആധാരമാക്കി കര്‍ത്താവു നിങ്ങളോടുചെയ്ത ഉടമ്പടിയുടെ രക്തമാകുന്നു ഇത്.
9: അനന്തരം, മോശയും അഹറോനും നാദാബും അബിഹുവും ഇസ്രായേല്‍ ശ്രേഷ്ഠന്മാര്‍ എഴുപതുപേരും മലമുകളിലേക്കു കയറിപ്പോയി.
10: അവര്‍ ഇസ്രായേലിൻ്റെ ദൈവത്തെ കണ്ടു. ആകാശതുല്യം പ്രകാശമാനമായ ഇന്ദ്രനീലക്കല്‍ത്തളംപോലെ എന്തോ ഒന്ന് അവിടുത്തെ പാദങ്ങളുടെ താഴേ കാണപ്പെട്ടു.
11: ഇസ്രായേല്‍ശ്രേഷ്ഠന്മാരായ അവരുടെമേല്‍ അവിടുന്നു കൈവച്ചില്ല. അവര്‍ ദൈവത്തെ കണ്ടു. അനന്തരം ഭക്ഷിക്കുകയും പാനംചെയ്യുകയുംചെയ്തു.

മോശ സീനാ‌യ്‌മലയില്‍
12: കര്‍ത്താവു മോശയോടരുളിച്ചെയ്തു: മലമുകളില്‍ എൻ്റെ സമീപത്തേക്കു കയറിവന്നു കാത്തുനില്ക്കുക. ഞാന്‍ നിയമങ്ങളും കല്പനകളുമെഴുതിയ കല്പലകകള്‍ നിനക്കു തരാം; നീയവ ജനത്തെ പഠിപ്പിക്കണം.
13: മോശ തൻ്റെ സേവകനായ ജോഷ്വയോടുകൂടെ എഴുന്നേറ്റു; മോശ, ദൈവത്തിൻ്റെ മലയിലേക്കു കയറി.
14: അവന്‍ ശ്രേഷ്ഠന്മാരോടു പറഞ്ഞു: ഞങ്ങള്‍ മടങ്ങിവരുന്നതുവരെ നിങ്ങള്‍ ഇവിടെ കാത്തുനില്ക്കുവിന്‍. അഹറോനും ഹൂറും നിങ്ങളോടുകൂടെയുണ്ടല്ലോ. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അവരെ സമീപിക്കുവിന്‍.
15: മോശ മലയിലേക്കു കയറിപ്പോയി. അപ്പോള്‍ ഒരുമേഘം മലയെ ആവരണംചെയ്തു.
16: കര്‍ത്താവിൻ്റെ മഹത്വം, സീനായ്‌മലയില്‍ ആവസിച്ചു. ആറുദിവസത്തേക്ക്, ഒരുമേഘം മലയെ മൂടിയിരുന്നു. ഏഴാംദിവസം മേഘത്തില്‍നിന്നു കര്‍ത്താവു മോശയെ വിളിച്ചു.
17: മലമുകളില്‍ കര്‍ത്താവിൻ്റെ മഹത്വം, ദഹിപ്പിക്കുന്ന അഗ്നിക്കുതുല്യം ഇസ്രായേല്യര്‍ക്കു കാണപ്പെട്ടു.
18: മോശ, മേഘത്തിൻ്റെ ഉള്ളില്‍ക്കടന്നു മലമുകളിലേക്കു കയറി; നാല്പതുരാവും നാല്പതുപകലും അവന്‍ മലമുകളിലായിരുന്നു.

ഇരു‍പത്തൊന്നാം ദിവസം - പുറപ്പാട് 19 - 21


അദ്ധ്യായം 19

സീനായ് ഉടമ്പടി

1: ഈജിപ്തില്‍നിന്നു പുറപ്പെട്ടതിൻ്റെ മൂന്നാംമാസം ഒന്നാംദിവസം ഇസ്രായേൽക്കാര്‍ സീനായ്‌മരുഭൂമിയിലെത്തി.
2: അവര്‍ റഫിദീമില്‍നിന്നു പുറപ്പെട്ട്, സീനായ്‌മരുഭൂമിയില്‍ പ്രവേശിച്ച് മലയുടെ മുന്‍വശത്തു പാളയമടിച്ചു.
3: മോശ ദൈവസന്നിധിയിലേക്കു കയറിച്ചെന്നു. കര്‍ത്താവ്, മലയില്‍നിന്ന് അവനെവിളിച്ചിങ്ങനെ പറഞ്ഞു: യാക്കോബിൻ്റെ ഭവനത്തോടു നീ പറയുക; ഇസ്രായേലിനെയറിയിക്കുക.
4: ഈജിപ്തുകാരോടു ഞാന്‍ ചെയ്തതെന്തെന്നും കഴുകന്മാരുടെ ചിറകുകളില്‍ സംവഹിച്ച്, ഞാന്‍ നിങ്ങളെയെങ്ങനെ എൻ്റെയടുക്കലേക്കു കൊണ്ടുവന്നുവെന്നും നിങ്ങള്‍ കണ്ടുകഴിഞ്ഞു.
5: അതുകൊണ്ട്, നിങ്ങളെൻ്റെ വാക്കുകേള്‍ക്കുകയും എൻ്റെ ഉടമ്പടി പാലിക്കുകയുംചെയ്താല്‍, നിങ്ങള്‍ എല്ലാ ജനങ്ങളിലുംവച്ച് എനിക്കേറ്റവും പ്രിയപ്പെട്ട എൻ്റെ സ്വന്തംജനമായിരിക്കും; കാരണം, ഭൂമി മുഴുവന്‍ എന്റേതാണ്.
6: നിങ്ങള്‍ എനിക്കു പുരോഹിതരാജ്യവും വിശുദ്ധജനവുമായിരിക്കും. ഇവയാണ്, ഇസ്രായേൽക്കാരോടു നീ പറയേണ്ട വാക്കുകള്‍.
7: മോശ ചെന്നു ജനത്തിലെ ശ്രേഷ്ഠന്മാരെ വിളിച്ചു കര്‍ത്താവു കല്പിച്ച കാര്യങ്ങളെല്ലാം അവരെയറിയിച്ചു.
8: ജനം ഏകസ്വരത്തില്‍ പറഞ്ഞു: കര്‍ത്താവു കല്പിച്ചതെല്ലാം ഞങ്ങള്‍ ചെയ്തുകൊള്ളാം. ജനത്തിൻ്റെ മറുപടി, മോശ കര്‍ത്താവിനെയറിയിച്ചു.
9: കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ജനം കേള്‍ക്കുന്നതിനും അവര്‍ നിന്നെ എപ്പോഴും വിശ്വസിക്കുന്നതിനുംവേണ്ടി, ഇതാ, ഞാനൊരു കനത്ത മേഘത്തില്‍ നിൻ്റെയടുക്കലേക്കു വരുന്നു. മോശ ജനത്തിൻ്റെ വാക്കുകള്‍ കര്‍ത്താവിനെയറിയിച്ചു.
10: അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു: നീ ജനത്തിൻ്റെയടുത്തേക്കുപോയി, ഇന്നും നാളെയും അവരെ ശുദ്ധീകരിക്കുക. അവര്‍ തങ്ങളുടെ വസ്ത്രങ്ങളലക്കട്ടെ.
11: മൂന്നാംദിവസം അവര്‍ തയ്യാറായിരിക്കണം, എന്തെന്നാല്‍, മൂന്നാംദിവസം ജനംമുഴുവൻ കാൺകേ, കര്‍ത്താവു സീനായ്‌മലയില്‍ ഇറങ്ങിവരും.
12: മലയ്ക്കുചുറ്റും ജനങ്ങള്‍ക്ക് അതിര്‍ത്തി കല്പിച്ചുകൊണ്ടു പറയണം: മലയില്‍ കയറുകയോ അതിൻ്റെ അതിരില്‍ തൊടുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍. മലയില്‍ത്തൊടുന്നവന്‍ വധിക്കപ്പെടും. അവനെ ആരും സ്പര്‍ശിക്കരുത്.
13: കല്ലെറിഞ്ഞോ അമ്പെയ്‌തോ കൊല്ലണം. മൃഗമായാലും മനുഷ്യനായാലും ജീവനോടെയിരിക്കരുത്. കാഹളം ദീര്‍ഘമായി മുഴങ്ങുമ്പോള്‍ അവര്‍ മലയെ സമീപിക്കട്ടെ.
14: മോശ മലയില്‍നിന്നിറങ്ങി ജനത്തിൻ്റെ അടുക്കല്‍ച്ചെന്ന് അവരെ ശുദ്ധീകരിച്ചു. അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി.
15: അവന്‍ ജനത്തോടു പറഞ്ഞു: മൂന്നാം ദിവസത്തേക്കു നിങ്ങള്‍ ഒരുങ്ങിയിരിക്കുവിന്‍, ആരും സ്ത്രീയെ സമീപിക്കരുത്.

ദൈവം പ്രത്യക്ഷപ്പെടുന്നു

16: മൂന്നാംദിവസം പ്രഭാതത്തില്‍ ഇടിമുഴക്കവും മിന്നല്പിണരുകളുമുണ്ടായി. മലമുകളില്‍ കനത്ത മേഘം പ്രത്യക്ഷപ്പെട്ടു. കാഹളദ്ധ്വനി അത്യുച്ചത്തില്‍ മുഴങ്ങി. പാളയത്തിലുണ്ടായിരുന്ന ജനമെല്ലാം ഭയന്നുവിറച്ചു.
17: ദൈവത്തെക്കാണുന്നതിനുവേണ്ടി, മോശ, ജനത്തെ പാളയത്തിനു പുറത്തുകൊണ്ടുവന്നു; അവര്‍ മലയുടെ അടിവാരത്തില്‍ നിലയുറപ്പിച്ചു. കര്‍ത്താവ് അഗ്നിയില്‍ ഇറങ്ങിവന്നതിനാല്‍ സീനായ്‌മലമുഴുവന്‍ ധൂമാവൃതമായി.
18: ചൂളയില്‍നിന്നെന്നപോലെ അവിടെനിന്നു പുകയുയര്‍ന്നുകൊണ്ടിരുന്നു. മല, ശക്തമായിളകിവിറച്ചു.
19: കാഹളശബ്ദം ശക്തിപ്പെട്ടുകൊണ്ടേയിരുന്നു. മോശ സംസാരിക്കുകയും ദൈവം ഇടിമുഴക്കത്താല്‍ ഉത്തരം നല്കുകയും ചെയ്തു.
20: കര്‍ത്താവു സീനായ്‌മലമുകളില്‍ ഇറങ്ങിവന്ന്, മോശയെ മലമുകളിലേക്കു വിളിച്ചു. അവൻ കയറിച്ചെന്നു.
21: അപ്പോള്‍ അവിടുന്നരുളിച്ചെയ്തു: നീ ഇറങ്ങിച്ചെന്ന്, ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്കുക. അല്ലെങ്കില്‍ അവരിലനേകംപേര്‍ കര്‍ത്താവിനെക്കാണുന്നതിന് അതിര്‍ത്തിലംഘിച്ച് അടുത്തുവരുകയും തത്ഫലമായി മരിക്കുകയുംചെയ്യും.
22: കര്‍ത്താവിനെ സമീപിക്കുന്ന പുരോഹിതന്മാരും തങ്ങളെത്തന്നെ ശുദ്ധീകരിക്കട്ടെ. അല്ലെങ്കില്‍, കര്‍ത്താവിൻ്റെ കോപം അവരുടെമേല്‍ പതിക്കും.
23: മോശ കര്‍ത്താവിനോടു പറഞ്ഞു: സീനായ്‌മലയിലേക്കു കയറാന്‍ ജനങ്ങള്‍ക്കു കഴിയുകയില്ല. കാരണം, ചുറ്റും അതിര്‍ത്തി നിര്‍ണ്ണയിച്ച്, മലയെ വിശുദ്ധസ്ഥലമായി പരിഗണിക്കാന്‍ അങ്ങുതന്നെ ഞങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ.
24: അപ്പോള്‍, കര്‍ത്താവു മോശയോടു കല്പിച്ചു: നീ ഇറങ്ങിച്ചെന്ന് അഹറോനെയുംകൂട്ടി കയറിവരുക. എന്നാല്‍, പുരോഹിതന്മാരും ജനങ്ങളും അതിര്‍ത്തിലംഘിച്ചു കര്‍ത്താവിനെ സമീപിക്കാതിരിക്കട്ടെ. സമീപിച്ചാല്‍ കര്‍ത്താവിൻ്റെ കോപം അവരുടെമേല്‍ പതിക്കും.
25: മോശ ഇറങ്ങിച്ചെന്ന് ജനത്തോടു സംസാരിച്ചു.

അദ്ധ്യായം 20

പത്തു പ്രമാണങ്ങള്‍

1: ദൈവം അരുളിച്ചെയ്ത വചനങ്ങളാണിവ:
2: അടിമത്തത്തിൻ്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണു നിൻ്റെ ദൈവമായ കര്‍ത്താവ്.
3: ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്.
4: മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്;
5: അവയ്ക്കുമുമ്പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിൻ്റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക്, അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും.
6: എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എൻ്റെ കല്പനകള്‍ പാലിക്കുകയുംചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍വരെ ഞാൻ കരുണകാണിക്കും.
7: നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ നാമം വൃഥാ ഉപയോഗിക്കരുത്. തൻ്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്ഷിക്കാതെവിടുകയില്ല.
8: സാബത്തു വിശുദ്ധദിനമായാചരിക്കണമെന്ന് ഓര്‍മ്മിക്കുക.
9: ആറുദിവസം അദ്ധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക.
10: എന്നാല്‍ ഏഴാംദിവസം നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ സാബത്താണ്. അന്നു നീയോ നിൻ്റെ മകനോ മകളോ ദാസനോ ദാസിയോ നിൻ്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്.
11: എന്തെന്നാല്‍, കര്‍ത്താവ് ആറുദിവസംകൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്നു സാബത്തുദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയുംചെയ്തു.
12: നിൻ്റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിൻ്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
13: കൊല്ലരുത്.
14: വ്യഭിചാരം ചെയ്യരുത്.
15: മോഷ്ടിക്കരുത്.
16: അയൽക്കാരനെതിരായി വ്യാജസാക്ഷ്യം നല്കരുത്.
17: അയൽക്കാരൻ്റെ ഭവനം മോഹിക്കരുത്; അയൽക്കാരൻ്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവൻ്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്.

ജനം ഭയന്നുവിറയ്ക്കുന്നു

18: ഇടിമുഴക്കവും കാഹളദ്ധ്വനിയും കേള്‍ക്കുകയും മിന്നല്പിണരുകളും മലയില്‍നിന്നുയര്‍ന്ന പുകയും കാണുകയുംചെയ്തപ്പോള്‍ ജനമെല്ലാം ഭയന്നുവിറച്ച്, അകലെ മാറിനിന്നു.
19: അവര്‍ മോശയോടു പറഞ്ഞു: നീതന്നെ ഞങ്ങളോടു സംസാരിച്ചാല്‍ മതി; ഞങ്ങള്‍ കേട്ടുകൊള്ളാം. ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ. അവിടുന്നു സംസാരിച്ചാല്‍ ഞങ്ങള്‍ മരിച്ചുപോകും.
20: അപ്പോള്‍ മോശ ജനത്തോടു പറഞ്ഞു: ഭയപ്പെടേണ്ടാ. നിങ്ങളെ പരീക്ഷിക്കുന്നതിനും പാപം ചെയ്യാതിരിക്കാന്‍വേണ്ടി നിങ്ങളില്‍ ദൈവഭയമുളവാക്കുന്നതിനുമായിട്ടാണു ദൈവം വന്നിരിക്കുന്നത്.
21: ജനം അകലെ മാറിനിന്നു. ദൈവം സന്നിഹിതനായിരുന്ന കനത്തമേഘത്തെ മോശ സമീപിച്ചു.
22: കര്‍ത്താവു മോശയോടു പറഞ്ഞു: ഇസ്രായേൽക്കാരോടു പറയുക, ഞാന്‍ ആകാശത്തുനിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങള്‍തന്നെ കണ്ടല്ലോ.
23: നിങ്ങള്‍ വെള്ളികൊണ്ട് എനിക്കൊപ്പം ദേവന്മാരെ നിര്‍മ്മിക്കരുത്. സ്വര്‍ണ്ണംകൊണ്ടും ദേവന്മാരെ ഉണ്ടാക്കരുത്.
24: നിങ്ങള്‍ എനിക്കു മണ്ണുകൊണ്ട് ഒരു ബലിപീഠമുണ്ടാക്കണം. അതിന്മേല്‍ ആടുകളെയും കാളകളെയും ദഹനബലികളും സമാധാനബലികളുമായി അര്‍പ്പിക്കണം. എൻ്റെ നാമം അനുസ്മരിക്കാന്‍, ഞാനിടവരുത്തുന്നിടത്തെല്ലാം ഞാന്‍ നിങ്ങളുടെ അടുക്കലേക്കു വന്നു നിങ്ങളെയനുഗ്രഹിക്കും.
25: കല്ലുകൊണ്ടുള്ള ബലിപീഠമാണ് എനിക്കായുണ്ടാക്കുന്നതെങ്കില്‍ കൊത്തിയ കല്ലുകൊണ്ട് അതു പണിയരുത്. കാരണം, പണിയായുധം സ്പര്‍ശിച്ചാല്‍ അതശുദ്ധമാകും.
26: എൻ്റെ ബലിപീഠത്തിന്മേല്‍ നിൻ്റെ നഗ്നത കാണപ്പെടാതിരിക്കാന്‍വേണ്ടി നീ അതിന്മേല്‍ ചവിട്ടുപടികളിലൂടെ കയറരുത്.

അദ്ധ്യായം 21

അടിമകളെ സംബന്ധിച്ച നിയമങ്ങള്‍

1: നീ അവരെയറിയിക്കേണ്ട നിയമങ്ങളിവയാണ്:
2: ഹെബ്രായനായ ഒരടിമയെ വിലയ്ക്കുവാങ്ങിയാല്‍ അവന്‍ നിന്നെ ആറുവര്‍ഷം സേവിച്ചുകൊള്ളട്ടെ. ഏഴാംവര്‍ഷം നീയവനെ സൗജന്യമായി സ്വതന്ത്രനാക്കണം.
3: അവന്‍ തനിച്ചാണു വന്നതെങ്കില്‍ തനിച്ചു പൊയ്‌ക്കൊള്ളട്ടെ.
4: ഭാര്യയോടുകൂടെയെങ്കില്‍ അവളും കൂടെപ്പോകട്ടെ. യജമാനന്‍ അവനു ഭാര്യയെ നല്കുകയും അവനവളില്‍ പുത്രന്മാരോ പുത്രിമാരോ ജനിക്കുകയുംചെയ്താല്‍ അവളും കുട്ടികളും യജമാനൻ്റെ വകയായിരിക്കും. ആകയാല്‍, അവന്‍ തനിയെ പോകണം.
5: എന്നാല്‍ ഞാന്‍ എൻ്റെ യജമാനനെയും എൻ്റെ ഭാര്യയെയും കുട്ടികളെയും സ്‌നേഹിക്കുന്നു; ഞാന്‍ സ്വതന്ത്രനായി പോകുന്നില്ല എന്നു ദാസന്‍ തീര്‍ത്തുപറഞ്ഞാല്‍
6: യജമാനന്‍ അവനെ ദൈവസമക്ഷം കൊണ്ടുചെന്നു കതകിൻ്റെയോ കട്ടിളയുടെയോ അടുക്കല്‍ നിറുത്തി അവൻ്റെ കാത്, തോലുളികൊണ്ടു തുളയ്ക്കണം. അവന്‍ എന്നേക്കും അവൻ്റെ അടിമയായിരിക്കും.
7: ഒരുവന്‍ തൻ്റെ പുത്രിയെ അടിമയായി വിറ്റാല്‍ പുരുഷന്മാരായ അടിമകള്‍ സ്വതന്ത്രരായി പോകുന്നതുപോലെ അവള്‍ പോകാന്‍പാടില്ല.
8: എന്നാല്‍, യജമാനന്‍ അവള്‍ക്കു വിവാഹവാഗ്ദാനം നല്കിയശേഷം അവനവളില്‍ അതൃപ്തി തോന്നിയാല്‍ അവള്‍ വീണ്ടെടുക്കപ്പെടാന്‍ അനുവദിക്കണം. അവളെ വഞ്ചിച്ചതിനാല്‍ അന്യര്‍ക്ക് അവളെ വില്ക്കാന്‍ അവന് അവകാശമുണ്ടായിരിക്കുകയില്ല.
9: അവനവളെ തൻ്റെ പുത്രനു ഭാര്യയായി നിശ്ചയിച്ചാല്‍ പുത്രിമാരോടെന്നപോലെ അവളോടു പെരുമാറണം.
10: അവന്‍ മറ്റൊരുവളെ ഭാര്യയായി സ്വീകരിക്കുന്നുവെങ്കില്‍ ഇവള്‍ക്കുള്ള ഭക്ഷണം, വസ്ത്രം, വൈവാഹികാവകാശം എന്നിവയില്‍ കുറവുവരുത്തരുത്.
11: ഇവ മൂന്നും അവനവള്‍ക്കു നല്കുന്നില്ലെങ്കില്‍ വിലയൊടുക്കാതെ അവള്‍ക്കു സ്വതന്ത്രയായിപ്പോകാം.

ദേഹോപദ്രവത്തിനു ശിക്ഷ

12: മനുഷ്യനെ അടിച്ചുകൊല്ലുന്നവന്‍ വധിക്കപ്പെടണം.
13: എന്നാല്‍, കരുതിക്കൂട്ടിയല്ലാതെ അവൻ്റെ കൈയാല്‍ അങ്ങനെ സംഭവിക്കാന്‍ ദൈവമിടവരുത്തിയാല്‍ അവനോടിയൊളിക്കാന്‍ ഞാനൊരു സ്ഥലം നിശ്ചയിക്കും.
14: ഒരുവന്‍ തൻ്റെ അയല്ക്കാരനെ ചതിയില്‍ കൊല്ലാന്‍ ധൈര്യപ്പെടുന്നുവെങ്കില്‍, അവനെ എൻ്റെ ബലിപീഠത്തിങ്കല്‍നിന്നുപോലും പിടിച്ചുകൊണ്ടുപോയി വധിക്കണം.
15: പിതാവിനെയോ മാതാവിനെയോ അടിക്കുന്നവന്‍ വധിക്കപ്പെടണം.
16: മനുഷ്യനെ മോഷ്ടിച്ചു വില്ക്കുകയോ തൻ്റെയടുക്കല്‍ സൂക്ഷിക്കുകയോ ചെയ്യുന്നവന്‍ വധിക്കപ്പെടണം.
17: പിതാവിനെയോ മാതാവിനെയോ ശപിക്കുന്നവന്‍ വധിക്കപ്പെടണം.
18: ആളുകള്‍തമ്മിലുള്ള കലഹത്തിനിടയില്‍, ഒരുവന്‍ മറ്റൊരുവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ ഇടിക്കുകയും, ഇടികൊണ്ടവന്‍ മരിച്ചില്ലെങ്കിലും കിടപ്പിലാവുകയുംചെയ്‌തെന്നിരിക്കട്ടെ;
19: പിന്നീട് അവനെഴുന്നേറ്റ്, വടിയുടെ സഹായത്തോടെയെങ്കിലും നടക്കാന്‍ സാധിച്ചാല്‍ ഇടിച്ചവന്‍ ശിക്ഷാര്‍ഹനല്ല; എങ്കിലും അവനു സമയനഷ്ടത്തിനു പരിഹാരം നല്കുകയും പൂര്‍ണ്ണസുഖമാകുന്നതുവരെ അവൻ്റെ കാര്യം ശ്രദ്ധിക്കുകയും വേണം.
20: ഒരുവന്‍ തൻ്റെ ദാസനെയോ ദാസിയെയോ വടികൊണ്ടടിക്കുകയും അടികൊണ്ടയാള്‍ അവൻ്റെയടുക്കല്‍തന്നെ വീണുമരിക്കുകയുംചെയ്താല്‍ അവന്‍ ശിക്ഷിക്കപ്പെടണം.
21: എന്നാല്‍, അടികൊണ്ട ആള്‍ ഒന്നോ രണ്ടോ ദിവസംകൂടെ ജീവിക്കുന്നെങ്കില്‍ അടിച്ചവന്‍ ശിക്ഷിക്കപ്പെടരുത്. കാരണം, അടിമ അവൻ്റെ സ്വത്താണ്.
22: ആളുകള്‍ കലഹിക്കുന്നതിനിടയില്‍ ഒരു ഗര്‍ഭിണിക്കു ദേഹോപദ്രവമേല്ക്കുകയാല്‍ ഗര്‍ഭച്ഛിദ്രത്തിനിടയാവുകയും, എന്നാല്‍ മറ്റപകടമൊന്നും സംഭവിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം അവളുടെ ഭര്‍ത്താവ് ആവശ്യപ്പെടുകയും ന്യായാധിപന്മാര്‍ നിശ്ചയിക്കുകയുംചെയ്യുന്ന തുക അവളെ ഉപദ്രവിച്ച ആള്‍ പിഴയായി നല്കണം.
23: എന്നാല്‍ മറ്റെന്തെങ്കിലും അപകടം സംഭവിക്കുന്നെങ്കില്‍ ജീവനുപകരം ജീവന്‍ കൊടുക്കണം.
24: കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, കൈക്കുപകരം കൈ; കാലിനുപകരം കാല്.
25: പൊള്ളലിനുപകരം പൊള്ളല്‍. മുറിവിനുപകരം മുറിവ്, പ്രഹരത്തിനുപകരം പ്രഹരം.
26: ഒരുവന്‍ തൻ്റെ ദാസൻ്റെയോ ദാസിയുടെയോ കണ്ണ് അടിച്ചുപൊട്ടിച്ചാല്‍ അതിനു പകരം ആ അടിമയ്ക്ക് സ്വാതന്ത്ര്യം നല്കണം.
27: ഒരുവന്‍ തൻ്റെ ദാസൻ്റെയോ ദാസിയുടെയോ പല്ല്, അടിച്ചുപറിച്ചാല്‍ അതിനു പകരം ആ അടിമയ്ക്കു സ്വാതന്ത്ര്യം നല്കണം.

ഉടമസ്ഥൻ്റെ  ഉത്തരവാദിത്വം

28: ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊലപ്പെടുത്തിയാല്‍, അതിനെ കല്ലെറിഞ്ഞു കൊല്ലണം. ആരും അതിൻ്റെ മാംസം ഭക്ഷിക്കരുത്; കാളയുടെ ഉടമസ്ഥന്‍ നിരപരാധനായിരിക്കും.
29: എന്നാല്‍, കാള പതിവായി ആളുകളെ കുത്തി മുറിവേല്പിക്കുകയും അതിൻ്റെ ഉടമസ്ഥനെ വിവരമറിയിച്ചിട്ടും അവന്‍ അതിനെ കെട്ടിയിടായ്കയാല്‍ അത് ആരെയെങ്കിലും കുത്തിക്കൊല്ലുകയുംചെയ്താല്‍ അതിനെ കല്ലെറിഞ്ഞു കൊല്ലണം; അതിൻ്റെ ഉടമസ്ഥനും വധിക്കപ്പെടണം.
30: മോചനദ്രവ്യം നിശ്ചയിക്കപ്പെട്ടാല്‍ നിശ്ചയിച്ച തുകകൊടുത്ത് അവനു ജീവന്‍ വീണ്ടെടുക്കാം.
31: കാള ഒരു ബാലനെയോ ബാലികയെയോ കുത്തിമുറിവേല്പിച്ചാലും ഇതേ നിയമം ബാധകമാണ്;
32: ദാസനേയോ ദാസിയേയോ കുത്തി മുറിവേല്പിക്കുകയാണെങ്കില്‍ അവരുടെ യജമാനനു കാളയുടെ ഉടമസ്ഥന്‍ മുപ്പതു ഷെക്കല്‍ വെള്ളി കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലുകയുംവേണം.
33: ഒരുവന്‍ കിണര്‍ തുറന്നിടുകയോ അതു കുഴിച്ചതിനുശേഷം
34: അടയ്ക്കാതിരിക്കുകയോ ചെയ്തതുകൊണ്ട്, അതില്‍ കാളയോ കഴുതയോ വീഴാനിടയായാല്‍, കിണറിൻ്റെ ഉടമസ്ഥന്‍ മ്യഗത്തിൻ്റെ ഉടമസ്ഥനു നഷ്ടപരിഹാരം ചെയ്യണം. എന്നാല്‍, ചത്ത മൃഗം അവനുള്ളതായിരിക്കും.
35: ഒരുവൻ്റെ കാള മറ്റൊരുവൻ്റെ കാളയെ കുത്തിമുറിവേല്പിക്കുകയും അതു ചാകുകയുംചെയ്താല്‍, അവര്‍ ജീവനുള്ള കാളയെ വില്ക്കുകയും കിട്ടുന്നപണം പങ്കിട്ടെടുക്കുകയും വേണം; ചത്ത കാളയെയും പങ്കിട്ടെടുക്കണം.
36: എന്നാല്‍, തൻ്റെ കാള കുത്തുന്നതാണെന്നറിഞ്ഞിട്ടും അതിനെ കെട്ടിനിറുത്തുന്നില്ലെങ്കില്‍ അവൻ കാളയ്ക്കുപകരം കാളയെ കൊടുക്കണം; ചത്തകാള അവനുള്ളതായിരിക്കും.

ഇരു‍പതാം ദിവസം - പുറപ്പാട് 16 - 18


അദ്ധ്യായം 16

മന്നായും കാടപ്പക്ഷിയും

1: ഇസ്രായേല്‍സമൂഹം ഏലിമില്‍നിന്നു പുറപ്പെട്ട്, ഏലിമിനും സീനായ്ക്കുമിടയ്ക്കുള്ള സീൻമരുഭൂമിയിലെത്തി. ഈജിപ്തില്‍നിന്നു പുറപ്പെട്ടതിൻ്റെ രണ്ടാംമാസം പതിനഞ്ചാംദിവസമായിരുന്നു അത്.
2: മരുഭൂമിയില്‍വച്ച് ഇസ്രായേല്‍സമൂഹമൊന്നടങ്കം മോശയ്ക്കും അഹറോനുമെതിരായി പിറുപിറുത്തു.
3: ഇസ്രായേൽക്കാര്‍ അവരോടു പറഞ്ഞു: ഈജിപ്തില്‍ ഇറച്ചിപ്പാത്രത്തിനടുത്തിരുന്നു തൃപ്തിയാവോളം അപ്പം തിന്നുകൊണ്ടിരുന്നപ്പോള്‍ കര്‍ത്താവിൻ്റെ കരത്താല്‍ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ എത്രനന്നായിരുന്നു! എന്നാല്‍, സമൂഹംമുഴുവനെയും പട്ടിണിയിട്ടു കൊല്ലാനായി ഞങ്ങളെ ഈ മരുഭൂമിയിലേക്കു നിങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു.
4: കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍നിന്ന് അപ്പം വര്‍ഷിക്കും. ജനങ്ങള്‍ പുറത്തിറങ്ങി ഓരോ ദിവസത്തേക്കും ആവശ്യമുള്ളതു ശേഖരിക്കട്ടെ. അങ്ങനെ, അവര്‍ എൻ്റെ നിയമമനുസരിച്ചുനടക്കുമോ ഇല്ലയോ എന്നു ഞാന്‍ പരീക്ഷിക്കും.
5: ആറാംദിവസം നിങ്ങള്‍ ശേഖരിക്കുന്നത്, അകത്തു കൊണ്ടുവന്ന് ഒരുക്കിവയ്ക്കുമ്പോള്‍ അതു ദിനംപ്രതി ശേഖരിക്കുന്നതിൻ്റെ ഇരട്ടിയുണ്ടായിരിക്കും.
6: മോശയും അഹറോനും എല്ലാ ഇസ്രായേൽക്കാരോടുമായി പറഞ്ഞു: കര്‍ത്താവാണു നിങ്ങളെ ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നതെന്നു സന്ധ്യയാകുമ്പോള്‍ നിങ്ങള്‍ ഗ്രഹിക്കും.
7: പ്രഭാതമാകുമ്പോള്‍ നിങ്ങള്‍ കര്‍ത്താവിൻ്റെ മഹത്വം ദര്‍ശിക്കും. കാരണം, തനിക്കെതിരായ നിങ്ങളുടെ പിറുപിറുപ്പുകള്‍ കര്‍ത്താവു കേട്ടിരിക്കുന്നു. ഞങ്ങള്‍ക്കെതിരായി നിങ്ങള്‍ ആവലാതിപ്പെടാന്‍ ഞങ്ങളാരാണ്?
8: മോശ പറഞ്ഞു: നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ വൈകുന്നേരം മാംസവും രാവിലെ വേണ്ടുവോളം അപ്പവും കര്‍ത്താവു തരും. എന്തെന്നാല്‍, അവിടുത്തേക്കെതിരായുള്ള നിങ്ങളുടെ ആവലാതികള്‍ അവിടുന്നു കേട്ടിരിക്കുന്നു. ഞങ്ങളാരാണ്? നിങ്ങളുടെ ആവലാതികള്‍ ഞങ്ങള്‍ക്കെതിരായിട്ടല്ല, കര്‍ത്താവിനെതിരായിട്ടാണ്.
9: അനന്തരം, മോശ അഹറോനോടു പറഞ്ഞു: ഇസ്രയേല്‍സമൂഹത്തോടു പറയുക: നിങ്ങള്‍ കര്‍ത്താവിൻ്റെ സന്നിധിയിലേക്കടുത്തുവരുവിന്‍. എന്തെന്നാല്‍, കര്‍ത്താവു നിങ്ങളുടെ ആവലാതികള്‍ കേട്ടിരിക്കുന്നു.
10: അഹറോന്‍, ഇസ്രായേല്‍സമൂഹത്തോടു സംസാരിച്ചപ്പോള്‍ അവര്‍ മരുഭൂമിയിലേക്കു നോക്കി. അപ്പോള്‍ കര്‍ത്താവിൻ്റെ മഹത്വം മേഘത്തില്‍ പ്രത്യക്ഷപ്പെട്ടു.
11: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
12: ഇസ്രായേൽക്കാരുടെ പരാതികള്‍ ഞാന്‍ കേട്ടു. അവരോടു പറയുക: സായംകാലത്തു നിങ്ങള്‍ മാംസം ഭക്ഷിക്കും; പ്രഭാതത്തില്‍ തൃപ്തിയാവോളം അപ്പവും. കര്‍ത്താവായ ഞാനാണു നിങ്ങളുടെ ദൈവമെന്ന്, അപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കും.
13: വൈകുന്നേരമായപ്പോള്‍ കാടപ്പക്ഷികള്‍വന്നു പാളയംമൂടി. രാവിലെ പാളയത്തിനുചുററും മഞ്ഞുവീണുകിടന്നിരുന്നു.
14: മഞ്ഞുരുകിയപ്പോള്‍ മരുഭൂമിയുടെ ഉപരിതലത്തില്‍ പൊടിമഞ്ഞുപോലെ വെളുത്തുരുണ്ടു ലോലമായ ഒരു വസ്തു കാണപ്പെട്ടു.
15: ഇസ്രായേൽക്കാര്‍ ഇതു കണ്ടപ്പോള്‍ പരസ്പരം ചോദിച്ചു: ഇതെന്താണ്? അതെന്താണെന്ന് അവരറിഞ്ഞിരുന്നില്ല. അപ്പോള്‍ മോശ അവരോടു പറഞ്ഞു: കര്‍ത്താവു നിങ്ങള്‍ക്കു ഭക്ഷണമായി തന്നിരിക്കുന്ന അപ്പമാണിത്.
16: കര്‍ത്താവു കല്പിച്ചിരിക്കുന്നത് ഇപ്രകാരമാണ്: ഓരോരുത്തനും തൻ്റെ കൂടാരത്തിലുള്ള ആളുകളുടെ എണ്ണമനുസരിച്ച് ആളൊന്നിന് ഒരു ഓമെര്‍വീതം ശേഖരിക്കട്ടെ.
17: ഇസ്രായേൽക്കാര്‍ അപ്രകാരം ചെയ്തു; ചിലര്‍ കൂടുതലും ചിലര്‍ കുറവും ശേഖരിച്ചു.
18: പിന്നീട് ഓമെര്‍കൊണ്ട് അളന്നുനോക്കിയപ്പോള്‍ കൂടുതല്‍ ശേഖരിച്ചവര്‍ക്ക് കൂടുതലോ, കുറവു ശേഖരിച്ചവര്‍ക്കു കുറവോ ഉണ്ടായിരുന്നില്ല. ഓരോരുത്തനും ശേഖരിച്ചത് അവനു ഭക്ഷിക്കാന്‍മാത്രമുണ്ടായിരുന്നു.
19: മോശ അവരോടു പറഞ്ഞു: ആരും അതില്‍നിന്ന് അല്പംപോലും പ്രഭാതത്തിലേക്കു നീക്കിവയ്ക്കരുത്.
20: എന്നാല്‍, അവര്‍ മോശയെ അനുസരിച്ചില്ല. ചിലര്‍ അതില്‍നിന്ന് ഒരുഭാഗം പ്രഭാതത്തിലേക്കു നീക്കിവച്ചു. അതു പുഴുത്തു മോശമായി. മോശ അവരോടു കോപിച്ചു.
21: പ്രഭാതംതോറും ഓരോരുത്തരും തങ്ങള്‍ക്കു ഭക്ഷിക്കാവുന്നിടത്തോളം ശേഖരിച്ചുകൊണ്ടിരുന്നു. ബാക്കിയുള്ളത്, സൂര്യനുദിച്ചുയരുമ്പോള്‍ ഉരുകിപ്പോയിരുന്നു.
22: ആറാംദിവസം ഒരാള്‍ക്കു രണ്ട് ഓമെര്‍വീതം, ഇരട്ടിയായി അപ്പം അവര്‍ ശേഖരിച്ചു; സമൂഹനേതാക്കള്‍ വന്നു വിവരം മോശയെ അറിയിച്ചു.
23: അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: കര്‍ത്താവിൻ്റെ കല്പനയിതാണ്, നാളെ പരിപൂര്‍ണ്ണ വിശ്രമത്തിൻ്റെ ദിവസമാണ് - കര്‍ത്താവിൻ്റെ വിശുദ്ധമായ സാബത്തുദിനം. വേണ്ടത്ര അപ്പം ഇന്നു ചുട്ടെടുക്കുവിന്‍. വേവിക്കേണ്ടത് വേവിക്കുകയുംചെയ്യുവിന്‍. ബാക്കി വരുന്നത്, അടുത്ത പ്രഭാതത്തിലേക്കു സൂക്ഷിക്കുവിന്‍.
24: മോശ കല്പിച്ചതുപോലെ, മിച്ചംവന്നത് അവര്‍ പ്രഭാതത്തിലേക്കു മാറ്റിവച്ചു. അതു ചീത്തയായിപ്പോയില്ല. അതില്‍ പുഴുക്കള്‍ ഉണ്ടായതുമില്ല.
25: മോശ പറഞ്ഞു: ഇന്നു കര്‍ത്താവിൻ്റെ വിശ്രമദിനമാകയാല്‍ നിങ്ങള്‍ അതു ഭക്ഷിച്ചുകൊള്ളുവിന്‍, പാളയത്തിനു വെളിയില്‍ ഇന്ന് അപ്പം കാണുകയില്ല.
26: ആറുദിവസം നിങ്ങള്‍ അതുശേഖരിക്കണം. ഏഴാംദിവസം സാബത്താകയാല്‍ അതുണ്ടായിരിക്കുകയില്ല.
27: ഏഴാംദിവസം ജനങ്ങളില്‍ ചിലര്‍ അപ്പം ശേഖരിക്കാനായി പുറത്തിറങ്ങി.
28: എന്നാല്‍ ഒന്നും കണ്ടില്ല. അപ്പോള്‍ കര്‍ത്താവു മോശയോടു ചോദിച്ചു: നിങ്ങള്‍ എത്രനാള്‍ എൻ്റെ കല്പനകളും നിയമങ്ങളും പാലിക്കാതിരിക്കും?
29: കര്‍ത്താവു നിങ്ങള്‍ക്കു സാബത്തു നിശ്ചയിച്ചിരിക്കുന്നു. അതുകൊണ്ടാണ്, ആറാംദിവസം, അവിടുന്നു രണ്ടു ദിവസത്തേക്കുള്ള അപ്പം നിങ്ങള്‍ക്കു തരുന്നത്. ഏഴാംദിവസം ഓരോരുത്തനും തൻ്റെ വസതിയില്‍തന്നെ കഴിയട്ടെ; ആരും പുറത്തുപോകരുത്.
30: അതനുസരിച്ച്, ഏഴാംദിവസം ജനം വിശ്രമിച്ചു.
31: ഇസ്രായേൽക്കാര്‍ അതിനു മന്നാ എന്നു പേരു നല്കി. അതു കൊത്തമ്പാലരിപോലെയിരുന്നു. വെളുത്തതും തേന്‍ചേര്‍ത്ത അപ്പത്തിൻ്റെ രുചിയുള്ളതുമായിരുന്നു.
32: മോശ പറഞ്ഞു: കര്‍ത്താവിൻ്റെ കല്പനയിതാണ്: ഈജിപ്തില്‍നിന്നു ഞാന്‍ നിങ്ങളെ കൊണ്ടുപോരുമ്പോള്‍ മരുഭൂമിയില്‍വച്ചു നിങ്ങള്‍ക്കു ഭക്ഷിക്കാന്‍തന്ന അപ്പം, നിങ്ങളുടെ പിന്‍തലമുറകള്‍ കാണുന്നതിനുവേണ്ടി അതില്‍നിന്ന് ഒരു ഓമെര്‍ എടുത്തു സൂക്ഷിച്ചുവയ്ക്കുവിന്‍.
33: മോശ അഹറോനോടു പറഞ്ഞു: ഒരു പാത്രത്തില്‍ ഒരു ഓമെര്‍ മന്നായെടുത്ത്, നിങ്ങളുടെ പിന്‍തലമുറകള്‍ക്കുവേണ്ടി കര്‍ത്താവിന്റെ സന്നിധിയില്‍ സൂക്ഷിച്ചുവയ്ക്കുക.
34: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ അഹറോന്‍ അതു സാക്ഷ്യപേടകത്തിനു മുമ്പില്‍ സൂക്ഷിച്ചുവച്ചു.
35: ഇസ്രായേൽക്കാര്‍ മനുഷ്യവാസമുള്ള സ്ഥലത്തെത്തുന്നതുവരെ നാല്പതു വര്‍ഷത്തേക്കു മന്നാ ഭക്ഷിച്ചു. കാനാന്‍ ദേശത്തിൻ്റെ അതിര്‍ത്തിയിലെത്തുന്നതുവരെ മന്നായാണ് അവര്‍ ഭക്ഷിച്ചത്.
36: ഒരു ഓമെര്‍ ഒരു എഫായുടെ പത്തിലൊന്നാണ്.

അദ്ധ്യായം 17

പാറയില്‍നിന്നു ജലം

1: ഇസ്രായേല്‍സമൂഹം മുഴുവന്‍ സീൻമരുഭൂമിയില്‍നിന്നു പുറപ്പെട്ടു. കര്‍ത്താവിൻ്റെ നിര്‍ദ്ദേശമനുസരിച്ച്, പടിപടിയായി യാത്രചെയ്ത് റഫിദീമിലെത്തി പാളയമടിച്ചു. അവിടെ അവര്‍ക്കു കുടിക്കാന്‍ വെള്ളമുണ്ടായിരുന്നില്ല.
2: ജനം മോശയെ കുറ്റപ്പെടുത്തിക്കൊണ്ടു ഞങ്ങള്‍ക്കു കുടിക്കാന്‍ വെള്ളം തരിക എന്നുപറഞ്ഞു. മോശ അവരോടു പറഞ്ഞു: നിങ്ങളെന്തിന് എന്നെ കുറ്റപ്പെടുത്തുന്നു? എന്തിനു കര്‍ത്താവിനെ പരീക്ഷിക്കുന്നു?
3: ദാഹിച്ചുവലഞ്ഞ ജനം മോശയ്‌ക്കെതിരേ ആവലാതിപ്പെട്ടു ചോദിച്ചു: നീ എന്തിനാണു ഞങ്ങളെ ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നത്? ഞങ്ങളും കുട്ടികളും കന്നുകാലികളും ദാഹിച്ചു ചാകട്ടെ, എന്നുകരുതിയാണോ?
4: മോശ കര്‍ത്താവിനോടു നിലവിളിച്ചു പറഞ്ഞു: ഈ ജനത്തോടു ഞാനെന്താണു ചെയ്യുക? ഏറെത്താമസിയാതെ അവരെന്നെ കല്ലെറിയും.
5: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഏതാനും ഇസ്രായേല്‍ശ്രേഷ്ഠന്മാരുമൊത്ത്, നീ ജനത്തിൻ്റെ മുമ്പേ പോകുക. നദിയുടെമേല്‍ അടിക്കാനുപയോഗിച്ച വടിയും കൈയിലെടുത്തുകൊള്ളുക.
6: ഇതാ, നിനക്കുമുമ്പില്‍ ഹോറെബിലെ പാറമേല്‍ ഞാന്‍ നില്ക്കും. നീ ആ പാറയില്‍ അടിക്കണം. അപ്പോള്‍ അതില്‍നിന്നു ജനത്തിനു കുടിക്കാന്‍ വെള്ളം പുറപ്പെടും. ഇസ്രായേല്‍ശ്രേഷ്ഠന്മാരുടെ സാന്നിദ്ധ്യത്തില്‍ മോശ അങ്ങനെ ചെയ്തു.
7: ഇസ്രായേൽക്കാര്‍ അവിടെവച്ചു കലഹിച്ചതിനാലും കര്‍ത്താവു ഞങ്ങളുടെയിടയിലുണ്ടോ ഇല്ലയോ എന്നു ചോദിച്ചുകൊണ്ടു കര്‍ത്താവിനെ പരീക്ഷിച്ചതിനാലും മോശ ആ സ്ഥലത്തിനു മാസാ എന്നും മെറീബാ എന്നും പേരിട്ടു.

അമലേക്യരുമായി യുദ്ധം

8: അമലേക്യര്‍ റഫിദീമില്‍ വന്ന്, ഇസ്രായേൽക്കാരെ ആക്രമിച്ചു.
9: അപ്പോള്‍ മോശ ജോഷ്വയോടു പറഞ്ഞു: ആളുകളെ തെരഞ്ഞെടുത്ത്, അമലേക്യരുമായി യുദ്ധത്തിനു പുറപ്പെടുക. ഞാന്‍ നാളെ ദൈവത്തിൻ്റെ വടി കൈയിലെടുത്തു മലമുകളില്‍ നില്ക്കും.
10: മോശ പറഞ്ഞതനുസരിച്ച്, ജോഷ്വ അമലേക്യരുമായി യുദ്ധംചെയ്തു. മോശ, അഹറോന്‍, ഹൂര്‍ എന്നിവര്‍ മലമുകളില്‍ കയറിനിന്നു.
11: മോശ കരങ്ങളുയര്‍ത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേല്‍ വിജയിച്ചുകൊണ്ടിരുന്നു. കരങ്ങള്‍ താഴ്ത്തിയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം.
12: മോശയുടെ കൈകള്‍ കുഴഞ്ഞു. അപ്പോള്‍ അവര്‍ ഒരു കല്ലു നീക്കിയിട്ടു കൊടുത്തു. മോശ അതിന്മേല്‍ ഇരുന്നു. അഹറോനും ഹൂറും അവൻ്റെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. സൂര്യാസ്തമയംവരെ അവൻ്റെ കൈകള്‍ ഉയര്‍ന്നുതന്നെനിന്നു.
13: ജോഷ്വ അമലേക്കിനെയും അവൻ്റെ ആളുകളെയും വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തി.
14: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഇതിൻ്റെ ഓര്‍മ്മ നിലനിര്‍ത്താനായി നീയിത് ഒരു പുസ്തകത്തിലെഴുതി, ജോഷ്വയെ വായിച്ചു കേള്‍പ്പിക്കുക. ആകാശത്തിന്‍ കീഴില്‍നിന്ന് അമലേക്കിൻ്റെ സ്മരണ, ഞാന്‍ നിശ്ശേഷം മായിച്ചുകളയും.
15: മോശ അവിടെ ഒരു ബലിപീഠം നിര്‍മ്മിച്ച്, അതിനു യാഹ്‌വെനിസ്സി എന്നു പേരു നല്കി.
16: എന്തെന്നാല്‍, അവന്‍ പറഞ്ഞു: കര്‍ത്താവിൻ്റെ പതാക കൈയിലെടുക്കുവിന്‍. തലമുറതോറും കര്‍ത്താവ് അമലേക്കിനെതിരായി യുദ്ധംചെയ്തുകൊണ്ടിരിക്കും.

അദ്ധ്യായം 18

മോശയും ജത്രോയും
1: മോശയ്ക്കും അവൻ്റെ ജനമായ ഇസ്രായേലിനുംവേണ്ടി ദൈവം എന്തെല്ലാം ചെയ്തുവെന്നും അവിടുന്നവരെ ഈജിപ്തില്‍നിന്ന് എപ്രകാരം മോചിപ്പിച്ചുവെന്നും മിദിയാനിലെ പുരോഹിതനും മോശയുടെ അമ്മായിയപ്പനുമായ ജത്രോ കേട്ടറിഞ്ഞു.
2: മോശ തൻ്റെ ഭാര്യ സിപ്പോറയെ തിരിച്ചയച്ചപ്പോള്‍,
3: അവൻ്റെ അമ്മായിയപ്പന്‍ ജത്രോ അവളെയും അവളുടെ രണ്ടുപുത്രന്മാരെയും സ്വീകരിച്ചു. അവരില്‍ ഒരുവൻ്റെ പേര്‍ ഗര്‍ഷോം എന്നായിരുന്നു. കാരണം, ഞാനൊരു പ്രവാസിയാകുന്നു എന്നു പറഞ്ഞാണ്‌ മോശ അവനു പേരിട്ടത്.
4: അപരൻ്റെ പേര് എലിയേസര്‍ എന്നായിരുന്നു. കാരണം, എൻ്റെ പിതാവിൻ്റെ ദൈവമാണെൻ്റെ സഹായം, അവിടുന്നു ഫറവോയുടെ വാളില്‍നിനിന്നെന്നെ രക്ഷിച്ചു എന്നവന്‍ പറഞ്ഞു.
5: മരുഭൂമിയില്‍ ദൈവത്തിൻ്റെ മലയുടെ സമീപം കൂടാരമടിച്ചിരുന്ന മോശയുടെ അടുക്കലേക്ക് അവൻ്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടിക്കൊണ്ട് അമ്മായിയപ്പന്‍ ജത്രോ വന്നു.
6: ഒരുവന്‍ വന്നു മോശയെ അറിയിച്ചു: നിൻ്റെ അമ്മായിയപ്പന്‍ ജത്രോ, നിൻ്റെ ഭാര്യയോടും അവളുടെ രണ്ടു പുത്രന്മാരോടുംകൂടെ വന്നിരിക്കുന്നു.
7: മോശ ഉടനെ തൻ്റെ അമ്മായിയപ്പനെ സ്വീകരിക്കാന്‍ പുറത്തേക്കു വന്നു. അവന്‍ ജത്രോയെ നമസ്കരിക്കുകയും ചുംബിക്കുകയും ചെയ്തു. കുശലപ്രശ്‌നത്തിനുശേഷം അവര്‍ കൂടാരത്തിനുള്ളിലേക്കു പോയി.
8: ഇസ്രായേൽക്കാര്‍ക്കുവേണ്ടി ഫറവോയോടും ഈജിപ്തുകാരോടും കര്‍ത്താവുചെയ്ത കാര്യങ്ങളും വഴിയില്‍വച്ചു തങ്ങള്‍ക്കു നേരിട്ട പ്രയാസങ്ങളും കര്‍ത്താവു നല്കിയ സംരക്ഷണവുമെല്ലാം മോശ അമ്മായിയപ്പനോടു വിവരിച്ചുപറഞ്ഞു.
9: കര്‍ത്താവ് ഈജിപ്തുകാരില്‍നിന്ന് ഇസ്രായേലിനെ മോചിപ്പിച്ച് അവര്‍ക്കുചെയ്ത നിരവധി നന്മകളെക്കുറിച്ചു ജത്രോ ആഹ്ലാദിച്ചു.
10: അവന്‍ പറഞ്ഞു: ഈജിപ്തുകാരില്‍നിന്നും ഫറവോയില്‍നിന്നും നിങ്ങളെ രക്ഷിച്ച കര്‍ത്താവു വാഴ്ത്തപ്പെട്ടവനാകുന്നു.
11: കര്‍ത്താവു സകലദേവന്മാരെയുംകാള്‍ വലിയവനാണെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. എന്തെന്നാല്‍, ഈജിപ്തുകാര്‍ അവരോട് അഹങ്കാരപൂര്‍വം പെരുമാറിയപ്പോള്‍ അവരുടെ പിടിയില്‍നിന്ന് അവിടുന്നു തൻ്റെ ജനത്തെ മോചിപ്പിച്ചു.
12: മോശയുടെ അമ്മായിയപ്പനായ ജത്രോ ദൈവത്തിനു ദഹനബലിയും മറ്റു ബലികളും സമര്‍പ്പിച്ചു. ജത്രോയോടൊന്നിച്ചു ദൈവസന്നിധിയില്‍ ഭക്ഷണംകഴിക്കുന്നതിനായി അഹറോനും ഇസ്രായേലിലെ ശ്രേഷ്ഠന്മാരും വന്നു.

ന്യായാധിപന്മാര്‍


13: പിറ്റേദിവസം, മോശ ജനത്തിൻ്റെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ഉപവിഷ്ടനായി. പ്രഭാതംമുതല്‍ പ്രദോഷംവരെ ജനങ്ങള്‍ മോശയുടെചുറ്റും കൂടിനിന്നു.
14: മോശ തൻ്റെ ജനത്തിനുവേണ്ടി ചെയ്യുന്നതെല്ലാം കണ്ടപ്പോള്‍ അമ്മായിയപ്പനായ ജത്രോ അവനോടു ചോദിച്ചു: നീ ജനത്തിനുവേണ്ടി ചെയ്യുന്നതെന്താണ്? രാവിലെമുതല്‍ വൈകുന്നേരംവരെ ജനമെല്ലാം നിൻ്റെചുറ്റും കൂടിനില്ക്കാന്‍ ഇടയാകത്തക്കവിധം നീ ഇവിടെ ഒറ്റയ്ക്കിരിക്കുന്നതെന്തുകൊണ്ട്?
15: മോശ പറഞ്ഞു: ദൈവഹിതമറിയാനായി ജനമെന്നെ സമീപിക്കുന്നു.
16: എന്തെങ്കിലും തര്‍ക്കമുണ്ടാകുമ്പോള്‍ അവര്‍ എൻ്റെയടുക്കല്‍ വരുന്നു. ഞാനവരുടെ കലഹങ്ങള്‍ തീര്‍ക്കുന്നു; ദൈവത്തിൻ്റെ ചട്ടങ്ങളും നിയമങ്ങളും അവരെ പഠിപ്പിക്കുകയുംചെയ്യുന്നു.
17: അപ്പോള്‍ അവന്‍ പറഞ്ഞു: നീ ചെയ്യുന്നതു ശരിയല്ല.
18: നീയും നിൻ്റെകൂടെയുള്ള ജനങ്ങളും ക്ഷീണിച്ചു വിവശരാകും. ഇതു ഭാരമേറിയ ജോലിയാണ്. തനിയെ ഇതുചെയ്യാന്‍ നിനക്കു സാധിക്കുകയില്ല.
19: ഞാന്‍ പറയുന്നതു കേള്‍ക്കുക, ഞാന്‍ നിനക്കൊരുപദേശം നല്കാം. ദൈവം നിന്നോടുകൂടെയുണ്ടായിരിക്കട്ടെ. നീ ദൈവത്തിൻ്റെ മുമ്പില്‍ ജനങ്ങളുടെ പ്രതിനിധിയായിരിക്കണം; അവരുടെ തര്‍ക്കങ്ങള്‍ അവിടുത്തെയറിയിക്കണം; അവരെ ചട്ടങ്ങളും നിയമങ്ങളും പഠിപ്പിക്കണം.
20: അവര്‍ ചരിക്കേണ്ട മാര്‍ഗ്ഗവും അനുഷ്ഠിക്കേണ്ട കര്‍ത്തവ്യങ്ങളും അവര്‍ക്കു നിര്‍ദ്ദേശിച്ചുകൊടുക്കണം.
21: കഴിവും ദൈവഭയമുള്ളവരും സത്യസന്ധരും കൈക്കൂലിവെറുക്കുന്നവരുമായ ആളുകളെ ജനത്തില്‍നിന്നു തിരഞ്ഞെടുത്ത്, അവരെ ആയിരവും നൂറും അമ്പതും പത്തുംവീതമുള്ള ഗണങ്ങളുടെ അധിപന്മാരായി നിയമിക്കുക.
22: അവര്‍ എല്ലായ്‌പ്പോഴും ജനങ്ങളുടെ തര്‍ക്കങ്ങള്‍ക്കു തീര്‍പ്പുകല്പിക്കട്ടെ. വലിയ കാര്യങ്ങള്‍ നിന്നെയേല്പിക്കുകയും ചെറിയവ അവര്‍തന്നെ തീരുമാനിക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ നിന്നെ സഹായിക്കുമ്പോള്‍ നിൻ്റെ ജോലി എളുപ്പമാകും.
23: ഇതു ദൈവകല്പനയാണെന്നു ഗ്രഹിച്ച്, ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ ജോലി നിര്‍വിഘ്‌നംതുടരാന്‍ നിനക്കു സാധിക്കും. ജനങ്ങള്‍ സംതൃപ്തരായി തങ്ങളുടെ വസതികളിലേക്കു മടങ്ങുകയും ചെയ്യും.
24: മോശ അമ്മായിയപ്പൻ്റെ ഉപദേശംകേട്ട്, അതനുസരിച്ചു പ്രവര്‍ത്തിച്ചു.
25: മോശ ഇസ്രായേൽക്കാരില്‍നിന്നു സമര്‍ത്ഥരായ ആളുകളെ തിരഞ്ഞെടുത്ത്, ആയിരവും നൂറും അമ്പതും പത്തുംവീതമുള്ള ഗണങ്ങളുടെമേല്‍ അവരെ അധിപന്മാരായി നിയമിച്ചു.
26: അവര്‍ എല്ലായ്‌പ്പോഴും ജനങ്ങളുടെയിടയില്‍ നീതിനടത്തി. സുപ്രധാനമായ കാര്യങ്ങള്‍ മോശയെ ഏല്പിച്ചു. ചെറിയ കാര്യങ്ങള്‍ അവര്‍തന്നെ തീരുമാനിച്ചു.
27: അനന്തരം, മോശ അമ്മായിയപ്പനെ യാത്രയാക്കി. അവന്‍ സ്വന്തംനാട്ടിലേക്കു മടങ്ങി.

പത്തൊന്‍പതാം ദിവസം - പുറപ്പാട് 13 - 15


അദ്ധ്യായം 13

ആദ്യജാതര്‍ ദൈവത്തിന്
1: കര്‍ത്താവു മോശയോടു കല്പിച്ചു:
2: ഇസ്രായേലിലെ ആദ്യജാതരെയെല്ലാം എനിക്കായി സമര്‍പ്പിക്കുക. മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകള്‍ എനിക്കുള്ളതാണ്.
    
പുളിപ്പില്ലാത്ത അപ്പത്തിൻ്റെ തിരുനാള്‍
3: മോശ ജനത്തോടു പറഞ്ഞു: അടിമത്തത്തിൻ്റെ നാടായ ഈജിപ്തില്‍നിന്നു പുറത്തുവന്ന ഈ ദിവസം നിങ്ങളനുസ്മരിക്കണം; കര്‍ത്താവാണു തൻ്റെ ശക്തമായ കരത്താല്‍ നിങ്ങളെ അവിടെനിന്നു മോചിപ്പിച്ചത്. ഈ ദിവസം ആരും പുളിപ്പുള്ള അപ്പം ഭക്ഷിക്കരുത്.
4: ആബീബു മാസത്തിലെ ഈ ദിവസമാണു നിങ്ങള്‍ പുറപ്പെട്ടത്.
5: കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ നാട്ടിലേക്ക് - നിങ്ങള്‍ക്കു നല്കാമെന്നു കര്‍ത്താവു നിങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്ത, തേനും പാലുമൊഴുകുന്ന ദേശത്തേക്ക് - അവിടുന്നു നിങ്ങളെ പ്രവേശിപ്പിച്ചുകഴിയുമ്പോള്‍, ഈ മാസത്തില്‍ ഈ കര്‍മ്മം നിങ്ങളനുഷ്ഠിക്കണം.
6: നിങ്ങള്‍ ഏഴു ദിവസത്തേക്കു പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴാംദിവസം കര്‍ത്താവിൻ്റെ തിരുനാളായി ആചരിക്കണം.
7: ഏഴു ദിവസത്തേക്കു പുളിപ്പില്ലാത്ത അപ്പമേ ഭക്ഷിക്കാവൂ. പുളിപ്പുള്ള അപ്പം നിങ്ങളുടെപക്കല്‍ കാണരുത്. പുളിമാവു നിങ്ങളുടെ നാട്ടിലെങ്ങും ഉണ്ടായിരിക്കരുത്.
8: ആ ദിവസം നിൻ്റെ മകനോടു പറയണം: ഈജിപ്തില്‍നിന്നു ഞാന്‍ പുറത്തുപോന്നപ്പോള്‍ കര്‍ത്താവ് എനിക്കുവേണ്ടി പ്രവര്‍ത്തിച്ചതിൻ്റെ ഓര്‍മ്മയ്ക്കായിട്ടാണിത്.
9: ഇതു നിൻ്റെ ഭുജത്തില്‍ ഒരടയാളവും നെറ്റിയില്‍ ഒരു സ്മാരകവുമെന്നപോലെ ആയിരിക്കണം. അങ്ങനെ കര്‍ത്താവിൻ്റെ നിയമം എപ്പോഴും നിൻ്റെ അധരത്തിലുണ്ടായിരിക്കട്ടെ. എന്തെന്നാല്‍, ശക്തമായ കരത്താലാണു കര്‍ത്താവു നിങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചത്.
10: വര്‍ഷംതോറും നിശ്ചിതസമയത്ത് ഇതാചരിക്കണം.

ആദ്യജാതരുടെ സമര്‍പ്പണം

11: നിങ്ങളോടും നിങ്ങളുടെ പിതാക്കന്മാരോടും വാഗ്ദാനംചെയ്തതുപോലെ കര്‍ത്താവു നിങ്ങളെ കാനാന്‍ദേശത്തു പ്രവേശിപ്പിക്കുകയും അവിടം നിങ്ങള്‍ക്കു നല്കുകയുംചെയ്യുമ്പോള്‍
12: നിങ്ങളുടെ എല്ലാ ആദ്യജാതരെയും കര്‍ത്താവിനു സമര്‍പ്പിക്കണം. മൃഗങ്ങളുടെ കടിഞ്ഞൂലുകളിലും ആണ്‍കുട്ടികള്‍ കര്‍ത്താവിനുള്ളവയായിരിക്കും.
13: എന്നാല്‍, ഒരാട്ടിന്‍കുട്ടിയെ പകരംകൊടുത്തു കഴുതയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കാം. വീണ്ടെടുക്കുന്നില്ലെങ്കില്‍ അതിൻ്റെ കഴുത്തു ഞെരിച്ചു കൊന്നുകളയണം. നിങ്ങളുടെ മക്കളില്‍ ആദ്യജാതരെയെല്ലാം വീണ്ടെടുക്കണം.
14: ഇതിൻ്റെ അര്‍ത്ഥമെന്താണെന്നു പില്ക്കാലത്തു നിൻ്റെ മകന്‍ ചോദിച്ചാല്‍ നീ പറയണം: അടിമത്തത്തിൻ്റെ നാടായ ഈജിപ്തില്‍നിന്നു കര്‍ത്താവു തൻ്റെ ശക്തമായ കരത്താല്‍ നമ്മെ മോചിപ്പിച്ചു.
15: നമ്മെ വിട്ടയയ്ക്കാന്‍ ഫറവോ വിസമ്മതിച്ചപ്പോള്‍ ഈജിപ്തിലെ ആദ്യജാതരെ - മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെയെല്ലാം - കര്‍ത്താവു സംഹരിച്ചു. അതിനാലാണ്, മൃഗങ്ങളുടെ കടിഞ്ഞൂലുകളില്‍ ആണ്‍കുട്ടികളെയെല്ലാം ഞാൻ കര്‍ത്താവിനു ബലിയര്‍പ്പിക്കുന്നത്. എന്നാല്‍ എൻ്റെ കടിഞ്ഞൂൽപുത്രന്മാരെ ഞാന്‍ വീണ്ടെടുക്കുന്നു.
16: ഇതു നിൻ്റെ ഭുജത്തില്‍ ഒരടയാളവും നെറ്റിയില്‍ ഒരു സ്മാരകവുമെന്നപോലെയായിരിക്കണം. എന്തെന്നാല്‍, തൻ്റെ ശക്തമായ കരത്താല്‍ കര്‍ത്താവു നമ്മെ ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നു.

മേഘസ്തംഭവും അഗ്നിസ്തംഭവും

17: ഫറവോ ജനത്തെ വിട്ടയച്ചപ്പോള്‍ ഫിലിസ്ത്യരുടെ ദേശത്തുകൂടെയുള്ള വഴിയായിരുന്നു എളുപ്പമെങ്കിലും അതിലെയല്ല ദൈവമവരെ നയിച്ചത്. കാരണം, യുദ്ധംചെയ്യേണ്ടിവരുമോ എന്നു ഭയപ്പെട്ട്, മനസ്സുമാറി, ജനം ഈജിപ്തിലേക്കു മടങ്ങിയേക്കുമെന്ന് അവിടുന്നു വിചാരിച്ചു.
18: ദൈവം ജനത്തെ മരുഭൂമിയിലുള്ള വഴിയിലേക്കു തിരിച്ചുവിട്ട്, ചെങ്കടലിനുനേരേ നയിച്ചു. അവര്‍ ഈജിപ്തില്‍നിന്നു പുറത്തേക്കു പോയത് ആയുധധാരികളായിട്ടാണ്.
19: ജോസഫ് ഇസ്രായേൽക്കാരെക്കൊണ്ടു സത്യംചെയ്യിച്ചിരുന്നതനുസരിച്ചു മോശ, ജോസഫിന്റെ അസ്ഥികളും കൂടെക്കൊണ്ടുപോയി. ജോസഫ് അവരോടു പറഞ്ഞിരുന്നു: ദൈവം തീര്‍ച്ചയായും നിങ്ങളെ സന്ദര്‍ശിക്കും. അപ്പോള്‍ എൻ്റെ അസ്ഥികള്‍ ഇവിടെനിന്നു നിങ്ങളുടെകൂടെ കൊണ്ടുപോകണം.
20: അവര്‍ സുക്കോത്തില്‍നിന്നു മുമ്പോട്ടു നീങ്ങി, മരുഭൂമിയുടെ അരികിലുള്ള ഏത്താമില്‍ കൂടാരമടിച്ചു.
21: അവര്‍ക്കു രാവും പകലും യാത്രചെയ്യാനാവുംവിധം പകല്‍ വഴികാട്ടാന്‍ ഒരു മേഘസ്തംഭത്തിലും, രാത്രിയില്‍ പ്രകാശംനല്കാന്‍ ഒരു അഗ്നിസ്തംഭത്തിലും കര്‍ത്താവ് അവര്‍ക്കുമുമ്പേ പോയിരുന്നു.
22: പകല്‍ മേഘസ്തംഭമോ, രാത്രി അഗ്നിസ്തംഭമോ അവരുടെ മുമ്പില്‍നിന്നു മാറിയില്ല.


അദ്ധ്യായം 14

ചെങ്കടല്‍ കടക്കുന്നു
1: കര്‍ത്താവു മോശയോടരുളിച്ചെയ്തു: 
2: ഇസ്രായേൽക്കാരോടു പറയുക, നിങ്ങള്‍ പിന്തിരിഞ്ഞു പിഹഹിറോത്തിനുമുമ്പില്‍ മിഗ്ദോലിനും കടലിനുംമദ്ധ്യേ ബാല്‍സെഫോൻ്റെ എതിര്‍വശത്തു പാളയമടിക്കുവിന്‍. പാളയമടിക്കുന്നതു കടലിനടുത്തായിരിക്കണം. 
3: അപ്പോള്‍ ഫറവോ ഇസ്രായേൽക്കാരെക്കുറിച്ചു പറയും: അവരിതാ നാട്ടില്‍ അലഞ്ഞുതിരിയുന്നു. മരുഭൂമിയവരെ കുടുക്കിലാക്കിയിരിക്കുന്നു. 
4: ഇസ്രായേൽക്കാരെ അനുധാവനംചെയ്യത്തക്കവിധം ഫറവോയെ ഞാൻ കഠിനചിത്തനാക്കും. ഫറവോയുടെയും അവൻ്റെ സൈന്യങ്ങളുടെയുംമേല്‍ ഞാന്‍ മഹത്വംവരിക്കും. ഞാനാണു കര്‍ത്താവെന്ന് അപ്പോള്‍ ഈജിപ്തുകാര്‍ മനസ്സിലാക്കും. കര്‍ത്താവു പറഞ്ഞതുപോലെ ഇസ്രായേൽക്കാര്‍ പ്രവര്‍ത്തിച്ചു. 
5: ഇസ്രായേൽക്കാര്‍ പോയവിവരം ഈജിപ്തുരാജാവറിഞ്ഞപ്പോള്‍ അവനും സേവകര്‍ക്കും അവരോടുണ്ടായിരുന്ന മനോഭാവം മാറി. അവര്‍ പറഞ്ഞു: നാമെന്താണീ ചെയ്തത്? നമ്മുടെ അടിമകളായ ഇസ്രായേൽക്കാരെ വിട്ടയച്ചിരിക്കുന്നു. 
6: ഫറവോ തൻ്റെ രഥമൊരുക്കി സൈന്യങ്ങളെ സജ്ജമാക്കി. 
7: ഏറ്റവും മികച്ച അറുനൂറു രഥങ്ങളും ഈജിപ്തിലെ മറെറല്ലാ രഥങ്ങളും അവയുടെ നായകന്മാരെയും അവന്‍ കൂടെക്കൊണ്ടുപോയി. 
8: ഈജിപ്തിലെ രാജാവായ ഫറവോയെ കര്‍ത്താവു കഠിനചിത്തനാക്കി. ധൈര്യപൂര്‍വ്വം മുന്നോട്ടു പോയ്ക്കൊണ്ടിരുന്ന ഇസ്രായേൽക്കാരെ ഈജിപ്തുകാര്‍ പിന്തുടര്‍ന്നു. 
9: ഫറവോയുടെ തേരുകളും കുതിരകളും കുതിരപ്പടയാളികളും സൈന്യം മുഴുവനും കടല്‍ത്തീരത്ത്, പിഹഹിറോത്തിനരികേ ബാല്‍സെഫോൻ്റെ എതിര്‍വശത്തു പാളയമടിച്ച ഇസ്രായേൽക്കാരുടെ സമീപമെത്തിച്ചേര്‍ന്നു. 
10: ഫറവോ സമീപിച്ചുകൊണ്ടിരുന്നപ്പോള്‍ ഇസ്രായേല്‍ജനം കണ്ണുകളുയര്‍ത്തി നോക്കി. തങ്ങളെ പിന്തുടരുന്ന ഈജിപ്തുകാരെ അവര്‍കണ്ടു. ഭയവിഹ്വലരായ ഇസ്രായേൽക്കാര്‍ കര്‍ത്താവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു. 
11: അവര്‍ മോശയോടു ചോദിച്ചു: ഈജിപ്തില്‍ ശവക്കുഴികളില്ലാഞ്ഞിട്ടാണോ നീ ഞങ്ങളെ മരുഭൂമിയില്‍ക്കിടന്നു മരിക്കാന്‍ കൂട്ടിക്കൊണ്ടുവന്നിരിക്കുന്നത്? നീ എന്താണു ഞങ്ങളോടുചെയ്തിരിക്കുന്നത്. ഈജിപ്തില്‍നിന്ന് എന്തിനാണു ഞങ്ങളെ പുറത്തുകൊണ്ടുവന്നത്? 
12: ഞങ്ങളെ തനിയേ വിട്ടേക്കൂ, ഞങ്ങള്‍ ഈജിപ്തുകാര്‍ക്കു വേലചെയ്തു കഴിഞ്ഞുകൊള്ളാമെന്ന് ഈജിപ്തില്‍വച്ചു ഞങ്ങള്‍ നിന്നോടു പറഞ്ഞതല്ലേ? ഈജിപ്തുകാര്‍ക്ക് അടിമവേല ചെയ്യുകയായിരുന്നു, മരുഭൂമിയില്‍ക്കിടന്നു മരിക്കുന്നതിനേക്കാള്‍ മെച്ചം. 
13: മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചുനില്ക്കുവിന്‍. നിങ്ങള്‍ക്കുവേണ്ടി ഇന്നു കര്‍ത്താവു ചെയ്യാന്‍പോകുന്ന രക്ഷാകൃത്യം നിങ്ങള്‍ കാണും. ഇന്നു കണ്ട ഈജിപ്തുകാരെ ഇനിമേല്‍ നിങ്ങള്‍ കാണുകയില്ല. 
14: കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തുകൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍മതി. 
15: കര്‍ത്താവു മോശയോടു പറഞ്ഞു: നീയെന്തിന്, എന്നെ വിളിച്ചുകരയുന്നു? മുമ്പോട്ടു പോകാന്‍ ഇസ്രായേൽക്കാരോടു പറയുക. 
16: നിൻ്റെ വടി കൈയിലെടുത്തു കടലിനുമീതേ നീട്ടി, അതിനെ വിഭജിക്കുക. ഇസ്രായേൽക്കാര്‍ കടലിനു നടുവേ, വരണ്ടനിലത്തിലൂടെ കടന്നുപോകട്ടെ. 
17: ഞാന്‍ ഈജിപ്തുകാരെ കഠിനചിത്തരാക്കും; അവര്‍ നിങ്ങളെ പിന്തുടരും; ഞാന്‍ ഫറവോയുടെയും അവൻ്റെ സൈന്യങ്ങളുടെയും തേരുകളുടെയും കുതിരപ്പടയാളികളുടെയുംമേല്‍ മഹത്വംനേടും. 
18: ഫറവോയുടെയും അവൻ്റെ രഥങ്ങളുടെയും അശ്വസേനയുടെയുംമേല്‍ ഞാന്‍ മഹത്വംവരിക്കുമ്പോള്‍ ഞാനാണു കര്‍ത്താവെന്ന് ഈജിപ്തുകാര്‍ മനസ്സിലാക്കും. 
19: ഇസ്രായേല്‍ജനത്തിൻ്റെ മുമ്പേ പോയ്‌ക്കൊണ്ടിരുന്ന ദൈവദൂതന്‍ അവിടെനിന്നുമാറി, അവരുടെ പിമ്പേ പോകാന്‍തുടങ്ങി. 
20: മേഘസ്തംഭവും മുമ്പില്‍നിന്നു മാറി, പിമ്പില്‍ വന്നുനിന്നു. അത്, ഈജിപ്തുകാരുടെയും ഇസ്രായേൽക്കാരുടെയും പാളയങ്ങള്‍ക്കിടയില്‍ വന്നുനിന്നു. മേഘം ഇരുട്ടുനിറഞ്ഞതായിരുന്നു. അതിനാല്‍, ഒരു കൂട്ടര്‍ക്കു മറ്റവരെ സമീപിക്കാനാവാതെ രാത്രികഴിഞ്ഞു. 
21: മോശ കടലിനുമീതെ കൈനീട്ടി. കര്‍ത്താവു രാത്രിമുഴുവന്‍ ശക്തമായൊരു കിഴക്കന്‍കാറ്റയച്ചു കടലിനെ പിറകോട്ടുമാറ്റി. കടല്‍, വരണ്ട ഭൂമിയാക്കി; വെള്ളം വിഭജിക്കപ്പെട്ടു. 
22: ഇസ്രായേൽക്കാര്‍ കടലിനു നടുവേ, ഉണങ്ങിയ മണ്ണിലൂടെ നടന്നു. അവരുടെ വലത്തും ഇടത്തും വെള്ളം മതില്‍പോലെ നിന്നു. 
23: ഈജിപ്തുകാര്‍ - ഫറവോയുടെ കുതിരകളും കുതിരപ്പടയാളികളും തേരുകളുമെല്ലാം - അവരെ പിന്തുടര്‍ന്ന്, കടലിൻ്റെ നടുവിലേക്കു നീങ്ങി. 
24: രാത്രിയുടെ അന്ത്യയാമത്തില്‍ കര്‍ത്താവ് അഗ്നിയുടെയും മേഘത്തിൻ്റെയും സ്തംഭത്തില്‍നിന്ന് ഈജിപ്തുകാരുടെ സൈന്യത്തെ നോക്കി, അവരെ പരിഭ്രാന്തരാക്കി. 
25: അവിടുന്നു രഥചക്രങ്ങള്‍ തടസ്സപ്പെടുത്തി. തന്മൂലം ഗതി ദുഷ്‌കരമായി. അപ്പോള്‍ ഈജിപ്തുകാര്‍ പറഞ്ഞു: ഇസ്രായേൽക്കാരില്‍നിന്നു നമുക്ക് ഓടി രക്ഷപെടാം. കര്‍ത്താവ് അവര്‍ക്കുവേണ്ടി ഈജിപ്തിനെതിരേ യുദ്ധംചെയ്യുന്നു. 
26: അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു: നിൻ്റെ കരം കടലിനുമീതേ നീട്ടുക. വെള്ളം മടങ്ങിവന്ന്, ഈജിപ്തുകാരെയും അവരുടെ തേരുകളെയും കുതിരപ്പടയാളികളെയും മൂടട്ടെ. മോശ കടലിനുമീതേ കൈനീട്ടി. 
27: പ്രഭാതമായപ്പോഴേയ്ക്കു കടല്‍ പൂര്‍വ്വസ്ഥിതിയിലായി. ഈജിപ്തുകാര്‍ പിന്തിരിഞ്ഞോടിയത് അതിനു മദ്ധ്യത്തിലേക്കാണ്. അങ്ങനെ കര്‍ത്താവ് ഈജിപ്തുകാരെ നടുക്കടലിലാഴ്ത്തി. 
28: ഇസ്രായേൽക്കാരെ പിന്തുടര്‍ന്നു കടലിലിറങ്ങിയ തേരുകളെയും കുതിരപ്പടയാളികളെയും ഫറവോയുടെ സൈന്യം മുഴുവനെയും കടല്‍വെള്ളം മൂടിക്കളഞ്ഞു. 
29: അവരില്‍ ആരും അവശേഷിച്ചില്ല. എന്നാല്‍, ഇസ്രായേൽക്കാര്‍ കടലിനു നടുവേ, വരണ്ട ഭൂമിയിലൂടെ നടന്നുപോയി. അവരുടെ വലത്തും ഇടത്തും വെള്ളം മതില്‍പോലെ നിലകൊണ്ടു. 
30: അങ്ങനെ ആദിവസം കര്‍ത്താവ് ഇസ്രായേൽക്കാരെ ഈജിപ്തുകാരില്‍നിന്നു രക്ഷിച്ചു. ഈജിപ്തുകാര്‍ കടല്‍തീരത്തു മരിച്ചുകിടക്കുന്നത് ഇസ്രായേൽക്കാര്‍ കണ്ടു. 
31: കര്‍ത്താവ്, ഈജിപ്തുകാര്‍ക്കെതിരേ ഉയര്‍ത്തിയ ശക്തമായ കരം ഇസ്രായേൽക്കാര്‍ കണ്ടു. ജനം കര്‍ത്താവിനെ ഭയപ്പെട്ടു. കര്‍ത്താവിനെയും അവിടുത്തെ ദാസനായ മോശയെയും വിശ്വസിക്കുകയും ചെയ്തു.

അദ്ധ്യായം 15

മോശയുടെ കീര്‍ത്തനം

1: മോശയും ഇസ്രായേൽക്കാരും കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് ഈ ഗാനമാലപിച്ചു: കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും. എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണ്ണമായ വിജയംനേടിയിരിക്കുന്നു. കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.
2: കര്‍ത്താവ്, എൻ്റെ ശക്തിയും സംരക്ഷകനുമാകുന്നു; അവിടുന്ന്, എനിക്കു രക്ഷയായി ഭവിച്ചിരിക്കുന്നു. അവിടുന്നാണെൻ്റെ ദൈവം; ഞാന്‍ അവിടുത്തെ സ്തുതിക്കും. അവിടുന്നാണെൻ്റെ പിതാവിൻ്റെ ദൈവം; ഞാനവിടുത്തെ കീര്‍ത്തിക്കും.
3: കര്‍ത്താവു യോദ്ധാവാകുന്നു; കര്‍ത്താവെന്നാകുന്നു, അവിടുത്തെ നാമം.
4: ഫറവോയുടെ രഥങ്ങളെയും സൈന്യത്തെയും അവിടുന്നു കടലിലാഴ്ത്തി; അവൻ്റെ ധീരരായ സൈന്യാധിപര്‍ ചെങ്കടലില്‍ മുങ്ങിമരിച്ചു.
5: ആഴമേറിയ ജലം അവരെ മൂടി, അഗാധതയിലേക്കു കല്ലുപോലെ അവര്‍ താണു.
6: കര്‍ത്താവേ, അങ്ങയുടെ വലത്തുകൈ ശക്തിയാല്‍ മഹത്വമാര്‍ന്നിരിക്കുന്നു; കര്‍ത്താവേ, അങ്ങയുടെ വലത്തുകൈ ശത്രുവിനെ ചിതറിച്ചിരിക്കുന്നു.
7: അനന്തമഹിമയാല്‍ അങ്ങ് എതിരാളികളെ തകര്‍ക്കുന്നു; കോപാഗ്നിയയച്ച് വയ്‌ക്കോലെന്നപോലെ അവരെ ദഹിപ്പിക്കുന്നു.
8: അങ്ങയുടെ നിശ്വാസത്താല്‍ ജലം കുന്നുകൂടി; പ്രവാഹങ്ങള്‍ നിശ്ചലമായി; കടലിൻ്റെ ആഴങ്ങള്‍ ഉറഞ്ഞു കട്ടയായി.
9: ശത്രു പറഞ്ഞു: ഞാനവരെ പിന്തുടര്‍ന്നു പിടികൂടും; അവരുടെ വസ്തുക്കള്‍ ഞാന്‍ കൊള്ളയടിച്ചു പങ്കുവയ്ക്കും; എൻ്റെ അഭിലാഷം ഞാന്‍ പൂര്‍ത്തിയാക്കും; ഞാന്‍ വാളൂരും; എൻ്റെ കരം അവരെ സംഹരിക്കും.
10: നിൻ്റെ കാറ്റു നീ വീശി; കടല്‍ അവരെ മൂടി; ഈയക്കട്ടകള്‍പോലെ അവര്‍ ആഴിയുടെ ആഴത്തിലേക്കു താണു.
11: കര്‍ത്താവേ, ദേവന്മാരില്‍ അങ്ങേയ്ക്കു തുല്യനായി ആരുണ്ട്? കര്‍ത്താവേ, വിശുദ്ധിയാല്‍ മഹത്വപൂര്‍ണ്ണനും, ശക്തമായ പ്രവര്‍ത്തനങ്ങളില്‍ ഭീതിദനും, അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനുമായ അങ്ങേയ്ക്കു തുല്യനായി ആരുണ്ട്?
12: അങ്ങു വലത്തുകൈ നീട്ടി; ഭൂമി അവരെ വിഴുങ്ങി.
13: അങ്ങു വീണ്ടെടുത്ത ജനത്തെ കാരുണ്യത്തോടെ അങ്ങു നയിച്ചു; അങ്ങയുടെ വിശുദ്ധ വസതിയിലേക്ക് ശക്തിയാല്‍ അവിടുന്നവരെ നയിച്ചു.
14: ഇതുകേട്ട ജനതകള്‍ ഭയന്നുവിറച്ചു. ഫിലിസ്ത്യര്‍ ആകുലരായി. ഏദോം പ്രഭുക്കന്മാര്‍ പരിഭ്രാന്തരായി.
15: മൊവാബിലെ പ്രബലന്മാര്‍ കിടിലംകൊണ്ടു. കാനാന്‍നിവാസികള്‍ മൃതപ്രായരായി.
16: അങ്ങയുടെ ജനം കടന്നുപോകുന്നതുവരെ, കര്‍ത്താവേ അങ്ങു വീണ്ടെടുത്ത ജനം കടന്നുപോകുന്നതുവരെ, ഭീതിയും പരിഭ്രാന്തിയും അവരെ കീഴ്‌പെടുത്തുന്നു; അങ്ങയുടെ കരത്തിൻ്റെ ശക്തി അവരെ ശിലാതുല്യം നിശ്ചലരാക്കുന്നു.
17: കര്‍ത്താവേ, അങ്ങ്, അവരെക്കൊണ്ടുവന്ന്, അങ്ങയുടെ വിശുദ്ധ മലയില്‍, അങ്ങേയ്ക്കു വസിക്കാനായി ഒരുക്കിയിരിക്കുന്ന സ്ഥലത്ത്, അങ്ങയുടെ കരങ്ങള്‍ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തില്‍ അവരെ നട്ടുപിടിപ്പിക്കും.
18: കര്‍ത്താവ്, എന്നേയ്ക്കും രാജാവായി ഭരിക്കും.
19: ഫറവോയുടെ കുതിരകള്‍ തേരുകളോടും പടയാളികളോടുമൊന്നിച്ചു കടലിലേക്കിറങ്ങിച്ചെന്നപ്പോള്‍, കര്‍ത്താവു കടല്‍വെള്ളം അവരുടെമേല്‍ തിരികെപ്പായിച്ചു. എന്നാല്‍, ഇസ്രായേല്‍ജനം കടലിൻ്റെ നടുവേ, വരണ്ട ഭൂമിയിലൂടെ കടന്നുപോയി.
20: അപ്പോള്‍ പ്രവാചികയും അഹറോൻ്റെ സഹോദരിയുമായ മിരിയാം തപ്പു കൈയിലെടുത്തു; സ്ത്രീകളെല്ലാവരും തപ്പുകളെടുത്തു നൃത്തംചെയ്തുകൊണ്ട് അവളെ അനുഗമിച്ചു.
21: മിരിയാം അവര്‍ക്കു പാടിക്കൊടുത്തു: കര്‍ത്താവിനെ പാടിസ്തുതിക്കുവിന്‍; എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണ്ണമായ വിജയം നേടിയിരിക്കുന്നു. കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.

മാറായിലെ ജലം

22: മോശ ഇസ്രായേൽക്കാരെ ചെങ്കടലില്‍നിന്നു മുമ്പോട്ടുനയിച്ചു. അവര്‍ ഷൂര്‍ മരുഭൂമിയില്‍ പ്രവേശിച്ചു. മരുഭൂമിയിലൂടെ മൂന്നുദിവസം യാത്രചെയ്തിട്ടും ഒരിടത്തും വെള്ളം കണ്ടെത്തിയില്ല.
23: അവര്‍ മാറാ എന്ന സ്ഥലത്തു വന്നുചേര്‍ന്നു. അവിടത്തെ വെള്ളം അവര്‍ക്കു കുടിക്കാൻകഴിഞ്ഞില്ല; അതു കയ്പുള്ളതായിരുന്നു. അക്കാരണത്താല്‍ ആ സ്ഥലത്തിനു മാറാ എന്നു പേരുനല്കപ്പെട്ടു.
24: ജനം മോശയ്‌ക്കെതിരേ പിറുപിറുത്തു: ഞങ്ങള്‍ എന്തു കുടിക്കും?
25: അവൻ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന്, അവനൊരു തടിക്കഷണം കാണിച്ചു കൊടുത്തു. അതു വെള്ളത്തിലിട്ടപ്പോള്‍ വെള്ളം മധുരിച്ചു. അവിടെവച്ച്, അവിടുന്നവര്‍ക്കൊരു നിയമം നല്കി.
26: അവിടുന്നവരെ പരീക്ഷിച്ചു. അവിടുന്നരുളിച്ചെയ്തു: നീ നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ സ്വരം ശ്രദ്ധാപൂര്‍വം ശ്രവിക്കുകയും അവിടുത്തെ ദൃഷ്ടിയില്‍ ശരിയായതു പ്രവര്‍ത്തിക്കുകയും അവിടുത്തെ കല്പനകള്‍ അനുസരിക്കുകയും ചട്ടങ്ങള്‍ പാലിക്കുകയുംചെയ്താല്‍ ഞാന്‍ ഈജിപ്തുകാരുടെമേല്‍ വരുത്തിയ മഹാമാരികളിലൊന്നും നിൻ്റെമേല്‍ വരുത്തുകയില്ല; ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്.
27: അതിനുശേഷം, അവര്‍ ഏലിംദേശത്തു വന്നു. അവിടെ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളുമുണ്ടായിരുന്നു. അവിടെ ജലാശയത്തിനുസമീപം അവര്‍ പാളയമടിച്ചു.